അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വശഅ്ബാന്‍... വബല്ലിഗ്നാ.......

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വശഅ്ബാന്‍... വബല്ലിഗ്നാ.......

റജബ് മാസപ്പിറവി ദൃശ്യമാവുന്നതോടെ പള്ളിമിഹ്റാബുകളില്‍ നിന്നുയരുന്നരുന്ന പ്രാര്‍ത്ഥനാവചസ്സുകളാണ് ഇത്. ഈ വരികള്‍ക്ക് വല്ലാത്തൊരു സുഗന്ധമുണ്ട്. രണ്ട് മാസം അപ്പുറത്ത്നിന്ന് ഒളിഞ്ഞുനോക്കുന്ന വിശുദ്ധ മാസത്തിന്റെ ഗന്ധമാണ് അതിന്. അതിലപ്പുറം, നാഥന് വേണ്ടിയുള്ള വേണ്ടെന്ന് വെക്കലുകളിലൂടെ നേടിയെടുക്കുന്ന സ്വര്‍ഗ്ഗീയാരാമങ്ങളുടെ പുഷ്പഗന്ധമാണ് അത്.

ഈ വരികള്‍ വിശ്വാസിക്ക് സമ്മാനിക്കുന്നത് ഒരു ഇളംകാറ്റിന്റെ അനുഭൂതിയാണ്. നോമ്പിന്റെ ഗരിമയും പൊലിമയും പേറി വരുന്ന കാറ്റിന്റെ കുളിരാണ് അത്. അതേക്കാള്‍, പ്രിയനാഥന് വേണ്ടിയുള്ള നീണ്ട ത്യാഗത്തിനൊടുവിലെത്തുന്ന സ്വീകാര്യതയുടെ പറഞ്ഞറിയിക്കാനാത്ത രുചിയാണ് അത്.  

ഈ വരികള്‍ക്ക് വര്‍ണ്ണിക്കാനാവാത്ത ഒട്ടനേകം രുചികളുണ്ട്. നോമ്പ് തുറയുടെയും അത്താഴമുത്താഴങ്ങളുടെയും വിഭവ സമൃദ്ധമായ രുചികളാണ് അത്. അത് മാത്രമല്ല, ഏതാനും മണിക്കൂറുകള്‍ ഭക്ഷണവും വെള്ളവും വേണ്ടെന്ന് വെച്ചതിന് നാഥന്‍ സമ്മാനമായി നാളെ നല്കാനിരിക്കുന്ന വിഭവവൈവിധ്യങ്ങളുടേതാണ് ആ രുചിക്കൂട്ട്.

ഈ വരികള്‍ക്ക് ഇങ്ങനെ എത്രയും അര്‍ത്ഥങ്ങള്‍ ചമക്കാനാവും. അവയെല്ലാം ശരിയാണ് താനും. ഹൃദയശുദ്ധീകരണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ദിനങ്ങളിലേക്കുള്ള മാടിവിളിക്കലാണ് ഈ വരികള്‍. ഈ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ കേള്‍ക്കുന്നതോടെ, വിശ്വാസികളുടെ മനസ്സുകള്‍ റമദാനിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങുകയായി. 

ഞങ്ങളെ റമദാനിലേക്കും റമദാനിനെ ഞങ്ങളിലേക്കും എത്തിക്കണേ എന്ന് ഉള്‍പ്പെടുത്താത്ത പ്രാര്‍ത്ഥനകളുണ്ടാവില്ല പിന്നെ. അഥവാ, വിശ്വാസിയെ സംബന്ധിച്ചിടത്തോളം, കാത്ത് കാത്തിരുന്ന് കടന്നുവരുന്ന വിശിഷ്ടാതിഥിയാണ് വിശുദ്ധ റമദാന്‍ എന്നര്‍ത്ഥം. അത് കൊണ്ട് തന്നെ, ആറ്റ് നോറ്റ് ലഭിച്ച ആ സൌഭാഗ്യം പരമാവധി പ്രയോജനപ്പെടുത്താന്‍ അവന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പേ നാം തുടങ്ങിയ സമാനപ്രാര്‍ത്ഥനകള്‍ക്കൊടുവില്‍, ഇതാ ഒരു റമദാന്‍ കൂടി നമ്മിലേക്ക് വന്നണയുകയാണ്. ആ വിശുദ്ധ പിറവിക്കായി നമുക്ക് അല്‍പം കൂടി കാത്തിരിക്കാം.. ഏതാനും ദിവസങ്ങള്‍ കൂടി.. ഏതാനും മണിക്കൂറുകള്‍ കൂടി.... 

നാഥാ, ഈ പടിവാതില്‍ക്കല്‍ വെച്ച് ഞങ്ങളെ നീ പിരിയാതെ കാക്കണേ.. അല്ലാഹുമ്മ ബല്ലിഗ്നാ റമദാന്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter