അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 90-95) കള്ളുകുടിയും ചൂതാട്ടവും നിറുത്തുന്നില്ലേ

സത്യം ചെയ്യുന്നതിനെക്കുറിച്ചും അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തത്തെക്കുറിച്ചുമായിരുന്നല്ലോ കഴിഞ്ഞ പേജിലെ അവസാന ചര്‍ച്ച.

ഇനി, സത്യവിശ്വാസികളേ എന്ന് അഭിസംബോധന ചെയ്ത് ചില കാര്യങ്ങള്‍ കര്‍ശനമായി നിരോധിക്കുകയാണ്: കള്ള്, ചൂതാട്ടം, ബലിപീഠങ്ങളില്‍ വെച്ച് അറുക്കപ്പെട്ടത്, പ്രശ്നക്കോലുകള്‍ (അമ്പുകോലുകളുപയോഗിച്ച് പ്രശ്നം വെക്കുക-ഭാഗ്യം നോക്കുക)

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (90)

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും ബലിപീഠങ്ങളും (വിഗ്രഹങ്ങളും) പ്രശ്‌നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തിയത്രേ. തന്മൂലം അതുവര്‍ജിക്കുക; നിങ്ങള്‍ വിജയികളായേക്കും. 

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ

മദ്യം എന്നാല്‍ മത്തു പിടിപ്പിക്കുന്ന ഖരമോ ദ്രവമോ ആയ ഏതും അതിലുള്‍പ്പെടും. മയക്കുമരുന്നുകളത്രയും ഇങ്ങനെത്തന്നെ. സകല തിന്മകളുടെയും പ്രഭവകേന്ദ്രമാണ് മദ്യം എന്നു തിരുനബി (صلى الله عليه وسلم) പഠിപ്പിച്ചിട്ടുണ്ട്.

മദ്യപാനം, ചൂതാട്ടം എന്നിവയെ സംബന്ധിച്ച്‌ സൂറത്തുല്‍ ബഖറ 219 ല്‍ വളരെ വിശദമായി പറഞ്ഞിരുന്നു. ഇത് രണ്ടും സംബന്ധമായി ആദ്യമായി അവതരിച്ചതും ആ വാക്യമായിരുന്നു:

يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ (219)البقرة

മദ്യനിരോധം മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കിയത്. അന്ന് സര്‍വവ്യാപകമായിരുന്ന മദ്യപാനം  ഒറ്റയടിക്ക് നിശ്ശേഷം നിരോധിക്കുക അപ്രായോഗികമായിരുന്നു.

അതുകൊണ്ട് ആദ്യം മുകളില്‍ കണ്ട സൂറത്തുല്‍ ബഖറയിലെ 219-ആം വാക്യം അവതരിച്ചു.  അവ രണ്ടിലും ഗുരുതരമായ പാപവും ജനങ്ങള്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്, എന്നാല്‍ അവയുടെ ദോഷം ഗുണത്തേക്കാള്‍ വലുതാണ് എന്ന് അറിയിച്ച് അല്ലാഹു അത് നിരുല്‍സാഹപ്പെടുത്തി.

പിന്നീട് സൂറത്തുന്നിസാഇലെ 43-ആം വചനം അവതരിച്ച് ഭാഗികമായ നിരോധനം വന്നു: لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ (നിങ്ങള്‍ ലഹരി ബാധിതരായി നമസ്‌കാരത്തെ സമീപിക്കരുത്.)

അവസാന ഘട്ടമായി അവതരിച്ചതാണ്‌ ഗൗരവം നിറഞ്ഞ ഈ വാക്യങ്ങള്‍ (90-91.) فَهَلْ أَنْتُمْ مُنْتَهُونَ   (നിങ്ങള്‍ നിറുത്തുന്നുണ്ടോ) എന്ന അന്ത്യശാസനം 91-ആം ആയത്തില്‍ കാണുന്നത് അതുകൊണ്ടാണ്.  

مَيْسِرِ (ചൂതാട്ടം) എന്ന വാക്കില്‍, എളുപ്പവഴിക്ക് - വെറും ഭാഗ്യമെന്ന നിലക്ക് - ധനം സമ്പാദിക്കാനുതകുന്ന പന്തയങ്ങള്‍ മുതലായവയും എല്ലാതരം ചൂതുകളികളും ഉള്‍പ്പെടും. ചൂതാട്ടത്തിന്‍റെ പുതിയ ഒരു പതിപ്പാണ് ഇന്നത്തെ ലോട്ടറികള്‍. 

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ

اَنْصَاب (ബലിപീഠങ്ങള്‍) എന്ന വാക്ക് نُصب  ന്‍റെ ബഹുവചനമാണ്. ബിംബങ്ങള്‍ക്ക് ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളെ അറുക്കാന്‍ വേണ്ടി പ്രതിഷ്ഠിക്കപ്പെടുന്ന കല്ലുകളാണ് ഉദ്ദേശ്യം.

വിഗ്രഹങ്ങള്‍ എന്നും ഇതിന് അര്‍ത്ഥം പറയാവുന്നതാണ്. അതായത് മുശ്‌രിക്കുകള്‍ പ്രതിഷ്‌ഠിച്ചിരുന്ന ചില കല്ലുകള്‍, - അവരതിനെ ആരാധിക്കുകയും അതിന്‍റെയടുക്കല്‍ വെച്ച് മൃഗബലി നടത്തുകയും ചെയ്‌തിരുന്നു.

وَالْأَزْلَامُ

ഭാഗ്യവും നിര്‍ഭാഗ്യവും ഓഹരികളും തീരുമാനിക്കാന്‍ വേണ്ടി പ്രത്യേക രൂപത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു തരം അമ്പുകളാണിത് - പ്രശ്‌നക്കോലുകള്‍. ഇതുസംബന്ധിച്ച് ഈ അധ്യായത്തിന്‍റെ തുടക്കത്തില്‍ 3-ആം ആയത്തില്‍ പറഞ്ഞിട്ടുണ്ട്.

അറബികള്‍ക്കിടയില്‍ പതിവുണ്ടായിരുന്ന, അമ്പുകളുപയോഗിച്ച് ഭാഗ്യം പരീക്ഷിക്കുന്ന ഒരു ദുരാചാരമാണിത്.

ഒരു കാര്യത്തിനൊരുങ്ങിയാല്‍, തൂവലും മുനയുമില്ലാത്ത (മുന്‍ഭാഗത്ത് മുനയും പിന്‍ഭാഗത്ത് തൂവലുമില്ലാത്ത) അമ്പു പോലെയുള്ള മൂന്നു കൊള്ളികളെടുക്കും. ഒന്നില്‍ `എന്‍റെ റബ്ബ്‌ എന്നോട്‌ കല്‍പിച്ചു' എന്നും മറ്റൊന്നില്‍ `എന്‍റെ റബ്ബ്‌ എന്നോട്‌ വിരോധിച്ചു' എന്നും എഴുതിയിരിക്കും. മൂന്നാമത്തേതില്‍ ഒരു എഴുത്തുമില്ല. ഈ മൂന്നും പാത്രത്തിലിട്ട് കുലുക്കി ഒന്നെടുക്കും. ആദ്യത്തേത് കിട്ടിയാല്‍ ഉദ്ദേശിച്ച കാര്യം ചെയ്യും. രണ്ടാമത്തേതാണ് കിട്ടിയതെങ്കില്‍ പിന്മാറും. മൂന്നാമത്തേത് കിട്ടിയാല്‍ വീണ്ടും നറുക്കിടും. ഇതാണ് പതിവ്‌.

ഇത് ദുര്‍മാര്‍ഗമാണ്. ആദൃശ്യകാര്യം അറിയുന്നവന്‍ അല്ലാഹുവാണ്. താനുദ്ദേശിക്കുന്ന ചിലര്‍ക്ക്‌ അല്ലാഹു അദൃശ്യങ്ങള്‍ അറിയിച്ചുകൊടുത്തേക്കാം.

ഈ അമ്പുകളുപയോഗിച്ചുതന്നെ അവരുടെ ഇടയില്‍ മറ്റൊരു ദുരാചാരവുമുണ്ടായിരുന്നു - അമ്പുകള്‍കൊണ്ട്‌  മാംസം പങ്കിട്ടെടുക്കുന്ന രീതി.

ഒരൊട്ടകത്തിന് വില നിശ്ചയിച്ച് അറുത്ത് 28 ഓഹരിയാക്കും. പത്ത് അമ്പുകളെടുത്ത്, ഏഴെണ്ണത്തിന്മേല്‍ ഒന്നു മുതല്‍ ഏഴു വരെ അക്കങ്ങളിടും. മൂന്നെണ്ണത്തിന് ഒരു നമ്പറുമിടുകയില്ല.

ഒരു മധ്യസ്ഥന്‍ അമ്പുകളെല്ലാമൊരു കുറ്റിയിലിട്ട് കശക്കി കളിയില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിക്കും. ഓരോ അമ്പ്  വീതമെടുക്കും. ഓരോരുത്തരുടെയും പേരില്‍ വന്ന അമ്പുകളുടെ നമ്പറനുസരിച്ച് ഇറച്ചിയുടെ വിഹിതം കിട്ടും. നമ്പറില്ലാത്ത നറുക്ക് കിട്ടിയവര്‍ക്ക് ഇറച്ചി കിട്ടില്ലെന്ന് മാത്രമല്ല, ഒട്ടകത്തിന്‍റെ മുഴുവന്‍ വിലയും അവര്‍ കൊടുക്കേണ്ടിയും വരും. ഇറച്ചി കിട്ടിയവര്‍ അത് സാധുക്കള്‍ക്ക് വിതരണം ചെയ്യും.

മദ്യവുമായി ബന്ധപ്പെട്ട ഏത് മേഖലയും നിഷിദ്ധമാണ്. ഇബ്നു ഉമര്‍ (رضي الله عنهما) പറയുന്നു: മദ്യം  കുടിക്കുന്നവരെയും കുടിപ്പിക്കുന്നവരെയും വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും വാറ്റുന്നവരെയും വാറ്റിക്കുന്നവരെയും കൊണ്ടുപോകുന്നവരെയും, ആര്‍ക്കു വേണ്ടി കൊണ്ടുപോകുന്നുവോ അവരെയും അതിന്‍റെ വില ഉപയോഗിക്കുന്നവരെയും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു. (അഹ്‍മദ്). 

പല പ്രദേശങ്ങളില്‍ നിന്നുമുള്ള നിവേദക സംഘങ്ങള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്തെത്തി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാറുണ്ടായിരുന്നു.  അബ്ദുല്‍ ഖ്വൈസ് ഗോത്രത്തിന്‍റെ നിവേദക സംഘവും ഒരിക്കലിങ്ങനെ തിരുസവിധത്തിലെത്തി.

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് പല കാര്യങ്ങളും പഠിപ്പിച്ച കൂട്ടത്തില്‍ കള്ളിന്‍റെ പാത്രങ്ങള്‍പോലും ഒഴിവാക്കാന്‍ ഉപദേശിച്ചു. അപ്പോള്‍, അക്കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരനും ബുദ്ധിമാനുമായിരുന്ന അശജ്ജ് (عبد الله بن عوف الاشج رضي الله عنه) അല്‍പമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചു: ‘റസൂലേ, ഞങ്ങളുടേത് ഒരു പരുക്കന്‍ നാടാണ്, കാലാവസ്ഥ മോശമാണ്. കള്ള് കുടിച്ചില്ലെങ്കില്‍ വയറു തടിക്കും. അതുകൊണ്ട് ഇത്രയെങ്കിലും കുടിക്കാന്‍ അനുവദിച്ചുകൂടേ?’

‘ഞാന്‍ ഇത്ര കുടിക്കാനനുവദിച്ചാല്‍ നിങ്ങള്‍ ഇത്രേത്താളം കുടിച്ചുപോകും’ എന്നു പറഞ്ഞ് രണ്ടു കൈകളും നീട്ടി അകറ്റിക്കാണിച്ചുകൊടുക്കുകയാണ് തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمചെയ്തത്.

അവിടന്ന് ഇതുംകൂടി പറഞ്ഞുവത്രെ: ‘അങ്ങനെയൊരാള്‍ കുടിച്ചു മത്തായാല്‍, തന്‍റെ സഹോദരനെ വാളിനിരയാക്കുകയും ചെയ്യും’.

طَارِقُ بنُ سُوَيْد الجُعَفِي رضي الله عنه മദ്യമുണ്ടാക്കുന്ന പണിക്കാരനായിരുന്നു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് നിരോധിച്ചപ്പോള്‍, മരുന്നായിട്ടാണ് ഞാനതുണ്ടാക്കാറുള്ളതെന്ന് പറഞ്ഞു. ‘അത് മരുന്നല്ല; രോഗമാണ്’ എന്നായിരുന്നു അവിടന്ന് മറുപടി പറഞ്ഞത് (അഹ്‍മദ്). മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നതാണല്ലോ.

അടുത്ത ആയത്ത് 91

ഈ നാലു കാര്യങ്ങളും (മദ്യം, ചൂതാട്ടം, ബലിപീഠങ്ങളില്‍ വെച്ച് അറുക്കപ്പെട്ടത്, പ്രശ്നക്കോലുകളുപയോഗിച്ച് ഭാഗ്യം നോക്കുന്നത്) നിരോധിച്ചതിലെ തത്ത്വങ്ങള്‍ വിവരിക്കുകയാണിനി.

ഇത് നാലും പൈശാചികവും നീച ഏര്‍പാടുകളുമാണ്. മദ്യപാനവും ചൂതാട്ടവും നീചമാണെന്നതിനുപുറമെ, പരസ്പരം ശത്രുതയും വിദ്വേഷവുമുണ്ടാക്കാനുള്ള പൈശാചിക പ്രേരണകളും കൂടിയാണ്.

മുസ്‌ലിംകള്‍ക്കിടയില്‍ സ്പര്‍ദ്ധയും വിദ്വേഷവും ശത്രുതയുമുണ്ടാക്കുക, ദൈവസ്മരണയിലും നമസ്‌കാരത്തിലും നിന്ന് അവരെ അകറ്റുക -ഇതാണ് പിശാചിന്‍റെ ലക്ഷ്യം.  ഒരല്‍പവിചിന്തനം കൊണ്ടുതന്നെ പിശാച് ഇക്കാര്യത്തില്‍ വിജയിക്കുന്നുണ്ടെന്ന് ആര്‍ക്കും ബോധ്യമാകും. 

എല്ലാം വിവരിച്ച ശേഷം, ‘നിങ്ങളിതൊന്നും നിറുത്തുന്നില്ലേ?’ എന്ന് ഗൌരവത്തോടെ അല്ലാഹു ചോദിക്കുകയും ചെയ്യുന്നുണ്ട്. ‘നിറുത്താന്‍ ഞാന്‍ തയ്യാറില്ലെ’ന്ന് പറയാന്‍ ഈമാനിന്‍റെ കണികയെങ്കിലും ഖല്‍ബിലുള്ളവര്‍ ധൈര്യപ്പെടുമോ?! ഇല്ലതന്നെ.

ഈ വചനമവതരിച്ചപ്പോള്‍, അതുവരെ കള്ളുകുടി നിറുത്തിയിട്ടില്ലാത്ത ചിലര്‍ ഉറക്കെ പറഞ്ഞത്രെ: اِنْتَهَيْنَا انْتَهَيْنَا (ഞങ്ങള്‍ നിര്‍ത്തി, ഞങ്ങള്‍ നിര്‍ത്തി!)

 إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنْتُمْ مُنْتَهُونَ (91)

മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കാനും ദൈവ സ്മരണയിലും നമസ്‌കാരത്തിലും നിന്ന് നിങ്ങളെ തടയുവാനും മാത്രമേ പിശാച് ലക്ഷ്യമിടുന്നുള്ളു. അതുകൊണ്ട് നിങ്ങള്‍ അത് നിറുത്തുന്നുണ്ടോ! 

അല്ലാഹു കര്‍ശനമായി നിരോധിച്ച ഇത്തരം കാര്യങ്ങളെല്ലാം ഇന്നിപ്പോള്‍ പുതിയ പേരുകളിലും രൂപത്തിലും സാര്‍വത്രികമാണ്. അതുകൊണ്ടുണ്ടാകുന്ന അനര്‍ത്ഥങ്ങളും തോന്നിവാസങ്ങളും നിത്യേന കാണുകയും ചെയ്യുന്നുണ്ട്. മുസ്‍ലിം നാമധാരികളും ഇതെല്ലാം കൂസലില്ലാതെ ചെയ്യുന്നുവെന്നത് എത്രമാത്രം ഗുരുതരമാണ്! മതപരമായും ആരോഗ്യപരമായും സാമൂഹികമായും എല്ലാ നിലക്കും ദോഷമേ ഉള്ളൂ എന്നറിഞ്ഞിട്ടും പലരും പിന്മാറാന്‍ തയ്യാറാകുന്നില്ല!

അടുത്ത ആയത്ത് 92

പിശാചിന്‍റെ ഇത്തരം കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സര്‍വമേഖലയിലും ജയം വരിക്കാനും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക മാത്രമാണ് പരിഹാരമെന്നാണിനി പറയുന്നത്. ഈ നിരോധങ്ങളെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ അനുസരിക്കണം. അതല്ല, അവഗണിക്കാനാണ് തീരുമാനമെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളെപ്പറ്റി പേടിച്ചുകൊള്ളുക. അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമാണ് റസൂലിന്‍റെ ചുമതല; അവരെ അനുസരിപ്പിക്കുകയല്ല.

وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَاحْذَرُوا ۚ فَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ (92)

അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക, അനുസരണ രാഹിത്യം സൂക്ഷിക്കണം. ഇനി, പിന്തിരിഞ്ഞു കളയുകയാണ് എങ്കില്‍ നിങ്ങളറിയണം, നമ്മുടെ റസൂലിന് സ്പഷ്ടമായ പ്രബോധനം മാത്രമേ ബാധ്യതയുള്ളൂ. 

അടുത്ത ആയത്ത് 93

മദ്യം നിരോധിച്ചുകൊണ്ടുള്ള അവസാന കല്‍പനയും വന്നുകഴിഞ്ഞപ്പോള്‍ ചില സ്വഹാബികള്‍ക്ക് സംശയമായി - ഇത്രയും കുറ്റകരമായ കാര്യമാണിതെങ്കില്‍ ഇക്കാലമത്രയും പലരും കുടിച്ചിരുന്നതോ? അതിനുള്ള മറുപടിയാണിനി പറയുന്നത്.

നിരോധം വന്നിട്ടില്ലാത്ത സമയത്ത്‌ കുടിച്ചതിന് കുറ്റമില്ല. അന്ന് കുടിച്ചിരുന്നവര്‍ മരിച്ചുപോയെങ്കില്‍ അതിന്‍റെ പേരില്‍ ശിക്ഷയുണ്ടാകില്ല.

ഖിബ്‌ല മാറ്റമുണ്ടായപ്പോഴും ചിലര്‍ മുമ്പുള്ള നിസ്കാരങ്ങളെക്കുറിച്ച് ഇതേ സംശയം ഉന്നയിച്ചിരുന്നുവല്ലോ. പഴയ ഖിബ്‌ലയിലേക്ക്‌ തിരിഞ്ഞുള്ള നിസ്‌കാരം അല്ലാഹു പാഴാക്കില്ലെന്നായിരുന്നു അതിന്‍റെ മറുപടി (സൂറത്തുല്‍ ബഖറ 143). സല്‍കര്‍മകാരികളുടെ പ്രതിഫലം നഷ്ടപ്പെടില്ലല്ലോ. 

لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوْا وَآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوْا وَآمَنُوا ثُمَّ اتَّقَوْا وَأَحْسَنُوا ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ (93)

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക്, നേരത്തെ കഴിച്ചുപോയ പദാര്‍ത്ഥങ്ങളില്‍ കുറ്റമില്ല; അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും വിശ്വാസം മുറുകെപ്പിടിക്കുകയും പുണ്യങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍; തുടര്‍ന്നും സൂക്ഷ്മത പുലര്‍ത്തുകയും വിശ്വാസത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍; തദനന്തരവും സൂക്ഷ്മത പാലിക്കുകയും നന്മ ചെയ്യുകയുമാണെങ്കില്‍. പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. 

അനസ് (رضي الله عنه) പറയുന്നു: ഞാന്‍ അബൂഥല്‍ഹ (رضي الله عنه)യുടെ വീട്ടിലാണ്. അബൂഉബൈദ, ഉബയ്യബ്‌നു കഅ്ബ്, സുഹൈലുബ്‌നു ബൈദ്വാഉ് (رضي الله عنهم) മുതലായവര്‍ക്ക് മദ്യം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ലഹരി പിടിച്ചുതുടങ്ങിയിരുന്നു. അപ്പോഴാണൊരാള്‍ വന്നു പറഞ്ഞത്: ‘കള്ള് നിഷിദ്ധമാക്കിയത് നിങ്ങളറിഞ്ഞിട്ടില്ലേ? മദ്യമെല്ലാം മദീനയിലെ തെരുവുകളില്‍ ഒഴുകിക്കഴിഞ്ഞിരിക്കുന്നു’.

ഉടനെ അബൂഥല്‍ഹ(رضي الله عنه) പറഞ്ഞു: ‘അനസേ, പാത്രത്തില്‍ ബാക്കിയുള്ള മദ്യം മുഴുവനും ചിന്തിക്കളയുക’. അല്ലാഹുവിനെത്തന്നെയാണ! പിന്നീട് ആരും കുടിച്ചില്ല. ബാക്കിയുള്ളതൊക്കെ തെരുവിലൊഴുക്കിക്കളഞ്ഞു. കാരക്കയില്‍ നിന്നുണ്ടാക്കുന്ന മദ്യമായിരുന്നു അക്കാലത്തവിടെ ഉണ്ടായിരുന്നത്.

ഈ സമയം ചിലര്‍ സംശയമുന്നയിച്ചത്രേ: ‘അപ്പോള്‍ മുമ്പ് കുടിച്ചിരുന്ന, മരിച്ചുപോയ ആളുകളോ... ഇന്നയാളും ഇന്നയാളും (യുദ്ധത്തില്‍) കൊല്ലപ്പെട്ടിട്ടുണ്ടല്ലോ. അവരുടെ വയറ്റില്‍ മദ്യം പെടുകയും ചെയ്തിരുന്നു. (അവര്‍ക്ക് കുറ്റമുണ്ടാകുകയില്ലേ?)’ ഇതാണ് ഈ ആയത്തിന്‍റെ അവതരണ പശ്ചാത്തലം (ബുഖാരി, മുസ്‍ലിം).

അടുത്ത ആയത്ത് 94

പ്രതികൂല സാഹചര്യങ്ങളിലും ദൈവിക പരീക്ഷണങ്ങള്‍ വിജയിക്കാന്‍ കഴിയുന്നവനാണ് ശരിയായ വിശ്വാസി. പല വിധ പരീക്ഷണങ്ങള്‍ക്കുമവനെ അല്ലാഹു വിധേയനാക്കിയേക്കാം.

തെറ്റ് ചെയ്യാനുള്ള സാഹചര്യമില്ലാത്തപ്പോള്‍ അതിനെക്കുറിച്ച്‌ ചിന്തിക്കുകപോലും ചെയ്യാത്തവര്‍, സാഹചര്യമുണ്ടാകുമ്പോള്‍ തെറ്റുകളിലേക്കെടുത്തുചാടാറുണ്ട്‌. അത്തരം സാഹചര്യങ്ങള്‍ നല്‍കി അല്ലാഹു പരീക്ഷണവിധേയരാക്കുമ്പോള്‍, അതിലകപ്പെട്ടുപോകാതെ നില്‍ക്കാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ മുത്തഖികള്‍.

ഹറമില്‍ വെച്ച്‌ ആര്‍ക്കും മൃഗങ്ങളെ വേട്ടയാടാന്‍ പാടില്ല. ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍ക്കാകട്ടെ വേട്ടയാടല്‍ നിഷിദ്ധവുമാണ്‌. ഇഹ്റാം ചെയ്തൊരാള്‍ക്ക്, അതില്‍ നിന്ന് വിരമിക്കുന്നതുവരെ ഒരു ജീവിയെയും വേട്ടയാടാനോ, വേട്ടയാടുന്നതില്‍ പങ്കുവഹിക്കാനോ പോലും പാടില്ലാത്തതാണ്.

ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യ സന്ധി നടന്ന കാലത്ത്, തിരുനബി (صلى الله عليه وسلم) യും സ്വഹാബികളും ഉംറക്കുവേണ്ടിയാണ്‌ മക്കയിലേക്ക് പുറപ്പെട്ടത്‌. പക്ഷേ, മക്കാമുശ്‌രിക്കുകള്‍ അവരെ ഉപരോധിച്ചു.

അന്നപാനാദികള്‍ക്ക് ക്ഷാമം നേരിട്ട ആ ഘട്ടത്തില്‍, ഇഹ്‍റാമിലായിരുന്ന അവരുടെ തമ്പുകള്‍ക്കിടയിലൂടെ മാന്‍, മുയല്‍ തുടങ്ങിയ ജീവികള്‍ നടക്കുന്നുണ്ടായിരുന്നു. കൈകൊണ്ട്‌ പിടിക്കാന്‍ പറ്റുന്ന വിധത്തിലും വലിയ കുന്തങ്ങളുപയോഗിച്ച് വേട്ടയാടിപ്പിടിക്കാന്‍ പറ്റുന്ന രൂപത്തിലും മൃഗങ്ങള്‍ അടുത്തുവരുന്നു! വലിയൊരു പരീക്ഷണമായിരുന്നു ഇത്‌. ശരിക്കും അല്ലാഹുവിനെ ഭയപ്പെടുന്നവരാരെന്ന് ഇതിലൂടെ മനസ്സിലാകും. ഇതാണ് 94-ആം ആയത്തിന്‍റെ അവതരണ പശ്ചാത്തലം.

ഇങ്ങനെയൊരു പരീക്ഷണമുണ്ടാകുമെന്ന് അറിയിച്ചിട്ട് പിന്നെയും തെറ്റുചെയ്യാന്‍ മുതിര്‍ന്നാല്‍ അത് അതിരുലംഘനമാണെന്നും, അത്തരക്കാരെ കഠിന ശിക്ഷക്ക് വിധേയരാക്കുമെന്നും താക്കീത് ചെയ്യുന്നുമുണ്ട്.

يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ ۚ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ (94)

സത്യവിശ്വാസികളേ, സ്വന്തം കൈകള്‍ കൊണ്ടും കുന്തങ്ങള്‍ കൊണ്ടും പിടിക്കാനാകും വിധമുള്ള ചില വേട്ട ജീവികളെ കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യുന്നതാണ്; അദൃശ്യതയില്‍ തന്നെപ്പേടിക്കുന്നവരെ വേര്‍തിരിച്ചറിയാനാണത്. നിരോധം വന്ന ശേഷവും ആരെങ്കിലും അതിക്രമം കാട്ടിയാല്‍ വേദനയുറ്റ ശിക്ഷ അവനുണ്ടാകും. 

ഥാലൂത്ത് രാജാവിനോടൊപ്പം ഇസ്രാഈല്യര്‍ പുഴകടന്നപ്പോള്‍ വെള്ളം കുടിക്കാന്‍ പാടില്ലെന്ന് പറഞ്ഞ്‌ അല്ലാഹു പരീക്ഷിച്ച സംഭവവും ഇവിടെ സ്മരണീയമാണ്. സൂറത്തുല്‍ ബഖറ 249-ആം സൂക്തത്തില്‍ ആ സംഭവം നമ്മള്‍ പഠിച്ചിരുന്നുവല്ലോ.

അടുത്ത ആയത്ത് 95

പണ്ടുകാലത്ത് വേട്ട സാര്‍വത്രികമായിരുന്നു. എന്നാല്‍, ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ അത് നിഷിദ്ധമാകും. മഹത്തായ ഒരാരാധനയുടെ അന്തസ്സത്തക്കു നിരക്കുന്നതല്ല അത്. ഈ സൂറയിലെതന്നെ രണ്ടും മൂന്നും ആയത്തുകളില്‍ ഇക്കാര്യം പറഞ്ഞിരുന്നു.

ഈ നിരോധം വരുന്നതിനു മുമ്പു ചെയ്തതെല്ലാം അല്ലാഹു മാപ്പാക്കിയിട്ടുണ്ട്. നിരോധം വന്നതിനു ശേഷം പിന്നെയും വേട്ട നടത്തുന്നവര്‍ നിയമലംഘകരും കുറ്റക്കാരും പ്രായശ്ചിത്തം നല്കാന്‍ ബാധ്യസ്ഥരുമാണ്.

ആട്, മാട്, ഒട്ടകം എന്നിവയില്‍ തത്തുല്യമായ ഒരു മൃഗത്തെ ഹറമില്‍ വെച്ചു ബലി നടത്തുകയാണ് അതിന്‍റെ പ്രായശ്ചിത്തം. അതിനു കഴിയില്ലെങ്കില്‍ ബലി നല്‍കേണ്ട മൃഗത്തിന്‍റെ വില ഭക്ഷണമായി പാവങ്ങള്‍ക്കു നല്‍കണം. അതും അസാധ്യമായാല്‍ ആ ഭക്ഷ്യധാന്യത്തിന്‍റെ അളവുനോക്കി ഒരു മുദ്ദിന് ഒരു നോമ്പ് എന്ന കണക്കിന് നോമ്പനുഷ്ഠിക്കണം.

എന്നാല്‍ കടലില്‍ നിന്നു പിടിക്കപ്പെട്ടവ ഇഹ്‌റാമിലുള്ളയാള്‍ ഭക്ഷിക്കുന്നത് അനുവദനീയമാണ്; അത് ശേഷം വ്യക്തമാക്കുന്നുണ്ട്.

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ ۚ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِيَذُوقَ وَبَالَ أَمْرِهِ ۗ عَفَا اللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنْتَقِمُ اللَّهُ مِنْهُ ۗ وَاللَّهُ عَزِيزٌ ذُو انْتِقَامٍ (95)

സത്യവിശ്വാസികളേ, ഹജ്ജ്-ഉംറയുടെ ഇഹ്‌റാമിലായിരിക്കെ നിങ്ങള്‍ വേട്ട മൃഗങ്ങളെ കൊല്ലരുത്. ബോധപൂര്‍വം ഒരാള്‍ അതിനെ വധിച്ചാല്‍, തത്തുല്യമെന്ന് നിങ്ങളിലെ രണ്ടു നീതിനിഷ്ഠര്‍ വിധികല്‍പിക്കുന്ന കാലിയെ കഅ്ബക്കു സമീപം എത്തേണ്ട ബലിമൃഗമായി നല്‍കണം; അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും ദരിദ്രര്‍ക്ക് ആഹാരം നല്‍കുകയോ തത്തുല്യമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യണം. തന്‍റെ ദുഷ്‌ചെയ്തിയുടെ തിക്തഫലം അവനറിയാനാണിത്. നേരത്തെയനുവര്‍ത്തിച്ചത് അല്ലാഹു മാപ്പാക്കിയിട്ടുണ്ട്. ആരെങ്കിലും ആവര്‍ത്തിക്കുന്നുവെങ്കില്‍ അവനെതിരെ അല്ലാഹു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അവന്‍ പ്രതാപശാലിയും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നവനുമാകുന്നു. 

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ

വേട്ട മൃഗങ്ങളെ കൊല്ലുക എന്നതില്‍ അറുത്തുകൊല്ലുന്നതും മറ്റു നിലക്ക് കൊല്ലുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്‌.

ഇവിടെ വേട്ടമൃഗം എന്നതുകൊണ്ടുള്ള ഉദ്ദേശ്യം, ഭക്ഷിക്കല്‍ അനുവദനീയമായ മൃഗങ്ങളാണെന്നും, ഭക്ഷിക്കല്‍ നിഷിദ്ധമായ മൃഗങ്ങളെ കൊല്ലാമെന്നുമാണ്‌ ഇമാം ശാഫിഈ(رحمه الله) യുടെ പക്ഷം. കടിക്കുന്ന നായ, പാമ്പ് മുതലായ ഉപദ്രവ ജീവികളെ എവിടെ വെച്ചും കൊല്ലാമല്ലോ.

ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ ഒരു വേട്ടമൃഗത്തെ അറുത്താല്‍ അത്‌ ശവം പോലെയാണെന്നും ആര്‍ക്കുമത് തിന്നാന്‍ പാടില്ലെന്നുമാണ്‌ ഇമാം അബൂഹനീഫ(رحمه الله) വ്യക്തമാക്കിയിട്ടുള്ളത്‌. എന്നാല്‍, അവന് തിന്നാന്‍ പാടില്ലെങ്കിലും മറ്റുള്ളവര്‍ക്കത് തിന്നാമെന്നാണ്‌ ഇമാം ശാഫിഈ(رحمه الله) യുടെ അഭിപ്രായം.

وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا

മനഃപൂര്‍വം എന്നതിന്‍റെ വിവക്ഷ, താന്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവനാണെന്ന് ഓര്‍മയുള്ളവനായിരിക്കുകയോ, ഉദ്ദേശിച്ച പ്രവൃത്തി ഹറാമാണെന്നറിവുള്ളവനായിരിക്കുകയോ ചെയ്യുക എന്നാണ്.

ഇഹ്‌റാമില്‍ പ്രവേശിച്ചത് മറുന്നുകൊണ്ടോ അബദ്ധമായോ വേട്ടമൃഗത്തെ കൊന്നാല്‍ കുറ്റക്കാരനാവുകയില്ലെങ്കിലും, പ്രായശ്ചിത്തം കൊടുക്കണമെന്ന് തിരുനബി (صلى الله عليه وسلم) യുടെയും സ്വഹാബത്തിന്‍റെയും ചര്യകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അവരങ്ങനെ കൊടുത്തിരുന്നു.  ഏതായാലും കല്‍പിച്ചുകൂട്ടി ചെയ്തവര്‍ മാത്രമേ കുറ്റക്കാരാവുകയുളളൂവെന്നതില്‍ സംശയമില്ല.

فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ

ഇനി അങ്ങനെ സംഭവിച്ചാല്‍ എന്താണ് പ്രായശ്ചിത്തം?

കൊല്ലപ്പെടുന്ന വസ്‌തുക്കള്‍ രണ്ടു വിധത്തിലുണ്ട്‌: രൂപത്തില്‍ ഏകദേശം സാദൃശ്യമുള്ളവ -  ആട്‌, പശു, ഒട്ടകങ്ങള്‍ പോലെ. ഈ ഇനത്തില്‍ പെട്ട വസ്‌തുവിനെ കൊന്നാല്‍ അതിനോട്‌ സാദൃശ്യമുള്ളൊരു മൃഗത്തെ അറുത്ത് ഹറമിലെ സാധുക്കള്‍ക്ക്‌ ധര്‍മം ചെയ്യണം. അതായത്, കൊല്ലപ്പെട്ട ജീവിയുടെ സ്ഥിതിയും തരവും നോക്കി അത് ആടിനോട് തുല്യമായി കാണുന്ന പക്ഷം ഒരു ആടിനെയും, മാടിനോട് തുല്യമായിക്കാണുന്ന പക്ഷം ഒരു മാടിനെയും, ഒട്ടകത്തോട് തുല്യമായിക്കാണുന്ന പക്ഷം ഒരു ഒട്ടകത്തെയുമാണ് അറുത്തുകൊടുക്കേണ്ടത്.

ഇനി രണ്ടാം ഐറ്റം: കൊല്ലപ്പെട്ട  വസ്തു സാദൃശ്യമില്ലാത്തതായിരിക്കുക. അങ്ങനെയാണെങ്കില്‍പിന്നെ മൃഗം കിട്ടില്ലല്ലോ അറുക്കാന്‍. അപ്പോള്‍, അതിന്‍റെ വില നിശ്ചയിച്ച്‌, ആ വിലക്ക് ഭക്ഷണം വാങ്ങി ഹറമിലെ സാധുക്കള്‍ക്ക്‌ നല്‍കണം. അതും അസാധ്യമായാല്‍ ആ ഭക്ഷ്യധാന്യത്തിന്‍റെ അളവുനോക്കി ഒരു മുദ്ദിന് ഒരു നോമ്പ് എന്ന കണക്കിന് നോമ്പനുഷ്ഠിക്കണം.

يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ

സാദൃശ്യമുള്ള ഇനത്തില്‍ മഹാന്മാരായ മുന്‍ഗാമികളില്‍ നിന്ന്‌ വല്ല വിധിയും വന്നിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കുകയാണ് വേണ്ടത്. അവരില്‍ നിന്ന്‌ തീരുമാനം വന്നിട്ടില്ലെങ്കില്‍ ബുദ്ധിമാന്മാരും നീതിമാന്മാരുമായ രണ്ടു പണ്ഡിതന്മാര്‍ തീരുമാനമെടുക്കണം. അതായത്, കൊല്ലപ്പെട്ട ജീവി ഏതിനോടാണ് സാദൃശ്യതയുള്ളതെന്ന കാര്യം സത്യവിശ്വാസികളായ രണ്ടു നീതിമാന്മാരുടെ അഭിപ്രായം അനുസരിച്ചു രുമാനിക്കണം. ഓരോ വസ്തുവിന്‍റെയും തുല്യത നിശ്ചയിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ടാണ് രണ്ട് നീതിമാന്മാരുടെ വിധിക്ക് വിട്ടിരിക്കുന്നത്.

هَدْيًا بَالِغَ الْكَعْبَةِ

കഅ്‌ബത്തിങ്കല്‍ എത്തുക എന്നതിന്‍റെ ഉദ്ദേശ്യം ഹറമില്‍ എത്തുകയെന്നാണ്‌. അവിടെ വെച്ചാണ്‌ അറുത്തുകൊടുക്കേണ്ടത്‌. 

ഇത് സംബന്ധമായ വിധികള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നാണ് വിശദമായി മനസ്സിലാക്കേണ്ടത്.

لِيَذُوقَ وَبَالَ أَمْرِهِ ۗ

പ്രായശ്ചിത്തം ഇത്ര കര്‍ശനമാക്കിയത്, നിരോധിച്ചിട്ട് പിന്നെയും ആ തെറ്റു ചെയ്യുന്നതിന്‍റെ അനന്തരഫലം അനുഭവിക്കാന്‍ വേണ്ടിയാണ്.

عَفَا اللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنْتَقِمُ اللَّهُ مِنْهُ

ഈ നിരോധം വരുന്നതിനുമുമ്പ് ഇങ്ങനെ ചെയ്തതെല്ലാം അല്ലാഹു മാപ്പാക്കിയിട്ടുണ്ടെന്നും മേലില്‍ അതാവര്‍ത്തിക്കുന്നവര്‍ക്ക് കഠിനശിക്ഷ ലഭിക്കുമെന്നും അറിയിക്കുകയാണ്.

-----------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter