പരീക്ഷ പേടിയോ പരിഹരിക്കാനുള്ള മാര്‍ഗം ഇതാ -ഗോപിനാഥ് മുതുകാട്

ഈയിടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കാം എന്നതിനെ കുറിച്ച് ക്ലാസെടുക്കാന്‍ പോയ സമയത്ത് കുട്ടികളോട് ഞാനൊരു ചോദ്യം ചോദിച്ചു, ആര്‍ക്കൊക്കെയാണ് പരീക്ഷയെ പേടിയുള്ളത് എന്ന്. ഭൂരിഭാഗ കുട്ടികളും കൈ ഉയര്‍ത്തി. എന്ത് കൊണ്ടാണ് കുട്ടികള്‍ പരീക്ഷയെ ഇങ്ങനെ ഭയക്കുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പമാക്കാവുന്നതേയുള്ളൂ പരീക്ഷ.  

പരീക്ഷ പേടി എന്ന സംഭവത്തെ പുകച്ച് പുറത്ത് കളയുകയാണ് ആദ്യം വേണ്ടത്. പഠിക്കാനുള്ളതെല്ലാം നേരത്തെ പഠിച്ച് തീര്‍ത്താല്‍, പരീക്ഷയുടെ തലേന്നുള്ള വെപ്രാളം ഒഴിവാക്കാന്‍ സാധിക്കും. എന്നിട്ട് അന്ന് സ്വസ്ഥമായി നന്നായി ഉറങ്ങണം. ഇനി വരുന്നിടത്ത് കാണാം എന്നത് പോലെ ഒരു സുഹൃത്തിനെ കാണാന്‍ പോകുന്ന അതേ ലാഘവത്തോടെ പരീക്ഷാഹാളിലേക്ക് കയറുകയും ചെയ്യാം.

സോഷ്യല്‍ മീഡിയ, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ തുടങ്ങിയ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. നൈമിഷികത്തെ സുഖത്തെ ദീര്‍ഘ കാലസുഖത്തിന് വേണ്ടി തത്കാലം ഒന്ന് മറക്കാം. വാര്‍ത്തകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യാം, കാരണം, ചിലപ്പോള്‍ പരീക്ഷക്ക് അവയില്‍നിന്നും ചോദ്യങ്ങള്‍ വന്നേക്കാമല്ലോ. 
ഒരധ്യാപകനെ ക്ലാസ് എടുക്കുന്നപോലെ, നടന്നും ആക്ഷന്‍ കാട്ടിയും വായിക്കുന്നതും പലര്‍ക്കും ഗുണം ചെയ്യും. 

ഇനി പരീക്ഷാ ഹാളിലെത്തിയാല്‍, ചോദ്യപ്പേപ്പര്‍ കൂളായി വാങ്ങി അതിലെ ചോദ്യങ്ങളെല്ലാം മനസ്സിരുത്തി ഒന്ന് വായിക്കുക. കൃത്യമായി അറിയാവുന്ന ഉത്തരങ്ങള്‍ ആദ്യം എഴുതി തീര്‍ത്തതിന് ശേഷം മാത്രമേ സംശയമുള്ളതിലേക്ക് കടക്കാവൂ. ഉത്തരം എഴുതി തുടങ്ങുന്നതിന് മുമ്പ് ചോദ്യം എന്താണെന്ന് കൃത്യമായി നമ്മള്‍ മനസ്സിലാക്കണം. ഉത്തരപ്പേപ്പര്‍ കൈമാറുന്നതിന് മുമ്പ് വെറുതെ ഒന്ന് കൂടി ഒത്ത് നോക്കാന്‍ മറക്കരുത്. കാരണം നമ്പര്‍ ഇടാന്‍ മറന്നതോ ഉത്തരം  മാറിപ്പോയതോ ഉത്തരം മുഴുമിപ്പിക്കാത്തതോ ആയ ഏതെങ്കിലും സ്ഥലങ്ങള്‍ ഉണ്ടായേക്കാം.

ഉത്തരപ്പേപ്പര്‍ കൊടുത്ത് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ പൊതുവെ കുട്ടികള്‍ ചെയ്യുന്ന ശീലമാണ് ചോദ്യപ്പേപ്പര്‍ വെച്ച്‌കൊണ്ട് മറ്റുള്ള കൂട്ടുകാരുുമായൊരു താരതമ്യം ചെയ്യല്‍. ഇതുകൊണ്ട് ഒരു നേട്ടവും ഇല്ല എന്ന് മാത്രമല്ല, കൂടുതല്‍ അസ്വസ്ഥരാവുമെന്നത് മാത്രമേ ഫലമുള്ളൂ. നാം എല്ലാം എഴുതിയവരാണെങ്കില്‍ ഒരു പക്ഷേ, നമുക്ക് സന്തോഷം തോന്നിയേക്കാം, അതേ സമയം അതിന് സാധിക്കാത്തവര്‍ ടെന്‍ഷന്‍ നല്‍കുകയാണ് നാം ചെയ്യുന്നത്. കഴിഞ്ഞത് കഴിഞ്ഞു, ഇനി അടുത്ത പരീക്ഷയെ കുറിച്ച് മാത്രമേ ചിന്തിക്കാവൂ. 

കഠിനാദ്ധ്വാനം തന്നെയാണ് ഏതൊരു വിജയത്തിന്റെയും അടിസ്ഥാനം. പരീക്ഷവിജയത്തിന്റെതും മറ്റൊന്നല്ല, അത് കൊണ്ട് ആദ്യം പറഞ്ഞത് പോലെ ഇന്ന് ഇപ്പോള്‍ തുടങ്ങാം.  ഇനിയുള്ള ദിനങ്ങളില്‍ ഇത്തിരി കഠിനാദ്ധ്വാനം ചെയ്യാം. റിസല്‍ട്ട് വരുന്ന ദിനങ്ങളില്‍ നമുക്ക് ആസ്വദിക്കാം.


ഗോപിനാഥ് മുതുകാടിന്റെ യുട്യൂബ് ചാനലിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter