ഇസ്‌ലാമോഫോബിയ തടയാൻ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

അന്താരാഷ്ട്രതലത്തിൽ ഇസ്‌ലാമോഫോബിയ തടയാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 212നെതിരെ 219 വോട്ടുകൾക്കാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഉമർ കൊണ്ടുവന്ന ബിൽ സഭ പാസാക്കിയത്. മിനിസോട്ട സ്‌റ്റേറ്റിനെ തീവ്രവാദി പ്രദേശം എന്ന് വിളിച്ച ലോറൻ ബിയോബെർട്ടിനെ കമ്മിറ്റി ചുമതലകളിൽനിന്ന് ഒഴിവാക്കാൻ പ്രത്യേക നടപടി സ്വീകരിച്ച്‌ ഒരാഴ്ചക്ക് ശേഷമാണ് പുതിയ നീക്കം. മിനിസോട്ടയിൽ നിന്നുള്ള അംഗമായ ഇൽഹാൻ ഉമറിനെ തീവ്രവാദി സംഘാംഗമെന്നും ബിയോബെർട്ട് ആക്ഷേപിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കുന്ന ബില്ലിൽ ഇനി പ്രസിഡൻറ് ജോ ബൈഡൻ ഒപ്പു വെക്കണം. വൈറ്റ് ഹൗസ് ബില്ലിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മതങ്ങളും തുല്യമായി പരിഗണിക്കപ്പെടണമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് പ്രസ്താവന നടത്തിയിരുന്നു
നിയമപ്രകാരം വിവിധ സ്‌റ്റേറ്റുകളിൽ പുതിയ ഓഫിസ് സ്ഥാപിക്കുകയും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും. ഇവർ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ തടയാനായി പ്രവർത്തിക്കും. ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടുകളിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഇസ്‌ലാമോഫോബിയ അക്രമവും ശിക്ഷയില്ലായ്മയും ഉൾപ്പെടുത്തും. മുസ്‌ലിംകളുടെ ആഗോള പ്രശ്‌നങ്ങൾ നിയമനിർമാതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാനും യുഎസ് നേതൃത്വത്തിന് അവ തടയാനുള്ള വഴികൾ പറഞ്ഞു കൊടുക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥൻ പ്രവർത്തിക്കും.

ഈ നിയമനിർമാണം മാസങ്ങളായി മുമ്പിലുണ്ടെങ്കിലും ചൊവ്വാഴ്ചയാണ് ബിൽ പാസാക്കിയത്. ബിയോബെർട്ടിന്റെ വംശീയ പരാമർശത്തോടെ ഇവർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർ നാൻസി പെലോസി സ്വന്തം പാർട്ടി അംഗങ്ങളിൽ നിന്നടക്കം സമ്മർദ്ദം നേരിട്ടതോടെയാണ് നിയമം പാസായത്. ഇസ്‌ലാമോഫോബിയ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒക്‌ടോബറിലാണ് ഇൽഹാൻ ഉമർ ബിൽ അവതരിപ്പിച്ചിരുന്നത്. 30 അമേരിക്കൻ നിയമജ്ഞരുടെ പിന്തുണയോടെയായിരുന്നു ബിൽ തയാറാക്കിയത്.
എന്നാൽ റിപ്പബ്ലിക്കൻസ് ബിൽ പക്ഷാപാതപരവും തിരക്കുപിടിച്ച് തയാറാക്കിയതാണെന്നും വിമർശിച്ചു. എതിർത്ത് വോട്ടു ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കൻ പ്രതിനിധി സ്‌കോട്ട് പെറി ഇൽഹാൻ ഉമർ സെമിറ്റിക് വിരുദ്ധയാണെന്നും അവർക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ആക്ഷേപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter