അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 83-89) എന്തിനും ഏതിനും സത്യം ചെയ്യുന്നവരാണോ

ഇസ്‍ലാമിന്‍റെ ബദ്ധവൈരികളാണ്, ജൂതരും ബഹുദൈവവിശ്വാസികളും എന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. തിരുനബി  صلى الله عليه وسلم യുടെ കാലത്ത് അബ്‌സീനിയയിലുണ്ടായിരുന്ന നല്ലവരായ ക്രിസ്തീയരെ അല്ലാഹു പുകഴ്ത്തിയതും നമ്മള്‍ കണ്ടു. ഇത്തരം ക്രിസ്‌തീയരുടെ ചില വിശേഷണങ്ങളാണിനി പറയുന്നത്‌.

തിരുനബി صلى الله عليه وسلم ക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ കേട്ട് സത്യം മനസ്സിലാക്കി കണ്ണീരൊഴുക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നവരാണവര്‍. അനുസരണവും ഭക്തിയും കാണിക്കും. സത്യത്തിന് സാക്ഷ്യം വഹിക്കുന്ന സജ്ജനങ്ങളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണേ എന്ന് ദുആ ചെയ്യുകയും അല്ലാഹുവിന്‍റെ അനുഗ്രഹവും പ്രതിഫലവും സദാ കാംക്ഷിക്കുകയും ചെയ്യും.

ഇമാം ഇബ്‌നു അബ്ബാസ്‌(رضي الله عنهما) പറയുന്നു: മക്കയിലെ അരക്ഷിതാവസ്ഥ പരിഗണിച്ച് മുസ്‌ലിംകളിലെ ആദ്യ സംഘത്തെ വിശ്വാസ സംരക്ഷണാര്‍ത്ഥം തിരുനബി (صلى الله عليه وسلم), ക്രിസ്തീയ രാജ്യമായ അബ്‌സീനിയ (ഇന്ന് എത്യോപ്യ) യിലേക്ക് പറഞ്ഞയച്ചു. അവിടത്തെ നജ്ജാശീ രാജാവ്‌ അവരെ വിളിപ്പിച്ച് കാര്യങ്ങളന്വേഷിച്ചറിയുന്നതിനിടെ ചോദിച്ചുവത്രേ: ‘നബി  صلى الله عليه سلم ക്കവതരിപ്പിക്കപ്പെടുന്ന വേദത്തില്‍ നിന്ന്‌ എന്തെങ്കിലും നിങ്ങള്‍ക്കറിയാമോ?’ അവര്‍ അതെ എന്ന് പറഞ്ഞപ്പോള്‍, ഓതിക്കേള്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാജാവിനു ചുറ്റും പുരോഹിതരും പണ്ഡിതന്മാരും സന്നിഹിതരായിരുന്നു. ഇവര്‍ ഓരോ ആയത്ത്‌ ഓതുമ്പോഴും അതിന്‍റെ അര്‍ത്ഥവും ആശയവും മനസ്സിലായതിനാല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഈ സംഭവമാണ് ആയത്തുകളുടെ അവതരണപശ്ചാത്തലം. (അസ്‌ബാബുന്നുസൂല്‍ 116).

وَإِذَا سَمِعُوا مَا أُنْزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ (83)

റസൂല്‍ തിരുമേനിക്ക് അവതീര്‍ണമായ ഖുര്‍ആന്‍ കേട്ടാല്‍ സത്യജ്ഞാന ഫലമായി അവരുടെ നയനങ്ങളില്‍ നിന്നു കണ്ണീരൊഴുകുന്നതു താങ്കള്‍ക്കു കാണാം. അവരുടെ പ്രാര്‍ത്ഥന ഇതായിരിക്കും: രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അതിനാല്‍ സത്യസാക്ഷ്യവാഹകരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ. 

അടുത്ത ആയത്തുകള്‍ 84, 85

ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കേട്ട് സത്യം മനസ്സിലാക്കി കരഞ്ഞുപോയ ആ നസ്വാറാക്കള്‍, അവരുടെ നിലപാട് വ്യക്തമാക്കി ഇങ്ങനെ ചോദിക്കുകയാണ്: സത്യം വന്നുകിട്ടിയിട്ട്‌ ഇനിയും ഞങ്ങളെന്തിന്‌ അനുധാവനം ചെയ്യാതിരിക്കണം?!

ഇത്തരമൊരു നിലപാട് സ്വീകരിച്ചത് കാരണം, അല്ലാഹു അവര്‍ക്ക് ശാശ്വത സ്വര്‍ഗീയ ജീവിതമാണ് പ്രതിഫലമായി നല്‍കിയത്.

وَمَا لَنَا لَا نُؤْمِنُ بِاللَّهِ وَمَا جَاءَنَا مِنَ الْحَقِّ وَنَطْمَعُ أَنْ يُدْخِلَنَا رَبُّنَا مَعَ الْقَوْمِ الصَّالِحِينَ (84)

അല്ലാഹുവിലും ഞങ്ങള്‍ക്കു വന്നു കിട്ടിയ സത്യമതത്തിലും എങ്ങനെ ഞങ്ങള്‍ അവിശ്വസിക്കും? പുണ്യവാന്മാരായ ജനങ്ങളോടൊപ്പം നാഥന്‍ ഞങ്ങളെയും പ്രവേശിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിലാഷം.

فَأَثَابَهُمُ اللَّهُ بِمَا قَالُوا جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ الْمُحْسِنِينَ (85)

ഈ പ്രാര്‍ത്ഥന മൂലം, താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കി. അവരതില്‍ ശാശ്വതവാസികളാണ്. പുണ്യവാന്മാരുടെ പ്രതിഫലം ഇതാകുന്നു. 

സത്യം മനസ്സിലാക്കി ഇസ്‍ലാം സ്വീകരിക്കാന്‍ തയ്യാറായ നസ്വാറാക്കളുടെ ഉദാഹരണങ്ങള്‍‌ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ നിരവധിയുണ്ട്. ഇന്നും അത്തരം ആളുകളെ കാണാന്‍ കഴിയും. പോപ്പ്‌ സംഗീതജ്ഞര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ പലരും ഇസ്‌ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നതും ദീനീ പ്രബോധനത്തിനു വേണ്ടി ജീവിതമുഴിഞ്ഞുവെക്കുന്നതും ശ്രദ്ധേയമാണ്.

അടുത്ത ആയത്ത് 86

സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ, സത്യനിഷേധത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് ശാശ്വത നരകവും പരാജയവുമാണുണ്ടാവുക.

 وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ الْجَحِيمِ (86)

എന്നാല്‍, അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും ചെയ്തവര്‍ നരകാവകാശികളായിരിക്കും. 

അടുത്ത ആയത്തുകള്‍ 87, 88

വേദക്കാരെക്കുറിച്ചും, അവരെ അഭിമുഖീകരിച്ചും നിരവധി കാര്യങ്ങളാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി, സത്യവിശ്വാസികളെ അഭീമുഖീകരിച്ച് ചില കാര്യങ്ങള്‍ പറയുകയാണ് അല്ലാഹു.

ഈ ആയത്തുകളിറങ്ങാനുണ്ടായ കാരണം നോക്കാം:

മഹാന്മാരായ സ്വഹാബികളില്‍ പെട്ട ചിലര്‍ ദുന്‍യാവിനോടുള്ള വിരക്തി കാരണം ചില തീരുമാനങ്ങളെടുത്തു. പലരും പല തീരുമാനമാണെടുത്തത്.  മേലില്‍ മാംസം കഴിക്കില്ല, രുചിയുള്ള ആഹാരങ്ങള്‍ ഉപേക്ഷിക്കും, സദാ നോമ്പു പിടിക്കും, വിവാഹം കഴിക്കില്ല, രാത്രി ഉറങ്ങാതെ നമസ്‌കരിക്കും... ഇങ്ങനെ ചില തീരുമാനങ്ങള്‍.

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വിവരം അറിഞ്ഞപ്പോള്‍ അവരെ വിളിച്ചുവരുത്തി പറഞ്ഞത്രേ: ‘ഞാന്‍ മാംസം കഴിക്കുന്നു, നോമ്പ് പിടിക്കുകയും പിടിക്കാതിരിക്കുകയും ചെയ്യുന്നു, രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുന്നു, വിവാഹം കഴിക്കുന്നു - ഇതാണ് എന്‍റെ ചര്യ. എന്‍റെ ചര്യയോട് വെറുപ്പുള്ളവര്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവരല്ല’.

ഈ  സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സത്യവിശ്വാസികളോട് ചില കാര്യങ്ങള്‍ പറയുകയാണ് അല്ലാഹു തആലാ:

വേദക്കാര്‍ തങ്ങളുടെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അതിര് ലംഘിച്ചവരാണ്, അവര്‍ക്കനുവദനീയമായിരുന്ന പല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് അമിത സന്യാസ ജീവിതം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ടവര്‍. സത്യവിശ്വാസികളേ, നിങ്ങള്‍ അങ്ങനെയാകരുത്.  

അല്ലാഹു അനുവദിച്ചുതന്ന നല്ല വസ്തുക്കളൊന്നും സ്വയം നിഷിദ്ധമാക്കരുത്. നിങ്ങള്‍ക്കവ ഉപയോഗിക്കാം. അതിരു ലംഘിക്കരുതെന്നുമാത്രം.

അനുവദിച്ചുതന്നത് ഉപയോഗിക്കാതെ സ്വയം നിഷിദ്ധമാക്കുന്നത്, ആ അനുഗ്രഹത്തോടുള്ള നന്ദികേടാണ്. അതേ സമയം, അമിതമായി അതുപയോഗിക്കുന്നതും  അനാവശ്യമായ ധാരാളിത്തം കാണിക്കുന്നതും അക്രമവും അനീതിയുമാണ്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണം നിങ്ങള്‍.

يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ (87)

സത്യവിശ്വാസികളേ, അല്ലാഹു അനുവദിച്ചു തന്ന ഉത്തമ വസ്തുക്കള്‍ നിങ്ങള്‍ നിഷിദ്ധമാക്കരുത്; പരിധിലംഘിക്കുകയുമരുത്. അതിരുവിടുന്നവരെ അല്ലാഹു സ്‌നേഹിക്കുകയേ ഇല്ല. 

وَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ (88)

അല്ലാഹു തന്നതില്‍ അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക; നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക. 

وَكُلُوا مِمَّا رَزَقَكُمُ اللَّهُ

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്കു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് (هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا-البقرة 29 ). ഏതെങ്കിലുമൊരു രൂപത്തില്‍ ഉപയോഗപ്രദമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഭൂമിയിലില്ല. എന്നാലും, മുഴുവന്‍ വസ്തുക്കളും ഭക്ഷ്യയോഗ്യവുമല്ല. അല്‍ബഖറ 173 ല്‍ ചില വസ്തുക്കള്‍ തിന്നരുതെന്നും പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടാണ് ‘നിങ്ങള്‍ക്ക് നന്നതില്‍ നിന്ന്’ എന്ന് പറഞ്ഞത്.

حَلَالًا طَيِّبًا  

ഭക്ഷ്യയോഗ്യമായ വസ്തുക്കളില്‍തന്നെ ചിലത് മോശമോ ശരീരത്തിനോ മറ്റോ ഹാനികരമോ ആയിരിക്കും. അതുകൊണ്ടാണ് ‘അനുവദനീയമായതും വിശിഷ്ടമായതും’ എന്നുകൂടി പറഞ്ഞത്. നല്ലത്, ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെയാണ് طَيِّب  എന്ന വാക്കിനര്‍ത്ഥം.  ഇതിന്‍റെ ഓപ്പോസിറ്റാണ് خَبِيث  - ചീത്ത, ദുഷിച്ചത്, മ്ലേച്ഛം എന്നൊക്കയര്‍ത്ഥം.

മനസ്സിന് പൊതുവെ തൃപ്തികരമായി തോന്നുന്നത് - طَيِّب നെ നമുക്കിങ്ങനെ സാമാന്യമായി മനസ്സിലാക്കാം.  

ഉദാഹരണമായി, നമുക്കൊരാള്‍ ഭക്ഷണം തന്നു – തന്നതാണ്, നമുക്കത് കഴിക്കാം – ഹലാലാണ്.  അതേസമയം, അയാളത് തരികയൊക്കെ ചെയ്തു. പക്ഷേ, വലിയൊരു താല്‍പര്യമില്ലാതെയാണ് തന്നതെന്ന് തോന്നലോ സൂചനയോ ലഭിച്ചു. എന്നാലത് ഥയ്യിബല്ല.

എല്ലാ കാര്യവും ഇങ്ങനെത്തന്നെ. ഭക്ഷണത്തിന്‍റെ കാര്യം മാത്രമല്ല, നമ്മുടെ വരുമാനം തുടങ്ങി എല്ലാ കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നതെന്തും ഹലാലും ഥയ്യിബുമാകണം..

മറ്റൊരാളുടേതൊന്നും അയാളുടെ പൂര്‍ണസമ്മതമില്ലാതെ, പൊരുത്തമില്ലാതെ നമുക്ക് വേണ്ട എന്ന് ഉറച്ച് തീരുമാനിക്കാന്‍ കഴിയണം. അങ്ങനെയാണെങ്കില്‍പിന്നെ ഹലാലും ഥയ്യിബുമല്ലാത്ത ഒന്നും നമ്മുടെ ഉള്ളിലേക്കേത്തില്ല. അത് കൂലിയാകട്ടെ, ശമ്പളമാകട്ടെ, സമയമാകട്ടെ, അധ്വാനമാകട്ടെ എന്തും...

ജോലി ചെയ്യുന്നിടം ശ്രദ്ധിക്കണം. കമ്പനി പറഞ്ഞ ടൈം കമ്പനിക്കുവേണ്ടിത്തന്നെ ഉപയോഗിക്കണം. ഓവര്‍ടൈം ജോലിയാണെങ്കില്‍, എടുത്ത മണിക്കൂറുകള്‍ മാത്രമേ രേഖയിലുണ്ടാകാന്‍ പാടുള്ളൂ. വാഹനങ്ങള്‍ പോലെയുള്ള കമ്പനിയുടെ മറ്റു സൌകര്യങ്ങളുപയോഗിക്കുകയാണെങ്കില്‍, അനുവദനീയമായ ഉപയോഗം മാത്രമേ ആകാവൂ. ചില ഉദാഹരണങ്ങള്‍ പറഞ്ഞെന്നുമാത്രം.

ഓരോ മേഖലയിലും ഹലാലും ഥയ്യിബും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടവനാണ് സത്യവിശ്വാസി. ഇന്നിപ്പോള്‍ അങ്ങനെയല്ല പൊതുവെയുള്ള അവസ്ഥ. എവിടെ നിന്നായാലും വേണ്ടില്ല, എങ്ങനെ ആയാലും വേണ്ടില്ല, പോരുന്നിടത്തോളം പോരട്ടെ... ഈ നയം നമുക്ക് ചേര്‍ന്നതല്ല.

നമ്മുടേത് കുറച്ചങ്ങോട്ട് പോയാലും വേണ്ടില്ല, മറ്റൊരാളുടേത് ഒരു തരിമ്പുപോലും ഇങ്ങോട്ടുവേണ്ട എന്നതായിരിക്കണം തീരുമാനം.

കള്ള ആധാരവും പ്രമാണവുമൊക്കെയുണ്ടാക്കി, വ്യാജ ബില്ലും ഡെലിവറി നോട്ടുമൊക്കെ ഉണ്ടാക്കി വസ്തുവും പണവും തട്ടുന്നവരൊക്കെ വിലസുന്ന കാലമാണല്ലോ ഇത്.

നമ്മള്‍ നന്നാകാനും നമ്മുടെ മക്കളും അവരുടെ മക്കളുമൊക്കെ നന്നാകാനുള്ള നിര്‍‌ബന്ധ ഘടകമാണ് ഹലാലും ഥയ്യിബും മാത്രം അനുഭവിക്കുക എന്നത്.

അടുത്ത ആയത്ത് 89

സത്യം  ലംഘിച്ചാല്‍ ചെയ്യേണ്ട പ്രായശ്ചിത്ത മുറകളാണിനി വിശദീകരിക്കുന്നത്. അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാല്‍ അതു നിറവേറ്റിയേ പറ്റൂ. ലംഘിക്കുന്നത് മഹാപാതകമാണ്.

പറയുന്ന കാര്യം ഉറപ്പിക്കാനാണല്ലോ സാധാരണ സത്യം ചെയ്യാറ്‌. എന്നാല്‍, അത്തരം ഉദ്ദേശ്യമൊന്നുമില്ലാതെ, സംസാരശൈലിയുടെ ഭാഗമായി സാധാരണ പറഞ്ഞുപോകാറുള്ള സത്യങ്ങള്‍ ലംഘിച്ചാല്‍ അതില്‍ കുറ്റമോ പ്രായശ്ചിത്തമോ ഇല്ല. അതിനാണ് മനഃപൂര്‍വമല്ലാത്ത സത്യം (لَغْو) എന്ന് പറയുന്നത്‌. അറബികളുടെ സംസാര ശൈലിയില്‍ അത് വ്യാപകമായിരുന്നു. ഇക്കാര്യം സൂറത്തുല്‍ ബഖറ 224, 225ലും പറഞ്ഞിട്ടുണ്ട്‌.

സത്യം ലംഘിച്ചാല്‍ പ്രായശ്ചിത്തം നല്‍കണം: പത്ത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുക, അല്ലെങ്കില്‍ പത്ത് സാധുക്കള്‍ക്ക് വസ്ത്രം നല്‍കുക, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുക. മൂന്നില്‍ ഏതെങ്കിലുമൊന്നു മാത്രമേ നിര്‍ബന്ധമുള്ളൂ. ഒന്നും സാധിക്കാതെ വന്നാല്‍ മൂന്നു ദിവസം നോമ്പ് അനുഷ്ഠിക്കുകയാണ് വേണ്ടത്.   

നാട്ടില്‍ സാധാരണ ഉപയോഗിച്ചുവരുന്ന ഭക്ഷണം ഒരാള്‍ക്ക്‌ ഒരു മുദ്ദ്‌ എന്ന തോതിലാണ്‌ നല്‍കേണ്ടത്‌. വസ്ത്രമാണ് കൊടുക്കുന്നതെങ്കില്‍, ഉടുക്കുന്ന തുണിയോ ധരിക്കുന്ന കുപ്പായമോ ഏതെങ്കിലുമൊന്നു മതി.

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ وَاحْفَظُوا أَيْمَانَكُمْ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ (89)

ബോധപൂര്‍വമല്ലാതെ ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയില്ല; പ്രത്യുത ദൃഢീകരിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ നിങ്ങളെയവന്‍ ശിക്ഷിക്കും. അപ്പോള്‍, അതു ലംഘിക്കുമ്പോഴുള്ള പ്രായശ്ചിത്തം ഇതാണ്: സ്വഗൃഹക്കാര്‍ക്കു നല്‍കാറുള്ള മധ്യമ ആഹാരം പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക; അല്ലെങ്കിലവര്‍ക്ക് വസ്ത്രം; അതുമല്ലെങ്കില്‍ ഒരടിമയെ വിമോചിപ്പിക്കുക. ഒരാള്‍ക്ക് ഇവയൊന്നും ലഭിച്ചില്ലെങ്കില്‍ മൂന്നുനാള്‍ നോമ്പനുഷ്ഠിക്കണം. നിങ്ങള്‍ ശപഥം ചെയ്തിട്ട് ലംഘിക്കുന്നതിന്‍റെ പ്രായശ്ചിത്തമാണിത്. ചെയ്ത ശപഥങ്ങള്‍ നിറവേറ്റണം. നിങ്ങള്‍ കൃതജ്ഞരാകാന്‍ വേണ്ടി അല്ലാഹു തന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തരുന്നു. 

وَاحْفَظُوا أَيْمَانَكُمْ

ഈ വാക്യാംശം  വിശാലമായി മനസ്സിലാക്കണം. എന്തിനും ഏതിനും സത്യം ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല. അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമേ സത്യം ചെയ്യാവൂ. തിന്മക്ക് കാരണമാകുന്ന വിധമോ, നന്മക്ക് തടസ്സം നേരിടാവുന്ന വിധമോ സത്യം ചെയ്യരുത്. സത്യം കര്‍ശനമായി പാലിക്കുകയും, ലംഘിച്ചുപോയെങ്കില്‍ വേഗം പ്രായശ്ചിത്തം ചെയ്യുകയും വേണം. ഇതാണ് ‘നിങ്ങളുടെ ശപഥങ്ങള്‍ നിറവേറ്റണം/ കാത്തുസൂക്ഷിക്കണ’മെന്ന് പറഞ്ഞതിന്‍റെ സാരം.

സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യുന്ന പതിവ് കളവു പറയുന്നവരുടെ ലക്ഷണമാണ്. എപ്പോഴും  സത്യം ചെയ്യുന്നവരുടെ പ്രധാന ഉദ്ദേശ്യം, ആ പറയുന്ന കാര്യം ശ്രോതാവിനെ വിശ്വസിപ്പിക്കലായിരിക്കുമല്ലോ. തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക് വിശ്വാസമില്ലെന്ന് സ്വയംതന്നെ തോന്നിത്തുടങ്ങി എന്നാണല്ലോ അതിനര്‍ത്ഥം!

അല്ലാഹു പറയുന്നത് നോക്കൂ: وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ (سورة القلم 10) (ധാരാളമായി ശപഥം ചെയ്യുന്നവനും നീചനുമായ ഒരാളെയും താങ്കള്‍ അനുസരിക്കരുത്).

ഒരു കാര്യം ചെയ്യില്ലെന്ന് അല്ലാഹുവിന്‍റെ പേരില്‍ ശപഥം ചെയ്തു. പിന്നീട് അത് ചെയ്യുന്നതാണ് ഉത്തമമെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ സത്യം ഒരു തടസ്സമാകരുത്. ആ നല്ല കാര്യം ചെയ്യുകയും സത്യലംഘനത്തിന് പ്രായശ്ചിത്തം നല്‍കുകയുമാണ് വേണ്ടത്. സൂറത്തുല്‍ ബഖറ 224 ല്‍ ഇക്കാര്യം പറയുന്നുണ്ട്.

വിശുദ്ധ ഖുര്‍ആനിലെ ചില സത്യങ്ങളുടെ ഉദാഹരണങ്ങള്‍ കൂടി സാന്ദര്‍ഭികമായി മനസ്സിലാക്കാം:

وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ (53)يونس

(ഈ പാരത്രിക ശിക്ഷ സത്യമാണോ എന്ന് താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അതെ, എന്‍റെ നാഥന്‍ തന്നെയാണ, ഇതു സത്യം തന്നെ തീര്‍ച്ച. നിങ്ങള്‍ക്കല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ലതന്നെ.)

وَقَالَ الَّذِينَ كَفَرُوا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَبِّي لَتَأْتِيَنَّكُمْ عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِن ذَٰلِكَ وَلَا أَكْبَرُ إِلَّا فِي كِتَابٍ مُّبِينٍ (سورة سبأ 3)

(അന്ത്യനാള്‍ തങ്ങള്‍ക്ക് വന്നുഭവിക്കുകയില്ലെന്ന് നിഷേധികള്‍ ജല്‍പിച്ചു. അങ്ങ് പ്രതികരിക്കുക: അല്ല, അദൃശ്യജ്ഞാനിയായ എന്‍റെ നാഥന്‍ തന്നെ ശപഥം, അത് നിങ്ങള്‍ക്ക് വന്നെത്തുകതന്നെ ചെയ്യുന്നതാണ്....)

കള്ളസത്യം ചെയ്യുന്നത് മഹാപാപങ്ങളുടെ കൂട്ടത്തിലാണ് തിരുനബി صلى الله عليه وسلم എണ്ണിയത്: ‘അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി വധിക്കുക, കള്ളസത്യം ചെയ്യുക - ഇവയാണ് മഹാപാപങ്ങള്‍’ (ബുഖാരി).

അന്യായമായി അവകാശം സ്ഥാപിക്കാനും വാദം ജയിക്കാനും ചരക്കുകള്‍ വിറ്റഴിക്കാനുമെല്ലാം കള്ളസത്യം ചെയ്യുന്നത്  സാര്‍വത്രികമാണിന്ന്. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

----------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter