മദ്റസകള്‍ പതിനായിരം കടന്നു... എന്നിട്ടും ...

എം.എച്ച് പുതുപ്പറമ്പ്

04 March, 2020

+ -
image

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍  കോഴിക്കോട് കടപ്പുറം വിദ്യാഭ്യാസ ചര്‍ച്ചകളാല്‍ മുഖരിതമായിരുന്നു. മതവിദ്യാഭ്യാസ രംഗത്ത്, ലോകത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യസംരംഭമായ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള മദ്റസകളുടെ എണ്ണം 10,000 തികഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായായിരുന്നു അത്. 
ഒരു സംരംഭത്തിന് കീഴില്‍, ഒരേ പാഠ്യപദ്ധതിയും ശൈലിയും രീതിയുമെല്ലാം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പതിനായിരം സ്ഥാപനങ്ങളുണ്ടാവുക എന്നത് ചെറിയൊരു കാര്യമില്ല, വിശിഷ്യാ മതപഠന രംഗത്ത്. ആ വലിയ നേട്ടമാണ് വിദ്യാഭ്യാസ ബോഡ് നേടിയിരിക്കുന്നത്. തികച്ചും ആഘോഷിക്കപ്പെടേണ്ടതുതന്നെ. ആ ആഘോഷവും വിദ്യാഭ്യാസോചിതമായി എന്നത് അതിലേറെ ശുഭോദര്‍ക്കവും. ഇസ്‍ലാമിക രാജ്യങ്ങളില്‍ പോലും മതപഠനത്തിന് ഇത്രവലിയ സംരംഭങ്ങളോ സൌകര്യങ്ങളോ ഇല്ലെന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ്, കേരളീയ മുസ്‍ലിംകള്‍ ഈ രംഗത്ത് ചെലവഴിക്കുന്ന സമ്പത്തിന്റെയും ഊര്‍ജ്ജത്തിന്റെയും തോതും അതിലൂടെ അവര്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടത്തിന്റെ വലുപ്പവും മനസ്സിലാവുക. 
അതേസമയം, ഈ പതിനായിരം മദ്റസകള്‍ ഉണ്ടായിട്ടും, നമ്മുടെ ജീവിതം എത്രമാത്രം മതകീയമായി എന്നത് ഒരു വേള ആലോചിക്കേണ്ടതല്ലേ. കേരളത്തിന്റെ മുക്കുമൂലകളിലെല്ലാം ഇന്ന് പ്രാഥമിക മതപഠനത്തിനായി മദ്റസകളുണ്ടെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. മിക്കയിടങ്ങളിലും ഏഴ് ക്ലാസ് വരെയും പലയിടങ്ങളിലും പത്താം തരം വരെയും ആവശ്യാനുസരണം പ്ലസ്ടു വരെയും പഠിക്കാനുള്ള സൌകര്യങ്ങള്‍ ഇന്ന് കേരള മുസ്‍ലിംകള്‍ക്ക് സ്വന്തമാണ്.   
എന്നാല്‍ ഈ സൌകര്യങ്ങളെല്ലാമുണ്ടായിട്ടും ഭൂരിഭാഗപേരും ഇവയെല്ലാം ഉപയോഗപ്പെടുത്തി മതപഠനം കരസ്ഥമാക്കിയിട്ടും, നമ്മുടെ ജീവിതം എത്രമാത്രം മതകീയമാണെന്നത് ഉറക്കെ ചിന്തിക്കേണ്ടതല്ലേ. ഇവക്കെല്ലാം പുറമെ, ഖുര്‍ആന്‍ ക്ലാസുകളും പ്രഭാഷണ പരമ്പരകളും മതപഠന ക്ലാസുകളുമെല്ലാം വിവിധ സംഘടനകളുടേതും സ്ഥാപനങ്ങളുടേതുമെല്ലാമായി ധാരാളത്തിലുപരി നടക്കുന്നുമുണ്ട്. എല്ലാം ഉണ്ടായിട്ടും, ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന നാം, കുറ്റകൃത്യങ്ങളില്‍ ഏറെ മുന്നിലാണെന്നത് ലജ്ജാവഹമല്ലേ. 
അതേസമയം, മതപഠനത്തിന് നമ്മുടെ അത്രയൊന്നും അവസരങ്ങളോ സാഹചര്യങ്ങളോ ഇല്ലാത്ത സഹോദരമതസ്ഥരായ പലരുടെയും ജീവിതത്തില്‍ ഇസ്‍ലാം നിഷ്കര്‍ഷിക്കുന്ന പല മൂല്യങ്ങളും അനുവര്‍ത്തിക്കപ്പെടുന്നതായി നാം കാണുകയും ചെയ്യുന്നു. 
നമ്മുടെ സഹജീവികളായ ഇതര മതസ്ഥര്‍ക്ക്, ഒരു ശരാശരി കേരളീയ മുസ്‍ലിമിന്റെ ജീവിതത്തില്‍ നിന്ന് ഇസ്‍ലാമിനെ വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ആശ്വസിക്കാന്‍ നമുക്ക് കഴിയുമോ. ഇല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം. വേണ്ടാത്തതും പാടില്ലാത്തതുമായി എന്തിലും ഏതിലും മുസ്‍ലിം പേരുകള്‍ കാണുമ്പോള്‍, അതൊന്നും ഇസ്‍ലാമല്ലെന്നും, ഇസ്‍ലാം ഏറെ വിശുദ്ധമാണെന്നും വീണ്ടും വീണ്ടും നമുക്ക് ആവര്‍ത്തിക്കേണ്ടിവരുന്നതും അത് കൊണ്ട് തന്നെയല്ലേ. 
ചുരുക്കത്തില്‍, എണ്ണം വര്‍ദ്ധിക്കുകയും രീതി ശാസ്ത്രം കുറ്റമറ്റതാക്കുകയും ചെയ്യുന്നതിനനുസരിച്ച്, മതവിദ്യയും ഭൌതിക വിദ്യാഭ്യാസം പോലെ കേവലം അഭ്യാസവും ഔപചാരികവുമായി മാറുകയാണോ എന്ന് തോന്നിപ്പോവുന്നു. യഥാര്‍ത്ഥത്തില്‍ മതപഠനമെന്നത് ജീവിതത്തില്‍ ആചരിക്കാനുള്ളതും പാലിക്കാനുള്ളതുമാണ്, അപ്പോഴേ അത് സാര്‍ത്ഥകമാവുന്നുള്ളൂ. അല്ലാത്തിടത്തോളം അത് അപകടമേ ചെയ്യൂ എന്നാണ് പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. 
എവിടെയാണ് യഥാര്‍ത്ഥ പ്രശ്നം കിടക്കുന്നതെന്നാവട്ടെ ഇനി നമ്മുടെ ചര്‍ച്ചകളും ഗവേഷണങ്ങളും. ശേഷം അവ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. നാഥന്‍ തുണക്കട്ടെ.