ഉപദേശത്തിലും മിതത്വം വേണം
ഉപദേശത്തിലും മിതത്വം വേണം


അബൂവാഇല്‍(റ) പറയുന്നു:''ഇബ്‌നുമസ്ഊദ്(റ) എല്ലാ വ്യാഴാഴ്ചകളിലും ഞങ്ങള്‍ക്ക് സദുപദേശം നല്‍കുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തോട് ഒരാള്‍ പറഞ്ഞു: ''താങ്കള്‍ എല്ലാ ദിവസവും ഞങ്ങള്‍ക്ക് ഉപദേശം നല്‍കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു''. അപ്പോള്‍ ഇബ്‌നുമസ്ഊദ്(റ) മറുപടി നല്‍കി: ''നിങ്ങള്‍ക്ക് മടുപ്പ് തോന്നും എന്നതാണ് അതിന്നെനിക്ക് തടസമാകുന്നത്. ഞാന്‍ ഈ രീതിയില്‍ ഉപദേശിച്ച് നിങ്ങളെ പരിഗണിക്കുകയാണ്. ഞങ്ങള്‍ക്ക് മടുപ്പുണ്ടാകുമെന്നതിനാല്‍ അല്ലാഹുവിന്റെ ദൂതര്‍(സ) ഇങ്ങനെയായിരുന്നു ഞങ്ങളെ പരിഗണിച്ചിരുന്നത്'' (ബുഖാരി-മുസ്‌ലിം).

സദുപദേശം ഇസ്‌ലാമിക ദഅ്‌വത്തിന്റെ അവിഭാജ്യഘടകമാണ്. അറിവുള്ള വ്യക്തികളൊക്കെ അത് നിര്‍വഹിക്കണം. ആളുകള്‍ താല്‍പര്യത്തോടെ അത് ശ്രവിച്ച് നന്മ പിന്തുടരാനും തിന്മ വര്‍ജ്ജിക്കാനുമാണത്. പ്രചരണ മാധ്യമങ്ങളില്‍ നിത്യനൂതനവും കാലാതീതവുമായി നിലനിന്നുവരുന്നതും ഭാവിയിലും പ്രസക്തിക്ക് മങ്ങലേല്‍ക്കാത്തതുമാണ് ജനങ്ങളെ അഭിമുഖീകരിച്ചുള്ള ഉപദേശം. അത് ആകര്‍ഷകവും വശ്യവുമാകണം. എങ്കിലേ ശ്രോതാക്കളില്‍ പ്രതിഫലനം ഉളവാക്കുകയുള്ളൂ. അതാണല്ലോ സദുപദേശത്തിന്റെ മുഖ്യലക്ഷ്യം! ആളുകള്‍ക്ക് വിരസതയും മടുപ്പും ഉണ്ടാക്കുന്നവിധം ഏത് സമയത്തും നിര്‍വഹിക്കുക, സമയനിഷ്ടയില്ലാതെ നീട്ടി സംസാരിക്കുക ഇതൊന്നും ഉദ്ദിഷ്ട ഫലം ഉളവാക്കുകയില്ല.
Also read:https://islamonweb.net/ml/19-November-2020-773
ഇത് നമ്മുടെ പ്രബോധകരും പ്രസംഗകരും ഉള്‍കൊള്ളേണ്ട സുപ്രധാന ഗുണപാഠമാണ്. നാലക്ഷരം സംസാരിക്കാന്‍ പ്രാപ്തരായ ചില പ്രാസംഗികര്‍ സ്റ്റേജ് കിട്ടിയാല്‍ ശ്രോതാക്കളുടെ താല്‍പര്യമൊന്നും പരിഗണിക്കാതെ ആക്രോശിക്കുന്നതു കാണാം. തനിക്ക് ശേഷം പ്രസംഗിക്കാന്‍ പ്രധാനികള്‍ പലരും കാത്തിരിപ്പുണ്ടെങ്കില്‍പോലും യാതൊരു പരിസരബോധവുമില്ലാത്ത അധരവ്യായാമക്കാര്‍ സമ്മേളനങ്ങളിലെ പ്രസംഗകരായാല്‍ ജനം വലഞ്ഞതു തന്നെ. അവരുടെ അറിവിന്റെ ആഴവും വാക്ചാതുരിയും പ്രകടിപ്പിക്കുക എന്നതാണ് അത്തരക്കാരുടെ ലക്ഷ്യം. സദസ് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പ്രസംഗങ്ങളായിരിക്കും പിറകില്‍ ഊഴവും കാത്ത് നില്‍ക്കുന്നത്. അതിനാല്‍ ശ്രോതാക്കള്‍ സ്ഥലം വിടാതെ എല്ലാം സഹിച്ച് സ്ഥലത്തിരിക്കും. അത് തന്റെ പ്രസംഗത്തിന്റെ മികവു കൊണ്ടാണെന്ന് നീട്ടി സംസാരിക്കുന്നവന്‍ ധരിക്കുന്നു. കേള്‍വിക്കാരാണെങ്കിലോ 'ഈ ശല്യമൊന്ന് ഒഴിവായിക്കിട്ടിയെങ്കില്‍...' എന്നശാപമനഃസ്ഥിതിയോടെ ക്ഷമയറ്റ് കഴിഞ്ഞുകൂടുന്നു. ഇങ്ങനെ എത്രയെത്ര സമ്മേളനങ്ങള്‍! ക്ലാസുകള്‍! പ്രാസംഗികര്‍!!

മിതഭാഷണം ഒരാളുടെ അറിവിന്റെ ലക്ഷണമാണെന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്. അമ്മാര്‍ബ്‌നു യാസിര്‍(റ) പറയുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്:''ഒരു മനുഷ്യന്റെ നിസ്‌കാരത്തിന്റെ ദൈര്‍ഘ്യം, പ്രസംഗത്തിന്റെ മിതത്വം എന്നിവ ആ മനുഷ്യന്റെ അറിവിന്റെ അടയാളമാണ്. അതിനാല്‍ നിങ്ങള്‍ നിസ്‌കാരം ദീര്‍ഘിപ്പിക്കുക (സുന്നത്ത് നിസ്‌കാരമാണിത്) പ്രസംഗം ചുരുക്കുകയും ചെയ്യുക.''(മുസ്‌ലിം).

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലയില്‍ ഇടക്കിടെ പഠനക്ലാസുകള്‍ നടത്തണമെന്ന് മേല്‍തിരുവചനം വ്യക്തമാക്കുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) അങ്ങനെ ചെയ്തിരുന്നുവെന്നാണല്ലോ ഹദീസില്‍ പറഞ്ഞത്. ''നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിയോടെയും ഭംഗിയുള്ള ഉപദേശത്തോടെയും ക്ഷണിക്കുക' എന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നതും ആകര്‍ഷകമായ നിലയില്‍ 'ദഅ്‌വാ' പ്രവര്‍ത്തനം നടത്തണമെന്നാണ്. ജനങ്ങള്‍ക്ക് താല്‍പര്യം ഉളവാക്കുന്ന തരത്തിലുള്ളതാകുമ്പോഴാണ് ഉപദേശം ഭംഗിയുള്ളതാകുന്നത്. ഹൃദയങ്ങള്‍ ഭയപ്പെടുകയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്യുന്ന വിധമായിരുന്നു നബി(സ)യുടെ സദുപദേശങ്ങള്‍ എന്ന് ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ പ്രസംഗം കേള്‍വിക്കാരില്‍ ശക്തമായ പ്രതിഫലനം ഉളവാക്കിയിരുന്നതു കൊണ്ടായിരുന്നു ഇത്.
Also read:https://islamonweb.net/ml/08-December-2018-749
ഇബ്‌നുമസ്ഊദ്(റ) ആഴ്ചയിലൊരിക്കല്‍ നടത്താറുള്ള സദുപദേശം എല്ലാ ദിവസവും ഉണ്ടാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയോട് നിങ്ങള്‍ക്ക് മടുപ്പുണ്ടാകുന്നതിനാലാണ് ദിനംപ്രതി അത് ചെയ്യാതിരിക്കുന്നതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഒരു വ്യക്തിയുടെയോ കുറച്ച് ആളുകളുടെയോ താല്‍പര്യമല്ല, മറിച്ച് പൊതുവെയുള്ള താല്‍പര്യവും സൗകര്യവുമാണ് പരിഗണിക്കേണ്ടത് എന്നര്‍ത്ഥം. ഒരാളുടെ താത്പര്യം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും ഭൂഷണമല്ല.
കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ ഗ്രാഹ്യമാകുന്ന വിധമായിരിക്കണം ഉപദേശകന്റെ ശൈലിയും അവതരണവും. സദസ്യര്‍ക്ക് മനസിലാകാത്ത ഗഹനമായ കാര്യങ്ങള്‍ അവരോട് പ്രസംഗിക്കരുത്. ഏതെങ്കിലും വാക്കുകളോ ഉദ്ദേശ്യങ്ങളോ അവ്യക്തമാണെന്ന് തോന്നുന്നുവെങ്കില്‍ അത് ആവര്‍ത്തിച്ചു പറയണം. പ്രസംഗത്തിലെ ചില വാക്കുകള്‍ നബി(സ) മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുമായിരുന്നുവെന്ന് അനസ്   (റ) പറഞ്ഞിട്ടുണ്ട്. നബിതിരുമേനി(സ)യുടെ സംസാരത്തെ കുറിച്ച് ആഇശ(റ) പറഞ്ഞു: ''റസൂലുല്ലാഹി  (സ)യുടെ സംസാരം കേള്‍വിക്കാര്‍ക്കെല്ലാം മനസിലാകുന്നവിധം വളരെ സ്ഫുടമായ രീതിയിലായിരുന്നു.''(അബൂദാവൂദ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter