ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി(റ)

ഹി. പത്താം നൂറ്റാണ്ടില്‍ ജീവിച്ച വിശ്രുത പണ്ഡിതനായിരുന്നു ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി (റ). ഇസ്‌ലാമിക വിശ്വാസങ്ങളെ തന്മയത്വത്തോടു കൂടി അവതരിപ്പിക്കുകയും ശാഫിഈ കര്‍മ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അദ്വിതീയമായ പങ്കു വഹിക്കുകയും തനിക്കു സത്യമെന്നു ബോധ്യപ്പെട്ടതു വെട്ടിത്തുറന്നു പറയാന്‍ ആര്‍ജവം കാണിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ലോക ശ്രദ്ധ പിടിച്ചു പറ്റി.

ജനനം, വളര്‍ച്ച
അഹ്മദുബ്‌നു മുഹമ്മദിബ്‌നി മുഹമ്മദിബ്‌നി അലിയ്യിബ്‌നി ഹജര്‍ അല്‍ ഹൈത്തമി അല്‍ മിസ്വ്‌രി അല്‍ മക്കി എന്നാണ് പൂര്‍ണ്ണ നാമം. ശിഹാബുദ്ദീന്‍ എന്നാണ് അപര നാമം. ‘ഹജര്‍’ എന്നത് തന്റെ ഒരു പിതാ മഹന്റെ പേരാണ്. എപ്പോഴും മൗനിയായി കാണപ്പെടുന്നതു കൊണ്ടാണ് ഈ പേര് അദ്ദേഹത്തിനു ലഭിച്ചത്.
ഈജിപ്തിലെ ഗര്‍ബിയ്യ ഗവര്‍ണൈറ്റിലെ അബുല്‍ ഹൈത്തം എന്ന കൊച്ചു ഗ്രാമത്തില്‍ ഹി. 909 ലാണ്  ഇമാം ജനിച്ചത്. ജനന വര്‍ഷത്തില്‍ വേറെയും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. ‘ഹൈത്തം’  എന്നതിലെ രണ്ടാമത്തെ അക്ഷരം അറബിയിലെ രണ്ടു പുള്ളിയുള്ള ‘ത’ ആണെന്നതാണ് പ്രഭലാഭിപ്രായം. മൂന്നു പുള്ളിയുള്ള ‘ഥ’ ആയിരുന്നു അതെന്നും ഉപയോഗക്രമത്തില്‍ ‘ത’ ആയി മാറിയതാണെന്നും ‘താജുല്‍ അറൂസ്’ എന്ന ഗ്രന്ഥത്തില്‍ കാണാം. മംലൂക്ക് രാജ വംശം, ഉഥ്മാനിയ്യ ഖിലാഫത്ത് എന്നിവയാണ് ഇമാം അഭിമുഖീകരിച്ച രാഷ്ട്രീയ കക്ഷികള്‍. സ്വൂഫീ പ്രസ്ഥാനങ്ങള്‍, സ്വൂഫീ സംഗീത സദസ്സുകള്‍, ആഘോഷ സദസ്സുകള്‍ എന്നിവയ്ക്കു കൂടുതല്‍ പ്രചാരം നേടിയ കാലമായിരുന്നു അത്. ഈ വിഷയങ്ങളൊക്കെ ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ വിഷയീഭവിച്ചിട്ടുണ്ട്.
പിതാവ് ചെറുപ്പത്തില്‍ തന്നെ വഫാത്തായി. പിതാമഹന്റെ ശിക്ഷണത്തിലാണ് വളര്‍ന്നത്. വിശുദ്ധ ഖുര്‍ആനും മിന്‍ഹാജിന്റെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി. അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം പിതാവിന്റെ ശൈഖുമാരായിരുന്ന ശംസുദ്ദീന്‍ ഇബ്‌നു അബില്‍ ഹമാഇല്‍, ശംസുദ്ദീനിശ്ശനാവി എന്നിവരുടെ ശിക്ഷണത്തില്‍ വളര്‍ന്നു. ‘ത്വന്‍ത്വ’യിലെ അഹ്മദുല്‍ ബദവി മസ്ജിദിലും കൈറോയിലെ ജാമിഉല്‍ അസ്ഹറിലും പഠനം നടത്തി. ജാമിഉല്‍ അസ്ഹറിലെ പഠന കാലത്ത് നിരവധി പ്രയാസങ്ങള്‍ ഇമാമിനു സഹിക്കേണ്ടി വന്നിട്ടുണ്ട്. കഠിന വിശപ്പും സഹപാഠികളില്‍ നിന്നുള്ള അസൂയയും സഹിച്ചു കൊണ്ടാണ് അദ്ദേഹം പഠന കാലം കഴിച്ചു കൂട്ടിയത്. ഹി. 940 ല്‍ കുടുംബ സമേതം മക്കയിലേക്കു പോവുകയും വഫാത്തു വരെ അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. ഹി. 974 റജബ് 23 നു മക്കയിലായിരുന്നു വഫാത്ത്. ജന്നത്തുല്‍ മുഅല്ലയില്‍ മറവു ചെയ്യപ്പെട്ടു.

ഉസ്താദുമാര്‍
നാല്‍പതോളം പ്രഗത്ഭരായ ഉസ്താദുമാരില്‍ നിന്നായിരുന്നു ഇമാം അറിവു നുകര്‍ന്നത്.
അവരില്‍ പ്രഗത്ഭര്‍:
1- ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി (റ). ഇബ്‌നു ഹജര്‍ (റ) ന്റെ പ്രധാന ഉസ്താദായിരുന്നു മഹാനവര്‍കള്‍. ഹി. 826-926 ആണ് മഹാനവര്‍കളുടെ കാല ഘട്ടം. കൈറോയില്‍ ഇമാം ശാഫിഈ (റ) യുടെ അടുത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
2- അബ്ദുല്‍ ഹഖ്ഖി ബ്‌നു മുഹമ്മദ് അസ്സുന്‍ബാത്വി (റ). ഹി. 842-931 ആയിരുന്നു മഹാനരുടെ കാല ഘട്ടം.
3- ശംസുദ്ദീനി ദ്ദലജി (റ). അറബീ സാഹിത്യ ശാഖകളാണ് ഇദ്ദേഹത്തില്‍ നിന്നു പഠിച്ചത്.
4- അബുല്‍ ഹസന്‍ അല്‍ ബക്‌രി (റ). ഹി. 952 ലാണ് മഹാന്‍ വഫാത്തായത്.
5 ശംസുദ്ദീന്‍ അല്‍ ഹത്വാബി (റ). ഹി. 902-954 ആണ് മഹാനരുടെ കാല ഘട്ടം. ഇദ്ദേഹത്തില്‍ നിന്നാണ് ഇബ്‌നു ഹജര്‍ (റ) നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയത്.

ശിഷ്യ ഗണങ്ങള്‍
നിരവധി ശിഷ്യ ഗണങ്ങള്‍ മഹാനര്‍ക്കുണ്ടായിരുന്നു.
അവരില്‍ പ്രഗത്ഭര്‍:
1- അബ്ദുല്‍ ഖാദിര്‍ അല്‍ ഫാകിഹി (റ). ‘ഫദാഇലു ഇബ്‌നി ഹജര്‍’ എന്ന ഒരു ഗ്രന്ഥം ഇദ്ദേഹം എഴുതിയിട്ടുണ്ട്.
2- അബ്ദുര്‍റഊഫ് അല്‍ വാഇള് (റ).
3- മുഹമ്മദ് ത്വാഹിര്‍ അല്‍ ഹിന്ദി (റ). ‘മജ്മഉ ബിഹാരില്‍ അന്‍വാര്‍’ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഇദ്ദേഹം.
4- അഹ്മദുബ്‌നു ഖാസിം അല്‍ അബ്ബാദി (റ).
5- സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (റ). ശാഫിഈ കര്‍മ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥമായ ‘ഫത്ഹുല്‍മുഈന്‍’ ന്റെ കര്‍ത്താവാണ് ഇദ്ദേഹം.

ഗ്രന്ഥങ്ങള്‍
ഹി. 933 ല്‍ മഹാനര്‍ ഹജ്ജിനു പോയി. ആ വേളയിലാണ് ഗ്രന്ഥ രചന നടത്തണമെന്ന ചിന്ത ഉദിച്ചത്. ആ വിഷയത്തില്‍ ശങ്കിച്ചു നില്‍ക്കുമ്പോഴാണ് പ്രസിദ്ധ സ്വൂഫിവര്യനായ ഹാരിസുബ്‌നു അസദ് അല്‍ മുഹാസബി(റ)യെ സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഗ്രന്ഥങ്ങള്‍ രചിച്ചു തുടങ്ങി. ഹദീസ്, ഫിഖ്ഹ്, അഖീദ, സ്വഭാവ സംസ്‌കരണം, നഹ്‌വ്, നബി ചരിതം, ചരിത്രം തുടങ്ങി നിരവധി   ശാഖകളിലായി 117-ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചിലത് താഴെ ചേര്‍ക്കുന്നു:

ഹദീസ്
1- അല്‍ ഫത്ഹുല്‍ മുബീന്‍ ഫീ ശര്‍ഹില്‍ അര്‍ബഈന്‍- ഇമാം നവവി(റ)യുടെ ‘അല്‍ അര്‍ബഊന്‍’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്
2- അശ്‌റഫുല്‍ വസാഇല്‍ ഇലാ ഫഹ്മിശ്ശമാഇല്‍- ശമാഇലുത്തുര്‍മുദിയുടെ വ്യാഖ്യാനം.
3- ഫത്ഹുല്‍ ഇലാഹ് ബി ശര്‍ഹില്‍ മിശ്കാത്ത്- മിശ്കാത്തുല്‍ മസ്വാബീഹിന്റെ വ്യാഖ്യാനം.
4- അല്‍ ഫതാവല്‍ ഹദീസിയ്യ.
5- അല്‍ ഇഫ്‌സ്വാഹ് അന്‍ അഹാദീസിന്നികാഹ്.

ഫിഖ്ഹ്
1- അല്‍ ഇംദാദ് ഫീ ശര്‍ഹില്‍ ഇര്‍ശാദ്.
2- ഫത്ഹുല്‍ ജവാദ്.
3- തുഹ്ഫത്തുല്‍ മുഹ്ത്താജ് ബി ശര്‍ഹില്‍ മിന്‍ഹാജ്. ശാഫിഈ കര്‍മ ശാസ്ത്രത്തിലെ പ്രസിദ്ധമായ ഈ ഗ്രന്ഥം ഹി. 958 ല്‍ തന്റെ 49-ാം വയസ്സിലാണ് രചിച്ചത്. 10 വാള്യമുള്ള ഈ കൃതി 10 മാസം കൊണ്ടാണ് എഴുതിയത്. ഹി. 958 മുഹര്‍റം 12 നു തുടങ്ങി 958 ദുല്‍ ഖിഅ്ദ 27 നു പൂര്‍ത്തീകരിച്ചു.
4- അല്‍ ഈആബ് ഫീ ശര്‍ഹില്‍ ഉബാബ്. ഹി. 930 ല്‍ വഫാത്തായ ഖാദീ സ്വഫിയുദ്ദീന്‍ അബുസ്സുറൂര്‍ അഹ്മദുബ്‌നു ഉമറബ്‌നി മുഹമ്മദ് അല്‍ മുസജ്ജദ് എന്നവരുടെ ‘അല്‍ ഉബാബ്’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.
5- ശര്‍ഹു ബാഫദ്ല്‍.
6- അല്‍ ഫതാവല്‍ കുബ്‌റാ.

വിശ്വാസം, സ്വഭാവ സംസ്‌കരണം
1- അസ്സവാജിര്‍ അന്‍ ഇഖ്തിറാഫില്‍ കബാഇര്‍. വന്‍ ദോഷങ്ങളാണ് ഇതിലെ പ്രതിപാദ്യം.
2- അല്‍ ഇഅ്‌ലാം ബി ഖവാത്വിഇല്‍ ഇസ്‌ലാം.
3- കഫ്ഫുര്‍റആഅ് അന്‍ മുഹര്‍റമാത്തില്ലഹ്‌വി വസ്സമാഅ്. വിനോദോപകരണങ്ങളുടെ ഇസ്‌ലാമിക മാനമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.
4- അല്‍ ജൗഹറുല്‍ മുനള്ളം ഫീ സിയാറത്തില്‍ ഖബ്‌റില്‍ മുകര്‍റം.
5- അസ്സ്വവാഇഖുല്‍ മുഹ്‌രിഖ.

വീക്ഷണങ്ങള്‍
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയങ്ങള്‍ വളച്ചു കെട്ടില്ലാതെ അവതരിപ്പിക്കാനും അതിന് എതിരെ വരുന്നവരെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനും അദ്ദേഹം രംഗത്തു വന്നു. ബിദ്അത്തിനു തുടക്കം കുറിച്ച ഇബ്‌നു തീമിയ്യയെ ശക്തമായ ഭാഷയിലാണ് അദ്ദേഹം എതിര്‍ത്തത്. തൗഹീദ്, ബിദ്അത്ത്, തവസ്സുല്‍, സിയാറത്ത് തുടങ്ങി പല വിഷയങ്ങളിലും വന്ന തെറ്റായ വിശകലനങ്ങളില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കിത്തരുന്നതില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിസ്സീമമായ പങ്കു വഹിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തോടൊപ്പം നമ്മെ സ്വര്‍ഗത്തില്‍ കടത്തട്ടെ.

റഫറന്‍സ്:
1- ആറാഉ ഇബ്‌നി ഹജര്‍ അല്‍ ഹൈത്തമി        മുഹമ്മദുബ്‌നു അബ്ദില്‍ അസീസ് ശാഇഅ്
2- നഫാഇസുദ്ദുറര്‍ ഫീ മനാഖിബി ഇബ്‌നി ഹജര്‍    അബൂബക്ര്‍ ഇബ്‌നു മുഹമ്മദ് സൈഫി.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter