അധ്യായം 3. സൂറ ആലു ഇംറാന്‍- (Ayath 133-140) ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വർഗം
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്. അവിശ്വാസികള്‍ക്കുവേണ്ടി തയ്യാറാക്കിയ നരകത്തില്‍ നിങ്ങള്‍ പ്രവേശിക്കാന്‍ ഇടവരരുതെന്നും പറഞ്ഞു.
സല്‍കര്‍മങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ മത്സരിക്കണമെന്നാണിനി പറയുന്നത്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് റബ്ബിന്‍റെ പാപമോചനം നേടാനും, മത്സരബുദ്ധിയോടെ സല്‍കര്‍മങ്ങള്‍ ചെയ്ത് ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലെത്താനും പറഞ്ഞ് അല്ലാഹു നമ്മളെ ആവേശഭരിതരാക്കുകയാണ്.
നിങ്ങള്‍ പ്രവേശിക്കേണ്ടത് സ്വര്‍ഗത്തിലാണ്. സൂക്ഷ്മത പാലിക്കുന്ന ഭയഭക്തന്‍മാര്‍ക്കു വേണ്ടിയാണ്, പ്രവിശാലമായ സ്വര്‍ഗം തയ്യാറാക്കിയിരിക്കുന്നത്.
وَسَارِعُوا إِلَىٰ مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِين (133)
നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും അതിദ്രുതം ചെല്ലുക; സൂക്ഷ്മാലുക്കള്‍ക്കായി സജ്ജീകൃതമാണത്.
സ്വര്‍ഗം മുത്തഖികള്‍ക്ക് 'തയ്യാറാക്കപ്പെട്ടിരിക്കുന്നു' എന്ന് ഇവിടെ പറഞ്ഞല്ലോ. നരകത്തെക്കുറിച്ചും ഇങ്ങനെ പറഞ്ഞത് നമ്മള്‍ പഠിച്ചിട്ടുണ്ട്. രണ്ടും ഇപ്പോള്‍ തന്നെ സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട് എന്നാണതിനര്‍ത്ഥം.
സ്വര്‍ഗത്തിന് ആകാശഭൂമിയുടെ വീതിയുണ്ടെന്നാണിവിടെ പറഞ്ഞത്. അതായത്, നീളം അതിലും കൂടുമെന്ന് അര്‍ത്ഥം. മുഅ്മിനീങ്ങളെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ അതിശയോക്തിക്കോ അവിശ്വസനീയതക്കോ സ്ഥാനമില്ല. അവിശ്വാസികളും മറ്റും സംശയിച്ചേക്കാം. പരിഹസിച്ചേക്കാം.
തിരുനബി صلى الله عليه وسلم യുടെ കാലത്തുതന്നെ ഈ വിഷയം പരിഹാസവിധേയമായിട്ടുണ്ട്. അവിടന്ന് രാജാക്കള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കുമൊക്കെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ച കൂട്ടത്തില്‍ റോമന്‍ ചക്രവര്‍ത്തി ഹിറഖ്‌ലി (ഹെറാക്ലിയസ്)നും അയച്ചിരുന്നു. അതില്‍, ഇസ്‌ലാം സ്വീകരിച്ചാല്‍ ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗം താങ്കള്‍ക്ക് ലഭിക്കുമെന്നും പറഞ്ഞിരുന്നു.
ഇതുകണ്ട ഹിറഖ്ല്‍ പരിഹാസത്തോടെ തിരുനബി صلى الله عليه وسلم ക്ക് മറുപടി എഴുതി: സ്വര്‍ഗത്തിനുതന്നെ ആകാശഭൂമികളുടെ വീതിയുണ്ടെങ്കില്‍പിന്നെ നരകമെവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരുനബി صلى الله عليه وسلم പ്രതികരിച്ചു: 'കഷ്ടം, പകല്‍ വരുമ്പോള്‍ രാത്രി എങ്ങോട്ടാണ് പോകുന്നത്?' (അഹ്‍മദ്). ശ്രോതാവിന്‍റെ ശ്രദ്ധ പെട്ടെന്ന് ക്ഷണിക്കുന്നൊരു മറുപടിയാണിത്.
പ്രപഞ്ചം എത്ര വലുതാണ്. വിശാലമാണ്. നമ്മള്‍ ഊഹിക്കുന്നതുപോലെയൊന്നുമല്ലല്ലോ അതിന്‍റെ വലിപ്പം. നാസയുടെ Jamesweb എന്ന അത്യന്താധുനിക സ്പേസ് ടെലസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഈയടുത്ത് വലിയ വാര്‍ത്തകളായിരുന്നല്ലോ. ഇതുവരെ കണാത്ത പ്രവിശാലമായ പ്രപഞ്ചത്തിന്‍റെ പല ഭാഗങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണിപ്പോഴും.
നമുക്കറിയാത്ത അത്രയും പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍, ആകാശഭൂമികളുടെ വീതിയും അതിനനുസൃതമായ നീളവുമുള്ള പരസ്സഹസ്രം സ്വര്‍ഗനരകങ്ങള്‍ക്ക് ഇടമുണ്ടാകാമല്ലോ. അതിലെന്താണിത്ര സംശയിക്കാനുള്ളത്?! ഇത് മനസ്സിലാകാന്‍ വലിയ വിവരമൊന്നും വേണ്ടല്ലോ.
അടുത്ത ആയത്ത് 134
മുത്തഖികള്‍ക്കാണ് പ്രവിശാലമായ സ്വര്‍ഗം പണിതുവെച്ചിട്ടുള്ളതെന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞു. ആ സ്വര്‍ഗത്തിന് അവകാശികളായ മുത്തഖീങ്ങളുടെ ചില പ്രധാനപ്പെട്ട ഗുണങ്ങള്‍ പറയുകയാണിനി.
الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ (134)
സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്നവരാണവര്‍ (സൂക്ഷ്മാലുക്കള്‍). പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.
മൂന്ന് കാര്യങ്ങളാണിവിടെ പറഞ്ഞത്:
ഒന്ന്: സന്തോഷഘട്ടത്തിലും വിഷമാവസ്ഥയിലും ധനം ചെലവഴിക്കുക. സമ്പത്ത് ചെലവഴിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണം തന്നെയാണ്. അത് വിഷമാവസ്ഥയിലാകുമ്പോള്‍ പ്രസായം പിന്നെയും കൂടും. റബ്ബിന്‍റെ പ്രത്യേകാനുഗ്രഹം ലഭിച്ചവര്‍ക്കുമാത്രമേ അതിന് കഴിയൂ.
അബൂബക്ര്‍ رضي الله عنه വിന്‍റെ സംഭവം കേട്ടിട്ടില്ലേ. വീട്ടില്‍ അല്ലാഹുവിനെയും റസൂലിനെയും മാത്രം ബാക്കിവെച്ച്, നിസ്സാരമാണെങ്കിലും ഉള്ളതു മുഴുവന്‍ തിരുനബി صلى الله عليه وسلم ക്ക് കൊണ്ടുവന്നുകൊടുത്തു. വീട്ടിലെന്താണ് ബാക്കി വെച്ചതെന്ന ചോദ്യത്തിന് – അല്ലാഹുവും റസൂലുമെന്ന് മറുപടിയും പറഞ്ഞു!
നല്ല വരുമാനവും സന്തോഷവുമൊക്കെ ഉള്ളപ്പോള്‍ കയ്യയച്ച് ചെലവഴിക്കുന്നവര്‍പോലും, വല്ല പ്രയാസമോ മറ്റോ ഉണ്ടായാല്‍ പിന്നെ, പിശുക്കരായി മാറും. അതേപോലെ, ചില പിശുക്കര്‍, വല്ല ആപത്തും കഷ്ടപ്പാടും വരുമ്പോള്‍, മനസ്സു മാറി ദാനധര്‍മങ്ങള്‍ ചെയ്യാറുമുണ്ട്. ഇപ്പറഞ്ഞ മുത്തഖികള്‍ അങ്ങനെയായിരിക്കയില്ല എന്ന് താല്‍പര്യം.
കഴിഞ്ഞ പേജില്‍ പലിശയെക്കുറിച്ച് പറഞ്ഞപ്പോള്‍, അത് നരകത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെ സ്വര്‍ഗത്തിലേക്ക് നയിക്കുന്ന ഗുണങ്ങളില്‍ ഒന്നാമതായി എണ്ണിയത്, പലിശയുടെ നേര്‍ വിപരീത സ്വഭാവമായ ദാനധര്‍മങ്ങളെയാണ്.
അതിന് കാരണമുണ്ട്: സമ്പത്ത് അല്ലാഹുവിന്‍റേതാണ്, ഓരോരുത്തരെയും താല്‍ക്കാലികമായി ഏല്പിച്ചതാണ്; നിലപാടെന്താണെന്നറിയാന്‍. അതുകൊണ്ട് കഴയുന്നപോലെ അവന്‍ കല്‍പിച്ച മാര്‍ഗങ്ങളല്‍ ചെലവഴിക്കാന്‍ സന്നദ്ധരാവുകയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിത്തരികയാണ്.
രണ്ട്: കോപം കടിച്ചമര്‍ത്തുക. ദേഷ്യം വന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ് അല്ലേ. എന്തൊക്കെയാണ് കാട്ടിക്കൂട്ടുക! മൂക്കത്താ ദേശ്യം എന്നൊക്കെ പറയാറില്ലേ. എന്തും ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടും, അതിനൊന്നും മുതിരാതെ ദേഷ്യം കടിച്ചമര്‍ത്തണം.
മൂന്ന്: മാപ്പുചെയ്യുക. മറ്റുള്ളവരില്‍ നിന്ന് അവിവേകമോ അതിക്രമമോ ഒക്കെ ഉണ്ടാകുമ്പോള്‍ വിട്ടുവീഴ്ച ചെയ്യുക. സല്‍സ്വഭാവികള്‍ക്കേ ഇതിന് കഴിയൂ.
തിരുനബി صلى الله عليه وسلم പറയുന്നു: ‘ധര്‍മം കാരണം ഒരു ധനവും കുറയുകയില്ല. മാപ്പ് കാരണം ആര്‍ക്കും പ്രതാപമമല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയുമില്ല. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉയര്‍ത്തുകയും ചെയ്യും.’ (മുസ്‍ലിം)
നേരത്തെ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ക്കും ശേഷം, ഇങ്ങനെ നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കും (وَاللَّهُ يُحِبُّ الْمُحْسِنِينَ) എന്നും പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്‍റെ സ്‌നേഹം ലഭിക്കുക എന്നതിലുപരി വേറെയെന്ത് മഹാഭാഗ്യമാണുള്ളത്!
വലിയ പ്രോത്സാഹനവും പ്രചോദനവും പ്രതിഫലവുമാണ് ഇത്തരം സല്‍സ്വഭാവങ്ങള്‍ക്ക് അല്ലാഹുവും തിരുനബി صلى الله عليه وسلم യും വാഗ്ദാനം ചെയ്തിട്ടുള്ളത്.
തിരുനബി صلى الله عليه وسلم പറയുന്നു: ദേഷ്യം പിടിച്ചൊരാള്‍, എന്തും ചെയ്യാന്‍ കഴിയുന്നതോടൊപ്പംതന്നെ അതടക്കിനിര്‍ത്തിയാല്‍, സുരക്ഷിതത്വവും വിശ്വാസവും അല്ലാഹു അവന്ന് സമ്പൂര്‍ണമാക്കിക്കൊടുക്കുന്നതാണ് (ദുര്‍റുല്‍മന്‍സൂര്‍ 4:316).
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മല്‍പിടുത്തം കൊണ്ടല്ല ഒരാള്‍ ശക്തനാകുന്നത്. ദേഷ്യം അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍.’ (ബുഖാരി, മുസ്‍ലിം).
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ദേഷ്യം പിശാചില്‍ നിന്നാണ്. പിശാചാകട്ടെ, അഗ്നിയാലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വെള്ളത്തിന് മാത്രമേ അഗ്നിയെ കെടുത്താനൊക്കൂ. അതുകൊണ്ട്, ദേഷ്യം പിടിച്ചവന്‍ വുളൂഅ് ചെയ്യട്ടെ.’ (അഹ്മദ്)
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്തൊരാള്‍ വന്ന് ഉപദേശം നല്‍കണമെന്നും, പഠിക്കാനുള്ള സൗകര്യാര്‍ത്ഥം അത് കുറഞ്ഞ വാക്കുകള്‍ മാത്രമായിരിക്കണമെന്നും അപേക്ഷിച്ചു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത് لاَ تغضب (താന്‍ ദേഷ്യപ്പെടരുത്) എന്നായിരുന്നു. അയാള്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. അപ്പോഴൊക്കെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ വാക്കുതന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്. (ബുഖാരി)
ഈ ഹദീസിന്‍റെ മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കൂടിയുണ്ട്: ‘ആ മനുഷ്യന്‍ പറഞ്ഞത്രെ: തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു നോക്കി. ശരിയാണല്ലോ, ദേഷ്യം, എല്ലാ തിന്മകളും അതിലടങ്ങിയിട്ടുണ്ട്.’
സല്‍സ്വഭാവത്തെക്കുറിച്ചും നിരവധി ഹദീസുകളുണ്ട്.
ബനൂസലമ ഗോത്രക്കാരനായ ഒരു സ്വഹാബി ഇസ്‌ലാം എന്താണെന്ന് തിരുനബി صلى الله عليه وسلم യോട് ചോദിച്ചപ്പോള്‍, സല്‍സ്വഭാവം എന്നായിരുന്നു മറുപടി. അയാള്‍ വീണ്ടും വീണ്ടും ചോദ്യമാവര്‍ത്തിച്ചു. തിരുനബി صلى الله عليه وسلم അതേ ഉത്തരമാണാവര്‍ത്തിച്ചത്. അങ്ങനെ അഞ്ചു പ്രാവശ്യം അതേവാക്ക് അവിടന്ന് പറഞ്ഞു (ബൈഹഖി).
അടുത്ത ആയത്ത് 135
മുത്തഖീങ്ങളുടെ നാലാമത്തെ ഗുണമാണ് അടുത്ത ആയത്തിലുള്ളത്. തെറ്റുകളെന്തെങ്കിലും ചെയ്തുപോയാല്‍ അല്ലാഹുവിനെ ഓര്‍മവരികയും ഉടനെ പാപമോചനം തേടുകയും ചെയ്യും. ഉടനെത്തന്നെ കുറ്റബോധമുണ്ടാകും. അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്ന പേടിയുണ്ടാകും. അങ്ങനെ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യും. ഇത്തരക്കാര്‍ക്ക് പാപമോചനവും സ്വര്‍ഗവുമുണ്ട്.
തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജമാണ്. ഈ മനുഷ്യരെ പടച്ചുപരിപാലിക്കുന്ന അല്ലാഹു, കാരുണ്യവാനും കരുണാനിധിയുമാണ്. അവന്‍റെ അടിമകളുടെ തെറ്റുകുറ്റങ്ങള്‍ അവനല്ലാതെ വേറെയാരാ പൊറുക്കുക?!
അതുകൊണ്ടുതന്നെ തെറ്റ് ചെയ്താല്‍ ഉടനെ ഖേദിച്ചുമടങ്ങി മാപ്പ് ചോദിക്കണം. അത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ആത്മാര്‍ഥമായ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. തെറ്റ് ചെയ്തവനെ ശുദ്ധിയാക്കുകയും ചെയ്യും.
അല്ലാതെ, തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കാന്‍ പാടില്ല. കുറ്റമാണെന്നറിഞ്ഞുകൊണ്ട് അതില്‍തന്നെ ഉറച്ചുനില്‍ക്കുന്നത് നന്ദികേടും ധിക്കാരവുമാണ്.
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ (135)
എന്തെങ്കിലും ഹീനകൃത്യം പ്രവര്‍ത്തിക്കുകയോ ആത്മദ്രോഹമനുവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ അല്ലാഹുവിനെയോര്‍ക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യും-അവനല്ലാതെയാരുണ്ട് ദോഷങ്ങള്‍ പൊറുക്കാന്‍? അറിഞ്ഞു കൊണ്ടവര്‍ സ്വന്തം ദുഷ്‌ചെയ്തികളില്‍ ഉറച്ചു നില്‍ക്കില്ല.
നീചകൃത്യം (فَاحِشَة) - വ്യഭിചാരമാണ് ഉദ്ദേശ്യമെന്ന് പറഞ്ഞ പല പണ്ഡിതരുമുണ്ട്. أَوْ ظَلَمُوا أَنْفُسَهُمْ (തങ്ങളെതന്നെ ദ്രോഹിക്കുക) എന്ന് പറഞ്ഞത്, മറ്റെല്ലാ പാപങ്ങളും ചെയ്യുക എന്നാണുദ്ദേശ്യം.
അബൂമുഖ്ബില്‍ എന്ന് വിളിപ്പേരുള്ള ഒരു ഈത്തപ്പഴക്കച്ചവടക്കാരനുണ്ടായിരുന്നു. നബ്ഹാന്‍ എന്നാണ് ശരിയായ പേര്. ഒരിക്കല്‍ സുന്ദരിയായൊരു പെണ്ണ് ഈത്തപ്പഴം വാങ്ങാന്‍ വന്നു. കച്ചവടം നടക്കുന്നതിനിടയില്‍ അയാള്‍ അവളെ കെട്ടിപ്പിടിച്ചു, ചുംബിച്ചു. പക്ഷേ, പെട്ടെന്നുതന്നെ വല്ലാത്ത കുറ്റബോധം തോന്നി. ഖേദിച്ചു. ഓടിച്ചെന്നു തിരുനബി صلى الله عليه وسلم യുടെയടുത്തേക്ക്. വിഷയം പറഞ്ഞു. തല്‍സമയമാണ് ഈ സൂക്തം അവതീര്‍ണമായത് (ഇമാം ഇബ്‌നു അബ്ബാസ് رضي الله عنهما - ഖുര്‍ഥുബി).
وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ
വല്ലാത്തൊരു അനുഗ്രഹമാണ് അല്ലാഹുവിന്‍റെ ഈ പാപമോചന വാഗ്ദാനം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തെറ്റുകളില്‍ പെട്ടുപോയേക്കാം. എന്നാല്‍ പശ്ചാത്താപപൂര്‍ണമായ മനസ്സുമായി അല്ലാഹുവിന്‍റെ മുമ്പില്‍ കൈയുയര്‍ത്തുന്നവര്‍ക്ക് ഏത് വലിയ പാപവും അവന്‍ പൊറുത്തുകൊടുക്കും. എന്നുമാത്രമല്ല, നമ്മള്‍ തൌബ ചെയ്തുമടങ്ങുന്നത്, അല്ലാഹുവിന് വലിയ ഇഷ്ടമാണ്. വലിയ സന്തോഷവുമാണ്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മരുഭൂമിയില്‍ വെച്ച് ഒരാളുടെ ഒട്ടകം (വാഹനം) കാണാതായിട്ട്, അത് തിരിച്ചുകിട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സന്തോഷത്തേക്കാള്‍ അധികമാണ്, അല്ലാഹുവിന് അവന്‍റെ അടിമ പശ്ചാത്തപിക്കുന്നതിലുള്ള സന്തോഷം.’ (ബുഖാരി, മുസ്‍ലിം)
ഈ ആയത്തില്‍, തെറ്റു ചെയ്തവന്‍റെ പശ്ചാത്താപത്തെപ്പറ്റി പറഞ്ഞിട്ട്, ആ വാചകം പൂര്‍ത്തിയാകുംമുമ്പുതന്നെ - ഇടക്കുവെച്ച് وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ (അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക?!) എന്ന് ചോദിച്ചത് കണ്ടില്ലേ? എത്രമാത്രം സന്തോഷദായകമായ, ആശാവഹമായ വാക്കാണിത്! ഏത് മഹാപാപം ചെയ്തവനും അല്ലാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കാം. അവനോട് പാപമോചനം തേടാം.
ഈ നൂറ്റിമുപ്പത്തഞ്ചാം സൂക്തമിറങ്ങിയപ്പോള്‍ തീരെ പിടിക്കാത്ത ചിലരുണ്ടായിട്ടുണ്ട്; ഇബ്‌ലീസും കൂട്ടരും. കൂട്ടനിലവിളിയായിരുന്നുവത്രെ. ഈ കൂട്ടക്കരച്ചില്‍ കേട്ട് കരയിലും കടലിലുമൊക്കെയുണ്ടായിരുന്ന അവന്‍റെ അനുയായികള്‍ സമ്മേളിച്ചു.
കൂട്ടക്കരച്ചിലിന് കാരണമന്വേഷിച്ചപ്പോള്‍ ഇബ്‌ലീസ് പ്രതികരിച്ചു: 'അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലതാ ഒരു സൂക്തം അവതരിച്ചിരിക്കുന്നു. ഇനി പാപം ചെയ്തെന്നുവെച്ച് മനുഷ്യന് അതൊരു ദോഷവും വരുത്തില്ല.'
സംഗതി വിശദീകരിച്ചുകൊടുത്തപ്പോള്‍ അനുയായികള്‍ പറഞ്ഞു: ഓ അതാണോ വിഷയം. അത് സാരമില്ല. പരിഹാരമുണ്ട്, 'നമുക്ക് ദേഹേച്ഛയുടെ കവാടങ്ങള്‍ അവര്‍ക്ക് തുറന്നുകൊടുക്കാം. അപ്പോള്‍പിന്നെ അവര്‍ പശ്ചാത്തപിക്കുകയോ പാപമോചനം തേടുകയോ ചെയ്യുകയില്ല. തെറ്റാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും അവര്‍ക്ക് കഴിയില്ല.' ഈ പരിഹാരം കേട്ട് ഇബ്‌ലീസിന് സന്തോഷമായി (തുര്‍മുദി).
എല്ലാവരെയും ഞാന്‍ പിഴപ്പിച്ചുകൊണ്ടിരിക്കും എന്ന് ഇബ്‍ലീസ് റബ്ബിനോട് വീമ്പ് പറഞ്ഞപ്പോള്‍, നല്ല വായടപ്പന്‍ മറുപടി കൊടുത്തിട്ടുണ്ട് അല്ലാഹു. നമുക്കൊക്കെ നല്ല ആശ്വാസം തരുന്ന മറുപടി.
وروى الإمام أحمد في مسنده عن أبي سعيد عن النبي صلى اللّه عليه وسلم قال: إِنَّ الشيطانَ قال: وعِزَّتِكَ يا رَبِّ لا أَبْرَحُ أُغْوِي عِبادَكَ ما دَامَتْ أَرْوَاحُهُمْ في أَجْسادِهمْ، فقال الرَّبُّ: وعزَّتي وجَلالِي لا أَزَالُ أَغْفِرُ لهُمْ ما اسْتَغْفَرُونِي.
(ഇബ്‍ലീസ് പറഞ്ഞു: എന്‍റെ റബ്ബേ, നിന്‍റെ പ്രതാപം തന്നെ സത്യം, മനുഷ്യശരീരങ്ങളില്‍ റൂഹുള്ളിടത്തോളം കാലം ഞാനവരെ പിഴപ്പിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്‍റെ മറുപടി: എന്‍റെ പ്രതാപവും മഹത്വവും തന്നെ സത്യം, അവരെന്നോട് പൊറുക്കല്‍ തേടുന്നിടത്തോളം ഞാനവര്‍ക്ക് മാപ്പ് ചെയ്തുകൊണ്ടേയിരിക്കും-അഹ്‍മദ്)
ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഖേദവും സങ്കടവുമൊക്കെ സഹിതം പശ്ചാത്തപിക്കുന്നതിനേ ഫലമുണ്ടാകൂ. കുറ്റകൃത്യത്തിലേക്ക് ഇനി മടങ്ങിപ്പോകില്ലെന്ന് ദൃഢനിശ്ചയം ചെയ്യുകയും വേണം. യാന്ത്രികമായി ഇസ്തിഗ്ഫാറിന്‍റെ വചനങ്ങള്‍ ചുണ്ടിലൂടെ സഞ്ചരിക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല.
'നമ്മുടെ ഇസ്തിഗ്ഫാര്‍, പിന്നെയും മറ്റൊരു ഇസ്തിഗ്ഫാറിന് കാരണമാകുന്നു' എന്ന് ഇമാം ഹസനുല്‍ ബസ്വ്‌രി(رحمه الله) പറഞ്ഞത് എത്ര അര്‍ത്ഥഗര്‍ഭമാണ്!
ഈ പ്രസ്താനവനെയെക്കുറിച്ച് ഇമാം ഖുര്‍ഥുബി(رحمه الله) എഴുതുന്നു: ഹസനുല്‍ബസ്വ്‌രി(رحمه الله) ഇപ്പറഞ്ഞത് അന്നത്തെ അവസ്ഥയാണ്. എന്നാല്‍, തെറ്റുകള്‍ ചെയ്യുന്നത് നിറുത്താതെ, താല്പര്യപൂര്‍വം അതില്‍ ചടഞ്ഞുകൂടുന്ന ഇക്കാലത്തെ അവസ്ഥയെന്താണ്? കൈയില്‍ തസ്ബീഹ് മാല പിടിച്ച് താന്‍ പാപമോചനം തേടുകയാണെന്നാണ് വാദം. ഇത് അല്ലാഹുവിനെ പരിഹസിക്കലും നിസ്സാരമാക്കലുമാണ്. (തഫ്‌സീര്‍ ഖുര്‍ഥുബി 4:211).
എന്താണ് നമ്മുടെയൊക്കെ ഇന്നത്തെ അവസ്ഥ! നേരത്തെ ഇബ്ലീസിന്‍റെ അനുയായികള്‍ പറഞ്ഞപോലെ, ചെയ്യുന്നത് തെറ്റാണെന്ന് പോലും നമ്മളറിയുന്നില്ല! അത്രയും സാര്‍വത്രികമായിരിക്കുന്നു തിന്മകള്‍. അതിപ്പോ എല്ലാവരും ചെയ്യുന്നതല്ലേ. ഇക്കാലത്ത് പിന്നെ എങ്ങനെയാണ് ജീവിക്കുക... ഇങ്ങനെ കുറെ ന്യായങ്ങള്‍ നിരത്തും നമ്മള്‍.
അടുത്ത ആയത്ത് 136
മേല്‍പറഞ്ഞ നല്ല സ്വഭാവങ്ങള്‍ കൊണ്ടുനടക്കുന്ന മുത്തഖീങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണിനി പറയുന്നത്.
സന്തോഷ-സന്താപാവസ്ഥകളില്‍ ധനം ചെലവഴിക്കുക, ദേശ്യം കടിച്ചമര്‍ത്തുക, മാപ്പു ചെയ്യുക, തെറ്റുകള്‍ ചെയ്തുപോയാല്‍ കുറ്റബോധമുണ്ടാവുകയും പാപമോചനമര്‍ഥിക്കുകയും ചെയ്യുക, തെറ്റുകള്‍ സ്ഥിരമായി ചെയ്യാതിരിക്കുക – ഈ സല്‍ഗുണങ്ങള്‍ കൊണ്ടുനടക്കുന്നവരാണ് മുത്തഖികള്‍. ഇവര്‍ വിജയികളാണ്. സുഖസുഭിക്ഷതകള്‍ നിറഞ്ഞ സ്വര്‍ഗങ്ങള്‍ പ്രതിഫലമായി ലഭിക്കും. അതിലവര്‍ ശാശ്വത വാസികളുമാണ്. എന്തൊരു മഹാഭാഗ്യം അല്ലേ!
أُولَٰئِكَ جَزَاؤُهُمْ مَغْفِرَةٌ مِنْ رَبِّهِمْ وَجَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ (136)
രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമുക്തിയും, അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രതിഫലം. അവരതില്‍ ശാശ്വതരത്രേ. സല്‍കര്‍മനിരതരുടെ കൂലി എത്ര ഉദാത്തം!
അടുത്ത ആയത്ത് 137
ബദ്ര്‍ യുദ്ധ വിജയവും ഉഹുദിലെ താല്‍ക്കാലിക പരാജയവും സംബന്ധിച്ച് കഴിഞ്ഞ ചില പേജുകളില്‍ നമ്മള്‍ പഠിച്ചിരുന്നല്ലോ. ഇത്തരം വിജയ-പരാജയങ്ങളും മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മറ്റു കാര്യങ്ങളുമെല്ലാം അല്ലാഹുവിന്‍റെ നടപടിച്ചട്ടങ്ങള്‍ക്ക്, സമ്പ്രദായത്തിന് അനുസൃതമായാണ് നടക്കുന്നത്.
പ്രവാചകന്‍മാരും അനുയായികളും ഒരു ഭാഗത്തും, സത്യനിഷേധികള്‍ മറുഭാഗത്തുമായി എത്രയോ ഏറ്റുമുട്ടലുകള്‍ ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്.
ഭൂമിയിലൂടെ സഞ്ചരിച്ച്, കഴിഞ്ഞുപോയ സമുദായങ്ങളുടെ പര്യവസാനം എങ്ങനെയൊയിരുന്നെന്ന് അന്വേഷിച്ച് നോക്കിയാല്‍, ഇപ്പറഞ്ഞതിന് ധാരാളം തെളിവുകള്‍ ലഭിക്കും.
قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ (137)
വിവിധ ദൈവിക നടപടിച്ചട്ടങ്ങള്‍ നിങ്ങള്‍ക്കു മുമ്പും കഴിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് ഭൂമിയില്‍ യാത്ര ചെയ്ത് നിഷേധികളുടെ പരിണതി എങ്ങനെയുണ്ടായിരുന്നുവെന്നു നോക്കിക്കാണുക.
നിങ്ങളെപോലെ ഒട്ടേറെ സമുദായങ്ങള്‍ ജീവിച്ചിരുന്നു ഇവിടെ. ആദ്, സമൂദ്, ലൂഥ് നബിയുടെയും ഹൂദ് നബി(عليهم السلام)ന്‍റെയും ജനതകള്‍... അവരൊക്കെ വിവിധ രീതിയില്‍ ഉന്മൂലനാശത്തിന് വിധേയരായവരാണ്. അവരില്‍ പലരുടെയും അടയാളങ്ങളും അവശിഷ്ടങ്ങളുമൊക്കെ നൂറ്റാണ്ടുകള്‍ തന്നെ നിലനിന്നിരുന്നു. ഇന്നും പലതും നിലവിലുണ്ടുതാനും.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത്, അറബികളില്‍ പലരും യാത്രകള്‍ക്കിടെ അത്തരം ദൃഷ്ടാന്തങ്ങള്‍ കണ്ടതുമാണ്. അതാണ് അല്ലാഹു സൂറത്തുസ്സ്വാഫ്ഫാത്തില്‍ ചോദിക്കുന്നത്: 'പിന്നീട് മറ്റുള്ളവരെ നാം നശിപ്പിച്ചു. അവരുടെയടുത്തുകൂടി രാവിലെയും രാത്രിയുമൊക്കെ നിങ്ങള്‍ കടന്നുപോകുകതന്നെ ചെയ്യുന്നുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?' (അസ്സ്വാഫ്ഫാത്ത് 137,138).
അടുത്ത ആയത്ത് 138
പൂര്‍വ സമൂഹങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനാണല്ലോ തൊട്ടുമുമ്പ് കല്‍പിച്ചത്. മനുഷ്യര്‍ക്ക് പൊതുവെ മനസ്സിലാക്കാന്‍ വേണ്ടിയാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ വിവരിച്ചുതരുന്നത്. സൂക്ഷ്മത പാലിക്കുന്ന സത്യവിശ്വാസികള്‍ക്ക് അത് മാര്‍ഗദര്‍ശനവും സദുപദേശവും കൂടിയാണ്. അവരാണല്ലോ അത് ഉപയോഗപ്പെടുത്തുന്നത്.
هَٰذَا بَيَانٌ لِلنَّاسِ وَهُدًى وَمَوْعِظَةٌ لِلْمُتَّقِينَ (138)
മാനവതക്കുള്ള വ്യക്തമായ ഒരു പ്രതിപാദനവും സൂക്ഷ്മാലുക്കള്‍ക്കുള്ള മാര്‍ഗദര്‍ശനവും ഉപദേശവുമാണ് ഈ ഖുര്‍ആന്‍.
هَٰذَا بَيَانٌ لِلنَّاسِ
എല്ലാ ജനവിഭാഗങ്ങള്‍ക്കുമുള്ള വ്യക്തമായൊരു വിവരണമാണിത്. ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമന്യെ എല്ലാവര്‍ക്കും ഈ ഖുര്‍ആന്‍റെ പ്രതിപാദനങ്ങള്‍ ഉള്‍ക്കൊള്ളാനാകും. അത്രയും ലളിതമാണത്. 'സര്‍വര്‍ക്കുമുള്ള ഒരുദ്‌ബോധനമാണിത്' എന്നാണ് സൂറത്തുല്‍ഖലം 52 ലും അത്തക്‌വീര്‍ 27 ലും പറഞ്ഞത്.
وَمَوْعِظَةٌ لِلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകവും സദുപദേശവുമാണ്.
ഖുര്‍ആന്‍റെ ഈ വെളിച്ചം ലഭിക്കാന്‍ ജീവിതത്തില്‍ സൂക്ഷ്മത പാലിക്കണം. അവര്‍ക്കേ ഖുര്‍ആന്‍റെ സദുപദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ.
ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ فِيهِ ('ഈ ഖുര്‍ആന്‍ നിസ്സംശയം, സൂക്ഷ്മാലുക്കള്‍ക്ക് മാര്‍ഗദര്‍ശകമാണ്') എന്ന് സൂറത്തുല്‍ബഖറയുടെ തുടക്കത്തിലും കാണാമല്ലോ.
മക്കയിലെ മുശ്രിക്കുകളെക്കുറിച്ചാലോചിച്ചുനോക്കൂ. തിരുനബി صلى الله عليه وسلم യുടെ തിരുചുണ്ടില്‍ നിന്ന് നേര്‍ക്കുനേരെ ഖുര്‍ആന്‍ സൂക്തങ്ങള്‍ കേള്‍ക്കാനവസരം ലഭിച്ചവരാണവര്‍. പക്ഷേ, ഈ പറഞ്ഞ സൂക്ഷ്മത ഇല്ലാത്തതുകൊണ്ട് ഉപകാരപ്പെട്ടില്ല.
അടുത്ത ആയത്ത് 139
സത്യവിശ്വാസികളെ ആശ്വസിപ്പിക്കുകയാണിനി.
ഉഹുദില്‍ മുസ്‌ലിംകള്‍ക്ക് ചില പ്രയാസങ്ങളുണ്ടായെന്ന് നേരത്തെ പറഞ്ഞല്ലോ. 70 സ്വഹാബികള്‍ ശഹീദായി. പലര്‍ക്കും മുറിവുകളേറ്റു. തിരുനബി صلى الله عليه وسلم യുടെ പല്ല് പൊട്ടുകയും തിരുവദനം മുറിവേറ്റ് രക്തമൊലിക്കുകയും ചെയ്തു.
അല്‍പംമുമ്പ് ബദ്‌റില്‍, തങ്ങളെക്കാള്‍ മൂന്നിരട്ടി വരുന്ന സര്‍വായുധവിഭൂഷിതരായ ശത്രുക്കളെ പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നിലാണിത് സംഭവിക്കുന്നത്.
തികച്ചും അപ്രതീക്ഷിതമായ പരാജയം! ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളില്‍ ചിലര്‍ തന്നെ പറഞ്ഞത്രെ: അത്ഭുതം! നാം മുസ്‌ലിംകളാണല്ലോ, എന്നിട്ടും ഈ ഇതെങ്ങനെ സംഭവിച്ചു? തല്‍സമയമാണ് ഈ സൂക്തം അവരിച്ചത്.
ഇപ്പോഴത്തെ അപ്രതീക്ഷിതമായ പരാജയത്തില്‍ നിങ്ങള്‍ തളര്‍ന്നുപോകരുത്. ഉഹുദിലെ പരാജയത്തിന് കാരണമുണ്ട്. തിരുനബി صلى الله عليه وسلم യുടെ കല്‍പന കുറച്ചാളുകള്‍ ലംഘിച്ചു എന്നതാണത്. തിരുനബി صلى الله عليه وسلم യുടെ കല്‍പനയാകട്ടെ, അല്ലാഹുവിന്‍റെ കല്‍പനയാണുതാനും.
അല്ലാഹുവിനെയും റസൂല്‍ صلى الله عليه وسلم യെയും പൂര്‍ണമായി അനുസരിക്കാതെ സത്യവിശ്വാസികള്‍ക്ക് വിജയം നേടാനാകില്ല. മാത്രമല്ല, കാര്യകാരണ ബന്ധങ്ങളിലൂടെ പ്രാപഞ്ചിക നടപടികള്‍ നിയന്ത്രിക്കുന്നവനാണ് അല്ലാഹു. അങ്ങനെ നോക്കുമ്പോള്‍ നിങ്ങളുടെ പരാജയത്തില്‍ അത്ഭുതമില്ല.
രണാങ്കണത്തിലേക്ക് കടക്കുന്ന മലഞ്ചെരിവില്‍ നിന്ന് നിങ്ങളെല്ലാവരും ഇറങ്ങിപ്പോന്ന് അവിടം കാലിയാക്കി വിട്ടുപോന്നാല്‍, അതിലൂടെ ശത്രുക്കള്‍ കടന്നാക്രമണം നടത്താതിരിക്കില്ലല്ലോ.
അതുകൊണ്ട് നിങ്ങള്‍ വിശ്വാസം അരക്കിട്ടുറപ്പിക്കുക. പൂര്‍ണമായ അനുസരണമുള്ളവരാവുക. എങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പിക്കാനാവില്ല.
وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ (139)
നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആകരുത്; സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതന്മാര്‍.
ഈ വാഗ്ദാനം പുലര്‍ന്നിട്ടുമുണ്ട്. ഉഹുദില്‍ നിന്ന് പാഠമുള്‍ക്കൊണ്ട സ്വഹാബികള്‍ തിരുനബി صلى الله عليه وسلم യൊന്നിച്ച് പിന്നെയും നിരവധി പ്രതിരോധ ധര്‍മസമരങ്ങളില്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തത് പ്രസിദ്ധമാണല്ലോ.
അടുത്ത ആയത്ത് 140
സത്യവിശ്വാസികളെ ഒന്നുകൂടി സമാധാനിപ്പിക്കുകയാണ്. പരാജയമോ മറ്റോ ഉണ്ടാകുമ്പോഴേക്കും അക്ഷമരാകരുത്. ജയവും പരാജയവും സ്വാഭാവികമാണ്. ആര്‍ക്കും അത് സംഭവിക്കാം. അതെല്ലാം കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണ്. ഉഹുദിലെ ഈ പരാജയം കൊണ്ടുമാത്രം നിങ്ങള്‍ക്ക് മനോധൈര്യം നഷ്ടപ്പെടുകയാണെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് ദൂരവ്യാപകമായിരിക്കും.
അല്ലാഹു അവരെ അഭിസംബോധന ചെയ്തുപറയുന്നത് നോക്കൂ:
ബഹുദൈവവിശ്വാസികള്‍ ഉഹുദില്‍ നിങ്ങളെ പരാജയപ്പെടുത്തിയെങ്കില്‍, നഷ്ടം വരുത്തിവെച്ചെങ്കില്‍ അതില്‍ ദുഃഖിക്കാനെന്തിരിക്കുന്നു? കുറച്ചു മുമ്പ് ബദ്‌റില്‍ നിങ്ങള്‍ ഇതിനേക്കാള്‍ വലിയ നഷ്ടമല്ലേ അവര്‍ക്ക് വരുത്തിവെച്ചത്. അന്ന് അവരുടെ നട്ടെല്ലൊടിഞ്ഞു. എഴുപത് വന്‍തോക്കുകളാണ് കൊല്ലപ്പെട്ടത്. അത്ര തന്നെ പേര്‍ തടവിലുമായി. സത്യവിശ്വാസികളില്‍ നിന്ന് 14 പേര്‍ മാത്രമാണ് രക്തസാക്ഷിത്വം വരിച്ചത്.
യുദ്ധം ഇങ്ങനെത്തന്നെയാണ്. ഫലങ്ങള്‍ മാറിമറിഞ്ഞുവരാം. അതുപക്ഷേ മനസ്സുകള്‍ ദുര്‍ബലമാകാന്‍ കാരണമാകരുത്. എല്ലാ പ്രാവശ്യവും ഒരു ടീം തന്നെ ജയിക്കണമെന്നില്ല.
മാത്രമല്ല, ഉഹുദില്‍ നിങ്ങള്‍ക്കുണ്ടായ ഈ അനുഭവത്തിന് വേറെയും കാരണമുണ്ട്. ഈ യുദ്ധ നടപടിയിലൂടെ അല്ലാഹുവിന്ന് പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു: നിങ്ങളുടെ കൂട്ടത്തില്‍ ആരാണ് ശരിയായ സത്യവിശ്വാസികള്‍ എന്ന് വ്യക്തമായി അറിയണം. എന്തെങ്കിലും വിഷമങ്ങളോ ഭാവവ്യത്യാസങ്ങളോ വരുമ്പോഴേക്ക് യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയോ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാതിരിക്കുകയോ ഒക്കെ ചെയ്യുന്നവരെയും വേര്‍തിരിച്ചറിയണം.
എന്നുമാത്രമല്ല, രക്തസാക്ഷിത്വത്തിന്‍റെ അത്യുന്നത പദവി നല്‍കി നിങ്ങളില്‍ ഒരുപാടുപേരെ ആദരിക്കാന്‍ അല്ലാഹുവിനുദ്ദേശ്യമുണ്ടായിരുന്നു. ഈദൃശമായ പശ്ചാത്തലത്തിലാണ് ഉഹുദിലെ പരാജയം സംഭവിച്ചത്. അതിന്‍റെ പേരില്‍ മാനസികക്ഷതമോ അപകര്‍ഷബോധമോ പരാജയഭീതിയോ ഒന്നും നിങ്ങളെ തീണ്ടിക്കൂടാ.
إِنْ يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنْكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ (140)
ഉഹുദില്‍ നിങ്ങള്‍ക്കു ദുരിതം ബാധിച്ചുവെങ്കില്‍ അതുപോലെ മുമ്പ് ബദ്‌റില്‍ അക്കൂട്ടര്‍ക്കും ദുരന്തമേല്‍ക്കുകയുണ്ടായി. ആ യുദ്ധനാളുകള്‍ ആളുകള്‍ക്ക് മാറിമാറി നല്‍കുകയാണു നാം; വിശ്വാസികളെ അല്ലാഹു സ്പഷ്ട ലക്ഷണങ്ങളിലൂടെയറിയാനും നിങ്ങളില്‍ നിന്ന് വിശ്വാസികളെ ശുദ്ധീകരിക്കാനും നിഷേധികളെ നശിപ്പിക്കാനും രക്തസാക്ഷികളെയുണ്ടാക്കാനും വേണ്ടി. അതിക്രമകാരികളെ അവന്‍ സ്‌നേഹിക്കുകയില്ല.
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment