ചിന്തകളും കർമങ്ങളും ലോക്കാകാതിരിക്കട്ടേ..

إذا مر بي يوم ولم أتخذ يدا 

ولم أستفد علما فما ذاك من عمري
(നിർമ്മാണാത്മകമായ കർമ്മങ്ങളോ ജ്ഞാനാർജനമോ സാധ്യമാകാതെ ഒരു ദിനം കഴിഞ്ഞു പോയാൽ ആ ദിനത്തെ എന്റെ ആയുഷ്കാലത്തിൽ  ഞാൻ ഗണിക്കുകയില്ല)

ബുഖാറയിൽ ജീവിച്ച പ്രമുഖ പണ്ഡിതൻ അബുൽ ഫത്ഹിൽ ബസ്തിയുടെ ഈ വരികൾ സമകാലിക സാഹചര്യത്തിൽ അതിപ്രസക്തമാണെന്ന്  തോന്നുന്നു. ലോക്ഡൗൺ ദിനങ്ങളിൽ നമ്മുടെ ജ്ഞാനതൃഷ്ണക്കും ചിന്താബന്ധുരതയ്ക്കും ലോക്ക് വീഴരുതേ എന്നപേക്ഷിക്കുകയാണ് ഈ വരികൾ.

സാഹചര്യങ്ങളോട് സമരസപ്പെടേണ്ടവനാണ് വിശ്വാസി. പ്രതികൂലാവസ്ഥകളിൽ നിരാശയിലായി കഴിയുന്നതിനു പകരം ദൈവികസ്മരണയിലും പ്രാർഥനയിലും ക്രിയാത്മകമായ കർമ്മങ്ങളിലും ആനന്ദം കണ്ടെത്താൻ വിശ്വാസിക്ക് സാധിക്കണം. ഇഹലോക ജീവിതത്തെ തടവറയോട് സാദൃശ്യപ്പെടുത്തിയുള്ള നബി വചനം പ്രസക്തമാണല്ലോ. അല്ലെങ്കിലും മരണത്തോടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്ന വിശ്വാസി  ഇവിടെ എന്തിനു ഭയപ്പെടണം.

നമുക്ക് ഈ ലോക്ക് ഡൗൺ കാലം ഉപയോഗപ്പെടുത്തിയാലോ ?
ആത്മശുദ്ധീകരണം ലക്ഷ്യമാക്കി 12 വർഷങ്ങൾ സമൂഹത്തിൽ നിന്ന് അകന്ന് ജീവിച്ച (ഇൻസിഹാബ് ) ഇമാം ഗസ്സാലി (റ) യും 10 വർഷം ഏകാന്തനായി കഴിഞ്ഞ (സയ്യാഹ്) ശൈഖ് ജീലാനി (റ) യും മറ്റു പല മഹാന്മാരും നമുക്ക് ചില പാഠങ്ങൾ പകർന്നു നൽകുന്നുണ്ട്. നമുക്ക് ആത്മ ശുദ്ധിവരുത്താൻ പര്യപ്തമാണ് ഈ ലോക്ക് ഡൗൺ കാലം.

വായിച്ചും എഴുതിയും കർമ്മനിരതരാകാനുള്ള അവസരമാണ് മറ്റൊന്ന്. 'ഇഖ്റഅ് ബിസ്മി'യും 'നൂൻ വൽ ഖലമും' ഖുർആന്റെ ഭാഷ്യമാണല്ലോ.
തടവറ ജീവിതത്തിൽ പോലും ഗ്രന്ഥരചനക്ക് സമയം കണ്ടെത്തിയ യുഗപുരുഷർ ചരിത്രത്തിൽ നിരവധിയുണ്ട്.

ഹനഫി കർമശാസ്ത്ര സരണിയിലെ പ്രമുഖ പണ്ഡിതൻ ഇമാം സറഖ്‌സി (റ) 15 വാള്യങ്ങളുള്ള 'അൽ മബ്സൂഥ് ' എന്ന ഗ്രന്ഥം രചിച്ചത് സറഖ്സിലെ ഒരു പൊട്ടക്കിണറിൽ വെച്ചായിരുന്നു. അക്കാലത്തെ താത്താർ ഭരണാധികാരിയായ ഹാ ഖാനെ ഉപദേശിച്ചതിന് അദ്ദേഹം വിധിച്ച തടവറയായിരുന്നു ആ കിണർ. ടർക്കിശ് പണ്ഡിതനായിരുന്ന  ഇബ്നു ഖാളി മഹ്മൂദ് 'ലത്വാഇഫുൽ ഇശാറാത്ത് ഫീ ഫിഖ്ഹിൽ ഹനഫിയ്യ' രചിച്ചതും തന്റെ ജയിൽവാസ കാലത്തായിരുന്നു.
11 വർഷക്കാലം ഖലീഫ മുസ്തൻജിദിന്റെ തടവറയിൽ കഴിഞ്ഞ ഖാളി അഹ്മദ്ബിൻ അലി പുറത്തുവന്നത് 80 വാള്യങ്ങളുള്ള 'അസ്റാറുൽ ഹു റൂഫ് ' എന്ന രചനയുമായിട്ടായിരുന്നു.

ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായിരുന്ന അലിജാ ഇസ്സത്ത്‌ ബെഗോവിച്ച്‌ 1983- മുതൽ 1988 വരെയുള്ള ജയി ൽ വാസകാലത്താണ് തന്റെ My Escape to Freedom രചിച്ചത്. ബ്രിട്ടീഷ് ദാർശനികനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ബർനാഡ് റസ്സൽ ഒന്നാം ലോക മഹായുദ്ധകാലത്ത് താൻ അനുഭവിച്ച ജയിൽ ജീവിതത്തിലാണ്  'Indroduction to Mathematical Philosopy എന്ന ബൃഹത് ഗ്രന്ഥം രചിച്ചത്. 15 വർഷത്തെ നീണ്ട സഞ്ചാരം കഴിഞ്ഞ് ഇറ്റലിയിൽ തിരിച്ചെത്തിയ മാർക്കോപോളൊ പ്രാദേശിക ഏറ്റുമുട്ടലിൽ ജയിലിലടക്കപ്പെടുകയും തന്റെ സുദീഘമായ യാത്രാ വിവരണം രചിക്കുകയും ചെയ്തു.

തടവറകളിൽ സ്വർഗം പണിത മഹാമനീഷികളെ ഇനിയും ദർശിക്കാനാകും. നാം ഇന്ന് തടവറകളിലൊന്നുമല്ലല്ലോ. ഈ അവസരം ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം. ലോക്ക്ഡൗൺ കാലം കഴിയുമ്പോൾ നമുക്ക് സമാധാനിക്കാൻ വകയുണ്ടാകണം. 
 50 പുസ്തകങ്ങൾ വായിക്കാനായി..
10 ലേഖനങ്ങളെഴുതാനായി....
ഒരു പാട് പ്രഭാഷണങ്ങൾ കേൾക്കാനായി....
ഒരു പുസ്തകം മാതൃഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനായി ...
അങ്ങനെയെന്തെങ്കിലും ...
നാഥൻ അനുഗ്രഹിക്കട്ടേ...
നാം അനുഭവിക്കുന്ന  പ്രയാസം ദൂരീകരികട്ടേ...

തയ്യാറാക്കിയത് :ശുഐബ് ഹുദവി പുത്തൂർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter