ഉമൈർ ബിൻ സഅ്ദ്(റ): വഹ്‌യ് സാക്ഷ്യപ്പെടുത്തിയ സത്യസന്ധത

അനാഥത്വം പേറിയിരുന്ന അൻസാരിയായ സ്വഹാബിയായിരുന്നു ഉമൈറബ്നു സഅ്ദ്. തന്റെ  പത്താം വയസ്സിൽ ഇസ്‍ലാമിന്റെ ശാദ്വലതീരത്തണഞ്ഞ ഉമൈറില്‍ സത്യസന്ധതയും ഇസ്‍ലാമിനോടുള്ള  പ്രതിബദ്ധതയും പ്രകടമായിരുന്നു. കുട്ടിക്കാലം കഷ്ടതയിലൂടെ നീങ്ങേണ്ടി വന്നെങ്കിലും പിതാവിൻറെ മരണശേഷം ഉമ്മ, ഔസ് ഗോത്രത്തിലെ സമ്പന്നനായ ജുലൈസുബിന് സുവൈദുമായി വിവാഹിതയായതോടെ സന്തുഷ്ടമായ ജീവിതം നയിക്കാൻ അവർക്ക് സാധിച്ചു. താനൊരു അനാഥനാണെന്ന യാഥാർത്ഥ്യം പോലും മറന്നുപോകും വിധം ഉമൈറിനെ ജൂലൈസ് പരിപാലിച്ചു. തിരിച്ച് ഒരു വാപ്പയോടുള്ള സ്നേഹവും സ്ഥാനവുമാണ് ജൂലൈസിനവർ തിരിച്ചും നൽകിയത്. 

ഹിജ്റ ഒമ്പതാം വർഷം റോമക്കാരുമായി തബൂക്കിൽ വെച്ച് ഏറ്റുമുട്ടാനുള്ള തീരുമാനം റസൂൽ പ്രഖ്യാപിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ലക്ഷ്യസ്ഥാനം തബൂകാണെന്നത് മുൻകൂട്ടി സ്വഹാബത്തിനെ അറിയിക്കുന്നു. ശക്തരായ ശത്രുക്കളും ദുർഘടമായ യാത്രാവഴിയും താങ്ങാനുള്ളതിനാൽ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ എടുത്തോളൂ എന്ന് അനുയായി വൃന്ദത്തെ ബോധവൽക്കരിക്കാനായിരുന്നുവത്. കൂടാതെ ഉഷ്ണ കാലം, കായ്കനികളുടെ വിളവെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളാൽ വന്നുചേർന്ന മാന്ദ്യം എല്ലായിടത്തും അനുഭവപ്പെട്ടു തുടങ്ങി. പുറമേ ഒരു വിഭാഗം കപട വിശ്വാസികൾ മുസ്‍ലിം സൈന്യത്തിന്റെ ആത്മവീര്യം കെടുത്താനും യുദ്ധമുഖത്തുനിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുമുണ്ടായിരുന്നു.

ഇതൊന്നും വകവെക്കാതെ റസൂലിൻ്റെ അനുയായിവൃന്ദം യുദ്ധ സന്നാഹങ്ങൾ ഒരുക്കി. സ്ത്രീകൾ ആഭരണങ്ങൾ നൽകി യുദ്ധസൈന്യത്തെ ശക്തിപ്പെടുത്തുന്നു, മഹാനായ ഉസ്മാൻ ബ്നു അഫാൻ തങ്ങൾ ആയിരം സ്വർണ നാണയമുള്ള കിഴി നൽകുന്നു, അബ്ദുർറഹ്മാൻ ബിൻ ഓഫ് തങ്ങൾ ഇരുന്നൂറോളം സ്വർണക്കിഴികൾ ചുമലിലേറ്റി റസൂലിൻ്റെ മുമ്പിൽ വന്ന് സമർപ്പിക്കുന്നു, അതേസമയം മറ്റൊരാൾ തൻ്റെ ശയ്യ വിറ്റ് കിട്ടുന്ന സമ്പാദ്യം യുദ്ധമുതലിലേക്കുള്ള സംഭാവനായി മാറ്റി വെക്കുന്നു. എന്തൊരു അതിശയം, മുസ്‍ലിം സമൂഹം ഒന്നടങ്കം തബുക്കിനെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ഇതിനിടയിലാണ് തൻ്റെ വളർത്തുപിതാവായ ജൂലൈസിൻ്റെ യുദ്ധമുഖത്തേക്കുള്ള വിമുഖത ഉമൈറിനെ ആശയക്കുഴപ്പത്തിലാക്കിയത്. താൻ കണ്ട യുദ്ധസന്നാഹങ്ങളുടെ കാഴ്ചകൾ ജുലൈസിന് പറഞ്ഞു കേൾപ്പിച്ച് യുദ്ധത്തിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും തൻറെ വളർത്തുപിതാവ് ജുലൈസ് ഒരിക്കലും ഉരുവിടുമെന്നു പ്രതീക്ഷിക്കാത്ത ഒരു വാക്യം അദ്ദേഹം പറയുകയുണ്ടായി. പ്രവാചകനാണെന്ന മുഹമ്മദിൻ്റെ വാദം ശരിയാണെങ്കിൽ നമ്മളൊക്കെ കഴുതകളേക്കാൾ മോശമാണെന്ന സംസാരം കൂടിയായപ്പോൾ ഉമൈർ തൻറെ നീരസം ജൂലൈസിനെ തുറന്നറിയിച്ചു. 

ആശങ്കാകുലനായ ഉമൈർ രണ്ടാലൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായി. ജൂലൈസിൻറെ സംസാരം മറച്ചുപിടിച്ചാൽ അത് തൻ്റെ ദീനിനോട് കാണിക്കുന്ന വഞ്ചനയായി മാറും.  അതേസമയം ഈ വിഷയം റസൂലിൻ്റെ സവിധത്തിൽ ചൊല്ലിയാൽ തൻ്റെ വളർത്തുപിതാവയ ജൂലൈസ് ജനമധ്യത്തിനിടയിൽ പരിഹാസ്യനായി മാറും. അവസാനം, റസൂലിന്റെ സവിധത്തിൽ ചെന്ന് കാര്യങ്ങൾ വിശദീകരിക്കാമെന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ ജുലൈസിനെ  പള്ളിയിലേക്ക് വിളിച്ച് കാര്യങ്ങൽ ചോദിച്ചറിഞ്ഞപ്പോൾ ഉമൈർ കള്ളം പറയുകയാണെന്ന വാദം നബിക്ക് മുമ്പിൽ അവതരിപ്പിച്ച സമയത്ത് ചുറ്റുപാടുകളിൽനിന്നു ചിലർ ഇങ്ങനെ പറയാൻ തുടങ്ങി, തൻ്റെ മകനെ പോലെ വളർത്തി വലുതാക്കിയ ഒരു പിതാവിനെതിരെ മോശമായി റസൂലിൻ്റെ മുമ്പിൽ അവതരിപ്പിക്കുകയോ, നന്ദി കേടല്ലേ അത്. മറ്റു ചിലർ ഇങ്ങനെയാണ് പറഞ്ഞത്, നിത്യവും അഞ്ചു വഖ്ത്ത് നിസ്കാരത്തിന് ഒന്നാം സ്വഫിൽ കൈ കെട്ടി നിൽക്കുന്ന ഉമൈർ പറഞ്ഞത് സത്യമായിരിക്കും. അപ്പോഴാണ് റസൂൽ ഉമൈറിലേക്ക് തിരിഞ്ഞത്, കലങ്ങിയ കണ്ണുമായി ഉമൈർ ഉരുവിടാൻ തുടങ്ങി. "അല്ലാഹുവേ എൻറെ സത്യാവസ്ഥക്ക് ഒരു തെളിവ് നിൻ്റെ പ്രവാചകന്ന് നീ ഇറക്കിയാലും"

തർക്കങ്ങൾക്കൊടുവിൽ വഹ്‌യിറങ്ങി. അങ്ങനെ തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അല്ലാഹുവിനെ പിടിച്ച് അവര്‍ ശപഥം ചെയ്യും. അവര്‍ സത്യനിഷേധത്തിന്റെ പദം ഉച്ചരിക്കുകയും ഇസ്‌ലാം വരിച്ചതില്‍ പിന്നെ അവിശ്വസിക്കുകയും നേടാനാകാത്തതിനെ പറ്റി വിചിന്തനം നടത്തുകയും ചെയ്തിട്ടുണ്ട്, തീര്‍ച്ച തന്റെ ഔദാര്യം കൊണ്ട് അല്ലാഹുവും അവന്റെ ദൂതനും ഐശ്വര്യവാന്മാരാക്കി എന്നതു മാത്രമാണ് അവരുടെ ക്രോധത്തിന് കാരണം. പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്‍ക്ക് ഉത്തമം; പിന്തിരിഞ്ഞു കളയുന്നുവെങ്കിലോ, ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് വേദനയുറ്റ ശിക്ഷ നല്‍കും. ഒരു രക്ഷകനും സഹായിയും അവര്‍ക്കുണ്ടാവില്ല. (9:74) ഈ ഖുർആനിക വചനത്തോടെ ജുലൈസിന് മനസാന്തരം സംഭവിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു. തൻറെ സത്യാവസ്ഥ വെളിപ്പെട്ടതിൽ ഉമൈർ അത്യധികം സന്തോഷിക്കുകകും ചെയ്തു.

പിന്നീട് അങ്ങോട്ട് ഉമൈറും ജുലൈസും തമ്മിലുള്ള ബന്ധം സുദൃഢമായി. അല്ലാഹു അവർക്ക് പ്രതിഫലം നൽകട്ടെ, എന്നെ നരകത്തിൽ നിന്നും അവിശ്വാസത്തിൽ നിന്നും മോചിപ്പിച്ചത് ഉമൈർ ആണെന്നത് അദ്ദേഹത്തെ അനുസ്മരിക്കുമ്പോഴെല്ലാം ജുലൈസ് പറയുമായിരുന്നു.

വർഷങ്ങൾ കഴിഞ്ഞുപോയി. ഉമൈർ അധികാരസ്ഥാനങ്ങളിലേക്ക് വരെ നിയോഗിതനാവനുള്ള യോഗ്യതയിലെത്തി. ഉമര്‍(റ)ന്റെ  ഭരണ കാലം, ഹിംസിലെ (ഇന്നത്തെ സിറിയയുടെ മധ്യഭാഗത്ത് ദമസ്‌കസിൻ്റെയും അലപ്പോയുടെയും ഇടയിലുള്ള പട്ടണം) ഗവർണർ സ്ഥാനത്തേക്ക് പ്രാപ്തരായ വ്യക്തികളെ  അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഹിംസുകാരാണെങ്കിലോ തൻ്റെ ഗവർണറുമായി നിരന്തരം കലഹിക്കുന്നവരും ന്യൂനതകൾ ചികഞ്ഞന്വേഷിക്കുവരുമാണ്. ദീർഘമായ ആലോചനക്കൊടുവിൽ ഖലീഫ ഉമർ ഹിംസിലെ ഗവർണറായി ഉമൈർ(റ)നെ നിയോഗിക്കാൻ തീരുമാനിച്ചു. ഭരണം ഏറ്റെടുത്തതിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു: ഓ ജനങ്ങളെ! ഇസ്‍ലാമെന്നത് ദൃഢമായ കോട്ടയും ഭദ്രമായ കവാടവുമാണ്, നൈതികത അതിന്റെ കോട്ടയും കവാടം സത്യസന്ധതയുമാണ്. ആ കോട്ടയും കവാടവും തരിപ്പണമായാൽ ദീനിൻ്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ അതിൻ്റെ വളയം പിടിക്കുന്ന ഭരണാധികാരിയും ഗവർണറും ശകതരായാൽ ഇസ്‍ലാം സുദൃഢമാകുന്നു. ആ ശക്തി ചാട്ടവാറുകൊണ്ട് അടിക്കലോ വാളുകൊണ്ട് വെട്ടലോ അല്ല, മറിച്ച് നീതികൊണ്ട് വിധിക്കലും സത്യത്തെ അംഗീകരിക്കലുമാണ്.
 
ഒരു വർഷം ഈ നയം പിന്തുടർന്ന് അദ്ദേഹം ഭരണം നടത്തി കേന്ദ്രത്തിലേക്ക് ഇക്കാലയളവിൽ നികുതിയോ റിപ്പോർട്ടുകളോ അദ്ദേഹം നൽകിയില്ല. ഇത് ഖലീഫയില്‍ സംശയമുണർത്തി, തൻ്റെ ഗവണര്‍മാർ അഴിമതിയും മറ്റും ചെയ്യുന്നുണ്ടോയെന്നു ശങ്കിച്ചു. ഈയൊരവസരത്തിൽ, തലസത്താനത്തേക്ക് ഉമൈർ(റ)നെ വിളിച്ചുവരുത്തി. അദ്ദേഹം കാൽനടയായി ഭക്ഷണപ്പൊതിയും വുളൂഅ് എടുക്കാനുള്ള തോൽപാത്രവുമായിട്ടാണ് ഖലീഫയുടെ അടുത്ത് എത്തിച്ചേർന്നത്. യാത്രാക്ഷീണത്തോടെ തൻ്റെ ഗവർണറെ കണ്ടു അന്ധാളിച്ച ഖലീഫ ചോദിച്ചു, നിങ്ങൾക്കെന്ത് പറ്റി ഉമൈർ... അദ്ദേഹം പറഞ്ഞു, അമീറുൽ മുഅ്മിനീൻ, എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല, ദുനിയാവ് മുഴുവനും എൻ്റെ കയ്യിലുണ്ട്, ഇത് കേട്ട് ഖജനാവിലെ സമ്പത്തിനെകുറിച്ചാണോ ഇദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാക്കി ഉമർ(റ) തങ്ങളോട് ചോദിച്ചു, ദുനിയാവിൽ നിന്ന് അങ്ങ് സ്വരൂപിച്ചതെന്താണ്. അദ്ദേഹം പറഞ്ഞു: ഞാൻ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന തളികയും വുളൂഇനും കുടിക്കാനുമായി  വെള്ളമെടുക്കുന്ന പാത്രവുമുണ്ട്. ഇവ രണ്ടുമല്ലാത്തതെല്ലാം എനിക്കും മറ്റുള്ള ജനങ്ങൾക്കും അത്യാവശ്യമില്ലാത്തതാണ്, അന്നേരം ഉമർ(റ) ചോദിച്ചു, നിങ്ങൾ നടന്നു കൊണ്ടാണോ വന്നത്? അദ്ദേഹം പറഞ്ഞു: അതേ, അമീറുൽ മുഅ്മിനീൻ അങ്ങനിക്ക് തയ്യാറാക്കി തന്നിരുന്ന വാഹനത്തെക്കുറിച്ച് ഞാൻ അവരോട് ചോദിക്കുകയോ അവർ എനിക്ക് നൽകുകയോ ചെയ്തിട്ടില്ല. ഹിംസിൽനിന്നു പിരിച്ചെടുത്ത നികുതിപ്പണം അവരിൽ തന്നെ അർഹരായിട്ടുള്ള ആളുകളിലേക്ക് വീതം വെക്കുകയായിരുന്നു ഞാന്‍. ഇത്രയും കേട്ട ഖലീഫ അദ്ദേഹത്തോട് തന്നെ അവിടെ ഗവര്‍ണറായി തുടരാന്‍ പറഞ്ഞെങ്കിലും, ശിഷ്ടകാലം മദീനയോട് ചേര്‍ന്നുള്ള പ്രദേശത്ത്  താമസമാക്കണമെന്ന് ആഗ്രഹിക്കുകയും ഖലീഫയോട് തന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. 

ഉമൈര്‍(റ)നെ ഒന്ന്കൂടി പരീക്ഷിക്കാന്‍ ഉമർ(റ) തീരുമാനിച്ചു. തൻറെ വിശ്വസ്തനായ ഹാരിസിൻ്റെ കയ്യിൽ ഒരു പണസഞ്ചി നൽകികൊണ്ട് അദ്ദേഹത്തിൻറെ അടുത്തേക്ക് ഒരു അതിഥിയെ പോലെ ചെല്ലാനും ഉമൈർ സുഖലോലുപനായിട്ടാണ് ജീവിക്കുന്നെതെങ്കിൽ ആ വിവരം തന്നെ അറിയിക്കാനും അതല്ല, ദരിദ്രനായിട്ടാണെങ്കിൽ അദ്ദേഹത്തിന് ആ പണസഞ്ചി നൽകാനും ഖലീഫ അദ്ദേഹത്തെ ഏര്‍പ്പാടാക്കി. മൂന്ന് രാത്രികൾ തൻ്റെ അതിഥിയായി താമസിച്ച ഹാരിസിന് ഭക്ഷണം നൽകി യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാതെ സൽകരിക്കുന്നു, അന്ന് പകലിൽ ഒരു വ്യക്തി വന്ന് ഹാരിസിനോട് പറഞ്ഞു: നിങ്ങള്‍ ഉമൈറിനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും വല്ലാതെ പ്രയസപ്പെടുത്തിയോ? തൻ്റെ കയ്യിലുണ്ടായിരുന്ന ഒരല്പം ഭക്ഷണം താങ്കൾക്ക് നൽകി അവർ പട്ടിണികിടക്കുകയായിരുന്നു. ഇതുകേട്ട ഹാരിസ്, പണസഞ്ചി ഉമൈറിന് സമർപ്പിച്ചെങ്കിലും അതു സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പക്ഷേ അദ്ദേഹത്തിൻ്റെ ഭാര്യയുടെ അവശത മനസ്സിലാക്കി ആ പണക്കിഴി അവിടെ ഉപേക്ഷിച്ച് അദ്ദേഹം പോയി. ഉടനെ, അത് മുഴുവനും അർഹതപ്പെട്ടവർക്ക് ദാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. താൻ നൽകിയ സമ്പത്തിൻ്റെ വിനിയോഗമറിയാൻ ഉമൈറിനെ വീണ്ടും ഖലീഫ ഉമർ(റ) വിളിച്ചുവരുത്തി. എങ്ങിനെയാണ് അവ നിങ്ങള്‍ ചെലവഴിച്ചതെന്ന ഖലീഫയുടെ ചോദ്യത്തിന്, സ്വത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിവസം ഉപയോഗപ്പെടുത്താൻ ഞാൻ അത് സൂക്ഷിച്ചിട്ടുണ്ട്. മറുപടി കേട്ട് ഉമറിൻ്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം അവർക്കായി ഒരു ഒട്ടകത്തിന് വഹിക്കാവുന്ന ഭക്ഷണപാനീയങ്ങളും രണ്ടു തുണി വസ്ത്രവും നൽകി, അന്നേരം ഉമൈർ(റ) പറഞ്ഞു: അമീറുൽ മുഅ്മിനീൻ, ഭക്ഷണം ഞങ്ങൾക്കാവശ്യമില്ല, ഞാൻ ഭാര്യക്കുവേണ്ടി രണ്ട് സ്വാഅ് ബാർലി എടുത്തുവെച്ചിട്ടുണ്ട്, പിന്നെ ആവശ്യമായത് വസ്ത്രമാണ് കാരണം, തൻ്റെ ഭാര്യക്ക് ഉണ്ടായിരുന്ന വസ്ത്രം നുരുമ്പിനശിച്ചിട്ടുണ്ട്.

ആ കൂടിച്ചേരലുകൾക്കുശേഷം അധികസമയമൊന്നും വേണ്ടി വന്നില്ല, അദ്ദേഹം തൻ്റെ നാഥൻ്റെ വിളിക്കുത്തരം നൽകി വിടപറഞ്ഞ വാർത്തയാണ് ഖലീഫയെ തേടിയെത്തിയത്. വിവരമറിഞ്ഞ ഖലീഫ വികാരഭരിതനായി പറഞ്ഞു: "മുസ്‍ലിംകളുടെ കാര്യങ്ങളിൽ എന്നെ സഹായിക്കാൻ ഉമൈർ ബിൻ സഅ്ദിനെപ്പോലുള്ള ഏതാനും വ്യക്തികളെ കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.

അവരോടൊപ്പം സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂടാന്‍ നാഥന്‍ നമ്മെയും അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter