ഖത്തറില്‍ ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവലന്റ്റ് ഫണ്ട് (ICBF) ഇവിടെ പ്രവര്‍ത്തിക്കുന്ന ഇന്ഷുറന്സ് കമ്പനിയായ ദമാന്‍ ഇന്ഷുറന്സ് (ബീമ) കമ്പനിയുമായി ചേര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി ലൈഫ് ഇന്ഷുറന്സ് പദ്ധതി തുടങ്ങിയിട്ടുണ്ട്. ഈ പദ്ധതിയില്‍ ചേരുന്നതിന്റെ വിധിയെന്താണ്? അതിലൂടെ ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ കൈപറ്റുന്നത് അനുവദിനീയമാണോ?.

ചോദ്യകർത്താവ്

നബീല്‍ മുഹമ്മദ്

Jan 20, 2020

CODE :Fin9576

ആകസ്മികമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ വന്നു ചേരുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരമെന്നോണമാണല്ലോ ഇൻഷൂറൻസ് പദ്ധതികള് നടത്തപ്പെടുന്നത്. അത്തരം നാശനഷ്ടങ്ങൾ ഒരാൾ ഒറ്റയ്ക്ക് വഹിക്കുന്നതിന് പകരം കുറേപ്പേർ ചേര്‍ന്നു വഹിക്കുമ്പോള്‍ അത് വേഗം പരിഹരിക്കാന് കഴിയും. ഒരാളുടെ ബാധ്യത കുറേപ്പേര്‍ ചേര്‍ന്നു ഏറ്റെടുക്കുന്നതും  അത്തരം നഷ്ടസാധ്യതകളെ ഒരുമിച്ച് നേരിടുന്നതും അടിസ്ഥാനപരമായി ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ്.

മനപ്പൂർവ്വമല്ലാതെയോ അബദ്ധത്തിലോ ഒരാളെ കൊന്നാൽ കൊല്ലപ്പെട്ടവന്റെ അനന്താരാവകാശികൾക് പ്രായശ്ചിത്ത ധനം നൽകണം. ഇവിടെ ഇത് നൽകി സഹായിക്കേണ്ടത് കൊലയാളിയുടെ അനന്താരവാകാശികളായാ പുരുഷന്മാരാണെന്നും അവർക്ക് കഴിയില്ലെങ്കിൽ ബൈത്തുൽമാൽ (പൊതു ഖജനാവിൽ) നിന്ന് എടുക്കണമെന്നും പൊതു ഖജനാവിലും അതിന് പരിമിതിയുണ്ടെങ്കിൽ ആ സംഖ്യ കൊലായാളി കണ്ടെത്തണമെന്നുമാണ് എന്ന് ഇസ്ലാം നിർദ്ദേശിക്കുന്ന രീതി (ഫത്ഹുൽ മുഈൻ, തുഹ്ഫ). യാദൃശ്ചികമായി വന്നു ചേരുന്ന ഒരു വലിയ സാമ്പത്തിക ബാധ്യത അദ്ദേഹത്തിന് ഒറ്റക്ക് വഹിക്കാന്‍ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ അത് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ആളുകളിലേക്ക് വീതം വെക്കുന്നത്’.

അബു മൂസ അൽ- അശ്അരി (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ () പറഞ്ഞു, “അശ്അരി ഗോത്രക്കാര്‍ യുദ്ധസമയത്തോ  മദീനയിലെ വീട്ടിലായിരിക്കുമ്പോഴോ ഭക്ഷ്യവസ്തുക്കള്‍ക്ക് കുറവ് സംഭവിച്ചാല്‍, അവർ തങ്ങളുടെ എല്ലാ വിഭവങ്ങളും ഒരു ഷീറ്റിൽ ശേഖരിക്കുകയും പിന്നീട് പരസ്പരം തുല്യമായി വിഭജിക്കുകയും ചെയ്യുന്നു. അവർ എന്നിൽ നിന്നാണ്, ഞാൻ അവരിൽ ഒരാളാണ്. (ബുഖാരി, മുസ്‌ലിം)

ഈ ഹദീസിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഇമാം അൽ-നവവി (റ) പറഞ്ഞു: “ഈ ഹദീസ് അശ്അരി ഗോത്രക്കാരുടെ പുണ്യം, പരോപകാരത്തിന്റെയും ആശ്വാസത്തിന്റെയും നന്മ, യാത്രയിൽ (സഹയാത്രികരുടെ) പാഥേയം  ഒരുമിച്ചുകൂട്ടി ഉപയോഗിക്കുന്നതിലെ നന്മ, ഭക്ഷ്യക്ഷാമം നേരിട്ടാല്‍  (എല്ലാവരുടെയും) ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചു ശേഖരിച്ച് തുല്യമായി വിഭജിക്കുന്നതിന്റെ മേന്മ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ അറിയപ്പെടുന്നതും പലിശ നിരോധിച്ചിരിക്കുന്നതുമായ പങ്കുവെക്കലല്ല; മറിച്ച് ഇവിടെ പരസ്പരം ഓരോരുത്തരും തങ്ങളുടെ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് അനുവദിനീയമാക്കുകയും ഉള്ളത് കൊണ്ട് പരസ്പരം ആശ്വാസം നല്‍കുകയുമാണ്. (ശറഹ് മുസ്‌ലിം 16/62).

എന്നാൽ ആധുനിക ഇൻഷൂറൻസ് കമ്പനികൾ അധികവും ഇസ്ലാം നിരോധിച്ച പലിശ, ചൂതാട്ടം, ചൂഷണം, അനിശ്ചിതത്വം, അവ്യക്തത തുടങ്ങിയവയിലധിഷ്ഠതമായ ഇടപാടുകൾ  നടത്തുന്നത് കൊണ്ടാണ് അവയെ ഇസ്ലാം അംഗീകരിക്കാത്തത്. ലാഭേച്ഛയോടെ നടത്തപ്പെടുന്ന ഇടപാടുകളില്‍ (മുആവദാത്ത്) പാലിക്കപ്പെടേണ്ട ഇസ്‌ലാമിക നിയമങ്ങളില്‍ ഏറ്റവും പ്രധാനമാണ് കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുക്കള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ സംബന്ധിച്ച കൃത്യതയും വ്യക്തതയും. ഭാവിയില്‍ സംഭവിക്കാന്‍  സാധ്യതയുള്ള ഒരു കാര്യത്തിനു വേണ്ടി ഇടപാട് നടത്തുമ്പോള്‍ സ്വാഭാവികമായും ഈ നിയമം  പാലിക്കപ്പെടില്ല.

അങ്ങനെ വരുമ്പോള്‍ ഒന്നുകില്‍ ലാഭേച്ഛകൂടാതെ പരസ്പരം പങ്കുവെക്കുന്ന ഇടപാടുകളുടെ  (തബര്‍റുആത്ത്) രൂപത്തിലോ ഇസ്‌ലാം അംഗീകരിച്ച സേവന – സംരംഭക ഇടപാടുകളുടെ അടിസ്ഥാനത്തിലോ വേണം ഈ ഇടപാടുകള്‍ ചെയ്യേണ്ടത്. അത്തരം സംവിധാനങ്ങള്‍ ഇന്ന് വളരെ വ്യാപകമായി നിലനില്ക്കുന്നുണ്ട്. തകാഫുൽ എന്നാണ് അവ അറിയപ്പെടുന്നത്.

വ്യത്യസ്ത ഇസ്ലാമിക സാമ്പത്തിക സാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പൂർണ്ണമായും ലാഭരഹിത സംവിധാനമായി പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കുന്ന തആവുനീ (സഹകരണ) മോഡൽ, നിശ്ചിത ഫീ വാങ്ങി ഫണ്ട് മാനേജ്ചെയ്യുന്ന  വകലാത്ത് (ഏജൻസി) മോഡൽ, സംരംഭക കരാറിന്റെ അടിസ്ഥാനത്തിൽ ലാഭം പങ്കുവെക്കുന്ന മുദാറബ (സംരഭകത്വ) മോഡൽ, ഇൻഷൂറൻസ് കൈകാര്യം ചെയ്യാന്‍ വകാലത്തും നിക്ഷേപം കൈകാര്യം ചെയ്യാന്‍ മുദാറബയും ഉപയോഗിക്കുന്ന വകാല-മുദാറബ മോഡൽ, ഫണ്ടിനെ ഒരു വഖ്ഫ് സ്വത്തായി മാറ്റി കൈകാര്യം ചെയ്യുന്ന വഖ്ഫ് മോഡൽ എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ ഇസ്ലാമിക താകാഫുല്‍ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഗൾഫ് രാഷ്ട്രങ്ങളില്‍ പൊതുവേ വകാല-മുദാറബ സംയോജിത മോഡലിലാണ് തകാഫുൽ കമ്പനികൾ പ്രവർത്തിക്കുന്നത്. ചോദ്യത്തില് പറയപ്പെട്ട ഇൻഷൂറൻസ് പദ്ധതി ഖത്തറിലെ പ്രമുഖ ഇസ്ലാമിക ഇൻഷൂറൻസ് സ്ഥാപനമായ ദമാൻ  ഇസ്ലാമിക് ഇൻഷൂറൻസ് (ബീമ) കമ്പനിയുമായി സഹകരിച്ചാണ്. കമ്പനി ഫണ്ട് സ്വീകരിക്കുന്നതും മാനേജ് ചെയ്യുന്നതും നിക്ഷേപിക്കുന്നതും വകാല-മുദാറബ അടിസ്ഥാനത്തിലാണ്. ഇവിടെ ഇൻഷൂറൻസ് മാനേജ്മെന്റിന് നിശ്ചിത ഫീ പോളിസിയിൽ നിന്നു ഈടാക്കുകയും ബാക്കി ഫണ്ട് ഹലാലായ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. അതിൽ ലഭ്യമാവുന്നത് പദ്ധതി കാലയളവിൽ നേരത്തെ നിശ്ചയിക്കപ്പെട്ടപോലെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക്  കൈമാറുന്നു. പദ്ധതി കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപത്തിന് സംരംഭകനായ കമ്പനിക്ക് അനുവദിക്കപ്പെട്ട ലാഭ വിഹിതം ഒഴിവാക്കി ബാക്കിവരുന്ന സംഖ്യ ഇതിലെ പോളിസി ഉടമകൾക്ക് തിരിച്ചു നൽകുകയും ചെയ്യുന്നു.

സ്ഥാപനത്തിന്റെ തന്റെ ശരീഅ  ബോഡിയും ഖത്തര്‍ സെന്ട്രൽ ബാങ്ക് നിശ്ചയിക്കുന്ന നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ  പ്രവർത്തിക്കാറുള്ളത്.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) കീഴിലുള്ള  ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ്ഹ്  അക്കാദമി 1435 മുഹർറം  15-19 തിയ്യതികളിൽ (2013 നവംബർ 18 മുതൽ 22 വരെ) റിയാദിൽ (സൗദി അറേബ്യ) നടന്ന അതിന്റെ ഇരുപത്തിയൊന്നാം സെഷനിൽ തകാഫുലുമായി ബന്ധപ്പെട്ട വിശദമായ ഫത്വയും നിര്‍ദ്ദേശങ്ങളും വ്യക്തമാക്കുന്നുണ്ട്.

ഈ നിയമങ്ങൾ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തകാഫുല്‍ പദ്ധതികളില്‍ അംഗമാകാവുന്നതും അതിൽ നിന്നു ലഭ്യമാവുന്ന ആനുകൂല്യങ്ങൾ കൈപറ്റാവുന്നതുമാണ്.

എങ്കിലും ഇത്തരം ഇടപാടുകളില്‍ ചേരുമ്പോള്‍ അതിന്‍റെ ബന്ധപ്പെട്ട ആളുകളോട് അന്വേഷിച്ചു അവ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പലപ്പോഴും സന്നദ്ധ സംഘടനകൾ നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പല കാരണങ്ങള്‍ കൊണ്ടും സാമ്പ്രദായിക ഇൻഷൂറൻസിനോട് സാദൃശമുള്ളതും അനിസ്‍ലാമികവുമായി മാറാറുണ്ട്.

ASK YOUR QUESTION

Voting Poll

Get Newsletter