അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം

സത്യനിഷേധികളെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്. പരലോകത്തെ കഠിന ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് പ്രായശ്ചിത്തം നല്‍കാനും അവര്‍ സന്നദ്ധരാകും. ഭൂമിയിലുള്ള സര്‍വ സമ്പത്തും കൈയിലുണ്ടെങ്കില്‍ അതൊക്കെയും പ്രായശ്ചിത്തമായി നല്‍കാന്‍ തയ്യാറായിരിക്കും. പക്ഷേ, ഒരു പ്രായശ്ചിത്തവും അവിടെ സ്വീകരിക്കപ്പെടുകയില്ല.

നരകശിക്ഷ ലഘൂകരിച്ചുകിട്ടാനും  അതില്‍നിന്ന് പുറത്തുചാടാനും എല്ലാ ശ്രമവും അവര്‍ നടത്തിക്കൊണ്ടിരിക്കും എന്നാണിനി പറയുന്നത്. പക്ഷേ, കഴിയില്ല. അനശ്വരവും സ്ഥിരവുമായ ശിക്ഷയാണ് അവരനുഭവിക്കേണ്ടിവരിക.

يُرِيدُونَ أَنْ يَخْرُجُوا مِنَ النَّارِ وَمَا هُمْ بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُقِيمٌ (37)

നരകത്തില്‍ നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുമെങ്കിലും പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല. നിരന്തര ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. 

يُرِيدُونَ أَنْ يَخْرُجُوا مِنَ النَّارِ

വലിയ വലിയ തീജ്വാലകള്‍ മഹാശബ്ദത്തോടെ കത്തിയുയര്‍ന്നു പൊങ്ങുമ്പോള്‍ തങ്ങളും പൊങ്ങിപ്പോകുമെന്നും അങ്ങനെ മുകളില്‍ കൂടി ചാടിക്കടന്ന്‌ രക്ഷപ്പെടാനാവുമെന്നും നരക്കാര്‍ കരുതുമത്രെ. അതാണിവിടെ പുറത്തുകടക്കാന്‍ അവരുദ്ദേശിക്കും എന്നു പറഞ്ഞത്‌.

كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا (പുറത്തുചാടാനുദ്ദേശിക്കുമ്പോഴൊക്കെ അവരതിലേക്കുതന്നെ മടക്കപ്പെടും) എന്നാണ്‌ സൂറത്തുസ്സജ്‌ദ: 20 ല്‍ പറയുന്നത്‌. അല്ലാഹു നമ്മളെ നരകശിക്ഷയില്‍ നിന്ന് കാക്കട്ടെ-ആമീന്‍.

അടുത്ത ആയത്ത് 38

അട്ടിമറി, കൊല, കൊള്ള ഇതെല്ലാം നടത്തുന്നവരുടെ ശിക്ഷയെക്കുറിച്ച്‌ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നല്ലോ. ഇനി മോഷ്ടാക്കളുടെ ശിക്ഷയെക്കുറിച്ചാണ് പറയുന്നത്.

പുരുഷനായാലും സ്ത്രീയായാലും മോഷണക്കുറ്റത്തിന് ഇസ്‌ലാം നല്‍കുന്ന ശിക്ഷയാണ് കൈമുറിക്കല്‍. ഒരു ശിക്ഷാനടപടി എന്നതിനുപുറമെ മോഷ്ടാവ് മേലില്‍ മോഷണം നടത്താതിരിക്കാനും, മറ്റുള്ളവര്‍ക്ക് ഒരു പാഠമാകാനും അത് ഉപകരിക്കുമല്ലോ.

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ (38)

മോഷണം നടത്തിയ പുരുഷന്‍റെയും സ്ത്രീയുടെയും കൈകള്‍ അവര്‍ ചെയ്ത ദുഷ്‌ചെയ്തിക്ക് പ്രതിഫലമായി നിങ്ങള്‍ വിച്ഛേദിച്ചുകളയുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു. 

മോഷ്ടാക്കളുടെ കൈകള്‍ മുറിക്കണമെന്ന പൊതുവായൊരു കല്‍പനയാണ്‌ ഇവിടെയുള്ളത്. അതിന്‍റെ വിശദീകരണം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും വിവരിച്ചിട്ടുണ്ട്.

മോഷ്ടാവിന്‍റെ കൈമുറിക്കണമെങ്കില്‍ മോഷ്ടിക്കപ്പെട്ട വസ്തുവിന്‍റെ വിലകൂടി പരിഗണിക്കണം. കട്ട സാധനം ചുരുങ്ങിയത്‌ ഒരു ദീനാറിന്‍റെ (ഒരു സ്വര്‍ണനാണയം) നാലില്‍ ഒരംശമോ ആ വിലയ്‌ക്കുള്ള സാധനമോ ആയിരിക്കണം. അതിലും കുറഞ്ഞതാണെങ്കില്‍ കൈ മുറിക്കരുത്‌.

മോഷ്ടിക്കപ്പെടുന്ന ഏതു സാധനവും അത്തരം സാധനങ്ങള്‍ സാധാരണഗതിയില്‍ സൂക്ഷിക്കാറുള്ള സ്ഥലത്തു നിന്നു മോഷ്ടിക്കണം. അതത് വസ്തുക്കള്‍ക്ക് അനുയോജ്യമായ സൂക്ഷിപ്പു സ്ഥാനങ്ങളില്‍ നിന്ന് ഗൂഢമായി എടുക്കുമ്പോഴേ അത് നിയമപ്രകാരം മോഷണത്തില്‍ പെടുകയുള്ളൂ. ഓരോ സാധനവും സൂക്ഷിക്കുന്ന സ്ഥാനങ്ങള്‍ വിഭിന്നമായിരിക്കും. കാലിത്തൊഴുത്തില്‍ കാലികളെ സൂക്ഷിക്കുന്നു. പണം സൂക്ഷിക്കുന്നതിന് അതിന്‍റേതായ രീതികളുണ്ട്. പെട്ടി, മേശ തുടങ്ങി സേഫായ സ്ഥലങ്ങളില്‍. പശുക്കളെ കെട്ടുന്ന തൊഴുത്തില്‍ പണം വെക്കുകയും അവിടെ നിന്ന്‌ മോഷ്ടിക്കപ്പെടുകയും ചെയ്‌താല്‍ കൈ മുറിക്കരുത്‌. എന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്തവനെ വെറുതെ വിടമമെന്നല്ല. കുറ്റം തന്നെയാണ്. ഈ ശിക്ഷ ബാധകമല്ല എന്നേ ഉള്ളൂ. അനുയോജ്യമായ മറ്റു ശിക്ഷകള്‍ ഭരണാധികാരി നല്കണം.

പൊതുസ്ഥലങ്ങളില്‍ വീണുകിടക്കുന്ന സാധനം എടുത്തുകൊണ്ടു പോകുക, അളവിലും തൂക്കത്തിലും കൃത്രിമം നടത്തി അന്യരുടെ അവകാശം വഞ്ചനയിലൂടെ കൈവശപ്പെടുത്തുക ഇതിനൊന്നും ഈ ശിക്ഷാനിയമം ബാധകമല്ല. അത് ചെയ്തവനെ വെറുതെ വിടണം എന്നല്ല ഇപ്പറഞ്ഞത്. അതും ഗൗരവതരം തന്നെയാണ്. അത്തരം കേസുകളില്‍ കുറ്റത്തിന്‍റെ സ്വഭാവവും ഗൗരവവും അനുസരിച്ച് യുക്തമായ അച്ചടക്ക നടപടി (تعزير) ഭരണ കര്‍ത്താക്കള്‍ എടുക്കണം. അവര്‍ക്കതിന് അധികാരമുണ്ട്.

കൈ മുറിക്കേണ്ട ക്രമത്തിനും വിശദീകണങ്ങളുണ്ട്‌. ആദ്യം വലത്തെ കൈപ്പടം മുറിക്കണം. വലത്തെ കയ്യിന്‍റെ കൈപ്പത്തിയും മുഴങ്കയ്യും തമ്മില്‍ ബന്ധിക്കുന്ന സന്ധിയിലാണ് കൈമുറിക്കേണ്ടത്. പിന്നെയും കട്ടാല്‍ ഇടത്തെ കാലിന്‍റെ പടം നെരിയാണിയില്‍ നിന്ന്‌ മുറിക്കുകയാണുവേണ്ടത്‌. വീണ്ടും മോഷ്ടിച്ചാല്‍ ഇടത്തെ കൈപ്പടം മുറിക്കണം. പിന്നെയും മോഷണം നടത്തുന്നുവെങ്കില്‍ വലത്തെ കാല്‍പടമായിരിക്കും മുറിക്കപ്പെടുക. വീണ്ടും കളവു നടത്തിയാല്‍ ജഡ്‌ജിക്കു തോന്നുന്ന എന്തെങ്കിലും ഒരു ശിക്ഷ നല്‍കണം. മുറിച്ച ശേഷം രക്തം കൂടുതല്‍ ഒഴുകിപ്പോകാതിരിക്കാന്‍ വേണ്ട മാര്‍ഗം സ്വീകരിക്കുകയും  വേണം.

ഈ ശിക്ഷ കടുപ്പം കൂടിയതാണെന്നു പലര്‍ക്കും തോന്നിയേക്കാം. തല്‍പര കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്ക് എക്കാലവും വിധേയമായതാണ് ഇതടക്കമുള്ള ശരീഅത്തിലെ ശിക്ഷാനിയമങ്ങള്‍. എന്നാല്‍, നാടിന്‍റെയും സമൂഹത്തിന്‍റെയും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഇത്തരം കടുത്ത ശിക്ഷകള്‍ കൂടിയേതീരൂ എന്ന് ശരിയാംവിധം ചിന്തിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.

ഇവിടെ, അന്യന്‍റെ ധനമപഹരിക്കുക എന്ന ഹീനമായ കുറ്റം ഉന്മൂലനം ചെയ്യണമെങ്കില്‍ ഈ ശിക്ഷ മാത്രമേ പരിഹാരമുള്ളൂ എന്ന് നിഷ്പക്ഷര്‍ക്ക് ബോധ്യമാകും. മോഷ്ടിച്ചതുകാരണം അംഗങ്ങള്‍ മുറിക്കപ്പെട്ടവരെ കാണുമ്പോള്‍ മറ്റുള്ളവര്‍ ഞെട്ടിപ്പോകും. ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്ന നാടുകളെടുത്ത് പരിശോധിച്ചാല്‍ ഈ ശിക്ഷയുടെ പ്രസക്തി മനസ്സിലാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിതമാണവിടെ.

ചില പ്രത്യേക രോഗങ്ങള്‍ കാരണം കൈയോ കാലോ മുറിച്ചുകളയാറില്ലേ പലപ്പോഴും. അതിപ്പോള്‍ ഡോക്ടര്‍ക്ക്‌ രോഗിയോട്‌ ദയയില്ലാത്തതു കൊണ്ടാണോ? അല്ലല്ലോ. ദേഹത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കത് പടരാതിരിക്കാനും ആ ഭാഗങ്ങളെങ്കിലും രക്ഷപ്പെടാനാനുമാണ്. അതു പോലെ ഇവിടെ മോഷ്ടാവിന്‍റെ കൈ മുറിക്കുന്നത്‌ ആ കൈ കൊണ്ട് കാണിക്കുന്ന വേണ്ടാവൃത്തികളില്‍ നിന്നു സമൂഹത്തിനു രക്ഷ കിട്ടാനാണ്.

ഇന്നത്തെ ശിക്ഷാമുറകള്‍ പൗരന്മാരെയും അവരുടെ സമാധാന ജീവിതത്തെയും അവഹേളിക്കുന്ന ഒരു പ്രഹസനം മാത്രമാണ്. ശിക്ഷകളെല്ലാം പരമാവധി ആധുനികവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യപ്പെടുകയാണ്. അതിന്‍റെയൊക്കെ ഫലം കാണുന്നുമുണ്ട്. പുതിയ മോഷണത്തിനാണ് ജയിലില്‍ നിന്നു കുറ്റവാളികള്‍ പരോളിലിറങ്ങുന്നത്; വീണ്ടും ജയിലില്‍. കട്ടും കവര്‍ന്നും പരമ്പരകള്‍ സൃഷ്ടിച്ച എത്രയെത്ര മാന്യന്മാര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്!

ആലോചിച്ചനോക്കൂ. ഒരു കളവു കേസില്‍ കൈ മുറിക്കലിനോ, ഒരു വ്യഭിചാരക്കേസില്‍ നൂറടിക്കോ വിധേയനായ ഒരാള്‍ പിന്നീട് ആ കുറ്റം ചെയ്യാന്‍ മുതിരുമോ?! അത് കണ്ടവരും ആ കുറ്റം ചെയ്യാന്‍ തീര്‍ച്ചായും പേടിക്കും. അങ്ങനെയാണ് കുറ്റങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നതും സാമൂഹികസുരക്ഷ ഉറപ്പാക്കപ്പെടുന്നതും.  

وَاللَّهُ عَزِيزٌ حَكِيمٌ 

അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാണ്. അവനാണ് പ്രപഞ്ചത്തിന്‍റെ രാജാവ്; ഏത് ശിക്ഷ നല്‍കാനും അവനധികാരമുണ്ട്.

അടുത്ത ആയത്ത് 39

മോഷണം സംഭവിച്ചതിന്‍റെ പേരില്‍ ശരിയായി ഖേദിച്ചുമടങ്ങി നന്നായാല്‍ അല്ലാഹു പൊറുത്തു കൊടുക്കും. മോഷ്ടിച്ച സാധനമോ അത് നഷ്ടപ്പെട്ടെങ്കില്‍ അതിന്‍റെ ബദലോ ഉടമസ്ഥന് മടക്കിക്കൊടുക്കുകയും ചെയ്യണം. കാരണം, അതയാളുടെ ഹഖാണ്.

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّهَ غَفُورٌ رَحِيمٌ (39)

എന്നാല്‍തന്‍റെ അതിക്രമ പ്രവൃത്തിക്കുശേഷം ഒരാള്‍ പശ്ചാത്തപിക്കുകയും ഉത്തമ ജീവിതം നയിക്കുകയും ചെയ്താല്‍അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും ആകുന്നു. 

ഇവിടെ, പൊറുത്തുകൊടുക്കുമെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഖേദിച്ചുമടങ്ങിയവന്‍റെ കൈമുറിക്കേണ്ടതില്ല എന്നല്ല; പരലോക ശിക്ഷ ഒഴിവാക്കുമെന്നാണ്. മോഷണക്കുറ്റം തെളിഞ്ഞ പ്രതിയെ, ശിക്ഷയില്‍നിന്ന് ഒഴിവാക്കിവിടാന്‍ ഭരണാധികാരിക്ക് അധികാരമില്ല. അതിനുവേണ്ടി ശുപാര്‍ശ നടത്തുന്നതും പാടില്ല.  ശിക്ഷാനടപടി എടുക്കേണ്ട മറ്റു കേസുകളും അങ്ങനെത്തന്നെ.

മക്കം ഫത്ഹ് കാലത്ത് ഖുറൈശീ ഗോത്രത്തിലെ മഖ്‌സൂം (مخزوم) കുടുംബത്തില്‍പെട്ടൊരു സ്ത്രീ മോഷണം നടത്തിയപ്പോള്‍ കൈമുറിക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചു. ഖുറൈശികള്‍ക്കിത് വലിയ പ്രയാസമായി.

അവര്‍, തിരുനബി (صلى الله عليه وسلم) യുടെ വളര്‍ത്തുപുത്രനും സ്‌നേഹഭാജനവുമായ ഉസാമ (رضي الله عنه)യെ തിരുനബി صلى الله عليه وسلمയുടെ അടുക്കലേക്കു ശുപാര്‍ശക്കയച്ചു. തിരുനബി صلى الله عليه وسلمയുടെ ഭാവം മാറി: ‘അല്ലാഹുവിന്‍റെ ശിക്ഷാനിയമത്തില്‍ ശുപാര്‍ശക്ക് വന്നിരിക്കുകയാണോ നീ?!’ അല്ലാഹുവിന്‍റെ റസൂലേ, എനിക്കു പൊറുത്തുകിട്ടാന്‍ അങ്ങ് ദുആ ചെയ്യണം എന്നപേക്ഷിച്ച് അദ്ദേഹം തിരിച്ചുപോയി. ശേഷം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുയായികളോട് പറഞ്ഞു:

‘പ്രമാണിമാര്‍ മോഷ്ടിച്ചാല്‍ വിട്ടുകളയുകയും, അബലരാണ് മോഷ്ടിച്ചതെങ്കില്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്  മുന്‍ സമുദായങ്ങള്‍ നാശത്തിലകപ്പെട്ടത്. അല്ലാഹുവിനെ തന്നെയാണ! മുഹമ്മദിന്‍റെ മകള്‍ ഫാഥിമ തന്നെ മോഷ്ടിച്ചാലും ഞാനവളുടെ കൈ മുറിക്കുകതന്നെ ചെയ്യും’ (ബുഖാരി, മുസ്‍ലിംرحمهما الله ).

അടുത്ത ആയത്ത് 40

നേരത്തെ പറഞ്ഞ മോഷണക്കുറ്റത്തിനും, 33 ആം ആയത്തില്‍ അട്ടിമറി, കൊള്ള, കൊല മുതലായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത ശിക്ഷകള്‍ നിശ്ചയിച്ചതിനുള്ള കാരണവും അതിലടങ്ങിയ യുക്തിയും, ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണിനി.

ഭുവന-വാനങ്ങളുടെയെല്ലാം ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അതില്‍ യുക്തമായതവന്‍ ചെയ്യും. ആരെയും രക്ഷിക്കാനും ശിക്ഷിക്കാനും അവന് അധികാരവും അവകാശവുമുണ്ട്. ആരെ എത്രകണ്ട് ശിക്ഷിക്കണം, ആര്‍ക്കൊക്കെ മാപ്പുനല്‍കണം എന്നെല്ലാം അല്ലാഹുവിന്‌ അറിയാം. സര്‍വശക്തനായ അവന്‍റെ നിയമവ്യവസ്ഥകളോ ശിക്ഷാനിയമങ്ങളോ ചോദ്യം ചെയ്യാനോ, അതില്‍ അയുക്തിത്വം ആരോപിക്കാനോ ആര്‍ക്കാണ് കഴിയുക?!

أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُعَذِّبُ مَنْ يَشَاءُ وَيَغْفِرُ لِمَنْ يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (40)

ഭുവന-വാനങ്ങളുടെ ആധിപത്യം അല്ലാഹുവിനാണെന്നു താങ്കള്‍ക്കറിയില്ലേതാനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ഉദ്ദേശി ക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. 

മനുഷ്യനെപ്പറ്റിയും അവന്‍റെ പ്രകൃതിയെപ്പറ്റിയും അവന്‍റെ നന്മയെപ്പറ്റിയുമെല്ലാം മനുഷ്യനെക്കാള്‍ അധികം അറിയുക അല്ലാഹുവിനാണല്ലോ. അതുകൊണ്ടുതന്നെ, അല്ലാഹു പറയുന്നത്, നിയമമാക്കുന്നത് അനുസരിക്കുകയാണ് വേണ്ടത്. അല്ലാതെ യുക്തി അന്വേഷിക്കുകയല്ല. അതിന് തയ്യാറാകാത്തവരാണ് ഇത്തരം ശിക്ഷാനിയമങ്ങള്‍ പഴഞ്ചനാണ്, കിരാത നിയമങ്ങളാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത്.

അടുത്ത ആയത്ത് 41

ചില ശിക്ഷാനടപടികളും നിയമവിധികളുമാണല്ലോ ഇതുവരെ പറഞ്ഞത്. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനും പരലോക വിജയത്തിനുമെല്ലാം അത്യന്താപേക്ഷിതമാണ്‌ അവയത്രയും. എന്നാല്‍, ഇത്തരം നിയമങ്ങള്‍  അനുസരിക്കാതിരിക്കുന്നവരെപ്പറ്റി തിരുനബി صلى الله عليه وسلم വല്ലാതെ വ്യാകുലപ്പെട്ടിരുന്നു. എല്ലാവരുടെും നന്മ അതിയായി ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികവുമാണ്‌. അങ്ങനെ അങ്ങ് സങ്കടപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് അവിടത്തെ സമാധാനിപ്പിക്കുകയാണ്‌ അല്ലാഹു.

തന്നിഷ്ടത്തിനും കാര്യലാഭത്തിനും വേണ്ടി അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനകളെ ധിക്കരിച്ചും മതനിയമങ്ങളെ മാറ്റിമറിച്ചും വരുന്ന ജൂതപുരോഹിതന്മാരും, അവരുടെ ചാരന്മാരും അനുഭാവികളുമായി വര്‍ത്തിക്കുന്ന കപടവിശ്വാസികളും അവിശ്വാസത്തിന്‍റെ പടുകുഴികളിലേക്ക് വളരെവേഗം പാഞ്ഞടുത്തുകൊണ്ടിരിക്കുന്നവരാണ്. അതുകണ്ട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യേ, അങ്ങ് വ്യസനിക്കേണ്ടതില്ല.

ഈ ആയത്തിറങ്ങാനുള്ള കാരണമായി വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്ന്:

വ്യഭിചരിച്ച, യഹൂദികളായ പുരുഷനെയും സ്‌ത്രീയെയും തിരുനബി (صلى الله عليه وسلم) യുടെ സന്നിധിയില്‍ ഹാജറാക്കി. തൗറാത്തിന്‍റെ നിയമമനുസരിച്ച് എറിഞ്ഞുകൊല്ലാനാണ് തിരുബി (صلى الله عليه وسلم) വിധിച്ചത്. തൗറാത്തില്‍ അങ്ങനെയൊരു വിധിയില്ലെന്ന് യഹൂദികള്‍ വാദിച്ചു. ഉണ്ടെന്ന് അബ്ദുല്ലാഹിബ്നു സലാമും (رضي الله عنه) പറഞ്ഞു. മുമ്പ് യഹൂദ പണ്ഡിതനായിരുന്നല്ലോ അദ്ദേഹം.

തിരുനബി (صلى الله عليه وسلم) ചോദിച്ചു: `പിന്നെയെന്താണ് ഈ കുറ്റത്തിന് നിങ്ങളുടെ വേദത്തില്‍ പറഞ്ഞ വിധി? അവര്‍ പറഞ്ഞു: `വ്യഭിചരിച്ച സ്‌ത്രീപുരുഷന്മാരെ അടിക്കലും, മുഖത്തു കരിതേച്ച് കഴുതയുടെയോ മറ്റോ പുറത്തുകയറ്റി ജനങ്ങള്‍ക്കിടയില്‍ കൊണ്ടുനടന്ന് അപമാനിക്കലുമാണ്‌.'

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് തൗറാത്ത് കൊണ്ടുവരാന്‍ കല്പിച്ചു. കൂട്ടത്തിലെ മുതിര്‍ന്ന പണ്ഡിതനായിരുന്ന ഇബ്നുസ്വൂരിയാ തൗറാത്തെടുത്ത് ആ വിഷയം സംബന്ധിച്ച ഭാഗം വായിച്ചു. ഇടക്കൊരു സ്ഥലത്തെത്തിയപ്പോള്‍, അവിടെ കൈവെച്ച് അതിനപ്പുറം വായിച്ചു. തിരുനബി صلى الله عليه وسلم കൈപൊക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴതാ, വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞുകൊല്ലണമെന്ന വിധി സ്‌പഷ്ടമായി രേഖപ്പെട്ടുകിടക്കുന്നു. അങ്ങനെ അവരെ എറിഞ്ഞുകൊല്ലുകതന്നെ ചെയ്തു (ഇബ്‌നുകസീര്‍).

വേറെ ചില രിവായത്തുകളില്‍ ഇങ്ങനെയുണ്ട്: ‘തൗറാത്തിലെ വിധി തങ്ങള്‍ പറയുംപോലെയാണെന്ന് പറഞ്ഞപ്പോള്‍, കൂട്ടത്തില്‍ മിണ്ടാതെ നിന്നിരുന്ന ഒരാളോട്, അല്ലാഹുവിനെ മുന്‍നിറുത്തി സത്യം തുറന്നുപറയാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആവശ്യപ്പെട്ടു.

അയാള്‍ സത്യം തുറന്നു പറഞ്ഞു. എറിഞ്ഞു കൊല്ലണമെന്ന് തൗറാത്തിലുണ്ടെന്നും, കുലീന കുടുംബത്തില്‍പെട്ട ചിലര്‍ക്കുവേണ്ടി ഞങ്ങളതില്‍ വിട്ടുവീഴ്ചചെയ്യുകയും, ക്രമേണ അതൊരു അംഗീകൃത നടപടിയായി സ്വീകരിക്കുകയുമാണ് ഉണ്ടായതെന്നും അയാള്‍ വ്യക്തമാക്കി.

ഈ ആയത്തിറങ്ങാനുള്ള കാരണമായി പറയപ്പെടുന്ന മറ്റൊരു സംഭവം: തിരുനബി (صلى الله عليه وسلم)യുടെ അടുത്തുകൂടി, ഒരു ജൂതനെ ആളുകളെല്ലാവരും കൂടി കൊണ്ടുപോകുന്നുണ്ട്. അയാളുടെ ദേഹത്താകെ കരി തേച്ചിട്ടുണ്ട്. ആളുകയാളെ അടിക്കുന്നുമുണ്ട്. വ്യഭിചാരികള്‍ക്ക് ജൂതസമൂഹം നടപ്പാക്കിയിരുന്ന ശിക്ഷയാണത്‌. ഇതു കണ്ടപ്പോള്‍ നബി (صلى الله عليه وسلم) അവരെ വിളിച്ചു. വ്യഭിചാരിക്ക്‌ ഇങ്ങനെയാണ്‌ ശിക്ഷ നല്‍കേണ്ടതെന്ന്‌ നങ്ങളുടെ കിതാബായ തൗറാത്തിലുണ്ടോ എന്ന്‌ അന്വേഷിച്ചു. അതെ എന്നാണവര്‍ മറുപടി നല്‍കിയത്‌.

തിരുനബി (صلى الله عليه وسلم) അവരുടെയൊരു പണ്ഡിതനെ നേരില്‍ വിളിച്ചു ചോദിച്ചു: മൂസാ നബി(عليه السلام)ന് തൗറാത്ത്‌ അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിനെ മുന്‍നിറുത്തിയാണ്‌ ഞാന്‍ ചോദിക്കുന്നത്‌, വ്യഭിചാരിയുടെ ശിക്ഷ ഇപ്രകാരമാണോ തൗറാത്തിലുള്ളത്‌?

ജുതപണ്ഡിതന്‍ ആകെ വിഷണ്ണനായി. അയാള്‍ പറഞ്ഞു: അല്ല. നീ അല്ലാഹുവിന്‍റെ പേരിലല്ലായിരുന്നു ഈ ചോദ്യമുന്നയിച്ചതെങ്കില്‍ ഞാനിത്‌ വെളിപ്പെടുത്തില്ലായിരുന്നു. വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്നാണ്‌ തൗറാത്തിലുള്ളത്‌. പക്ഷെ, ഞങ്ങളുടെ കൂട്ടത്തിലെ ഉന്നതരും നേതാക്കളുമൊക്കെ ഇപ്പണി കൂടുതലായി ചെയ്യാന്‍ തുടങ്ങി. അപ്പോള്‍, ഉന്നതരെ പിടികൂടിയാല്‍ ഒന്നും ചെയ്യാതെ വിട്ടയക്കുകയും സാധാരണക്കാരെയാണ് പിടികൂടിയതെങ്കില്‍ ശിക്ഷിക്കുകയും ചെയ്‌തുവന്നു. ഇത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ സമ്മേളിച്ച്‌ നിയമം മാറ്റി. ഉന്നതര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ ബാധകമാക്കാനായി കരിതേക്കലും പ്രഹരവും നടപ്പിലാക്കി.

അപ്പോള്‍ ആ വ്യഭിചാരിയെ എറിഞ്ഞുകൊല്ലാന്‍ കല്‍പിച്ച്, തിരുനബി (صلى الله عليه وسلم) ഇങ്ങനെ പറഞ്ഞത്രേ: `അല്ലാഹുവേ, നിന്‍റെ കല്‍പന ജൂതര്‍ പൂഴ്‌ത്തിവെച്ചപ്പോള്‍ അതിനെ ഒന്നാമതായി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്‌ ഞാനാണ്.' തല്‍സമയമാണ്‌ ഈ സൂക്തം അവതരിച്ചത്‌ (അസ്‌ബാബുന്നുസൂല്‍ പേജ്‌: 111).

ഈ ആയത്തിന്‍റെ അവതരണ കാരണമായ മറ്റൊരു സംഭവം: ഖൈബറിലെ ഒരു യഹൂദീ പ്രമുഖന്‍ ഒരുന്നതകുലജാത സ്ത്രീയെ വ്യഭിചരിച്ചു. അവരിരുവരും വിവാഹം കഴിച്ചവര്‍ (  مُحْصَنമുഹ്‌സ്വന്‍) ആയിരുന്നു. ഇത്തരക്കാരെ എറിഞ്ഞു കൊല്ലണമെന്ന ബൈബിള്‍ നിയമം ജൂതപണ്ഡിതര്‍ ഭേദഗതി ചെയ്ത് ചാട്ടവാറടിയാക്കി മാറ്റിയിരുന്നു; സാധുക്കളോ സാധാരണക്കാരോ ആണെങ്കില്‍ എറിഞ്ഞു കൊല്ലുകയും ചെയ്യും.

ഈ ഇരട്ടത്താപ്പ് സമൂഹമധ്യേ വലിയ കോളിളക്കമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ഖൈബര്‍ വ്യഭിചാരം നടക്കുന്നത്. അവര്‍ മദീനയിലെ ബനൂഖുറൈള ഗോത്രക്കാരായ ജൂതരോട് ഇവ്വിഷയകമായി നബി (صلى الله عيه وسلم)യെ കണ്ടു വിധി തേടാനാവശ്യപ്പെട്ടു, കൂടെ ഒരു നിര്‍ദ്ദേശവും നല്‍കി: അടി ശിക്ഷ നല്‍കണമെന്ന വിധിയാണ് മുഹമ്മദ് (صلى الله عليه وسلم) നല്‍കുന്നതെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി, എറിഞ്ഞു കൊല്ലാന്‍ പറഞ്ഞാല്‍ തള്ളിക്കളയണം! അവര്‍ നബി (صلى الله عليه وسلم)യെ സമീപിച്ചെങ്കിലും ബൈബിളിലും ഖുര്‍ആനിലുമുള്ള ശിക്ഷാമുറയാണ് അവിടന്ന് വിധിച്ചത്... (ബുഖാരി, മുസ്‌ലിം).

ആയത്ത് പഠിക്കാം.

يَا أَيُّهَا الرَّسُولُ لَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الَّذِينَ قَالُوا آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِنْ قُلُوبُهُمْ ۛ وَمِنَ الَّذِينَ هَادُوا ۛ سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ الْكَلِمَ مِنْ بَعْدِ مَوَاضِعِهِ ۖ يَقُولُونَ إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِنْ لَمْ تُؤْتَوْهُ فَاحْذَرُوا ۚ وَمَنْ يُرِدِ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ الَّذِينَ لَمْ يُرِدِ اللَّهُ أَنْ يُطَهِّرَ قُلُوبَهُمْ ۚ لَهُمْ فِي الدُّنْيَا خِزْيٌ ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (41)

ഓ റസൂലേസത്യനിഷേധത്തിലേക്കു ദ്രുത സഞ്ചാരം നടത്തുന്നവര്‍ -ജൂതന്മാരും മനസാ വിശ്വസിക്കാതെ ഞങ്ങളും സത്യവിശ്വാസികളാണെന്നു തട്ടിവിടുന്ന മുനാഫിഖുകളും- താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നുണ കേള്‍ക്കാന്‍ ആ യഹൂദികള്‍ ചെവികൊടുക്കുംതാങ്കളുടെ മുന്നില്‍ സന്നിഹിതരല്ലാത്ത മറ്റൊരു കൂട്ടര്‍ക്കു വേണ്ടിയും സാകൂതം ശ്രവിക്കും അവര്‍. വേദവാക്യങ്ങള്‍ യഥാസ്ഥാനങ്ങളെവിട്ട് അവര്‍ വക്രീകരിക്കുകയാണ്. 'ഇന്നയിന്ന വിധിയാണു കിട്ടുന്നതെങ്കില്‍ സ്വീകരിച്ചോളൂഅങ്ങനെ തീര്‍പ്പു തരപ്പെടുന്നില്ല എങ്കില്‍ ജാഗ്രത പുലര്‍ത്തണംഎന്നാണവര്‍ ജല്‍പിക്കുക. അല്ലാഹു ഒരാളെ പരീക്ഷണവിധേയനാക്കാനുദ്ദേശിക്കുന്നുവെങ്കില്‍, അല്ലാഹുവില്‍  നിന്ന് യാതൊന്നും അയാള്‍ക്കു സ്വാധീനപ്പെടുത്തിക്കൊടുക്കാന്‍ താങ്കള്‍ക്കു സാധിക്കയില്ലതന്നെ. അവരെ ഹൃദയശുദ്ധീകരണം ചെയ്യാന്‍ അല്ലാഹുവിനുദ്ദേശ്യമില്ല. ഐഹിക ലോകത്ത് അപമാനവും പാരത്രിക ലോകത്ത് കടുത്ത ശിക്ഷയുമാണവര്‍ക്കുള്ളത്. 

വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലണമെന്ന വിധി ഇന്ന് വേദക്കാരുടെ കൈകളിലുള്ള ബൈബിളില്‍ തന്നെ കാണാം. (ആവര്‍ത്തന പുസ്‌തകം, അധ്യായം 22: 21,22,23,24 നോക്കുക.)

പക്ഷേ, നിരവധി വേദവാക്യങ്ങളും മതകല്‍പനകളും ഭേദഗതി ചെയ്യുകയും വക്രീകരിക്കുകയും ചെയ്ത് ശീലമുള്ള ജൂതന്മാര്‍ ഇതൊളിപ്പിച്ചുവെച്ച്‌ സ്വന്തം താല്‍പര്യം നടപ്പാക്കിയതായിരുന്നു. അതിന് വല്ല അംഗീകാരവും കിട്ടിയേക്കുമോ എന്നറിയാനാണ് പ്രവാചകസന്നിധിയിലേക്ക്‌ പുരോഹിതന്മാര്‍ ആളെ അയച്ചിരുന്നത്‌.

തങ്ങളുടെ നിലപാടനുസരിച്ചാണ് തിരുനബി (صلى الله عليه وسلم) യുടെ വിധിയെങ്കില്‍, ആ നടപടി ഒരു പ്രവാചകന്‍ അനുകൂലിച്ചു എന്നവര്‍ക്ക്‌ സമാധാനിക്കാമല്ലോ. വിധി മറ്റൊരു നിലക്കാണെങ്കില്‍ അത്‌ തള്ളിക്കളയുകയും ചെയ്യാം. പക്ഷേ, ഇവിടെ സംഭവിച്ചത് അതല്ല; അവരുടെ ചതിയും പൂഴ്ത്തിവെപ്പും പുറത്താവുകയാണ്‌ ചെയ്‌തത്‌.

يَا أَيُّهَا الرَّسُولُ

വലിയ അനുകമ്പയോടും ആര്‍ദ്രതയോടും ബഹുമാനത്തോടും കൂടിയാണ്, ഇവിടെ അല്ലാഹു തിരുനബി (صلى الله عليه وسلم)യെ അഭിസംബോധന ചെയ്‌തത്‌. പലയിടത്തും, അല്ലയോ നബിയേ (يَا أيُّهَا النَّبِيّ) എന്നാണ് സംബോധനം ചെയ്‌തിട്ടുള്ളത്‌. രണ്ടു സ്ഥലങ്ങളില്‍ മാത്രമാണ്  يَا أَيُّهَا الرَّسُولُ

എന്ന് വിളിച്ചത്. ഒന്ന്‌ ഇവിടെയും, മറ്റേത്‌ ഇതേ സൂറയില്‍ 67-ആം ആയത്തിലും. ഒരിടത്തും നേരിട്ട് പേര് വിളിച്ചിട്ടേയില്ല; അവിടത്തോടുള്ള ആദരവും ബഹുമാനവുമാണത്.

يُسَارِعُونَ فِي الْكُفْرِ

സത്യനിഷേധത്തിലേക്ക് ധൃതിപ്പെട്ടോടുക എന്നുപറഞ്ഞാല്‍, അവസരം ലഭിക്കുമ്പോഴെല്ലാം സത്യനിഷേധം വ്യക്തമാക്കുകയും അതില്‍ ചാടി വീഴുകയും ചെയ്യുക എന്നാണ്‌.

سَمَّاعُونَ لِلْكَذِبِ

‘നുണ കേള്‍ക്കാന്‍ ചെവികൊടുക്കുന്നവര്‍’ എന്നാണ് വാക്കര്‍ത്ഥം. കള്ളവാര്‍ത്തകള്‍ കേള്‍ക്കാനും പ്രചരിപ്പിക്കാനും വലിയ താല്‍പര്യമാണവര്‍ക്ക്. എന്തെങ്കിലും തുമ്പ് കിട്ടി കളവ് പറഞ്ഞുപരത്താനും പാരകള്‍‌ പണിയാനും കൂടിയാണവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സന്നിധിയില്‍ വന്ന് വല്ലതും കേള്‍ക്കുന്നത്.

سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ

‘മറ്റൊരു കൂട്ടര്‍ക്കുവേണ്ടി ചെവി കൊടുക്കുന്നവര്‍’ എന്ന് പറഞ്ഞാല്‍, തിരുനബി صلى الله عليه وسلم യുടെ മുന്നില്‍ സന്നിഹിതരല്ലാത്ത മറ്റൊരു ടീമിന് ആരോപണങ്ങളുന്നയിക്കാന്‍ വല്ല പഴുതും ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി, തിരുനബി صلى الله عليه وسلمയെ സാകൂതം ശ്രവിക്കുന്നവര്‍ എന്നാണ് ഉദ്ദേശ്യം.

അഹങ്കാരം കാരണം ആ ടീം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്ത് നേരിട്ട് വരില്ല; ചാരന്മാരെ പറഞ്ഞയക്കുകയാണ് ചെയ്യുക. അതാണ് لَمْ يَأْتُوكَ (അങ്ങയുടെ അടുക്കല്‍ വന്നിട്ടില്ലാത്ത) എന്ന് പറഞ്ഞത്.

‘ചെവി കൊടുക്കുന്നവര്‍’ എന്ന് മാത്രമല്ല, ചെവി കൊടുക്കല്‍ പതിവാക്കിയവര്‍, താല്‍പര്യപൂര്‍വ്വം കേള്‍ക്കാറുള്ളവര്‍’ എന്ന അര്‍ത്ഥം കൂടി ഈ പ്രയോഗത്തിലുണ്ട്.  

يُحَرِّفُونَ الْكَلِمَ مِنْ بَعْدِ مَوَاضِعِهِ
വേദഗ്രന്ഥത്തില്‍ അല്ലാഹു നിര്‍ണയിച്ചുകഴിഞ്ഞ പല കാര്യങ്ങളും മൂടിവെക്കുകയും, ചിലതിന്‍റെ അര്‍ത്ഥവും സന്ദര്‍ഭവും മാറ്റുകയും, ചിലത് ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന ജൂതപണ്ഡിതരാണ് ഉദ്ദേശ്യം.

إِنْ أُوتِيتُمْ هَٰذَا فَخُذُوهُ وَإِنْ لَمْ تُؤْتَوْهُ فَاحْذَرُوا ۚ

('ഇന്നയിന്ന വിധിയാണ് കിട്ടുന്നതെങ്കില്‍ സ്വീകരിച്ചോളു, അങ്ങനെ തീര്‍പ്പ് തരപ്പെടുന്നില്ല എങ്കില്‍ ജാഗ്രത പുലര്‍ത്തണം') എന്ന് പറഞ്ഞത്, അവരുടെ അഭീഷ്ടങ്ങള്‍ക്ക് യോജിക്കുന്ന വല്ലതും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞാല്‍ അത് സ്വീകരിക്കുതിനെക്കുറിച്ചാണ്.

وَمَنْ يُرِدِ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنَ اللَّهِ شَيْئًا

ഇത്രയും പറഞ്ഞതില്‍ നിന്ന്, അവര്‍ എത്രമാത്രം മോശക്കാരാണെന്നും  എത്രത്തോളം ഹൃദയം കടുത്തുപോയവരാണെന്നും മനസ്സിലാക്കാമല്ലോ. തുകൊണ്ടുതന്നെ തിരുനബിയേ صلى الله عليه وسلم, അവര്‍ നന്നാകുമെന്നോ അവരുടെ ഹൃദയം ശുദ്ധമാകുമെന്നോ അങ്ങ് പ്രതീക്ഷിക്കേണ്ടതില്ല. അവരെക്കുറിച്ച് അങ്ങ് സങ്കടപ്പെടുകയും  വേണ്ട. കാരണം, ‘അല്ലാഹു ഒരാളെ പരീക്ഷണവിധേയനാക്കാനുദ്ദേശിക്കുന്നുവെങ്കില്‍, അല്ലാഹുവില്‍ നിന്ന് യാതൊന്നും അയാള്‍ക്ക് സ്വാധീനപ്പെടുത്തിക്കൊടുക്കാന്‍ താങ്കള്‍ക്കു സാധിക്കയില്ലതന്നെ. അവരെ ഹൃദയശുദ്ധീകരണം ചെയ്യാന്‍ അല്ലാഹുവിനുദ്ദേശ്യമില്ല.’

---------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter