റമദാന്‍24. പലര്‍ക്കും എന്നും നോമ്പാണ്.. അവരെ കുറിച്ച് എപ്പോഴെങ്കിലും നാം ആലോചിച്ചിട്ടുണ്ടോ..

ഒരു അറബിക് ചാനലിലെ ഫത്‍വചോദിക്കാം എന്ന പരിപാടി നടക്കുകയാണ്. എവിടെ നിന്നോ ഒരു കാള്‍. ചോദ്യം ഇതാണ്, ശൈഖ്, ഞങ്ങള്‍ക്ക് ഇവിടെ നോമ്പ് തുറക്കാനോ അത്താഴത്തിനോ ഭക്ഷണമായി ഒന്നുമില്ല. മിക്കപ്പോഴും പട്ടിണിയാണ്. എങ്ങനെയാണ് ഞങ്ങള്‍ നോമ്പെടുക്കേണ്ടത്. മറുപടി പറയാനാവാതെ, ശൈഖ് വിതുമ്പി. കണ്ണീര്‍തുള്ളികള്‍ അദ്ദേഹത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. 
ലോകത്തിന്റെ പലഭാഗത്തും ഇത്തരം എത്രയോ ആളുകളുണ്ട്. ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍. വിശപ്പ് കൊണ്ട് കരയുന്ന കുഞ്ഞുമക്കളുടെ കണ്ണുകളിലേക്ക് ദയനീയതയോടെ നോക്കാന്‍ മാത്രം സാധിക്കുന്ന മാതാപിതാക്കള്‍. 

ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം എന്നും നോമ്പാണെന്ന് പറയാം, ഭക്ഷണമില്ലാത്ത ദിനങ്ങള്‍ എന്നര്‍ത്ഥത്തില്‍. പ്രഭാതം മുതല്‍ അസ്തമയം വരെ അന്നപാനീയങ്ങള്‍ തിന്നാതെയും കുടിക്കാതെയും ഇരിക്കുമ്പോഴേക്ക് അനുഭവിക്കുന്ന ക്ഷീണം നമുക്കറിയുന്നതാണല്ലോ. നോമ്പെടുക്കുന്ന നമ്മുടെ കുഞ്ഞുമക്കളുടെ ഇഫ്താര്‍സമയത്തിന് തൊട്ടുമുമ്പുള്ള മുഖം നമുക്കൊരിക്കലും മറക്കാനാവത്തതാണ്. ഇതേ മുഖങ്ങളാണ്, അല്ലെങ്കില്‍ ഇതേക്കാള്‍ ഭീകരവും ദയനീവുമായ മുഖങ്ങളാണ് ആ രക്ഷിതാക്കള്‍ക്ക് ദിവസവും കാണാനുള്ളത്. അത്തരക്കാരെ കുറിച്ച് എപ്പോഴെങ്കിലും നാം ആലോചിച്ച് നോക്കിയിട്ടുണ്ടോ. 

Also Read:25. ഇഫ്താര്‍ അഥവാ ഭക്ഷണം കൊടുക്കല്‍.. അതെന്നും ആയിക്കൂടേ..

വിശുദ്ധ റമദാന്‍ അതിന് കൂടി നമുക്ക് അവസരമൊരുക്കേണ്ടതാണ്. കഷ്ടതയനുഭവിക്കുന്നവരെകുറിച്ച് ആശങ്കപ്പെടാന്‍... അന്നമില്ലാതെ കഷ്ടപ്പെടുന്നവരെകുറിച്ച് വിചാരപ്പെടാന്‍... നമ്മെകൊണ്ട് ആകാവുന്നത് അത്തരക്കാര്‍ക്ക് വേണ്ടി ചെയ്യാന്‍... 
ഏറ്റവും ചുരുങ്ങിയത് ലഭ്യമായ വിഭവങ്ങളെ നഷ്ടപ്പെടുത്താതിരിക്കാനെങ്കിലും അത്തരം വിചാരപ്പെടലുകള്‍ നമുക്ക് സഹായകമാവും. റമദാന്‍ പലപ്പോഴും ഭക്ഷണകാര്യത്തില്‍ അമിതവ്യയം നടക്കുന്ന സമയമാണെന്ന് പറയേണ്ടിയിരിക്കുന്നു എന്ന് തോന്നാറുണ്ട്. പല ഇഫ്താറുകളിലും പത്ത് പേര്‍ക്ക് വേണ്ടി 50 പേരുടെയും 100 പേരുടെയും ഭക്ഷണമുണ്ടാക്കി, ബാക്കിയാവുന്നത് ഒഴിവാക്കുന്ന രംഗം വേദനയോടെ കാണാറുണ്ട്, വിശിഷ്യാ ഗള്‍ഫ് നാടുകളിലൊക്കെ. 

ഇത് മാറേണ്ടിയിരിക്കുന്നു, ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. നാം കാശ് കൊടുത്ത് വാങ്ങിയെന്നത് കൊണ്ട് മാത്രം അതിന്മേല്‍ നമുക്ക് എന്തും ചെയ്യാനുള്ള അനുമതി ആവുന്നില്ല, മറിച്ച് ആവശ്യമായത് അല്ലെങ്കില്‍ സാധിക്കുന്നത്ര കഴിക്കാം, പക്ഷേ, അനാവശ്യമായി പുറത്ത് തള്ളാന്‍ നമുക്കൊരിക്കലും അവകാശമില്ല. ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായത്ര വിഭവങ്ങള്‍ പടച്ച തമ്പുരാന്‍ ഇവിടെ സംവിധാനിച്ചിട്ടുണ്ട്, പക്ഷേ പലപ്പോഴും അതിന്റെ വിതരണത്തില്‍ നാം നടത്തുന്ന അസന്തുലിതത്വവും ഉപയോഗത്തിലെ ശ്രദ്ധക്കുറവുമാണ് പട്ടിണിയിലേക്ക് നയിക്കുന്നതെന്ന് പറയാം. അഥവാ, നാം വേസ്റ്റ് ആക്കുന്ന ഭക്ഷണം, അത് മറ്റൊരാളുടെ അവകാശമായിരുന്നു എന്നര്‍ത്ഥം. 

ഈ ബോധം നമ്മെ കൂടുതല്‍ സൂക്ഷ്മതയിലേക്ക് നയിച്ചേക്കാം. ഇല്ലാത്തവര്‍ക്കായി ഒരു വിഹിതം മാറ്റിവെക്കാന്‍, നമ്മുടെ ഉപഭോഗം കുറച്ച് വിഭവങ്ങള്‍ പരമാവധി സംരക്ഷിക്കപ്പെടാനും കഴിയുന്നത്ര ആളുകളിലേക്ക് വിതരണം ചെയ്യപ്പെടാനും ഇത് സഹായകമായേക്കാം.. ഏറ്റവും ചുരുങ്ങിയത് അത്യാവശ്യമായത് പോലും കിട്ടാതെ പോയ ആ സഹോദരങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനകളിലെങ്കിലും കടന്ന് വരാന്‍ ഇത് കാരണമായേക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter