റമദാനും മഗ്ഫിറതിന്റെ വഴികളും – 2
ശൈഖ് മഹ്മൂദ് അല്‍-മിസ്‌രി എഴുതിയ റമദാനും മഗ്ഫിറത്തി (പാപം പൊറുക്കല്‍)ന്റെ വഴികളും എന്ന ലഘു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിവിധ ഭാഗങ്ങളായി ഇസ്‌ലാംഓണ്‍ വെബ് പ്രസിദ്ധീകരിക്കുന്നു. രണ്ടാം ഭാഗം
സ്വര്‍ഗം നിങ്ങളുടെ ചെരുപ്പിന്‍റെ വാറിനേക്കാള്‍ അടുത്താണ് പ്രിയപ്പെട്ട സഹോദരാ, മാന്യ സഹോദരീ, നിങ്ങള്‍ കേട്ടിട്ടില്ലേ.... നബി(സ)പറഞ്ഞത്. “സ്വര്‍ഗം നിങ്ങളില്‍ ഓരോരുത്തരോടും തന്‍റെ ചെരുപ്പിന്‍റെ വാറിനേക്കാള്‍ അടുത്താണ്. നരകവും അതുപോലെ.” (ബുഖാരി) അതേ ഇത് വെറും എണ്ണപ്പെട്ട ദിനങ്ങളാണ്. ഈ ദിനങ്ങളില്‍ അല്ലാഹുവിനു ആത്മാര്‍ഥമായി ആരാധനയര്‍പ്പിക്കൂ. സ്വര്‍ഗത്തില്‍ പ്രവേശിക്കാം. നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടാം.
റമദാന്‍ മാസത്തില്‍ അല്ലാഹു സ്വര്‍ഗ കവാടങ്ങള്‍ തുറന്നു തന്നു എന്നറിഞ്ഞിട്ടും അവന്‍ തന്‍റെ നാഥനെ ധിക്കരിക്കുകയും നരകാവകാശി ആയിത്തീരുകയും ചെയ്യുന്നവന്‍ എത്ര പരാജിതനാണ്. അവന്‍ എത്രവലിയ നഷ്ടത്തിലാണ്. ഈ ദുന്‍യാവ് വളരെ ഹൃസ്വവും നിസ്സാരവും ആണ്. ഇതിന്‍റെ നശ്വരമായ ആഢംബരങ്ങള്‍ വാരിക്കൂട്ടുന്നതിലും നരകാഗ്നിയിലെ ആദ്യമുക്കലില്‍ തന്നെ നശിച്ചു പോകുന്ന അതിന്‍റെ സുഖസൌകര്യങ്ങള്‍ ആസ്വദിക്കുന്നതിലും നമ്മുടെ ആയുസ്സ് ഹോമിക്കുന്നത് തീരേ ഉചിതമല്ലല്ലോ. റസൂലുല്ലാഹ്(സ) പറയുന്നു:
“ഖിയാമത് നാളില്‍ നരകാവകാശികളില്‍ ദുന്‍യാവിന്‍റെ അനുഗ്രഹങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചവനെ കൊണ്ടുവരും. എന്നിട്ടവനെ നരകത്തിലൊന്നു മുക്കിയിട്ട് അവനോട് ചോദിക്കും:ʻആദം സന്തതീ, നീ വല്ല നന്മയും കണ്ടുവോ? നിനക്കു വല്ല അനുഗ്രഹവും ലഭിച്ചുവോ?ʼ അവന്‍ മറുപടി പറയും:ʻഎന്‍റെ റബ്ബേ, അല്ലാഹുവാണ് സത്യം. ഇല്ല.ʼ സ്വര്‍ഗാവകാശികളില്‍ ദുന്‍യാവില്‍ ഏറ്റവും കഷ്ടപ്പെട്ട ഒരാളെ കൊണ്ടുവരും. എന്നിട്ടവനെ സ്വര്‍ഗത്തില്‍ ഒന്നു മുക്കിയെടുത്തിട്ട് ചോദിക്കും:ʻആദം സന്തതീ, നീ വല്ല പ്രയാസവും കണ്ടുവോ?നിനക്ക് വല്ല ബുദ്ധിമുട്ടും അനുഭവപ്പെട്ടുവോ?ʼ അദ്ദേഹം മറുപടി പറയും:
ʻഇല്ല. അല്ലാഹുവാണ് സത്യം എനിക്ക് ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. ഒരു ബുദ്ധിമുട്ടും ഞാന്‍ കണ്ടിട്ടില്ല.” (മുസ്‍ലിം) ദുന്‍യാവിനെ വെടിഞ്ഞ് നോമ്പ് നോല്‍ക്കുക...സ്വര്‍ഗത്തില്‍ നോമ്പ് തുറക്കുക ദുഃഖങ്ങളും ആധികളും സങ്കടങ്ങളും മൂലം ദുന്‍യാവ് സങ്കുചിതമായി അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ദുന്‍യാവിനെത്തന്നെ ഉപേക്ഷിച്ചിട്ടുള്ള ഒരു വ്രതമായിരിക്കട്ടെ നിങ്ങളുടേത്. പിന്നീട് അവിടെ സ്വര്‍ഗത്തില്‍ ആ വ്രതം അവസാനിപ്പിച്ച് നോമ്പു തുറക്കുക. അറിയുക. ഈ ദുന്‍യാവിനെ ത്യജിക്കുകയെന്നത് ഹിക്മത് വാഹിനികളായ കാര്‍മുകിലുകളാണ്.
Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും - 1
ഹൃദയത്തില്‍ നിന്ന് ദുന്‍യാവിനെ കുടിയിറക്കാന്‍ ഈ കാര്‍മുകിലുകളില്‍ നിന്ന് ഹിക്മത് വിശ്വാസിയുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. നീ അറിഞ്ഞില്ലേ സഹോദരാ, ദുന്‍യാവില്‍ ഏറ്റവും കൂടുതല്‍ വയര്‍ നറച്ചുണ്ണുന്നവനായിരിക്കും ആഖിറത്തില്‍ ഏറ്റവും വിശന്നവന്‍. ദുന്‍യാവില്‍ കുറഞ്ഞകാലം ഭക്ഷണപാനീയങ്ങളും ശരിരേഛകളും ആരെങ്കിലും ഉപേക്ഷിച്ചാല്‍ അല്ലാഹു അവനു അതിനു പകരമായി ഒരിക്കലും തീര്‍ന്നു പോവാത്ത ഭക്ഷണപാനീയങ്ങള്‍ ഒരുക്കിവെക്കുന്നു. മാത്രമല്ല ഒരിക്കലും മരണമില്ലാത്ത ഇണകളെയും സജ്ജീകരിക്കുന്നു.
ഈ റമദാന്‍ മാസത്തില്‍ നോമ്പുകാരന്‍ ഇവരെ വിവാഹം കഴിക്കുന്നു. അല്‍ഹസനുല്‍ബസ്വരീ(റ) പറയുന്നു:“ഒരു ഹൂറി (സ്വര്‍ഗത്തില്‍) അല്ലാഹുവിന്‍റെ വലിയ്യിനോടു പറയും. ഇദ്ദേഹം ഈ ഹൂറിയോടൊപ്പം തേനിന്‍റെ പുഴയോരത്ത് ചാരി ഇരിക്കുകയാണ്. ഹൂറി അദ്ദേഹത്തിന് ചഷകം പകര്‍ന്നു നല്‍കുന്നുണ്ട്. ഹൂറി പറയുന്നു: ഒരു വേനല്‍ക്കാലത്ത് ദീര്‍ഘമായ ഒരു പകലില്‍ അല്ലാഹു നിങ്ങളെ (കാരുണ്ടത്തിന്‍റെ നോട്ടം) നോക്കി. നിങ്ങളാണെങ്കിലോ (നോമ്പു മൂലം) ശക്തമായ ദാഹത്താല്‍ വിവശനും. മലക്കുകള്‍ നിങ്ങളില്‍ അഭിമാനം കൊണ്ടു. അന്നേരം അല്ലാഹു പറഞ്ഞു:
എന്‍റെ ദാസനെ നിങ്ങള്‍ നോക്കൂ. അവന്‍റെ ഭാര്യയേയും വികാരങ്ങളും രസങ്ങളും ഭക്ഷണവും പാനീയവും എനിക്കു വേണ്ടി, എന്‍റെയടുത്തുള്ളത് കാംക്ഷിച്ച് ഉപേക്ഷിച്ചു. നിങ്ങള്‍ സാക്ഷ്യം വഹിക്കുക. തീര്‍ച്ചയായും ഞാന്‍ അവനു പൊറുത്തു കൊടുത്തിരിക്കുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തന്നു. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്തു തരികയും ചെയ്തു.” (ലഥാഇഫുല്‍ മആരിഫ്) നോമ്പിന്‍റെ ഫലങ്ങള്‍ നോമ്പുകാരനായ സഹോദരാ, നോമ്പുകാരിയായ സഹോദരീ, നമ്മോടൊപ്പം വരുവീന്‍. ഈ അനുഗ്രഹീത മാസത്തിലെ നോമ്പുകളുടെ ചില ഫലങ്ങള്‍ നമുക്കു പരിചയപ്പെടാം.
* നോമ്പു പാപങ്ങള്‍ക്കം തെറ്റുകള്‍ക്കും പ്രായശ്ചിത്യമാണ്. നബി(സ) പറഞ്ഞു:“ഒരാളുടെ കുടുംബം, സ്വത്ത്, ശരീരം, മക്കള്‍, അയല്‍വാസികള്‍ എന്നിവയില്‍ അവനുണ്ടായ പരീക്ഷണങ്ങള്‍ക്ക് (തെറ്റുകള്‍ക്ക്) നോമ്പ്, നിസ്കാരം, സ്വദഖ, നന്മ കല്‍പിക്കല്‍, തിന്മ വിരോധിക്കല്‍ തുടങ്ങിയവ പ്രായിശ്ചിത്യമാകുന്നു.” (ബുഖാരി, മുസ്‍ലിം)
* നോമ്പ് ഗുണവാന്മാരുടെ അടയാളം. റസൂല്‍(സ) പറഞ്ഞു:“അല്ലാഹു നിങ്ങള്‍ക്ക് ഗുണവാന്മാരായ ഒരു സമൂഹത്തിന്‍റെ നിസ്കാരം നിശ്ചയിച്ചിരിക്കുന്നു. അവര്‍ രാത്രി നിന്നു നിസ്കരിക്കുന്നു. പകല്‍ നോമ്പനുഷ്ടിക്കുന്നു. അവര്‍ തെറ്റു ചെയ്യുന്നവരോ തെമ്മാടികളോ അല്ല.” (അല്‍ജാമിഅ്)
Also Read:റമദാനും മഗ്ഫിറതിന്റെ വഴികളും – 3
* നോമ്പുകാരാണീ സഞ്ചാരികള്‍ (സാഇഹൂന്‍) അല്ലാഹു പറഞ്ഞു:“തൌബചെയ്യുന്നവര്‍, ആരാധനകള്‍ അര്‍പ്പിക്കുന്നവര്‍, സ്ത്രോത്തങ്ങള്‍ നേരുന്നവര്‍, സഞ്ചാരികള്‍ (നോമ്പുകാര്‍), റുകൂഅ് ചെയ്യുന്നവര്‍, സുജൂദ് ചെയ്യുന്നവര്‍, നന്മ കല്‍പിക്കുന്നവര്‍, തിന്മ വിരോധിക്കുന്നവര്‍, അല്ലാഹുവിന്‍റെ പരിധികള്‍ സൂക്ഷിക്കുന്നവര്‍ - ഇങ്ങനെയുള്ള സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുവീന്‍.” (തൌബ - 112) ആഇശ(റ) പറഞ്ഞു:“ഈ ഉമ്മത്തിന്‍റെ സഞ്ചാരം നോമ്പ് ആകുന്നു.” ഇബ്നു ഉമര്‍(റ) പറഞ്ഞു:“ഖുര്‍ആനില്‍ സിയാഹത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നോമ്പുകാരെയാണ്.”
* നോമ്പ് അല്ലാഹുവിന്‍റെ തഖ്‍വയിലേക്കുള്ള ഏറ്റവും അടുത്ത വഴി. അല്ലാഹു പറഞ്ഞു:“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‍വയുള്ളവരായേക്കാം.” (അല്‍ബഖറ - 173) തഖ്‍വയാണല്ലോ പാപമോചനത്തിനുള്ള മാര്‍ഗം. അതു വഴി സ്വര്‍ഗത്തിലേക്കും. അല്ലാഹു പറഞ്ഞു:“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവനെ സൂക്ഷിച്ചു ജീവിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്കു സത്യാസത്യവിവേചനം ചെയ്തു തരികയും നിങ്ങളുടെ തിന്മകള്‍ മായ്ച്ചു കളയുകയും പൊറുത്തുതരികയും ചെയ്യും. അല്ലാഹു മഹാ ഔദാര്യവാന്‍ ആകുന്നു.” (അല്‍അന്‍ഫാല്‍ - 29) അല്ലാഹു പറഞ്ഞു:“മുത്തഖീങ്ങള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത സ്വര്‍ഗത്തിന്‍റെ ഉപമ...” (മുഹമ്മദ് - 15)
* നോമ്പ് അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നുള്ള സംരക്ഷണം റസൂല്‍(സ) പറഞ്ഞു:“നോമ്പ് ഒരു പരിചയാണ്. അടിമ അതുകൊണ്ട് നരകത്തെ പ്രതിരോധിക്കുന്നു.” (അല്‍ജാമിഅ്) റസൂല്‍(സ)പറഞ്ഞു:“അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവര്‍ക്കു വേണ്ടി സ്വലാത്ത് ചൊല്ലുന്നു.” അല്ലാഹുവും മലക്കുകളും നോമ്പിനു സഹായകരമായ അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നുവെങ്കില്‍ നോമ്പിനെകുറിച്ച് നീ എന്തു വിചാരിക്കുന്നു.
വിവ: അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍
Leave A Comment