കലയിലൂടെ സകരിയ സുബൈദി തീർത്ത പലസ്ഥീനിയൻ വിപ്ലവ മാതൃക

വിപ്ലവങ്ങളുടെയും അധിനിവേശ പ്രതിരോധങ്ങളുടെയും ചാലകശക്തിയായി   കലയും കലാകാരന്മാരും എന്നും നിലകൊണ്ടിട്ടുണ്ട്.   ആയുധങ്ങൾക്കു പുറമെ ക്യാൻവാസുകളും തൂലികകളും ചുവരുകളും പ്രതിരോധത്തിന്റെ ഉച്ചത്തിൽ മുഴങ്ങുന്ന ഭാഷകളാണ് പലപ്പോഴും സംസാരിച്ചത്. വിപ്ലവവീര്യമുള്ള  കലാകാരന്മാർക്കും എഴുത്തുകാർക്കും ജന്മം നൽകി വിശാലമായ വിപ്ലവപ്രതിരോധ പ്രവർത്തനങ്ങൾക്ക് അവ ചുക്കാൻ പിടിച്ചു. അത്തരം ഒരു കലാകാരനാണ് ഫലസ്തീനിലെ സകരിയാ സുബൈദി.

ഇസ്രായേലിലെ അതിസുരക്ഷാ ജയിലിൽ നിന്ന്  സഹസികമായി രക്ഷപ്പെട്ടതോടെയാണ്, അൽഅഖ്സ രക്തസാക്ഷി ബ്രിഗേഡുകളുടെ നേതാക്കളിൽ ഒരാളായിരുന്ന സകരിയാ സുബൈദി വാർത്തകളിൽ ഇടം പിടിച്ചത്. തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ഫലസ്തീനിയൻ അവകാശങ്ങളിലുള്ള അചഞ്ചലമായ വിശ്വാസവും ക്രിയാത്മകമായ പ്രതിരോധ തന്ത്രങ്ങളുമാണ് അദ്ദേഹത്തെ  അതുല്യനായ ഒരു കലാകാരനും നടനുമാക്കി മാറ്റിയത് എന്ന് പറയുന്നതാവും ശരി.

തന്റെ മാതാവ് സമീറ സുബൈദിയിലൂടെയാണ് സകരിയ നാടകരംഗത്തേക്ക് പ്രവേശിക്കുന്നത്. ഒന്നാം ഇൻതിഫാദയുടെ (1987-1993) സമയത്ത്, ആക്ടിവിസ്റ്റ് അർണ മെർഖാമിസുമായി ചേർന്ന് അവർ വീടുകൾ കേന്ദ്രീകരിച്ച് പഠിപ്പ് മുടങ്ങിയ കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകിയതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉമ്മയുടെ വീടിന്റെ മുകളിലത്തെ നിലയിൽ ഒരുക്കിയിരുന്ന  ദ് സ്റ്റോണ് എന്ന തിയേറ്ററിൽ വെച്ചാണ് സക്കറിയ നടനും സംവിധായകനും അർണയുടെ മകനുമായ ജൂലിയാനോ മെർഖാമിസിനെ കണ്ടുമുട്ടുന്നതും നാടകത്തിലെ ബാലപാഠങ്ങൾ കരഗതമാക്കുന്നതും. പിന്നീട്  വളരെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇവർ ചേർന്ന് പുതിയ കലാ സംസ്കാരം തന്നെ രൂപപ്പെടുത്തിയെടുത്തു.

Read more: നൂരി പക്ദിൽ, മൂന്ന് ഹറമുകളെയും പ്രണയിച്ച കവി

അധിനിവേശത്തിന്റെ തീച്ചുളയിലൂടെയാണ് സകരിയ വളർന്നുവലുതായത്. ഒരു പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈനികരുടെ വെടിയേൽക്കുകയും തടവിലാക്കപ്പെടുകയും ചെയ്തു. മറ്റെല്ലാ ഫലസ്തീനികളെയും പോലെ തന്നെ ദുരിതപൂർണമായ ബാല്യമായിരുന്നു സകരിയയുടേതും. കാൻസർ ബാധിച്ചിരുന്ന പിതാവ് ചെറുപ്പത്തിലെ മരണത്തിന് കീഴടങ്ങി. 2002ൽ, രണ്ടാം ഇൻതിഫാദ സമയത്ത്, സക്കറിയയുടെ അമ്മ സമീറയും സഹോദരൻ താഹയും ഇസ്രായേലി സ്നൈപ്പർമാരാൽ കൊല്ലപ്പെടുകയും അവരുടെ കുടുംബവീടും തിയേറ്ററുമെല്ലാം ഇസ്രായേൽ സൈന്യം അടിച്ചുനിരപ്പാക്കുകയും ചെയ്തു.

അതോടെ  സായുധ പ്രതിരോധത്തിലേക്ക് തിരിഞ്ഞ സകരിയക്ക് ജെനീനിലെ അഭയാർത്ഥി ക്യാമ്പില്‍ ഇസ്രായേൽ അധിനിവേശത്തെ അതിജീവിച്ചതിന്റെ ഒട്ടേറെ കഥകള്‍ പറയാനുണ്ടായിരുന്നു. രഹസ്യമായി ഭക്ഷണം നൽകി വീടുകളിൽ ഒളിച്ചുപാർക്കാൻ അനുവദിച്ച തന്നെ ജീവനോടെ നിലനിർത്തിയ സമൂഹത്തിന്റെ ഭയാനകവും അഭിമാനപൂർണവുമായ കഥകള്‍ കൂടിയായിരുന്നു അവയെല്ലാം.

സകരിയയുടെ അതിജീവനം  അൽഅഖ്സ രക്തസാക്ഷി ബ്രിഗേഡുകളിലെ ഉയർന്ന തസ്തികയിലേക്ക് അദ്ദേഹത്തെ ഉയർത്തി. 2007ൽ, രണ്ടാം ഇൻതിഫാദ അവസാനിച്ചതിന് ശേഷം, ഇസ്രയേൽ വാഗ്ദാനം ചെയ്ത പൊതുമാപ്പിൽ സകരിയയും ഉൾപ്പെട്ടിരുന്നു. ശേഷം ജൂലിയാനോ മെർഖാമിസുമൊത്ത് ജനീനിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങിയ സകരിയ ദി ഫ്രീഡം തിയേറ്റർ സ്ഥാപിച്ചുകൊണ്ട് സാംസ്കാരിക പ്രതിരോധത്തിന്റെ ഒരു അതുല്യ ബ്രാൻഡ് തന്നെ കെട്ടിപ്പടുത്തു.

എല്ലാത്തരം വിവേചനങ്ങൾക്കും എതിരെ ശബ്ദമുയർത്തുകയും ഫലസ്തീനിയൻ വിഷയം ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്ത മുഴുവന്‍ കലാകാരന്മാരും ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയവും സർഗ്ഗാത്മകവുമായ പ്രസ്ഥാനമായിരുന്നു അത്. തന്റെ കലാവിപ്ലവത്തെ കുറിച്ച് സുബൈദി പറയുന്നതിങ്ങനെ, പോരാളിയുടെ കഥ പറയാനും ആരെങ്കിലും വേണം. നിങ്ങൾക്ക് വെറും ഒരു ചിത്രമെടുത്ത് അവൻ തീവ്രവാദിയാണെന്ന് എഴുതിതള്ളാൻ കഴിയില്ല.

സായുധ പ്രതിരോധങ്ങള്‍ നടത്തുന്ന ഒരു പോരാളിയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, അദ്ദേഹം പറയുന്നു, എന്നാൽ ഇതാണ് ജീവിതം എനിക്ക് തന്നത്. എനിക്ക് ഒരു നടനാകാൻ ആഗ്രഹമുണ്ടായിരുന്നു. റോമിയോ ആകാൻ ഞാൻ ആഗ്രഹിച്ചു. ഇപ്പോൾ ദി ഫ്രീഡം തിയേറ്ററിലൂടെ മറ്റുള്ളവർക്ക് ആ അവസരം ഉണ്ടാക്കിക്കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

2012 മെയ് മാസത്തിൽ സക്കറിയയെ പലസ്തീനിയൻ അതോറിറ്റി അറസ്റ്റ് ചെയ്യുകയും ഏകാന്തതടവിന് ശിക്ഷിക്കുകയും ചെയ്തു. സ്വന്തം ഗവൺമെന്റിന്റെ കൈകളാൽ തടവിലാക്കപ്പെട്ടത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അപമാനകരമായ അനുഭവമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സമീപനം സർഗ്ഗാത്മകമായിരുന്നു, സുഹൃത്തും കലാകാരനുമായ മൈക്കേല മിറാൻഡയോട് അതേകുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇതിനെക്കുറിച്ച് നമുക്ക് ഒരു നാടകം ചെയ്യണം.

അറസ്റ്റ് ചെയ്യുക, രക്ഷപ്പെടുക, വീണ്ടും പിടിയിലാവുക ഇതായിരുന്നു സകരിയയുടെ ജീവിതത്തിന്റെ ക്രമം. 2018ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം , സക്കറിയ ബിർസെയ്റ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് 2019 ഫെബ്രുവരിയിൽ, ഇസ്രായേൽ ബസുകൾക്ക് നേരെ വെടിയുതിർത്തു എന്ന ആരോപിച്ച് ചാരസംഘടനയായ ഷിൻ ബെറ്റിന്റെ സഹായത്താൽ അദ്ദേഹത്തെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു.

രണ്ടര വർഷത്തിന് ശേഷം അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് സക്കറിയ മറ്റ് അഞ്ച് പേർക്കൊപ്പം ഒരു സ്പൂൺ ഉപയോഗിച്ച് തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. ഒരു ജനതയെ ഒന്നടങ്കം പ്രചോദിപ്പിച്ച ആ സാഹസികപ്രവൃത്തിക്ക് ആദരമെന്നോണം ഫലസ്തീനിലെ തൊഴിലാളികൾ അന്ന് പണിമുടക്കി ആഘോഷിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം സക്കറിയയെ ഇസ്രായേൽ സൈന്യം വീണ്ടും പിടികൂടുകയും ജയിൽ ചാടിയതിന് അഞ്ചു വർഷം തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു.

Read More: മുളഫർ അൽ നവാബ്: വിപ്ലവകാരിയായ അറബ് കവി

വിമോചനത്തിൽ വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗം കലാപ്രകടനമാണെന്നും അത് ചെയ്യാനുള്ള ഇടമാണ് തിയേറ്ററെന്നും അദ്ദേഹം മനസ്സിലാക്കുകയും മറ്റുള്ളവരെ അത് ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതിരോധത്തിന്റെ മൂർച്ചയുള്ള ആയുധമായി കലയെ സർഗ്ഗത്മകമായി സമീപിച്ച സകരിയ ലോകത്തകമാനമുള്ള കലാകാരന്മാർക്ക് എന്നും ഒരു മാതൃകയാണ്. കാല്പനിക സിനിമാ കഥകളെപോലും വെല്ലുന്ന വിധമുള്ള ഐതിഹാസികമായ ചെറുത്തുനിൽപ്പിന്റെ നായകനായിരുന്നു സകറിയ. ഏതൊരു എഴുത്തിനെയും കലാ സൃഷ്ടിയെയും അതിജയിക്കുന്ന ശക്തമായ വിപ്ലവ സന്ദേശമുള്‍ക്കൊള്ളുന്ന ജീവിതം.

കടപ്പാട് : middleeast eye

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter