റമദാന്‍ ചിന്തകള്‍ - നവൈതു 3. ഇസ്‍ലാം.. അതിന് വില ഏറെയാണ്..
പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവന്ന ഒരു ഡോക്ടര്‍, നീണ്ട താടിയും സദാസമയവും തലപ്പാവും ധരിച്ച് കാണപ്പെടുന്നതിനെ സംബന്ധിച്ച് ഒരിക്കല്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, നിങ്ങളൊക്കെ ജന്മനാ മുസ്‍ലിംകളായവരാണ്. ഇതിന് വേണ്ടി പ്രത്യകേമായി ഒരു വിലയും നിങ്ങള്‍ക്കൊന്നും നല്കേണ്ടിവന്നിട്ടില്ല. എന്നാല്‍, എന്റെ കാര്യം അങ്ങനെ അല്ല. ഈ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ അനേകം പ്രയാസങ്ങളും മാനസിക-ശാരീരിക പീഢനങ്ങളും എനിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്, പലതും നഷ്ടമായിട്ടുണ്ട്, പലതും ത്യജിക്കേണ്ടിവന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിന് ഞാന്‍ കല്പിക്കുന്ന വില വളരെ ഏറെയാണ്. ഈ സുന്നതുകളെല്ലാം പരമാവധി ജീവിതത്തില്‍ പാലിച്ചാലേ അതെല്ലാം എനിക്ക് മുതലാവൂ.
നമ്മെയെല്ലാം ഏറെ ചിന്തിപ്പിക്കേണ്ടതാണ് ഈ മറുപി. അല്ലാഹു അല്ലാതെ ആരാധ്യനല്ലെന്നും മുഹമ്മദ് നബി(സ്വ) അവന്റെ പ്രവാചകനാണെന്നും സാക്ഷ്യപ്പെടുത്തുന്നതോടെയാണ്, ഒരാള്‍ വിശ്വാസിയായിത്തീരുന്നത്. വിശ്വാസികളായ മാതാപിതാക്കള്‍ക്ക് പിറക്കുന്നതിലൂടെ ഇസ്‍ലാം ലഭിച്ചവരാണ് ഇന്നുള്ളവരില്‍ അധികവും. അത് കൊണ്ട് തന്നെ ഇസ്‍ലാം എന്ന മതം ഉള്‍ക്കൊള്ളുന്നതിനും ഈമാന്‍ എന്ന ഏകദൈവവിശ്വാസം കൊണ്ട് നടക്കുന്നതിനും ഒടുക്കേണ്ടിവരുന്ന വിലയോ മൂല്യമോ പലപ്പോഴും നാം മനസ്സിലാക്കിയിട്ടില്ല. ഇസ്‍ലാമിനെ ദൈനംദിന ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താനും പ്രവാചകരുടെ ചര്യ ജീവിതത്തിന്റെ ഭാഗമാക്കാനും നാം അത്രതന്നെ ഉല്‍സാഹം കാണിക്കാത്തതും അത് കൊണ്ട് തന്നെ.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു 2. ശഹാദത്... അത് ജീവിതം തന്നെ മാറ്റി മറിക്കുന്നു
യഥാര്‍ത്ഥത്തില്‍ ഏറെ മൂല്യമുള്ളതാണ് നാം കൊണ്ട് നടക്കുന്ന ഈ വിശ്വാസവും മതവും. മുന്‍ഗാമികളില്‍ പലരും ഏറെ ത്യാഗങ്ങള്‍ സഹിച്ചത് അതിന് വേണ്ടിയായിരുന്നു. ഞാന്‍ മുസ്‍ലിം അല്ലെന്ന് നാവ് കൊണ്ട് ഒന്ന് പറഞ്ഞാല്‍ മാത്രം പീഢനങ്ങളില്‍നിന്ന് മോചനം നല്കാമെന്ന്, കൊലക്കയറില്‍നിന്ന് ഇറക്കിവിടാമെന്ന്, ഭൂമിയിലെ സുഖസൗകര്യങ്ങളെല്ലാം മുന്നില്‍ വെച്ച് തരാമെന്ന്, വാഗ്ദാനങ്ങള്‍ ലഭിച്ചവരുണ്ടായിരുന്നു. സമകാലിക ചരിത്രത്തിലും അത്തരം എത്രയോ ചിത്രങ്ങള്‍ നമുക്ക് കാണാനാവുന്നു. കൈകള്‍ പിന്നോട്ട് കെട്ടി, കത്തികൊണ്ട് പുറത്ത് ചിത്രം വരക്കുമ്പോഴും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉറക്കെ പറയുന്ന റോഹിംഗ്യന്‍ മുസ്‍ലിംകളെ നാം കണ്ടതാണ്. മുസ്‍ലിം ആയതിന്റെ പേരില്‍ മാത്രം, വീടും കുടുംബവുമെല്ലാം തകര്‍ത്ത്, ഉള്ളതെല്ലാം ചാരമാക്കി, ഭക്ഷണവും വെള്ളവുമെല്ലാം നിഷേധിച്ച് അഭയാര്‍ത്ഥി കേമ്പില്‍ കഴിയുമ്പോഴും, അല്ലാഹ് കരീം എന്ന് പുഞ്ചിരിച്ച് കൊണ്ട്, കൊച്ചുകുട്ടികള്‍ പോലും ഉരുവിടുന്ന ഫലസ്തീന്‍ ജനതയും നമ്മുടെ മുമ്പിലുണ്ട്.
അവിടെയാണ് വിശ്വാസത്തിന്റെ വില നാം തിരിച്ചറിയേണ്ടത്. അത്തരം ദുര്‍ഘട നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴേ ഈ മതത്തിനും അതുള്‍ക്കൊള്ളുന്ന വിശ്വാസത്തിനും നാം നല്കുന്ന വിലയും മൂല്യവും തിരിച്ചറിയാനാവൂ. അല്ലാത്തിടത്തോളം, ഇതെല്ലാം കേവലം പാരമ്പര്യമായി ലഭിച്ച അനുഗ്രഹമെന്നേ പറയാനൊക്കൂ. പകല്‍മുഴുവന്‍ അന്നപാനീയങ്ങള്‍ വേണ്ടെന്ന് വെച്ച് നോമ്പെടുക്കുമ്പോള്‍, ഏറ്റവും ചുരുങ്ങിയത് ഇതെങ്കിലും തിരിച്ചറിയുക, ഇത് ഏറെ മഹത്തരമാണ്, ഇതിന് മൂല്യം ഏറെയാണ്, നമുക്ക് അത് സൗജന്യമായി ലഭിച്ചു എന്ന് മാത്രം.
Leave A Comment