സ്ത്രീ ശക്തി- നഷ്ടമാവുന്ന ഏറ്റവും വലിയ വിഭവശേഷി

ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടാതെ പോവുന്നത് മാനവവിഭവശേഷിയാണത്രെ. മറ്റു പ്രകൃതി വിഭവങ്ങളെല്ലാം ഉപയോഗിക്കാതെയിരിക്കുന്നയത്രയും അത് വരും തലമുറക്കായി ബാക്കിയിരിപ്പാണെങ്കില്‍, മനുഷ്യവിഭവശേഷി ഉപയോഗിക്കപ്പെടാതെ പോകുന്നയത്രയും സമൂഹത്തിന് നഷ്ടമാണ്. കഴിവുകളെ കൃത്യസമയത്ത് കണ്ടെത്താനാവാതെ പോവുക, കണ്ടെത്തിയാല്‍ തന്നെ അവയെ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങളില്ലാതെ പോവുക, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയെല്ലാമാണ് ഇതിന്റെ പ്രധാന കാരണം. ഇതില്‍തന്നെ, ഏറ്റവും അധികം നഷ്ടമാവുന്നത് സ്ത്രീവിഭവശേഷിയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അതിന് പ്രധാരണ കാരണം, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സമുദായം വളരെ പിറകിലാണെന്നതും. 
ഉന്നത പരീക്ഷകളില്‍പോലും നല്ല മാര്‍കോടെ വിജയം നേടിയിട്ടും, ജീവിതം അടുക്കളയുടെ നാലതിരുകളില്‍ അടുപ്പിനും ബെഡ്റൂമിനും ഇടയില്‍ മാത്രം ഒതുങ്ങിപ്പോവുന്ന എത്രയോ ഉമ്മമാരുണ്ട് നമ്മുടെയിടയില്‍. അതിനപ്പുറത്തെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. സ്വന്തമായി സാഹചര്യങ്ങള്‍ കൂടി സൃഷ്ടിച്ചെടുക്കാന്‍ മാത്രം പ്രാപ്തിയും തന്റേടവുമുള്ളവര്‍ വളരെ വിരളമാണ് താനും. 
എന്നാല്‍ സന്നദ്ധ സംഘടനകളോ മഹല്ല് കമ്മിറ്റികളോ വിചാരിച്ചാല്‍ വളരെ നിഷ്പ്രയാസം ഒരുക്കാവുന്നതേയുള്ളൂ ഇത്തരം സാഹചര്യങ്ങള്‍. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും, ഇസ്‍ലാമിക നിയമങ്ങളില്‍ നിന്ന് കൊണ്ട് തന്നെ, അവരുടെ നൈസര്‍ഗ്ഗിക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങളൊരുക്കുകയാണ് വേണ്ടത്. 
മഹല്ലിലെ വിവിധ ഭാഗങ്ങളിലായി കുടുംബകൂട്ടങ്ങള്‍ ഇതിനായി സംവിധാനിക്കാവുന്നതാണ്. സൌകര്യമുള്ള ഏതെങ്കിലും ഒരു വീടോ അതത് ഏരിയകളിലെ മദ്റസാ കെട്ടിടമോ ഇതിനായി ഉപോയഗപ്പെടുത്താം. ആ പരിസരത്തുള്ളവരൊക്കെ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ഒന്നിച്ചിരിക്കാം. അവരവരുടെ വീടുകളില്‍ വരുന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വീട്ടിലുള്ള പുസ്തകങ്ങള്‍ വരെ അങ്ങോട്ട് കൊണ്ട് വന്ന്, പരസ്പരം കൈമാറ്റം നടത്തി, കാര്യമായ ചെലവൊന്നുമില്ലാതെ തന്നെ, ഒരു വായനാശാലയും ലൈബ്രറിയും തന്നെ സംവിധാനിക്കാം. വായിച്ചതും മനസ്സിലാക്കിയതും പരസ്പരം പങ്ക് വെക്കാം. ക്വിസ് പ്രോഗ്രാമുകളും മല്‍സരങ്ങളും നടത്തി കൂടുതല്‍ വായിക്കുന്നവരെയും മനസ്സിലാക്കുന്നവരെയും പ്രോല്‍സാഹിപ്പിക്കാം. ആഴ്ചയിലൊരിക്കല്‍ സാഹിത്യസമാജങ്ങള്‍ ആലോചിക്കാം. മാസത്തിലൊരിക്കല്‍ കുടുംബവിഷയങ്ങളുമായി ബന്ധപ്പെട്ട നല്ല പരിശീലന ക്ലാസുകള്‍ നല്‍കാം. കൈയ്യെഴുത്തുമാസികകള്‍ കൂടി തുടങ്ങാനായാല്‍ എഴുതാനുള്ള അവസരങ്ങളുമൊരുക്കാം. നല്ല സൃഷ്ടികളും വരികളും വരകളുമെല്ലാം ചേര്‍ത്ത് വര്‍ഷത്തിലൊരിക്കല്‍ നല്ലൊരു മാഗസിന്‍ വരെ പുറത്തിറക്കാവുന്നതേയുള്ളൂ.
ഇങ്ങനെ മുന്നോട്ട് പോവാനായാല്‍, വളരെ വൈകാതെത്തന്നെ, സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്ന ഉത്തമ സമൂഹം പിറവിടെയുക്കുന്നത് കാണാം. കുടുംബത്തിലും അതിന്റേതായ മാറ്റങ്ങള്‍ പ്രകടമാവാതിരിക്കില്ല. നമുക്ക് ശ്രമിക്കാം, നാഥന്‍ അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter