പലിശയുമായി ബന്ധപ്പെടുന്നവരുടെ ശ്രദ്ധക്ക്

ഇമാം മാലിക് (റ)ന്റെ സദസ്സിലേക്ക് ഒരാള്‍ കടന്നുവന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട തന്റെ സംശയം അയാള്‍ ഇങ്ങനെ അവതരിപ്പിച്ചു. 
ഞാന്‍ ഇന്നലെ രാത്രി ഒരു മദ്യപാനിയെ കണ്ടു. മദ്യത്തിന്റെ ലഹരിയില്‍, ഉടുമുണ്ട് പോലുമില്ലാതെ അയാള്‍ ആകാശത്തുള്ള ചന്ദ്രനെ പിടിക്കാനായി മേലോട്ട് ചാടുകയാണ്. ബുദ്ധിയുള്ള മനുഷ്യനെ മദ്യം ഇത്രമേല്‍ വിഢിയാക്കി മാറ്റുന്നുവന്നല്ലോ എന്നോര്‍ത്ത ഞാന്‍ എന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞു, മദ്യത്തേക്കാള്‍ മോശമായ ഒന്നും തന്നെ മനുഷ്യന്റെ വയറ്റിലേക്കെത്താനില്ല, അങ്ങനെ വല്ലതും ഉള്ള പക്ഷം, നീ വിവാഹമോചിതയാണ്.  അത്തരത്തില്‍ മറ്റൊന്നുമില്ല എന്ന പൂര്‍ണ്ണ ഉറപ്പിന് ഒന്ന്കൂടി ശക്തി നല്കാനാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഈ വാക്കിലൂടെ ഞങ്ങള്‍ തമ്മിലുള്ള വിവാഹബന്ധം മുറിയുമോ, അങ്ങ് പറഞ്ഞുതന്നാലും. 
സംശയം കേട്ട ഇമാം മാലിക്(റ) അല്‍പനേരം ആലോചിച്ചശേഷം അയാളോട് തിരിച്ച് പോയി അടുത്ത ദിവസം വരാന്‍ പറഞ്ഞു. രണ്ടാം ദിനം തിരിച്ചെത്തിയ അയാളോട്, ഒരു ദിവസം കൂടി സമയം ചോദിച്ച് മടക്കി അയച്ചു. മൂന്നാം ദിനം വീണ്ടുമെത്തിയ അയാളോട് ഇമാം മാലിക്(റ) ഇങ്ങനെ പറഞ്ഞു, നിങ്ങള്‍ തമ്മിലുള്ള വിവാഹബന്ധം പിരിഞ്ഞിട്ടുണ്ട്, അല്ലാഹുവിന്റെ കിതാബും പ്രവാചകരുടെ ഹദീസുകളും ഞാന്‍ പരതി നോക്കി, മദ്യത്തേക്കാള്‍ മോശമായ സാധനം അവയിലെല്ലാം എനിക്ക് കണ്ടെത്താനായി, പലിശയാണ് അത്. ഉപയോഗിക്കുന്നവരോട് അല്ലാഹു യുദ്ധം പ്രഖ്യാപിച്ചതായി പലിശ മാത്രമേ എനിക്ക് കാണാനായുള്ളൂ. (ഇഹ്കാമുല്‍ അഹ്കാം)
ഏഴ് മഹാപാതകങ്ങളിലൊന്നായാണ് വിശുദ്ധ ഇസ്‍ലാം പലിശയെ എണ്ണുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും പലിശ നയത്തില്‍ (ജനങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍) ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവിശ്വാസികള്‍ തന്നെയാണെങ്കില്‍, എന്നാല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലെങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നും അവന്റെ ദൂതനില്‍നിന്നും (നിങ്ങള്‍ക്കെതിരില്‍) യുദ്ധപ്രഖ്യാപനമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്‍ക. (അല്‍ബഖറ 274-275)
പ്രവാചകര്‍(സ്വ)യുടെ ഹജ്ജതുല്‍വിദാഇലെ അറഫാ പ്രസംഗത്തിലും പലിശയെകുറിച്ചുള്ള വ്യക്തമായ നയം കാണാനാവും, ജാഹിലിയ്യാ (അജ്ഞത) കാലത്തുള്ളതെല്ലാം ഞാന്‍ ഇന്നിവിടെ എന്റെ കാലിനടിയില്‍ കുഴിച്ചുമൂടുകയാണ്, ജാഹിലിയ്യാ കാലത്തിന്റെ പലിശയും ഞാനിവിലെ നിര്‍ത്തലാക്കുന്നു, അതില്‍ ആദ്യപടിയായി ഞാന്‍ എഴുതിത്തള്ളുന്നത് എന്റെ എളാപ്പയായ അബ്ബാസ് ബിന്‍ അബ്ദില്‍മുത്ത്വലിബിന് കിട്ടാനുള്ള പലിശ തന്നെയാണ്, അത് പൂര്‍ണ്ണമായും ഞാന്‍ ഇവിടെ എഴുതിത്തള്ളുകയാണ്. 
എത്ര കണിശമായാണ് ഖുര്‍ആനും ഹദീസും പലിശയെ നിഷിദ്ധമാക്കിയതെന്ന് മേല്‍വചനങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. അവ ഉള്‍ക്കൊണ്ട മുസ്‍ലിം സമൂഹം പലിശയില്‍നിന്ന് അകലം പാലിച്ചതും അത് കൊണ്ട് തന്നെ. 
എന്നാല്‍, ഇന്ന് കഷ്ടകരമെന്ന് പറയട്ടെ, പലിശ സമൂഹത്തെ വീണ്ടും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ പല മാന്യന്മാരും പലിശക്ക് കടം കൊടുക്കുന്നതും ആവശ്യഘട്ടങ്ങളില്‍ പലിശക്ക് കടം വാങ്ങുന്നതും വളരെ നിസ്സാരമായാണ് നടത്തുന്നത്. പലിശ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ സമീപിക്കുന്നതും അവയില്‍നിന്നോ വട്ടിപ്പലിശക്ക് പോലുമോ കടം വാങ്ങുന്നതും ഇന്ന് സാധാരണമാണ്. പലിശക്ക് കടം വാങ്ങുക, കൊടുക്കുക എന്നിവ ഇംഗ്ലീഷിലാക്കി ലോണ്‍ എടുക്കുക, കൊടുക്കുക എന്ന് പറയുന്നതോടെ അതിന് മാന്യതയുടെ മുഖം മൂടി കൈവരുന്നുവെന്നതാണ് ഇന്നത്തെ അവസ്ഥാവിശേഷം.
പലിശയുമായി ബന്ധപ്പെടുന്നവരോടെല്ലാം അല്ലാഹുവിന്റെയും റസൂലിന്റെയും യുദ്ധ പ്രഖ്യാപനമുണ്ടെന്നത് ചേര്‍ത്ത് വായിക്കുമ്പോള്‍, പലിശയില്‍ അധിഷ്ഠിതമായ സമൂഹത്തോടും ആ പ്രഖ്യാപനം വരാതിരിക്കില്ല, ഗൌരവമോര്‍ക്കാതെ പെട്ടുപോയവര്‍ ഇനിയെങ്കിലും മാറി ചിന്തിക്കട്ടെ.

തയ്യാറാക്കിയത്:എം.എച്ച് പുതുപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter