അവള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുക തന്നെ വേണം- റംല ടീച്ചര്‍ അമ്പലക്കടവ്

മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തികമായ ലക്ഷ്യം ആരാധനയാണ്. ലോകാവസാനം വരെ അല്ലാഹുവിനെ ആരാധിക്കുന്ന മനുഷ്യവര്‍ഗ്ഗം ഇവിടെ നിലനില്‍ക്കണം. വൈവാഹിക ജീവിതത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്. അത് കൊണ്ടുതന്നെ സ്ത്രീയും പുരുഷനും സാമൂഹ്യ സംവിധാനത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി തങ്ങളുടെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും നിര്‍വ്വഹിക്കുമ്പോഴാണ് സമൂഹം സാംസ്‌കാരികമായും സാമൂഹ്യമായും പുരോഗതി പ്രാപിക്കുക. മാന്യമായ സ്ഥാനവും പദവിയും വകവെക്കുന്ന, തങ്ങളുടെ സൃഷ്ടിഘടനക്കു യോജിക്കുന്ന ചുമതലകളാണ് ഇരുകൂട്ടര്‍ക്കുമുള്ളത്.
ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും നല്ല വ്യത്യാസമുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായി പുരുഷനും സ്ത്രീയും ഏറെ വ്യത്യസ്തരാണ്. കഴിവുകളിലും അങ്ങനെത്തന്നെ.
അത് കൊണ്ട് തന്നെ അവര്‍ക്ക് നല്‍കപ്പെടുന്ന ഉത്തരവാദിത്തങ്ങളും ഇതിന് അനുസൃതമായിരിക്കണം. അതാണല്ലോ യഥാര്‍ത്ഥ ലിംഗനീതിയും. 
കുടുംബത്തിന്റെ മൊത്തമായ കൈകാര്യകര്‍തൃത്വവും സാമ്പത്തിക ചുമതലയും പുരുഷന്റെ ഉത്തരവാദിത്തമാണ്. കാരണം, അവനാണ് അതിനുള്ള കായികക്ഷമതയും മനക്കരുത്തുമുള്ളത്. ഇത് ഒരിക്കലും സ്ത്രീയെ ഏല്‍പിക്കേണ്ടതല്ല.
എന്നാല്‍ ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, മുലയൂട്ടുക, കുട്ടികളെ നല്ല നിലയില്‍ വളര്‍ത്തുക എന്നതെല്ലാം സ്ത്രീകള്‍ക്ക് മാത്രം ആവുന്നതാണ്. ഇത് ചെയ്യാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നതും അക്രമമാണ്.
പ്രകൃതി മതമായ ഇസ്‍ലാം ഈ സൃഷ്ടിവൈവിധ്യം കണക്കിലെടുത്താണ് എല്ലാം സംവിധാനിച്ചിരിക്കുന്നത്. പുരുഷന്ന് ചുമതലകള്‍ വെച്ച പോലെ അത് സ്ത്രീക്കും ചുമതലകള്‍ വെച്ചിട്ടുണ്ട്. പുരുഷന്ന് നിയമങ്ങള്‍ ഉള്ളത് പോലെ അതില്‍ സ്ത്രീകളും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുരുഷന്ന് അവകാശങ്ങള്‍ വീതം വെച്ചുകൊടുത്ത പോലെ സ്ത്രീകള്‍ക്കും വീതം വെച്ചിട്ടുണ്ട്. 
ഇസ്‍ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, ഭര്‍ത്താവിന്റെ വീട്ടിലെ രാജ്ഞിയാണ് അവളെന്നേ പറയാനൊക്കൂ. ഇന്ന് പലപ്പോഴും കാണപ്പെടുന്നത് പോലെ, ഉണര്‍ന്നത് മുതല്‍ ഉറങ്ങുന്നത് വരെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്ന ശമ്പളമില്ലാത്ത ചുമട്ടുതൊഴിലാളിയല്ല ഇസ്‍ലാമിലെ സ്ത്രീ. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട, പുരുഷന്റെ വസ്ത്രങ്ങളലക്കാനും വികാരം തീര്‍ത്തുകൊടുക്കാനും മാത്രമുള്ള ഒരു ഉപകരണവുമല്ല അവള്‍.
മഹനീയതയുടെ കീരിടമണിഞ്ഞു അവകാശങ്ങളുടെ ചെങ്കോല്‍ പിടിച്ചു ആദരവിന്റെ സിംഹാസനത്തില്‍ വാഴ്ത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇസ് ലാമിക കര്‍മ്മശാസ്ത്രം ചെയ്യുന്നത്. ഭര്‍ത്താവെന്ന നീതിമാനായ രാജാവിന്‍റെ രാജ്ഞീ പദം അലങ്കരിക്കുന്ന സമാധാനത്തിന്റെ മന്ദസ്മിതമാണ് അവള്‍.
സ്ത്രീക്ക് ഇസ്‌ലാം നിരത്തിപ്പറഞ്ഞ അവകാശങ്ങളേ അവളുടെ മാന്യമായ ജീവിതത്തിന് ആവശ്യമുള്ളൂ. എന്നാല്‍ അവ മുഴുവനും കഴിയും വിധം വകവെച്ചുകൊടുക്കാന്‍ പുരുഷന്മാര്‍ തയ്യാറാവുകയാണ് വേണ്ടത്. കിട്ടേണ്ട അവകാശങ്ങള്‍ അവള്‍ക്ക് വകവെച്ചുകൊടുക്കുക തന്നെ വേണം. വിവാഹത്തിന്റെ ഭാഗമായി ലഭിക്കുന്ന മഹ്റ് മുതല്‍ വസ്ത്രങ്ങള്‍ വരെ നല്‍കേണ്ടത് പുരുഷനാണ്. വിവാഹമെന്നത്, സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു പൈസ പോലും ചെലവ് വരാത്ത ഇടപാടാണ്, ചെലവുകള്‍ മുഴുവന്‍ വഹിക്കേണ്ടത് പുരുഷനാണ്. അതിന് സാധിക്കുന്നവര്‍ വിവാഹം ചെയ്യുക, അല്ലാത്തവര്‍ നോമ്പെടുത്ത് വികാരം ശമിപ്പിക്കുക എന്നതാണ് ഇസ്‍ലാം പുരുഷന്മാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. 
വിവാഹത്തോടെ അനുയോജ്യമായ താമസസ്ഥലവും ഭക്ഷണവും പരിചരണവുമെല്ലാം നല്‍കുന്നത് മുതല്‍ വീട്ടുജോലികള്‍ക്ക് ആവശ്യമെങ്കില്‍ വേലക്കാരിയെ നിയമിക്കേണ്ടത് വരെ പുരുഷന്റെ ബാധ്യതയാണ്.  
ഈ അവകാശങ്ങളെ കുറിച്ച് സമൂഹം ഇനിയും ബോധവാന്മാരാവേണ്ടതുണ്ട്. എങ്കിലേ, സമൂഹം അവളില്‍ അടിച്ചേല്‍പ്പിക്കുന്ന ബാധ്യതകളില്‍ നിയമപരമായി അവള്‍ വഹിക്കേണ്ടത് ഏതാണെന്ന് തിരിച്ചറിയൂ.
ഇതെല്ലാം വകവെച്ചുകൊടുക്കുമ്പോഴേ, അവളുടെ ബാധ്യതകളെകുറിച്ച് പറയുന്നത് പൂര്‍ണ്ണമാവൂ. അല്ലാത്ത പക്ഷം, ഇസ്‍ലാമിനെ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രമായി വായിക്കപ്പെടുകയാണ് ചെയ്യുക. അവകാശങ്ങളൊന്നും വകവെച്ചുകൊടുക്കാതെ, അവയെ കുറിച്ച് സംസാരിക്കുക പോലും ചെയ്യാതെ, അവളുടെ ബാധ്യതകളെ മാത്രം എടുത്തുകാണിക്കുന്നവരാണ് ഈ തെറ്റിദ്ധാരണക്ക് ഉത്തരവാദികള്‍, 
സ്ത്രീകളുട അവകാശങ്ങളും ബാധ്യതകളും തുല്യപ്രാധാന്യത്തോടെയാണ്  പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) ഉപദേശിക്കുന്നത്. അവസാന ഉപദേശത്തില്‍പോലും സ്ത്രീകളോട് വളരെ നല്ല നിലയിലേ നിങ്ങള്‍ പെരുമാറാവൂ എന്ന ഭാഗം ഉള്‍പ്പെടുന്നതും അത് കൊണ്ട് തന്നെ.

- റംല ടീച്ചര്‍ അമ്പലക്കടവ്

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter