ഹലാൽ ബ്രാൻഡിംഗിലും വെറുപ്പിന്റെ രാഷ്ട്രീയമോ?
നല്ല ഭക്ഷണം കഴിക്കാനും അത് തനിക്ക് ഇഷ്ടമുള്ള രീതിയില്‍ താൻ പിന്തുടരുന്ന വിശ്വാസ പ്രകാരം ആവണം എന്ന നിഷ്കര്‍ഷത പുലർത്താൻ ഓരോ ഇന്ത്യൻ പൗരനും ഭരണഘടന പരമായി തന്നെ അവകാശമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കരുതെന്നും മറ്റു ചിലത് മാത്രമേ കഴിക്കാവൂ എന്നും ആരും ആരെയും നിര്‍ബന്ധിക്കരുത് എന്നാണ് പ്രസ്തുത അവകാശത്തിന്റെ അര്‍ത്ഥം.
ഇത്രയും പറഞ്ഞു വെച്ചത്, കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന 'ഹലാല്‍' ഫുഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടാനാണ്. എറണാകുളം ജില്ലയിലെ 'മോഡി ബേക്കറി' യില്‍ തികച്ചും ബിസിനസ് നേട്ടങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഹലാല്‍ ഭക്ഷണം ഇവിടെ കിട്ടും എന്ന ബോര്‍ഡ് എടുത്ത് മാറ്റണം എന്ന് ഭീഷണിപ്പെടുത്തിയ സംഘ് പരിവാര്‍ സംഘടനക്കെതിരെ സ്വമേധയാ കേസെടുത്ത പോലീസ് നടപടിയില്‍ നിന്നാണ് പുതിയ ചര്‍ച്ചകളുടെ ആരംഭം.
അയ്യോ... ഇതാ 'ഹലാല്‍ ജിഹാദ്' തുടങ്ങിയിരിക്കുന്നേ.... ഞങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുന്നേ എന്ന സ്വരത്തിലായിരുന്നു ഇന്ത്യയിലുടനീളം ബീഫിന്റെ പേരില്‍ പാവങ്ങളെ പച്ചക്ക് തല്ലിക്കൊന്ന സംഘ് സൈബര്‍ പടയാളികളുടെ രോദനം. സത്യത്തില്‍ എന്താണീ ഹലാല്‍ , ഹലാല്‍ ബ്രാന്റിംഗും ഇസ്ലാമും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്നിവ കാര്യമായി വിലയിരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു.
എന്താണ് ഹലാല്‍?
ഹലാൽ ഒരു അറബി വാക്കാണ്.
അനുവദനീയം എന്നാണ് ഈ അറബി പദത്തിന്റെ ഭാഷാര്‍ത്ഥം. ഒരു മുസ്ലിമിന് ജീവിതത്തില്‍ ചെയ്യല്‍ അനുവദനീയമായ കാര്യങ്ങള്‍ എന്നാണ് ഇസ്ലാമിക നിയമ വ്യവഹാരങ്ങൾ (ഫിഖ്ഹ്) ഈ വാക്കിന് കൽപിക്കുന്ന അര്‍ത്ഥം. അഥവാ , ഒരു മുസ്ലിം അപരന്റെ വീട്ടിലെ പച്ചക്കറികള്‍ മോഷ്ടിച്ച് കറി വെച്ച് കഴിക്കുന്നത് ഹറാം (ഹലാലിന്റെ വിപരീതം, നിഷിദ്ധം എന്ന് അര്‍ത്ഥം). അതേ പച്ചക്കറികള്‍ സത്യമായ മാര്‍ഗത്തിലൂടെ തന്റേതായതിന് ശേഷം മാത്രം കറി വെച്ച് കഴിക്കുന്നത് ഹലാല്‍ ആവുകയും ചെയ്യുന്നു . കേവലം ഭക്ഷണത്തില്‍ മാത്രമല്ല ഉടുക്കുന്ന വസ്ത്രത്തിലും താമസിക്കുന്ന വീട്ടിലും എന്ന് വേണ്ട ഒരു മുസ്‌ലിംജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഈ ഹലാല്‍ രീതി കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. താന്‍ കഴിക്കുന്ന ഭക്ഷണം ഹറാം ആണെന്ന് ഉറപ്പായാല്‍ അത് കഴിക്കല്‍ അവന് നിഷിദ്ധമാണ്.
ഇപ്പോൾ പ്രശ്‌നവത്കരിക്കപ്പെടുന്ന 'ഹലാല്‍', നോണ്‍ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. മാംസാഹാരങ്ങള്‍ ഭക്ഷിക്കുന്നതിന് ആ ജീവിയെ അറുക്കുന്നത് മുസ്ലിം ആവണമെന്നും ഇതര ദൈവങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ടത് ആവരുത് എന്നുമാണ് ഇസ്ലാമിക നിയമം (ശാഫിഈ കർമ ധാര). ബാക്കി പറയപ്പെടുന്ന മുഴുവന്‍ നിയമങ്ങളും അതിന്റെ പൂര്‍ണത ഉദ്ദേശിച്ച് കൊണ്ടുള്ളത് മാത്രമാണ്. ഹലാലാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പുറത്തിറങ്ങിയാല്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന എത്രയോ മുസ്ലിംകള്‍ ഉണ്ട് . യഥാർത്ഥത്തിൽ കഴിക്കുന്ന ഭക്ഷണം ഹറാം ആണെന്ന് ഉറപ്പില്ലാതിരുന്നാല്‍ തന്നെ അത് ഭക്ഷിക്കാം എന്നാണ് ഇസ്ലാമിക കഴ്ചപ്പാട്. ചിലര്‍ സ്വന്തം ജീവിതത്തില്‍ അതിസൂക്ഷ്മത വെച്ചു പുലര്‍ത്തുന്നതിനാല്‍ ഇങ്ങനെ ചെയ്യുന്നു എന്ന് മാത്രം. ഇത്തരം മുസ്ലിംകളുടെ സൗകര്യം പരിഗണിച്ചും അവരുടെ കച്ചവടവും തങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇന്ന് കച്ചവടക്കാര്‍ ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വെക്കുന്നത്. മറിച്ച് ചിലര്‍ ആരോപിക്കുന്ന പോലെ സമൂഹത്തിന്റെ മേലുള്ള ഭക്ഷണങ്ങളുടെ അടിച്ചേല്‍പിക്കലല്ല .
ഹലാല്‍ ബ്രാന്‍ഡിംഗ്
ഹലാലായവ മാത്രമേ ഉപയോഗിക്കാവൂ എന്ന ഇസ്ലാമിക തത്വത്തെ വാണിജ്യ വല്‍കരിച്ചതാണ് ഹലാല്‍ ബ്രാന്‍ഡിംഗും അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷനും. മുസ്ലിം ജനസംഖ്യയുടെ ഭക്ഷണ മാര്‍ക്കറ്റ് പിടിക്കാനാവും എന്നാണ് ഇന്ത്യയില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റി ഇതിന്റെ ഉപകാരങ്ങളില്‍ ഒന്നാമതായി എണ്ണുന്നത് (https://halalindia.co.in/service/benefits-of-halal-certification/). അതില്‍ നിന്നു തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന വാണിജ്യ താല്‍പര്യങ്ങള്‍ വ്യക്തമാണ്.
പുതിയ ചര്‍ച്ചകള്‍
ഈയിടെയായി കേരളത്തില്‍ ഉയര്‍ന്ന് വന്ന 'ഹലാല്‍' ചര്‍ച്ചകള്‍ തീര്‍ത്തും പരിഹാസ്യവും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കൊണ്ടുമുള്ളതാണ്. മേല്‍ സൂചിപ്പിച്ച പോലെ ഭക്ഷണ ജിഹാദ്, ഹലാല്‍ ജിഹാദ് തുടങ്ങിയ സംജ്ഞകളാണ് പുതിയ പദപ്രയോഗങ്ങള്‍. സംസ്ഥാനത്ത് പൂര്‍വാധികം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ ആളിക്കത്തിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണ് ഇവയെന്ന് ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
നമ്പൂതിരി പല്‍പൊടിയും ബ്രാഹ്മിന്‍സ് അച്ചാറും ഉപയോഗിച്ചപ്പോള്‍ തകരാത്ത കേരളത്തിലെ സാമൂഹിക സന്തുലിത്വം ചിലര്‍ തന്നിഷ്ടപ്രകാരം ഹലാല്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം തകര്‍ന്നു പോവും എന്ന് വിലപിക്കുന്നത് മറ്റെന്ത് അര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല. മുസ്ലിം ചിഹ്നങ്ങള്‍ പൊതു ധാരയിലേക്ക് കടന്ന് വരുന്നത് അസഹ്യമാവുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് തികച്ചും വ്യക്തം. ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠനം എന്ന ഒരു പോസ്റ്ററിന്റെ ഇവിടെ ചിലരുണ്ടാക്കിയ പുകില്‍ നാം കണ്ടതാണ്.
ഒരു കൂട്ടം മുസ്ലിംകള്‍ അവരുടെ മത ചിഹ്നങ്ങള്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വെച്ച്, മറ്റാരുടെയും അവകാശങ്ങളെ നോവിക്കാതെ, മറ്റാരുടെ പേരിലും അടിച്ചേല്‍പിക്കാതെ അനുഷ്ഠിക്കുന്നത് ആരെയാണ് ഏത് സവര്‍ണ ബോധത്തെയാണ് ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നത്.
ചുരുക്കത്തില്‍, ഇസ്ലാമിക ചിഹ്നങ്ങളെ ഭീതിയുടെയും വിവേചനത്തിന്റെയും അകമ്പടിയോടെ മാത്രം പരിചയപ്പെടുത്തുന്ന സവര്‍ണ മനസ്സിന്റെ കേരളീയ പ്രതിഫലനം മാത്രമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന 'ഹലാല്‍' ചര്‍ച്ചകള്‍ എന്ന് ചുരുക്കം.
തയ്യാറാക്കിയത്:ഷഹിന്‍ഷാ ഹുദവി ഏമങ്ങാട്
Leave A Comment