റഷ്യയിലെ മുസ്‌ലിംകൾ
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ളത് റഷ്യയിലാണ്. 2017 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനമാണ് റഷ്യയിലെ മുസ്ലീങ്ങളുടെ എണ്ണം. മോസ്കോയിലാണ് റഷ്യയിലെ മുഫ്തിസ് കൗൺസിൽ പ്രവർത്തിക്കുന്നത്. മുസ്ലീം സ്പിരിച്വൽ അതോറിറ്റി ഉഫ നഗരത്തിലാണ്. മുസ്‌ലിംകളുടെ ഏകോപന കേന്ദ്രമായി പ്രവർത്തിക്കുന്ന കോക്കസിലാണ് മുസ്‌ലിം ആത്മീയ അതോറിറ്റി നിലനിൽക്കുന്നത്.
റഷ്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും സുന്നി വിഭാഗക്കാരാണ്. മൂന്നു ശതമാനത്തോളമുള്ള ഡാഗെസ്താനിലെ അസേരി വംശജർ ഷിയ മുസ്ലിംകളാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. റഷ്യയിലെ മുസ്‌ലിംകൾ നൂറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്ന പ്രാദേശിക ജനതയാണ്. ഭൂരിഭാഗം മുസ്‌ലിംകളും വോൾഗ-യുറൽ, വടക്കൻ കോക്കസസ് പ്രദേശങ്ങളിലാണ് താമസിക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ - തലസ്ഥാനമായ മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിൽ ഗണ്യമായ മുസ്‌ലിം ജനസംഖ്യയുണ്ട്.
ഇന്ന് കാണുന്ന റഷ്യൻ അതിർത്തിയിലേക്ക് ഇസ്ലാം എത്തുന്നത് ഏഴാം നൂറ്റാണ്ടിലാണ്. 641-ൽ അബ്ദുൽ റഹ്മാൻ ഇബ്നു റെബിയയുടെ നേതൃത്വത്തിലുള്ള മുസ്ലീം സൈന്യം ഇറാനും ജറുസലേമും പിടിച്ചെടുത്ത ശേഷം തെക്കൻ കോക്കസസിന്റെ വടക്കുകിഴക്ക് ഭാഗത്തേക്ക് മുന്നേറി വരുകയായിരുന്നു. 737 ൽ ഖസർ ഖാനാറ്റിനെതിരായ വിജയത്തെത്തുടർന്ന് ഉമയാദ് കാലിഫേറ്റ് നോർത്ത് കോക്കസസ് ഏറ്റെടുത്തു.
മോസ്കോയ്ക്ക് ചുറ്റുമുള്ള റഷ്യക്കാർ ഇസ്‌ലാമുമായി ബന്ധപ്പെടുന്നത് പത്താം നൂറ്റാണ്ടിൽ മുസ്‌ലിം വ്യാപാരികളിലൂടെയാണ്. വ്യാപാരത്തിലൂടെയും സാമ്പത്തിക ബന്ധങ്ങളിലൂടെയും ഇസ്ലാം ക്രമേണ വോൾഗ നദീതടത്തിലേക്ക് വ്യാപിച്ചു. ടാറ്റർ, ബഷ്കീർ, കസാൻ, യുറൽ പ്രദേശങ്ങളിലും വോൾഗ നദീതടത്തിലും ഇന്ന് 10 ദശലക്ഷം മുസ്‌ലിംകൾ താമസിക്കുന്നുണ്ട്. റഷ്യയിലെ ഇസ്ലാമിക വികാസത്തിന്റെ രണ്ടാം തരംഗം 1242 ൽ ഗോൾഡൻ ഹോർഡ് ഖാനേറ്റിനൊപ്പം വന്നു. (ഖാൻ, ഖഗാൻ, ഖതുൻ അല്ലെങ്കിൽ ഖാനം ഭരിക്കുന്ന ഭരണകൂടമാണ് ഖാനേറ്റ്)
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോൾഡൻ ഹോർഡിന്റെ പതനത്തെത്തുടർന്ന് നിരവധി സ്വതന്ത്ര മുസ്‌ലിം ഖാനേറ്റുകൾ ഉയർന്നുവന്നു. പതിനാറാം നൂറ്റാണ്ടിൽ മുസ്‌ലിം ഖാനേറ്റുകളെ റഷ്യൻ സാമ്രാജ്യം പരാജയപ്പെടുത്തുന്നതുവരെ ഇസ്‌ലാം റഷ്യയുടെ ഭൂരിഭാഗവും ആധിപത്യം പുലർത്തി. പുതുതായി സ്ഥാപിതമായ റഷ്യൻ സാമ്രാജ്യം ആദ്യം ചെയ്തത് ഈ പ്രദേശം പിടിച്ചെടുക്കുക എന്നതാണ്. 1552-ൽ 50,000 സൈനികരുള്ള ഒരു റഷ്യൻ സൈന്യം ആക്രമിക്കുകയും ധാരാളം മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.
1762 ൽ അധികാരത്തിലെത്തിയ കാതറിൻ ദി ഗ്രേറ്റ്, മുസ്ലീം പ്രജകൾക്കായി റഷ്യയുടെ പരമ്പരാഗത നയം മാറ്റാൻ തീരുമാനിച്ചു. 200 വർഷമായി അടിച്ചമർത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തി ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി, മുസ്ലിംകളെ ഇല്ലാതാക്കുന്നതിനുപകരം നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചു.
മുസ്‌ലിംകളെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പണ്ഡിതന്മാരെയും ഷെയ്ക്കുകളെയും കർശനമായി നിയന്ത്രിക്കുന്നതിനായി റഷ്യ 1788 ൽ ഓറൻബർഗ് ഇസ്ലാമിക് കോടതി സ്ഥാപിച്ചു. പിന്നീട് ക്രിമിയയിലും ബാക്കുവിലും മുഫ്തിയേറ്റുകൾ ഉണ്ടാക്കി. ഭരണകൂടവും അതിന്റെ മുസ്ലീം പ്രജകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ച മുഫ്തിയേറ്റുകൾ പ്രദേശങ്ങളിലേക്ക് ഇമാമുകളുടെ നിയമനം നിയന്ത്രിക്കുകയും മുസ്‌ലിംകളുടെ സിവിൽ രജിസ്ട്രേഷൻ നിലനിർത്തുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥാപനങ്ങളായി മാറി.
കാതറിൻ രണ്ടാമനുമുമ്പ്, സാമ്പത്തികമായി മുസ്ലിംകളെ തകർക്കാൻ മുസ്ലീങ്ങളെ വോൾഗ നദി, മറ്റ് പ്രധാന നദീതടങ്ങൾ, രാജ്യത്തെ പ്രധാന റോഡുകളോട് ചേർന്നുള്ള ചില പ്രദേശങ്ങൾ എന്നിവയിൽ താമസിക്കാൻ അനുവദിച്ചിരുന്നില്ല. കാതറിൻ രണ്ടാമൻ ഈ നിരോധനങ്ങൾ നിർത്തലാക്കിയതിനുശേഷം, മുസ്‌ലിംകൾ ഈ കാലഘട്ടത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്തി.
കാതറിൻ രണ്ടാമന്റെ ഭരണത്തിൻ കീഴിൽ മുസ്‌ലിംകൾക്കെതിരായ അടിച്ചമർത്തൽ മിതത്വം പാലിച്ചിട്ടുണ്ടെങ്കിലും റഷ്യയിലെ മുസ്‌ലിംകൾക്ക് ഒരിക്കലും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ജന്മനാട്ടിൽ തങ്ങളുടെ മേധാവികളുടെ കൽപ്പനകൾ അനുസരിക്കാൻ നിർബന്ധിതരായ മുസ്‌ലിംകൾ സാറിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടാൻ തീരുമാനിച്ചു. സാറിസ്റ്റ് റഷ്യയുടെ നയങ്ങളെത്തുടർന്ന് 600,000 കൊക്കേഷ്യക്കാരും സർക്കാസിയന്മാരും ഓട്ടോമൻ സാമ്രാജ്യത്തിലേക്ക് കുടിയേറി.
Also Read:കമ്മ്യൂണിസ്റ്റ് റഷ്യയിലെ മുസ്‌ലിം ജീവിതം
1904-1905 റുസ്സോ-ജാപ്പനീസ് യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടതിനെത്തുടർന്ന് ഉണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ മുസ്‌ലിം രാഷ്ട്രീയ സംഘടനകൾക്ക് രൂപം നൽകി. മുസ്ലീം ജനത കൂടാതെ, റഷ്യൻ സാമ്രാജ്യത്തിനുള്ളിൽ സർക്കാർ നയങ്ങളിൽ അതൃപ്തിയുള്ള മറ്റ് വംശീയ വിഭാഗങ്ങളും സംഘടിച്ചിരുന്നു. ഇത് 1905 ലെ റഷ്യൻ വിപ്ലവത്തിലേക്ക് നയിക്കാൻ സഹായിച്ചു. വിപ്ലവത്തിന്റെ അനന്തരഫലമായി, അക്കാലത്തെ സാർ നിക്കോളാസ് രണ്ടാമൻ വിധിക്കപ്പെട്ടു.
മതപരവും ഭാഷാപരവും സാംസ്കാരികവും ആദർശപരവുമായ ഐക്യം നിലനിർത്തുന്നതിന് ഇസ്മായിൽ ഗാസ്പ്രിൻസ്കി മുന്നോട്ട് വന്നു. ക്രിമിയയിലെയും റഷ്യയിലെയും മുസ്‌ലിം ജനതയെ ഒരുമിപ്പിക്കുന്ന കോൺഗ്രസുകളും യോഗങ്ങളും ഗാസ്പ്രിൻസ്കി സംഘടിപ്പിച്ചു. 1905-1906 കാലഘട്ടത്തിൽ “റഷ്യയിലെ മുസ്‌ലിംകൾ” എന്ന പേരിൽ മൂന്ന് കോൺഗ്രസുകൾ നടന്നു.
റഷ്യയിലെ മുസ്ലീങ്ങൾക്ക് റഷ്യൻ പാർലമെന്റായ ഡുമയിൽ ഒരു പാർട്ടി ഉണ്ടായിരുന്നു, പത്രങ്ങളും ജേണലുകളും പാർട്ടി വഴി പ്രസിദ്ധീകരണങ്ങളും നടത്തിയിരുന്നു. റഷ്യയിലെ മുസ്‌ലിംകൾ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സജീവമായി നിലനിന്നു. എന്നാൽ മുസ്‌ലിംകളുടെ പിന്തുണ നേടാൻ നിക്കോളാസ് രണ്ടാമന് കഴിഞ്ഞിരുന്നില്ല. പകരം അവരെ ഒരു വിപ്ലവത്തിനൊരുങ്ങുന്ന ബോൾഷെവിക്കുകളുമായി അടുപ്പിച്ചു. അവകാശങ്ങളും ഭരണപരമായ സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് മുസ്‌ലിംകളുമായി ധാരണയിലെത്തി. അങ്ങനെയാണ് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകൾക്ക് മുസ്‌ലിംകളുടെ പിന്തുണ ലഭിക്കുന്നത്.
Leave A Comment