വിശേഷങ്ങളുടെ ഖുർആൻ: (22) ധർമ യുദ്ധത്തിലെ മര്യാദകൾ
ധർമ യുദ്ധത്തിലെ മര്യാദകൾ
എല്ലാ കാര്യങ്ങളിലും ' എത്തിക്സ് ' പാലിക്കണമെന്നാണ് ഇസ് ലാമിൻ്റെ നിലപാട്. ശൗച്യാലയത്തിൽ പോലും നിശ്ചിത മുറകളും മര്യാദകളും പാലിക്കണമെന്നല്ലേ നിങ്ങളുടെ പ്രവാചകൻ പഠിപ്പിക്കുന്നതെന്ന് ശത്രുക്കൾ പരിഹസിച്ചപ്പോൾ അത് സമ്മതിച്ചു അതിനെ ഒരംഗീകാരമായി കണ്ട സ്വഹാബി സൽമാനൽ ഫാരിസി (റ)യുടെ പ്രതികരണം ഹദീസിൽ വന്നിട്ടുണ്ട്.(സ്വഹീഹു മുസ് ലിം)
യുദ്ധത്തിന് വേണ്ടി യുദ്ധം എന്നത് ഇസ് ലാം അംഗീകരിക്കുന്നില്ല. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയോ രാജ്യം വെട്ടിപ്പിടിക്കാൻ വേണ്ടിയോ നടത്തുന്ന യുദ്ധത്തിനും ഇസ് ലാമിൽ സ്ഥാനമില്ല. യുദ്ധം അവസാന കൈയാണ്. അത് വേണ്ടി വന്നാൽ ആകാം. പക്ഷെ, അവിടെയും മാനുഷികവും സദാചാരപരവും ധാർമികവുമായ അതിരുകൾ പാലിക്കപ്പെടണം. അന്ത്യപ്രവാചകൻ പ്രയോഗിച്ചു കാണിച്ചതും സൻമാർഗപ്രാപ്തരായ പിൻഗാമികൾ പിന്തുടർന്നതും അതാണ്.
പ്രവാചകത്വം മുതൽ 13 വർഷത്തോളം തിരുനബിയും അനുയായികളും മക്കയിൽ പ്രബോധന പ്രവർത്തനങ്ങളുമായി കഴിഞ്ഞു കൂടിയിട്ടുണ്ട്. കടുത്ത എതിർപ്പുകളും അവഹേളനങ്ങളും നേരിട്ടിട്ടും യുദ്ധം നടത്തിയില്ല. അംഗസംഖ്യ കുറഞ്ഞതിൻ്റെ പേരിൽ മാത്രം മാറി നിന്നതല്ല. ആൾബലം കുറഞ്ഞാലും രക്തസാക്ഷിത്വം വരിക്കാമല്ലോ. അത് വലിയ പുണ്യമുള്ള കാര്യമല്ലേ? പക്ഷെ, മക്കാ ജീവിതത്തിൽ യുദ്ധത്തിന് അനുമതി ലഭിച്ചില്ല. നാട് വിടാനായിരുന്നു നിർദേശം. ആദ്യം അനുയായികളിൽ ചിലർ എത്യോപ്യയിലേക്കും പിന്നീട് തിരുനബിയടക്കം യഥ് രിബിലേക്കും പലായനം ചെയ്തു.
മദീനയിലെത്തി രണ്ട് വർഷത്തോളം ഇതേ നില തുടർന്നു. അനുയായികൾ പലരും ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നത് സഹിക്കാനാവാതെ യുദ്ധത്തിന് അനുമതി ചോദിച്ചെങ്കിലും തിരുനബി(സ) സമ്മതിച്ചില്ല. അല്ലാഹുവിൽ നിന്ന് അനുമതി ലഭിച്ചില്ലെന്നായിരുന്നു, മറുപടി. ഒടുവിൽ ഹിജ്റയുടെ രണ്ടാം വർഷമാണ് യുദ്ധത്തിന് അനുമതി ലഭിക്കുന്നത്. യുദ്ധത്തിന് സമ്മതം നൽകിയ വചനത്തിൽ നിന്ന് തന്നെ ഏത് സാഹചര്യത്തിലാണത് നൽകിയതെന്ന് വ്യക്തമാണ്. "അക്രമ വിധേയരായിരിക്കുന്നു എന്ന കാരണത്താൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുന്നവർക്ക് തിരിച്ചടിക്കാൻ ഇതാ അനുമതി നൽകുകയാണ്. അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാണ് അല്ലാഹു. " (അൽ ഹജ്ജ്: 39)
അതിനെ തുടർന്നു ചില്ലറ ഏറ്റുമുട്ടലുകൾ നടന്നു വന്നു. തുടർന്നാണ് ബദ്ർ യുദ്ധം എന്ന നിർണായക യുദ്ധം നടന്നത്. "ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹു വിൻ്റെ മാർഗത്തിൽ നിങ്ങൾ അങ്ങോട്ടും യുദ്ധം ചെയ്യുക. പരിധി വിട്ടു പ്രവർത്തിക്കരുത്. അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടില്ല തന്നെ." (അൽ ബഖറ: 190) ഇതാണ് യുദ്ധം സംബന്ധിച്ച ഇസ് ലാമിൻ്റെ പൊതുനിലപാട്. ഖുർആൻ പല സന്ദർഭങ്ങളിലും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.
മക്കാ മുശ് രികുകൾ മുസ് ലിംകളുമായി യുദ്ധം പ്രഖ്യാപിച്ച അവസ്ഥയിലായിരുന്നു. അതിനാൽ ഖുർആൻ പ്രഖ്യാപിച്ചു: "അവരെ കണ്ടിടത്ത് വച്ച് കൊല്ലണം. നിങ്ങളെ എവിടന്നവർ പുറത്താക്കിയോ അവിടെ നിന്ന് അവരെയും ബഹിഷ്കരിക്കണം. കുഴപ്പമുണ്ടാക്കൽ കൊലയേക്കാൾ കഠിനമാണ്. മസ്ജിദുൽ ഹറാമിന് സമീപം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നത് വരെ അവരോട് നിങ്ങൾ ഏറ്റുമുട്ടരുത്; അവിടെ വച്ച് അവർ ഇങ്ങോട്ട് സമരം ചെയ്യുന്നുവെങ്കിൽ നിങ്ങളവരേയും കൊല്ലുക. സത്യനിഷേധികളോട് പകരം വിട്ടേണ്ടത് അങ്ങനെയാകുന്നു. അവർ വിരമിച്ചാൽ നിങ്ങളും യുദ്ധം നിർത്തണം.(191 - 192)"
ഉഹുദ് യുദ്ധവേളയിൽ തിരിച്ചടി നേരിട്ട മുസ് ലിംകളിൽ ചിലരെ ശത്രുക്കൾ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്തു. ഇതിൽ രോഷാകുലരായി പ്രതികാരത്തിന് വെമ്പുന്ന മുസ് ലിംകളെ ആശ്വസിപ്പിച്ച് കൊണ്ട് ഇറങ്ങിയ വചനം നോക്കൂ: " ഇനി അവരെ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് നേരെയുണ്ടായ മർദനമുറകൾക്ക് തുല്യമായത് മാത്രം ചെയ്യുക; ക്ഷമിക്കുന്നുവെങ്കിലോ ക്ഷമാശീലർക്ക് അത് തന്നെയാണ് ഏറ്റം ഉത്തമം. താങ്കൾ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിൻ്റെ സഹായത്താൽ മാത്രമാണ് താങ്കൾക്ക് ക്ഷമിക്കാൻ കഴിയുന്നത്. നിഷേധികളുടെ ഹീന കൃത്യങ്ങളെ പറ്റി അങ്ങ് ദു:ഖിക്കുകയോ അവരുടെ ചതിപ്രയോഗങ്ങളെ കുറിച്ച് ക്ലേശ മനസ്കനാവുകയോ വേണ്ട. ജീവിതത്തിൽ സൂക്ഷ്മാലുക്കളാവുകയും നൻമയനുവർത്തിക്കുകയും ചെയ്തവരോടൊപ്പം തന്നെയാണ് അല്ലാഹു.(അന്നഹ്ൽ: 72 - 73).
Also Read:വിശേഷങ്ങളുടെ ഖുർആൻ: (21) ചിലന്തി വീടിൻ്റെ കെട്ടുറപ്പ്
എന്ത് വന്നാലും യുദ്ധം ചെയ്യുകയെന്നതല്ല, ഇസ് ലാമിൻ്റെ രീതി. ശത്രുകൾ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് കണക്കിലെടുത്തു അനുകൂലമായി പ്രതികരിക്കണമെന്ന് ഖുർആൻ ആവശ്യപ്പെടുന്നു: " ഇനി സമാധാനത്തിലേക്കാണവർ താൽപ്പര്യം കാണിക്കുന്നതെങ്കിൽ താങ്കളും അങ്ങോട്ട് ചായ വ് കാണിക്കുകയും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. അവൻ എല്ലാം കേൾക്കുകയും അറിയുകയും ചെയ്യുന്നവൻ തന്നെയാണ്; തീർച്ച" (അൻഫാൽ: 61)
ധർമ യുദ്ധമെന്നാൽ കണ്ണിൽ കണ്ടവരെയെല്ലാം കശാപ് ചെയ്യലും വസ്തുവകകൾ തച്ചുതകർക്കലും അല്ല. തികഞ്ഞ വിവേചന ബുദ്ധിയും ആത്മസംയമനവും പാലിച്ചു വേണം യുദ്ധത്തിലേർപ്പെടാൻ. ഇങ്ങോട്ട് യുദ്ധത്തിന് വരാത്തവരെ അങ്ങോട്ട് ചെന്നു വക വരുത്താൻ അനുമതിയില്ല. ആയുധം വച്ചു കീഴടങ്ങിയവരെ കൊല്ലാൻ പാടില്ല. പ്രായമായവരേയും സ്ത്രീകളേയും കുട്ടികളെയും വികലാംഗരേയും രോഗികളേയും മനോ നില തെറ്റിയവരേയും കൊന്നു കൂടാ. മാത്രമല്ല; പ്രതിയോഗികളുടെ ആരാധനാ കേന്ദ്രങ്ങളിൽ പൂജാമുറകൾക്ക് നേതൃത്വം നൽകുന്നതിൽ മുഴുകിയ, യുദ്ധവുമായി നേരിൽ ബന്ധമില്ലാത്ത പൂജാരി / പുരോഹിതന്മാരെയും കൊല്ലരുത്. അവർക്ക് ആവശ്യമായ ജീവനോപാധികൾ വരെ സൗകര്യപ്പെടുത്തി കൊടുക്കണമെന്ന് വരെ ചില പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്.
ഫലം കായ്ക്കുന്ന മരങ്ങൾ മുറിക്കരുത്. ജനവാസ യോഗ്യമായ കെട്ടിടങ്ങൾ തകർക്കരുത്. ആഹാരാവശ്യത്തിന് അറുക്കുന്നതല്ലാതെ അനാവശ്യമായി മൃഗങ്ങളെ കൊല്ലരുത്. ആരെയും തീ കൊണ്ട് കത്തിക്കരുത്. തിരു നബി(സ) മൂ 'ത്ത: യുദ്ധത്തിന് പുറപ്പെടുന്ന വേളയിൽ നൽകിയ ഉപദേശങ്ങളിൽ ഇവയിൽ പലതും കാണാവുന്നതാണ്. അത് പോലെ ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ് (റ) സിറിയൻ യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് സേനാംഗക്കൾക്ക് നൽകിയ വസിയ്യത്തുകളും ഇതിന് സമാനമാണ്. അദ്ദേഹം പറഞ്ഞു:
"ഓ ജനങ്ങളേ, നിൽക്കൂ ! പത്ത് കാര്യങ്ങൾ ഞാൻ ഉണർത്താം. നിങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. നിങ്ങൾ വഞ്ചിക്കരുത്. പരിധി ലംഘിക്കരുത്. ചതിപ്രയോഗം നടത്തരുത്. അംഗവിച്ഛേദം നടത്തരുത്. ചെറിയ കുട്ടികളേയും വലിയ വൃദ്ധരേയും സ്ത്രീകളെയും കൊല്ലരുത്. ഈത്തപ്പനമരം മുറിക്കുകയോ കരിക്കുകയോ ചെയ്യരുത്. ഫലം കായ്ക്കുന്ന മരം മുറിക്കരുത്. ആടിനെയോ കാലികളെയോ ഒട്ടകത്തെയോ ഭക്ഷിക്കാൻ വേണ്ടിയല്ലാതെ കൊല്ലത്. നിങ്ങളുടെ വഴിയിൽ അവരുടെ ആരാധനാ കേന്ദ്രങ്ങളിൽ ഒതുങ്ങിക്കഴിയുന്ന പുരോഹിതരെ കണ്ടാൽ അവരെ പാട്ടിന് വിടുക.''
അത് പോലെ യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെട്ട ബന്ധികളോട് ഏറ്റം മാന്യമായി പെരുമാറണമെന്ന് പ്രവാചകൻ ശട്ടംകെട്ടിയിരുന്നു. ആ മാതൃക തലമുറകളായി കൈമാറി വന്നാണ് ഖുദ്സ് വിമോചകനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയിലെത്തിയത്. ക്രി. 1187ൽ രണ്ടാം കുരിശുയുദ്ധത്തെ തുടർന്നു ഖുദ്സ് മുസ് ലിംകളുടെ കൈകളിലേക്ക് തിരിച്ചെത്തുകയും ആയിരക്കണക്കിന് ക്രിസ്ത്യൻ സഹോദരങ്ങൾ തടവിലാക്കപ്പെടുകയും ചെയ്തപ്പോൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ദാനധർമങ്ങൾ വിതരണം ചെയ്തു. ബന്ധികൾക്ക് മോചനദ്രവ്യം നൽകേണ്ട തുകയിലേക്ക് സ്വന്തം വകയായി 10000 തടവുകാർക്ക് വേണ്ട തുക അദ്ദേഹം തന്നെ നൽകി. 7000 പേർക്കുള്ള തുക തൻ്റെ സഹോദരൻ സിറാജ് ഏറ്റെടുത്തു. മാതൃകായോഗ്യമായ അദ്ദേഹത്തിൻ്റെ സമീപനത്തെ യൂറോപ്യൻ ചരിത്രകാരൻമാർ അടക്കം എടുത്തു പറഞ്ഞു പ്രകീർത്തിച്ചതാണ്.
അത് പോലെ പ്രവാചക കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളിലെ മരണ സംഖ്യ ഏറ്റവും കുറഞ്ഞ തോതിലെന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. തിരു നബിയുടെ കാലത്ത് നബി(സ) നേരിൽ പങ്കെടുത്ത 27 യുദ്ധങ്ങളും (ഗസ് വ) നേരിൽ പങ്കാളിയാകാത്ത 56 യുദ്ധങ്ങളും ( സരിയ്യ) നടന്നിരുന്നു. അതിലെല്ലാം കൂടി മരിച്ചവരുടെ അംഗസംഖ്യ 1000 കവിയുന്നില്ല. അതേ സമയം ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 14 മില്യനിൽ കൂടുതലാണെന്നറിയുക. രണ്ടാം ലോക മഹായുദ്ധത്തിലെ മരണം 60 മില്യനും. നാഗസാക്കിയിലും ഹിരോഷിമയും അണുബോംബ് വർഷിച്ചതിൽ വന്ന ജീവഹാനി രണ്ടര ലക്ഷത്തിൽ കൂടുതലാണ്. ഇല്ലാത്ത കാരണങ്ങൾ തട്ടിപ്പടച്ചുണ്ടാക്കി നടത്തിയ ഇറാഖ് യുദ്ധത്തിൽ ഒരു മില്യനിലധികം പേർ മരണമടഞ്ഞു. 5 മില്യനോളം അനാഥ കുട്ടികളും ഒന്നര മില്യനിലധികം വിധവകളും അതിൻ്റെ കെടുതിയുടെ ഭാഗമായി യൂനിസെഫ് കണ്ടെത്തി.
യുദ്ധവേളയിലാണെങ്കിലും സന്ധിവേളയിലാണെങ്കിലും നീതി വിട്ട് കളിക്കരുതെന്നാണ് ഖുർആൻ്റെ പ്രഖ്യാപിത നയം. മായിദ അധ്യായത്തിലെ എട്ടാം വചനം ഇക്കാര്യം ശക്തമായി ഊന്നിപ്പറയുന്നു: "ഓ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിയുടെ സാക്ഷികളും ആവുക. ഒരു വിഭാഗത്തോടുള്ള രോഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നീതി മുറുകെ പിടിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റം അടുത്തത്."
കടപ്പാട് ചന്ദ്രിക ദിനപത്രം
 
 


 
             
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment