ബാൾട്ടിക് രാജ്യങ്ങളിലെ ഇസ്‌ലാം 2
ലിത്വാനിയ
630 വർഷം മുമ്പ് ക്രിമിയൻ ഖാൻമാരുടെ സഹായത്തിനായി അയച്ച ഒരു കൂട്ടം സൈനികരിലൂടെയും ഗവർണർമാരിലൂടെയുമാണ് ലിത്വാനിയയിലെ മുസ്‌ലിംകളുടെ ചരിത്രം ആരംഭിക്കുന്നത്. യൂറോപ്പിൽ നിന്ന് വരുന്ന ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന ക്രിമിയൻ തുർക്കികൾക്ക് വിറ്റാറ്റാസ് രാജകുമാരൻ ഭൂമി നൽകുന്നതോടെ അവർ സ്ഥിരതാമസം തുടങ്ങി. ടാറ്റർമാർ (വിവിധ തുർക്കി വംശീയ വിഭാഗങ്ങളെ വിളിക്കുന്ന പദം) നൂറ്റാണ്ടുകളായി ലിത്വാനിയയിൽ താമസിക്കുകയും രാജ്യത്തെ സേവിച്ച് പ്രദേശവാസികളുമായി ഇടപഴകി രാജ്യത്തോട് ചേർന്നു നിൽക്കുകയും ചെയ്‌തു. ലിത്വാനിയയിൽ ഇപ്പോഴും കുറച്ച് ടാറ്റർ ഗ്രാമങ്ങളുണ്ട്. ലിത്വാനിയയിലെ ജനങ്ങളും അധികാരികളും ടാറ്ററുകളോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവരുടെ പാരമ്പര്യത്തിലും ജീവിതരീതിയിലും ഭരണകൂടം ഇടപെടാറില്ല.
യൂറോപ്പിൽ പാരമ്പര്യമായി ജീവിക്കുന്ന പഴയ മുസ്‌ലിം സമുദായമാണ് ലിത്വാനിയയിലുള്ളത്. ടാറ്റർ മുസ്‌ലിം സമൂഹം 650 വർഷമായി ലിത്വാനിയയിലെ ഗ്രാൻഡ് ഡച്ചി (ഇപ്പോൾ ലിത്വാനിയ, ബെലാറസ്, പോളണ്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു) എന്ന പ്രദേശത്ത് താമസിക്കുന്നുണ്ട്. 3 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 7,000 മുസ്‌ലിംകളുണ്ട്. അവരിൽ ഭൂരിഭാഗവും ഹനഫി മദ്ഹബ് പിന്തുടരുന്ന പ്രാദേശിക ടാറ്റാറുകളാണ്.
1914 ൽ ലിത്വാനിയയിൽ 25 മസ്‌ജിദുകളുണ്ടായിരുന്നു. ഇന്ന്, രാജ്യത്ത് പ്രാർത്ഥനയ്ക്കായി നാല് മസ്ജിദുകൾ മാത്രമേയുള്ളൂ. തലസ്ഥാനമായ വില്നിയസിന്റെ മധ്യ തെരുവുകളിലൊന്നിനെ മെസെറ്റസ് അഥവാ “മസ്ജിദ് സ്ട്രീറ്റ്” എന്നാണ് വിളിക്കുന്നത്. ഒരുകാലത്ത് ഇവിടെ നിലനിന്നിരുന്ന വലിയ പള്ളിയുടെ പേരിലാണ് ഈ തെരുവിന് പേര് നൽകിയിരിക്കുന്നത്. സോവിയറ്റ് അധിനിവേശകാലത്ത് 1962 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ പള്ളി പൊളിച്ചുമാറ്റി. മറ്റ് കെട്ടിടങ്ങൾ അവിടെ നിർമ്മിച്ചു. ഇന്ന്, നിലവിൽ അവിടെ ഒരു പള്ളിയുമില്ല.
Also Read:ബാൾട്ടിക് രാജ്യങ്ങളിലെ ഇസ്‌ലാം
മസ്ജിദുകളിൽ രജിസ്റ്റർ ചെയ്ത മുസ്‌ലിംകൾ ചേർന്നാണ് അധികാരികളുടെ മുമ്പാകെ ഒരു മുഫ്തിയെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ലിത്വാനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കൗനാസിലാണ്. 1933 ൽ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ മസ്ജിദ് നിർമ്മിച്ചത്. അറബിയിൽ നിന്ന് പുസ്തകങ്ങളുടെ വിവർത്തനം, ഇസ്‌ലാമിനെക്കുറിച്ച് വിശദീകരിക്കുന്ന കോഴ്‌സുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും ആക്റ്റിവിസ്റ്റുകളും ചേർന്ന് നടത്തുന്നു. ലിത്വാനിയൻ സർക്കാർ ഇസ്‌ലാമിനെ രാജ്യത്തെ പരമ്പരാഗത മതങ്ങളിലൊന്നായി അംഗീകരിക്കുന്നത് 1995 ലാണ്. അന്ന് മുതൽ മുഫ്തിയുടെ ഓഫീസിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ തുടങ്ങി.
ലിത്വാനിയയിലെ മുസ്‌ലിംകളോട് തുർക്കിക്ക് പ്രത്യേക താൽപര്യമുണ്ട്. ടാറ്റർമാരുടെ രക്തബന്ധമാണ് കാരണം. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള എംബസികൾ രാജ്യത്ത് ഇല്ലാത്തതിനാൽ ലിത്വാനിയയിലെ മുസ്‌ലിംകൾക്ക് സഹായം എത്തുന്നത് തുർക്കിയിൽ നിന്നാണ്. ലിത്വാനിയൻ മുസ്‌ലിം ജീവിതത്തോടുള്ള ടർക്കിഷ് താൽപ്പര്യത്തിന്റെ ഭാഗമായി ഫെത്തുല്ല ഗെലന്റെ ഹിസ്മെറ്റ് ഓർഗനൈസേഷൻ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ഹിസ്മെറ്റ് വിൽനിയസ് ഇന്റർനാഷണൽ മെറിഡിയൻ സ്കൂൾ (വിംസ്), 2008 ൽ അസോസിയേഷൻ ബൽതുർക്ക കൾച്ചർ അക്കാദമി എന്നിവ 'ഹിസ്മെറ്റ്' സ്ഥാപിച്ചു. വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളിൽ തുർക്കി ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായും ഇസ്‌ലാമിന്റെ വശങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Leave A Comment