ഗ്യാന്‍വ്യാപി മറ്റൊരു ബാബരിയാകുമോ?
മതേതരഭാരതത്തിന് തീരാകളങ്കമേല്‍പ്പിച്ച ബാബരി ധ്വംസനത്തിന് ശേഷം,മസ്ജിദുകള്‍ക്ക് നേരെ വീണ്ടും മുറവളികളുയരുന്നത് ഗൗരവതരമാണ്. ഈയിടെ വരാണസി ഗ്യാന്‍വ്യാപി ജുമാമസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) പര്യവേഷണത്തിന് സിവില്‍ കോടതി അനുമതി നല്‍കുകയും മഥുര ശാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തതോടെയാണ് പുതിയ നീക്കങ്ങള്‍ വെളിപ്പെടുന്നത്. തങ്ങളുടെ രാഷ്ട്രീയ അജണ്ട സാക്ഷാത്കരിക്കാന്‍ മറ്റൊരു ബാബരി ദുരന്തം കൂടി സൃഷ്ടിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ ശ്രമം രാഷ്ട്രപൗരന്മാര്‍ കൂടുതല്‍ കരുത്തോടെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്.കോവിഡ് മഹാമാരിയുടെ അതിശീഘ്ര വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ ഭരണവര്‍ഗ്ഗത്തിന്റെ നിഷ്‌ക്രിയത്വം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാനും വോട്ട്ബാങ്കുറപ്പിക്കാനും മോദി-യോഗി സര്‍ക്കാരുകള്‍ കൂടുതല്‍ വിഷലിപ്തമായ വര്‍ഗീയകാര്‍ഡിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കോവിഡ് പ്രതിരോധം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ട് മൃതദേഹങ്ങള്‍ നദിയിലൊഴുകുന്ന യു.പിയില്‍ യോഗി 2022-ല്‍ ജനവിധി തേടാനിരിക്കുകയുമാണ്.
ഉത്തര്‍പ്രദേശില്‍ മരുന്നുവാങ്ങാന്‍ പോയ ആസിഫ്ഖാന്‍ എന്ന യുവാവ് ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലക്കിരയായത് ഈയിടെയാണ്. പശുവിന്റെ പേരിലുള്ള അതിക്രമങ്ങളും ഇന്ന് വ്യാപകമാണ്. യു.പി ബാറങ്കിയില്‍ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഗരീബ് നവാസ് മസ്ജിദ് ജില്ലാ അധികൃതര്‍ യാതൊരു പ്രകോപനവുമില്ലാതെ പൊളിച്ചുനീക്കുകയുമുണ്ടായി. കോടതി സ്റ്റേ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇത്."അയോധ്യ സിര്‍ഫ് ജാന്‍കി ഹേ, കാശി മഥുര ബാക്കി ഹേ" (അയോധ്യ ഒരു തുടക്കം മാത്രമാണ്, മഥുരയും കാശിയും ബാക്കിയിരിക്കുന്നു) എന്നത് ബാബരിക്ക് മേല്‍ നിറഞ്ഞാടിയ കാപാലിക കര്‍സേവകര്‍ അന്നുറക്കെ വിളിച്ച മുദ്രവാക്യമായിരുന്നു. അതിന്റെ സാക്ഷാത്കാരത്തിനുള്ള പുതുവഴികള്‍ തേടുകയാണ് സംഘ്പരിവാര്‍. ശ്രീക്രിഷ്ണജന്മസ്ഥാന്‍ എന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദും വരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വ്യാപി മസ്ജിദുമാണ് ഹിന്ദുത്വഭീകരര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിത സംവിധാനമായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘത്തിന് സിവില്‍ കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കുക കൂടി ചെയ്തതോടെ വരാണസി ഗ്യാന്‍വ്യാപി മസ്ജിദില്‍ മറ്റൊരു ബാബരി
മണത്തുതുടങ്ങിയിരിക്കുന്നു.
ക്ഷേത്രധ്വംസനം
1669-ല്‍ ഓറംഗസീബ് 2000 വര്‍ഷം പഴക്കമുള്ള ഹൈന്ദവക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് ഗ്യാന്‍വ്യാപി മസ്ജിദ്സ്ഥാ പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഓറംഗസീബ് യഥാര്‍ത്ഥ കാശി വിശ്വനാഥ ക്ഷേത്രമാണ് തകര്‍ത്തതെന്നും നിലവിലെ വിശ്വനാഥക്ഷേത്രം പില്‍ക്കാലത്ത് ഇന്‍ഡോര്‍ രാജ്ഞി അഹല്യഭായി ഹോള്‍ക്കര്‍ ഗ്യാന്‍വ്യാപിയുടെ ഓരത്ത് നിര്‍മിച്ചതാണെന്നും അവര്‍ വാദിക്കുന്നു. 1991ലെ ആരാധനാലയ നിയമം ഗ്യാന്‍വ്യാപി തകര്‍ക്കാനുള്ള ആര്‍.എസ്.എസ് വാദത്തെ അസാധുവാക്കുന്നുവെന്നതോടൊപ്പം ഏതൊരു രാജ്യത്തിന്റേയും ഭരണവ്യവസ്ഥിതിയെയും രാഷ്ട്രസന്തുലിതത്വത്തെയും തകര്‍ക്കാന്‍ മാത്രമേ ഇത്തരം വാദമുഖങ്ങള്‍ ഉപകരിക്കൂ എന്നും നീതിപീഠങ്ങള്‍ മറക്കാതിരിക്കണം. ഓറംഗസീബടക്കമുള്ള ഭരണാധികാരികളുടെ കാലത്ത് നടന്ന ആരാധനാകേന്ദ്രങ്ങളിലെ മിക്ക കൈയടക്കലുകളും രാഷ്ട്രീയപ്രേരിതമായിരുന്നു.തങ്ങളുടെ സാമ്രാജ്യത്വത്തിന്റെ സുസ്ഥിരതയും അഭിവൃദ്ധിയും ലക്ഷ്യമിട്ട് ക്ഷേത്രങ്ങളെയും മസ്ജിദുകളെയും ഗുരുദ്വാരകളെയുമടക്കം അധികാരികള്‍ തകര്‍ക്കുകയും സമാനരീതിയില്‍ അവക്ക് മതഭേദമന്യേ സഹായങ്ങളര്‍പ്പിക്കുകയും ചെയ്ത രാഷ്ട്രീയപ്രക്രിയ അക്കാലത്ത് സാധാരണവും നടപ്പുള്ളതുമായിരുന്നു. അത്തരം അതിക്രമങ്ങള്‍ രാഷ്ട്രതാത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്ന ഉത്തമബോധ്യത്തെ തുടര്‍ന്നാണ് അന്ന് ഭരണീയര്‍ അവയ്ക്ക് മതകീയമാനം നല്‍കാതെ സംയമനം പാലിച്ചത്. ഹിന്ദുരാജാക്കന്മാര്‍ ആദികാലത്തെ ബുദ്ധക്ഷേത്രങ്ങളെ നിരന്തരം വേട്ടയാടുകയും തകര്‍ക്കുകയും ചെയ്തതായി കാണാം.ഹൈന്ദവഭരണാധികള്‍ തന്നെയും തങ്ങള്‍ കീഴടക്കിയ നിരവധി ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് നശിപ്പിച്ചത് ചരിത്രസത്യമാണ്.
Also Read:ഗ്യാന്‍വാപി മസ്ജിദിന് നേരെ ഉയരുന്ന സംഘ്പരിവാര്‍ കണ്ണുകള്‍
ഇതരമതവിഭാഗങ്ങളാല്‍ തകര്‍ക്കപ്പെട്ടതും രൂപമാറ്റ ചെയ്യപ്പെട്ടതുമായ അനേകം മസ്ജിദുകള്‍ കൂടി ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.
വിഭജനകാലത്ത് ഈ പ്രവണത അതിവ്യാപകമായിരുന്നു. 1732 ല്‍ മുഗള്‍ ഗവര്‍ണര്‍ ഫൗജര്‍ഖാന്‍ സ്ഥാപിച്ച ഹരിയാന ഫാറൂഖ്‌നഗറിലെ ജുമാമസ്ജിദ് വിഭജനാനന്തരം ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമായി പരിവര്‍ത്തിക്കപ്പെട്ടു. ഔറംഗാബാദില്‍ ഖില്‍ജികള്‍ നിര്‍മിച്ച കൂറ്റന്‍ മസ്ജിദ്കൈയേറ്റങ്ങള്‍ക്കും വിഗ്രഹപ്രതിഷ്ഠകള്‍ക്കുമൊടുവില്‍ ഇന്ന് ഭാരത് മാതാ മന്ദിറാണ്. ഹരിയാന സോനിപതിലെ ജുമാമസ്ജിദ് ഇന്ന് ദുര്‍ഗാമന്ദിറും ഹിസാറിലെ ദനാശിര്‍ മസ്ജിദ് വിഭജനശേഷം ഭവവാന്‍ ക്ഷേത്രവുമായി മാറിയിരിക്കുന്നു. ഇവയില്‍ മിക്കയിടങ്ങളിലും മിനാരങ്ങളും ഖുബ്ബകളും യഥാവിധം നിലനില്‍ക്കുന്നതിനാല്‍ പുരാവസ്തുപര്യവേഷണം പോലുമില്ലാതെ മസ്ജിദാണെന്ന് ഗ്രഹിക്കാവുന്നതേയുള്ളൂ.
ഇത്തരം സമാനഘട്ടങ്ങളില്‍ കൂടി നിയമസാധൂകരണം നല്‍കാന്‍ അഭിവന്ദ്യ നീതിപീഠങ്ങള്‍ക്ക് കഴിയുമോ?ഇതരമതകേന്ദ്രങ്ങള്‍ക്ക് നിത്യേന സഹായഹസ്തങ്ങളര്‍പ്പിക്കുകയും കവചമൊരുക്കുകയും ചെയ്തവരായിരുന്നു ഇന്ത്യയിലെ മുസ്ലിം
ഭരണാധികാരികള്‍. പുരാതനവിഗ്രഹങ്ങള്‍ തകര്‍ക്കുന്ന മറ്റു രാജാക്കന്മാരുടെ രാഷ്ട്രീയരീതിക്കെതിരെ മുസ്ലിം പണ്ഡിതര്‍ സിക്കന്ദര്‍ ലോഥിക്ക് മതവിധി നല്‍കിയതായും ചരിത്രരേഖകള്‍ സമര്‍ത്ഥിക്കുന്നു. അക്കാലത്ത് വ്യാപകവും സാധാരണവുമായിരുന്ന രാഷ്ട്രീയകൃത്യങ്ങളെ മതത്തിന്റെ ലേബലില്‍ അവതരിപ്പിച്ച് വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നത് വ്യക്തമായ
അയുക്തികതയും ചരിത്രനിരാസവുമാണ്.
നിയമസാധുത
1991-ലെ ആരാധനാലയ നിയമപ്രകാരം (Places of Worship Act, 1991) ഒരു വിഭാഗത്തിന്റെ ആരാധനാകേന്ദ്രം മറ്റൊരു വിഭാഗത്തിന്റേതായി പരിവര്‍ത്തിപ്പിക്കുന്നത് കുറ്റകൃത്യമാണ്. 1947 ഓഗസ്റ്റ് 15 സ്വാതന്ത്രഘട്ടത്തില്‍ നിലനിന്നിരുന്ന വിധം ആരാധനാലയങ്ങളുടെ മതപ്രകൃതം സംരക്ഷിക്കപ്പെടണമെന്നും അതിന് മീതെ അതിക്രമങ്ങളുണ്ടാകരുതെന്നും പ്രസ്തുത നിയമത്തിലെ നാലാം വ്യവസ്ഥ കര്‍ശനമായി നിഷ്‌കര്‍ശിക്കുന്നു. അയോധ്യ സംഘര്‍ഷകാലത്ത് ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തെ മറികടന്ന് നരസിംഹറാവു സര്‍ക്കാര്‍ പാസ്സാക്കിയ ഈ നിയമം ബാബരി ഒഴികെയുള്ള മറ്റ് ആരാധനാ കേന്ദ്രങ്ങള്‍ക്കെല്ലാം പൊതുവായി ബാധകമാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ കാശി, മഥുര വാദങ്ങളുടെ നിയമസാധുത നിഷേധിക്കുമ്പോള്‍, വര്‍ഗീയകക്ഷികള്‍ നിയമത്തിലെ ചെറിയ പഴുതുകള്‍ തേടുകയാണ്. 1958-ലെ എ.എം.എ.എസ്.ആര്‍ ആക്ടിലുള്‍ക്കൊള്ളുന്ന ചരിത്രസ്മാരകങ്ങളടക്കം 1991-ലെ നിയമം ബാധകമാകാത്ത ചില വ്യവസ്ഥകള്‍ക്കകത്തേക്ക് മഥുര, കാശി മസ്ജിദുകളെയും വലിച്ചിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.മഥുരയില്‍ ശാഹി ഈദ്ഗാഹ് മസ്ജിദ ട്രസ്റ്റും ശ്രീക്രിഷ്ണ ജന്മസ്ഥാന്‍ സേവാസംഘവും 1968-ല്‍ കരാറിലേര്‍പ്പെട്ടതിന്റെ രേഖകള്‍ നിലവിലുള്ളതിനാല്‍ മസ്ജിദിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍
ആധികാരികതയുണ്ട്.
ഗ്യാന്‍വ്യാപി മസ്ജിദ്
കഴിഞ്ഞദിവസം സിവില്‍കോടതി എ.എസ്.ഐ സര്‍വേക്ക് നിര്‍ദേശം നല്‍കിയതോടെ സംഘ്പരിവാറിന്റെ ഗ്യാന്‍വ്യാപി പ്രൊജക്ടിന് കൂടുതല്‍ വേഗം കൈവന്നിരിക്കുകയാണ്. ബാബരിക്കെതിരെ പ്രചാരണയുദ്ധമാരംഭിച്ചപ്പോള്‍ തന്നെ കാശി, മഥുര
മസ്ജിദുകള്‍ക്കെതിരെയും ആര്‍.എസ്.എസ് കലാപാഹ്വാനം പ്രഖ്യാപിച്ചിരുന്നു. 1984 ഏപ്രില്‍ 7,8 തിയ്യതികളില്‍ വിശ്വഹിന്ദുപരിഷത്ത്
(വി.എച്ച്.പി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ധര്‍മസന്‍സാദില്‍(മതസമ്മേളനം) അയോധ്യ, മഥുര, കാശി എന്നീ മസ്ജിദുകള്‍ക്കെതിരെ രാജ്യവ്യാപകസമരം വിളംബരം ചെയ്തു. ഇതേത്തുടര്‍ന്നാണ് ലാലാലജ്പത് റായ്, ബാലഗംഗാതര
തിലക്, മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ മുന്‍കാലത്തെ അതിഭക്തരായഹൈന്ദവ നേതൃത്വം പോലും ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്ത ഒരു പുത്തന്‍ വാദം പ്രചാരം സിദ്ധിക്കുന്നത്.ഗ്യാന്‍വ്യാപിയടക്കമുള്ള മസ്ജിദുകള്‍ക്ക് നേരെയുള്ള സംഘ്പരിവാറിന്റെ
നവീനവാദങ്ങള്‍ ഭരണപഥമുറപ്പിക്കാനുള്ള രാഷ്ട്രീയതന്ത്രം മാത്രമാണ്. അവമതങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ ഒരിക്കലും അവതരിപ്പിക്കാനാവില്ല. വര്‍ഗീയചേരിതിരിവുണ്ടാക്കി വോട്ട്ബാങ്കുറപ്പിക്കാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഴുവന്‍ ഭാരതീയരും തിരിച്ചറിയേണ്ടതുണ്ട്. ക്ഷേത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ മുന്നേറ്റം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും
അതിന് പിന്നില്‍ മതതാത്പര്യങ്ങളില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സുഷമാ സുരാജ് 2000 ഏപ്രില്‍ 14ന് ഭോപ്പാലില്‍ വെച്ച് തുറന്ന്
സമ്മതിച്ചതുമാണ്.
1991-ലാണ് ഗ്യാന്‍വാപി മസ്ജിദിനെതിരെ ആദ്യ ഹരജി ഫയല്‍ ചെയ്യപ്പെടുന്നത്. എന്നാല്‍, ആരാധനാലയനിയമം ഈ വാദത്തിന്റെ
നിയമപരമായ നിലനിര്‍പ്പ് തള്ളിക്കളഞ്ഞു. 1997 ഒക്ടോബര്‍ 18ന് വരാണസി സിവില്‍കോടതി ഗ്യാന്‍വാപി മസ്ജിദിന് ആരാധനാലയനിയമം ബാധകമല്ലെന്ന വിചിത്ര വിധിപ്രസ്താവം നടത്തിയതോടെയാണ് വീണ്ടും മുറവിളികളുയരുന്നത്. 1998 സെപ്തംബര്‍ 23ന് പുന:പരിശോധന ഹരജി പരിഗണിച്ച ജില്ലാ ജഡ്ജി സിവില്‍ കോടതിയെ തിരുത്തുകയും ഇരുവിഭാഗത്തിന്റേയും തെളിവുകള്‍ ശേഖരിച്ച ശേഷമേ നിയമപരിരക്ഷ സംബന്ധിച്ച് ഉത്തരവുണ്ടാകാവൂ എന്ന് നിര്‍ദേശിക്കുകയുമുണ്ടായി.
അതേവര്‍ഷം തന്നെ ഗ്യാന്‍വാപി കേസിലെ നടപടിക്രമങ്ങള്‍ക്ക് അലഹാബാദ്ഹൈക്കോടതി സ്റ്റേ പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ നിലക്കുകയായിരുന്നു.22 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം 2019 ഡിസംബറില്‍ എ.എസ്.ഐസര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതോടെയാണ് കേസില്‍വീണ്ടും അനക്കമുണ്ടാകുന്നത്. അയോധ്യയില്‍ ശ്രീരാമന്റേതെന്ന പോലെസ്വയംഭൂവായ വിശ്വനാഥന്റെ പേരിലാണ് വരാണസിയിലും ഹര്‍ജിസമര്‍പ്പിച്ചത്. മേല്‍ക്കോടതികള്‍ വിചാരണക്കേര്‍പ്പെടുത്തുന്ന വിലക്ക് 6മാസത്തിലേറെ നിലനില്‍ക്കില്ലെന്ന 2018ലെ സുപ്രീംകോടതി വിധിയുടെചുവട്പിടിച്ചായിരുന്നു പുതിയ ഹര്‍ജി. സ്വാഭാവിക നടപടിക്രമങ്ങള്‍പോലും പാലിക്കാതെ ധൃതിപിടിച്ച് എ.എസ്.ഐ സര്‍വേക്ക് അനുമതിനല്‍കിയ കോടതി നടപടി ദുരൂഹമാണ്.2003-ല്‍ അയോധ്യയില്‍ നടന്ന സര്‍വേയോട് പൂര്‍ണ്ണമായും തദാത്മ്യംപുലര്‍ത്തുന്നതാണ് ഗ്യാന്‍വാപിയിലെ നവപര്യവേഷണം. 1998 ല്‍
ജില്ലാജഡ്ജി ആവശ്യപ്പെട്ട പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ സംഘ്പരിവാര്‍ പക്ഷത്തിന് വേണ്ടി സിവില്‍കോടതി അത്യധ്വാനം
ചെയ്യുന്നുവെന്ന് ന്യായമായും സംശയിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വേ
ഉപയോഗപ്പെടുത്തിക്കൊണ്ട് എ.എം.എ.എസ്.ആര്‍ ആക്ട് പ്രകാരമുള്ള ചരിത്രസ്മാരകങ്ങളിലേക്ക് ഗ്യാന്‍വ്യാപിയെ ചേര്‍ത്തുകെട്ടി,
ആരാധനാലയനിയമത്തില്‍ നിന്ന് പുറത്ത്കടക്കാനുള്ള എളുപ്പവഴിയും ഈ സര്‍വേ നാടകം മുന്നോട്ട് വെക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും കാവലാളാകേണ്ട നീതിപീഠങ്ങള്‍ തന്നെ ഇത്തരം
വര്‍ഗീയസ്വപ്നങ്ങള്‍ക്ക് കരുത്തേകുകയും തണലൊരുക്കുകയും ചെയ്യുന്നത് അഭിനവഭാരതത്തിന്റെ ഏറ്റവും വലിയ ദുര്യോഗമാണ്.
ബാബരിക്ക് സമാനമായ നീക്കങ്ങളാണ് ഗ്യാന്‍ വ്യാപിയിലും ആവര്‍ത്തിക്കുന്നത്.
1991 ഒക്ടോബര്‍ മുതല്‍ ബാബരിധ്വംസനം വരെയുള്ള കാലഘട്ടത്തില്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍സിങ്ങിന്റെ നേതൃത്വത്തില്‍
അയോധ്യാപരിസരത്ത് നടന്ന അഭൂതപൂര്‍വ്വമായ സൗന്ദര്യവത്കരണ പ്രക്രിയകള്‍ ഗ്യാന്‍വ്യാപിയിലും ദൃശ്യമാണ്. വരാണസി എം.പി നരേന്ദ്ര മോദി 2019ല്‍ തുടക്കമിട്ട ആയിരം കോടിയിലേറെ ചിലവുള്ള നവീകരണയത്‌നങ്ങള്‍ തുടരുന്നുണ്ട്. അയോധ്യയിലേത് പോലെ മസ്ജിദിന് സമീപം ആയിരങ്ങള്‍ക്ക് തമ്പടിക്കാന്‍ ഇടമൊരുക്കിയത് ആശങ്കാജനകമാണെന്ന് ഗ്യാന്‍വ്യാപി മസ്ജിദ് അധികൃതര്‍ മുന്‍പ്പ്രസ്താവിച്ചിരുന്നു. നിര്‍മാണപ്രക്രിയകള്‍ക്കിടെ 2018 ഒക്ടോബര്‍ 25ന് മസ്ജിദിലെ ഒരു പ്ലാറ്റ്‌ഫോം തകര്‍ക്കുകയും മതഭേദമന്യേ ജനരോഷമുയര്‍ന്നതോടെ പുന:സ്ഥാപിക്കുകയുമായിരുന്നു.
തദ്ദേശവാസികളെനിരന്തരം ഒഴിപ്പിച്ച് കൊണ്ട് നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ക്കെതിരെ പ്രദേശികമായ എതിര്‍പ്പും പ്രതിഷേധങ്ങളും ശക്തമാണ്.ഒരിക്കല്‍ കൂടി ബാബരി പുനരാവര്‍ത്തിക്കപ്പെട്ടാല്‍ ഭാരതത്തിന്റെ ആത്മാവിനേല്‍ക്കുന്ന ഉണക്കാനാവാത്ത മുറിവായിരിക്കുമത്.ഭരണഘടനയ്ക്ക് കാവലൊരുക്കേണ്ട നീതിപീംങ്ങള്‍ വിരോധാഭാസമെന്നോണം മറ്റൊരു ദുരന്തം കൂടി ഭാരതമണ്ണില്‍ വകവെച്ചു കൊടുക്കുന്ന പക്ഷം ഭരണഘടനയുടെ ആരാച്ചാറായി അവര്‍ അടയാളപ്പെടുത്തപ്പെടുമെന്ന് തീര്‍ച്ച.
തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ജനപക്ഷ വികസനങ്ങളും നടപ്പാക്കാന്‍ കഴിയാതെ പരാജിതരാകുമ്പോള്‍, മറ്റ് തീവ്രവലത്കക്ഷികളെ പോലെ, ബി.ജെ.പിയും വര്‍ദ്ധിതവീര്യമുള്ള വിവേചനപ്രത്യയശാസ്ത്രത്തിന്റെ മറപിടിക്കുകയാണ്. വൈവിധ്യങ്ങളുടെ ഭൂമികയില്‍ വര്‍ഗീയതയുടെ വിത്തിറക്കി ധ്രുവീകരണരാഷ്ട്രീയം പയറ്റുന്ന വിധ്വംസകശക്തികള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും സംഘടിക്കേണ്ടത് നവഭാരതത്തിന്റെ അനിവാര്യതയാണ്.
Leave A Comment