അധ്യായം 2. സൂറ ബഖറ- (Ayath 257-259) നംറൂദ് & ഉസൈർ
ജനങ്ങള്‍ 2 തരക്കാരാണ് എന്നാണല്ലോ കഴിഞ്ഞ ക്ലാസില്‍ അവസാന ആയത്തില്‍ പറഞ്ഞത് - അല്ലാഹുവില്‍ വിശ്വസിച്ചവരും താഗൂത്തില്‍ വിശ്വസിച്ചവരും. അല്ലാഹുവില്‍ വിശ്വസിക്കുകയും താഗൂത്തിനെ നിഷേധിക്കുകയും ചെയ്തവര്‍ നല്ല ബലമുള്ള പിടികയര്‍ പിടിച്ചവരാണെന്നും പറഞ്ഞു. എന്താണങ്ങനെ പറയാന്‍ കാരണമെന്നാണിനി പറയുന്നത്.
വിശ്വസിച്ചവരുടെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിശ്വാസം, ദേഹേച്ഛകള്‍, അറിവില്ലായ്മ തുടങ്ങി വിവിധ ഇരുട്ടുകളില്‍ നിന്ന് സത്യമെന്ന പ്രകാശത്തിലേക്ക് അല്ലാഹു അവരെ നയിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരുടെ ആത്മാവിന് എപ്പോഴും ചൈതന്യമുണ്ടായിരിക്കും.
അവിശ്വാസികളുടെ കാര്യം അങ്ങനെയല്ല. അവരുടെ രക്ഷാകര്‍ത്താക്കളും കൂട്ടുകാരും ബന്ധുക്കളുമൊക്കെ ത്വാഗൂത്തുകളാണ് (പിശാചുക്കളാണ്). ഏതെല്ലാം അന്ധകാരങ്ങളില്‍ നിന്ന് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുന്നുവോ അതേ അന്ധകാരങ്ങളിലേക്കായിരിക്കും ആ ത്വാഗൂത്തുകള്‍ അവരെ നയിക്കുന്നത്. അവസാനം കാലാകാല നരകശിക്ഷയും അനുഭവിക്കേണ്ടിവരും!
اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ(257)
സത്യവിശ്വാസികളുടെ രക്ഷകന്‍ അല്ലാഹുവാണ്. അവരെയവന്‍ അന്ധകാരങ്ങളില്‍ നിന്നു പ്രകാശത്തിലേക്കു കൊണ്ടുവരുന്നു. സത്യനിഷേധികളാകട്ടെ, അവരുടെ രക്ഷാധികാരി പിശാചാണ്; അവന്‍ വെളിച്ചത്തില്‍ നിന്നു ഇരുളുകളിലേക്ക് അവരെ നയിക്കുന്നു. അവര്‍ നരകക്കാരും അതില്‍ ശാശ്വതവാസികളും അത്രേ.
وَلِيّ എന്ന വാക്കിന്‍റെ ബഹുവചനമാണ് اَوْلِيَاء. ‘രക്ഷകന്‍, ബന്ധു, മിത്രം, സഹായി, രക്ഷാകര്‍ത്താവ്, രക്ഷാധികാരി - ഇങ്ങനെ പല അര്‍ത്ഥവുമുണ്ട്.
സത്യവിശ്വാസം സ്വീകരിക്കുകയും അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്, അല്ലാഹു അവരുടെ രക്ഷകനാണ്, സഹായിയുമാണ്. അതായത്, ശിര്‍ക്ക്, കാപട്യം, വേണ്ടാത്തരങ്ങള്‍ തുടങ്ങി എല്ലാ അന്ധകാരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി, സത്യവിശ്വാസത്തിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും പ്രകാശത്തിലേക്ക് അവരെ നയിക്കും.
നേരെമറിച്ച്, അവിശ്വാസികളുടെ രക്ഷാധികാരികള്‍ പിശാചുക്കളാണ്. തെറ്റായ വിശ്വാസനടപടികളിലേക്കാണ് അവരെയവര്‍ കൊണ്ടെത്തിക്കുക. അതെല്ലാം ഇരുട്ടുകളാണല്ലോ. ആ ഇരുട്ടുകളില്‍ അവരങ്ങനെ മൂടുറച്ചുപോവുകയും ചെയ്യുന്നു.
ഈ ആയത്തില്‍ രണ്ട് പ്രാവശ്യം نُور എന്നും, ظُلُمَات എന്നം ഉണ്ട്.
يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ
نُور ഏകവചനമാണ്; ബഹുവചനം أَنْوَار.
ظُلُمَات ഉം ബഹുവചനമാണ്; ഏകവചനം ظُلْمَة
നൂര്‍ - പ്രകാശം എന്നര്‍ത്ഥം. ഇവിടെ ഉദ്ദേശ്യം സത്യത്തിന്‍റെ വഴിയായ ഇസ്‌ലാം ആണ്. അത് ഒന്നു മാത്രമേയുള്ളൂ. അതേസമയം, അസത്യത്തിന്, പിശാചിന്‍റെ മാര്‍ഗത്തിന് വിവിധ രൂപങ്ങളുണ്ട്, ഭാവങ്ങളുണ്ട്. ബഹുദൈവത്വം, ദൈവനിഷേധം, യുക്തിവാദം തുടങ്ങി ഓരോ ടൈപ്പുകള്‍. അതില്‍ തന്നെ വത്യസ്തമായ ശൈലികളും രീതികളുമുണ്ട്. അതെല്ലാം അന്ധകാരങ്ങള്‍ തന്നെ.
ظُلُمَات എന്ന് ബഹുവചനമായി പഞ്ഞത് അതുകൊണ്ടാണ്. സത്യമാര്‍ഗം ഒന്നേയുള്ളൂ എന്നതുകൊണ്ട് نُور ഏകവചനമായും പറഞ്ഞു. എത്ര കണിശമായാണ് ഓരോ വാക്കുകളുടെയും പ്രയോഗം, അല്ലേ!
അടുത്ത ആയത്ത് – 258
അല്ലാഹുവില്‍ വിശ്വസിച്ച് അവന്‍റെ സംരക്ഷണം സ്വീകരിച്ചവരുടെയും, താഗൂത്തില്‍ വിശ്വസിച്ച് അതിന്‍റെ പിന്നാലെ പോയവരുടെയും ഉദാഹരണമാണിനി പറയുന്നത്. നാലായിരത്തിലധികം കൊല്ലങ്ങള്‍ക്കു മുമ്പ് നടന്ന ഒരു ചരിത്രസംഭവമാണാ ഉദാഹരണം.
ഇറാഖില്‍ ഒരു രാജാവുണ്ടായിരുന്നു. പേര് നംറൂദ്. ദൈവനിഷേധിയും സ്വേച്ഛാധിപതിയുമായിരുന്ന മെസൊപ്പൊട്ടേമിയന്‍ ചക്രവര്‍ത്തി. ഇതേ നാട്ടില്‍, ഇതേ സമയത്തുതന്നെയായിരുന്നു മഹാനായ ഇബ്രാഹീംعليه السلامയുടെ ജനനവും മതപ്രബോധനവും. അതായത്, ഇറാഖിലെ ബാബിലോണിയായില്‍.
കടുത്ത നക്ഷത്ര ആരാധകരായിരുന്നു നംറൂദും പ്രജകളും. പുരാതന ഡമസ്‌കസ് നഗരത്തിന് ഓരോ നക്ഷത്രത്തെയും പ്രതിനിധീകരിച്ച് ഏഴു കവാടങ്ങള്‍ പണിതിരുന്നുവത്രെ.
നക്ഷത്രങ്ങള്‍ക്കു പുറമെ സ്വയം നിര്‍മിച്ച വിഗ്രഹങ്ങളെയും അവര്‍ പൂജിച്ചിരുന്നു. വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞ ക്ഷേത്രങ്ങള്‍ അന്ന് സാര്‍വത്രികമായിരുന്നു. ഈയൊരു ഘട്ടത്തിലാണ് മഹാനായ ഇബ്രാഹീംعليه السلام റസൂലായി നിയോഗിക്കപ്പെടുന്നത്.
അധികാരം കൈയില്‍ കിട്ടിയപ്പോള്‍, നംറൂദ് കടുത്ത ധിക്കാരിയായി മാറി. ലോകം നിയന്ത്രിക്കുന്നതുതന്നെ താനാണെന്ന് പറഞ്ഞ്, അല്ലാഹുവിനെ തള്ളിപ്പറഞ്ഞു. അങ്ങനെ മതിമറന്ന് അഹങ്കരിക്കുന്നതിനിടയിലാണ്, അവനും ഇബ്‌റാഹീം നബിعليه السلامമും തമ്മില്‍ ഇനിയുള്ള ആയത്തില്‍ പറയുന്ന സംവാദം നടക്കുന്നത്.
രാജാക്കന്മാര്‍ ദൈവങ്ങളായി സ്വയം അവരോധിക്കലും, പ്രജകള്‍ അവരെ ആരാധിക്കലുമെല്ലാം പണ്ടുകാലത്തെ പതിവായിരുന്നല്ലോ. ഇബ്‌റാഹീം നബി عليه السلامയുടെ ശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണല്ലോ മൂസാ നബി عليه السلام വരുന്നത്. അന്ന് ഈജിപ്തിലെ രാജാവായിരുന്ന ഫിര്‍ഔന്‍, ഞാനാണ് നിങ്ങളുടെ റബ്ബ് (أنا ربُّكُمُ الْأعْلَى) എന്നും, ഞാനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ഇലാഹുള്ളതായി എനിക്കറിവില്ല (مَا عَلِمْتُ لَكُمْ مِنْ إِلهٍ غَيْرِي) എന്നുമൊക്കെ പറഞ്ഞിരുന്നുവല്ലോ.
ഈ ഫിര്‍ഔനെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പക്ഷേ, നംറൂദിനെക്കുറിച്ച് ഈ ആയത്തിലല്ലാതെ മറ്റെവിടെയും പറഞ്ഞിട്ടില്ല. ആ പേരും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
ഇനി പറയാന്‍ പോകുന്ന വാദപ്രതിവാദം നടന്നത്, ഇറാഖിലെ ഒരു കടുത്ത ക്ഷാമകാലത്താണ്. ആഹാരത്തിന് വകയില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നു. നാട്ടിൽ വിളഞ്ഞ ധാന്യവും മറ്റു നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാന്യവും നംറൂദ് രാജാവിന്‍റെ കൊട്ടാരത്തിലെ കലവറയിൽ സൂക്ഷിക്കപ്പെട്ടു.
അൽപം ധാന്യം കിട്ടണമെങ്കിൽ നംറൂദിന്‍റെ കൊട്ടാരത്തിൽ ചെല്ലണം. അവനു മുമ്പിൽ സുജൂദ് ചെയ്യണം. എല്ലാവരും അതിന് തയ്യാറുമായിരുന്നു.
ഇബ്രാഹീം عليه السلام പലതവണ നംറൂദുമായി സംഭാഷണം നടത്തിയിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഒരു ഫലമുണ്ടായില്ല. ദേഷ്യം കൂടുകയണ് ചെയ്തത്.
ഒരിക്കൽ ഇബ്രാഹീം عليه السلام കൊട്ടാരത്തിൽ ചെന്നു.
‘എന്തിനാണ് വന്നത്?’ രാജാവ് ചോദിച്ചു.
‘അറിഞ്ഞുകൂടേ? നാട്ടിലാകെ ക്ഷാമമല്ലേ? ധാന്യം വേണം.’
‘ഞാനാരാണെന്ന് നിനക്കറിയുമോ?’ രാജാവ് ഗൗരവത്തിലാണ്.
പ്രവാചകൻ സവിനയം പറഞ്ഞത്രെ: ‘ഏകനായ റബ്ബിന്‍റെ ഒരടിമ!’
‘അടിമയോ ? ഞാൻ നിന്‍റെ റബ്ബിന്‍റെ അടിമയോ? ഞാനൊരു കാര്യം പറയാം. എല്ലാവരും ചെയ്യുന്നത് പോലെ നീയും എന്‍റെ മുമ്പിൽ സുജൂദ് ചെയ്യണം. അല്ലാതെ ഒരു മണി ധാന്യം തരില്ല.’
ഉറച്ച സ്വരത്തിലായിരുന്നു മറുപടി: ‘ഏകനായ റബ്ബിന്‍റെ മുമ്പിൽ മാത്രമേ ഞാൻ സുജൂദ് ചെയ്യൂ; മനുഷ്യന്‍റെ മുമ്പിലല്ല’.
‘പറയൂ, ആരാണ് നിന്‍റെ റബ്ബ്?’
‘ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹു.’
‘ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനോ? അത്രേയുള്ളൂ! അതിന് എനിക്കും കഴിയും. കാണിച്ചുതരാം.’
എന്താണവന്‍ ചെയ്തതെന്നറിയോ? രണ്ടുപേരെ ഹാജറാക്കിയിട്ട് ഒരാളെ കൊന്നു, അപരനെ കൊല്ലാതെ വിട്ടു-ഇങ്ങനെയാണ് ഈ വിഡ്ഢി ജീവിപ്പിച്ചതും മരിപ്പിച്ചതും!
പാവം, നംറൂദ്! ധിക്കാരിയാണവന്‍, അതേസമയം പമ്പര വിഡ്ഢിയുമാണ്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചതുപോലെ, ഇബ്‌റാഹീം നബിعليه السلامനെയും തെറ്റിദ്ധരിപ്പിക്കാമെന്നാണവന്‍ കരുതിയത്. മഹാനവര്‍കളുണ്ടോ അവനെ വിടുന്നു?
നംറൂദ് പറഞ്ഞത് വിശകലനം ചെയ്യാനോ, താന്‍ പറഞ്ഞത് വിശദീകരിക്കാനോ ഇബ്‌റാഹീം عليه السلام തുനിഞ്ഞില്ല. ഒരു മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്: ‘നീയാണ് ലോകം നിയന്ത്രിക്കുന്നതെങ്കില്‍ ആയിക്കോട്ടെ. പക്ഷേ, സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നത് അല്ലാഹുവാണ്; നീ അതൊന്ന് പടിഞ്ഞാറുനിന്ന് ഉദിപ്പിക്ക്. സൂര്യചന്ദ്രാദികളെല്ലാം നിന്‍റെ നിയന്ത്രണത്തിലാണെന്നാണല്ലോ നിന്‍റെ വാദം.’
നംറൂദ് ആകെ ഉത്തരം മുട്ടിയിപ്പോയി. എന്തുമറുപടി പറയാനാ, അല്ലേ!
അതിനുശേഷം എന്താണുണ്ടായതെന്ന് അല്ലാഹു ഇവിടെ പറഞ്ഞിട്ടില്ല. ഉത്തരം മുട്ടിയാലും ഇത്തരക്കാര്‍ വാദം പിന്‍വലിക്കാറില്ലല്ലോ. കിടന്നുരുളുകയല്ലേ ചെയ്യുക. മൂസാ عليه السلام നു മുമ്പില്‍ ഫിര്‍ഔന്‍ ഉത്തരം മുട്ടിയപ്പോള്‍, ഭ്രാന്തനാണെന്നാണ് പറഞ്ഞത് (26:27). ജയിലിലിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു (26:29). അതുപോലെ എന്തെങ്കിലുമൊക്കെ നംറൂദും ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. അതെന്താണെന്നിവിടെ പറഞ്ഞിട്ടില്ല.
ഏതായാലും, നംറൂദ് വാദത്തില്‍ നിന്ന് പിന്‍മാറുകയോ, ഇബ്റാഹീം നബി عليه السلام യെ അംഗകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. കാരണം, അവനാണല്ലോ ഇബ്റാഹീം നബി عليه السلامയെ പിന്നീട് തീകുണ്ഡത്തില്‍ എറിഞ്ഞത്. അവസാനം മഹാനവര്‍കള്‍ക്ക് നാടുവിടേണ്ടിവന്നതും അവന്‍ കാരണം തന്നെയാണ്.
മാത്രവുമല്ല, ഈആയത്തിന്‍റെ അവസാനം وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയില്ല) എന്ന് അല്ലാഹു പറയുന്നുമുണ്ട്. അതില്‍ നിന്ന് അവന്‍ മുസ്ലിമായിട്ടില്ലെന്ന് മനസ്സിലാക്കുകയും ചെയ്യാം.
ആയത്ത് പഠിക്കാം.
أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ ۖ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (258)
ഇബ്രാഹീം നബിയോട് തന്‍റെ നാഥന്‍റെ കാര്യത്തില്‍-അവന്‍ അധികാരം കൊടുത്തതു മൂലം-കുതര്‍ക്കം നത്തിയവനെ താങ്കളറിയില്ലേ? എന്‍റെ നാഥന്‍ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ് എന്ന് ഇബ്രാഹീം നബി പ്രസ്താവിച്ചപ്പോള്‍, ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും എന്ന് അവന്‍ തട്ടിവിട്ടു. എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു, നീ പടിഞ്ഞാറു നിന്നു കൊണ്ടുവാ എന്നു ഇബ്രാഹീം നബി വെല്ലുവിളിച്ചപ്പോള്‍ ആ നിഷേധി ഉത്തരം മുട്ടി. അക്രമകാരികളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയില്ല.
وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
ഇത്തരം അക്രമികള്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിച്ചുകൊടുക്കില്ല. അതായത്, സന്മാര്‍ഗത്തിലേക്ക് വഴികാണിച്ചാല്‍ തന്നെയും അവര്‍ പരാജയത്തിന്‍റെ പാതയാണ് തെരഞ്ഞെടുക്കുക. കാരണം, അത്തരം ദുര്‍മാര്‍ഗികള്‍ താഗൂത്തിനെയാണ് കൈകാര്യകര്‍ത്തക്കളായി സ്വീകരിച്ചത്. സ്വയംതന്നെ പരാജിതരായ ഥാഗൂത്തുകള്‍ക്ക് മറ്റുള്ളവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ കഴിയില്ലല്ലോ.
അടുത്ത ആയത്ത് 259
കഴിഞ്ഞ ആയത്തില്‍, ഇബ്‌റാഹീം നബി عليه السلام യുമായി തര്‍ക്കിച്ച, സത്യം സ്വീകരിക്കാന്‍ തയ്യാറാകാത്ത ധിക്കാരിയായ നംറൂദിന്‍റെ കഥ പറഞ്ഞു. കണ്ടില്ലേ (أَلَمْ تَرَ) എന്ന് പറഞ്ഞ്, പ്രത്യേകം ശ്രദ്ധ ക്ഷണിച്ചാണ് ആ കഥ പറഞ്ഞത്.
ഇനി, നേരെ ഓപ്പോസിറ്റായൊരു സംഭവമാണ് പറയുന്നത്. അതായത്, സത്യവിശ്വാസിയും സത്യാന്വേഷിയുമായ ഒരാള്‍ക്ക്, അല്ലാഹു കൂടുതല്‍ പ്രകാശം നല്‍കി അനുഗ്രഹിച്ച സംഭവം. അല്ലാഹുവിന്‍റെ രക്ഷാകര്‍തൃത്വം സ്വീകരിച്ച ആളുകളെ, ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിന്‍റെ ഉദാഹരണം.
‘അതല്ലെങ്കില്‍ ഇതാ വേറെയൊരു ഉദാഹരണം, ഇതൊന്ന് ശ്രദ്ധിക്കൂ’ എന്ന് പറഞ്ഞാണ് ഈ ഈ സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. أَوْ كَالَّذِي (അല്ലെങ്കില്‍ ഒരാളെപ്പോലെ) എന്ന് പറഞ്ഞാണ് തുടങ്ങുന്നത്.
സംഭവമെന്താണെന്ന് നോക്കാം.
മരണാനന്തരജീവിതം നിഷേധിക്കുന്ന പലരുമുണ്ട്.
ജീവിതവും മരണവും നല്‍കുന്നത് അല്ലാഹുവാണെന്ന് വിശ്വസിക്കുന്ന ചിലര്‍ പോലും പുനര്‍ജന്മം നിഷേധിക്കുന്നു എന്നതാണ് വലിയ അത്ഭുതം. ഇത്തരക്കാര്‍ക്കുള്ള ഒരു ദൃഷ്ടാന്തമാണ് ഈ സംഭവം.
ബാബിലോണിയയിലെ ബുഖ്ത്തുനസ്സര്‍ ചക്രവര്‍ത്തി (നെബുക്കഡ് നേസര്‍ 605-562 ബി.സി.) ബൈത്തുല്‍ മുഖദ്ദസ് നഗരം അക്രമിച്ചു. പട്ടണം തകര്‍ത്തുതരിപ്പണമാക്കി. നാട്ടുകാരായ ഇസ്‌റാഈല്യരെ കൂട്ടക്കൊല നടത്തി. നിരവധി പേരെ അടിമകളാക്കി ബാബിലോണിയയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ സംഭവമാണിത്.
അങ്ങനെ ആകെ തകര്‍ന്നു കിടക്കുന്ന, തീരെ ജനവാസമില്ലാത്ത ആ പ്രദേശത്തുകൂടി ഒരാള്‍ ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യുകയാണ്. കുറച്ച് ഭക്ഷണപാനീയങ്ങളുമുണ്ടായിരുന്നു കൂടെ. അത്തിപ്പഴവും മുന്തിരിച്ചാറുമായിരുന്നു അതെന്ന് ചില റിപ്പോര്‍ട്ടുകളിലുണ്ട്.
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ
‘ഒരു നാട്ടിലൂടെ നടന്നുപോയ ആള്‍’ എന്നാണ് അല്ലാഹു പറയുന്നത്. ആരായിരുന്നുവെന്നോ, ഏത് നാടാണെന്നോ പറഞ്ഞിട്ടില്ല. ഗുണപാഠം അറിയാന്‍ അതിന്‍റെയൊന്നും ആവശ്യവുമില്ലല്ലോ.
ഏതായാലും വിവിധ അഭിപ്രായങ്ങള്‍ ഇതു സംബന്ധമായുണ്ട്. പ്രബലാഭിപ്രായം, അദ്ദേഹം ഉസൈര്‍ (എസ്രാ) എന്ന മഹാനാണെന്നാണ്. അലി, ഇബ്‌നു അബ്ബാസ്(رضي الله عنهم) തുങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.
മനോഹരമായിരുന്ന ആ പട്ടണത്തിന്‍റെ മുന്‍സ്ഥിതിയും ഇപ്പോഴത്തെ അവസ്ഥയും ചിന്തിക്കുകയാണ് അദ്ദേഹം. ഇടക്ക് ആശ്ചര്യത്തോടെ പറഞ്ഞുപോയി: 'ഇവ്വിധം നശിച്ചുപോയ ശേഷം, ഈ പട്ടണം ഇനി അല്ലാഹു എങ്ങനെ പുനരുദ്ധരിക്കാനാണ്?'
സാധാരണഗതിയില്‍ ചിന്തിച്ചുനോക്കുമ്പോള്‍, ആ പട്ടണം പഴയ രൂപത്തിലാക്കുക എന്നത് ശ്രമകരം തന്നെയാണ്, എന്നല്ല അസാധ്യമെന്നുതന്നെ പറയാവുന്ന അവസ്ഥയിലാണ്. നഗരം ആകെ തരിപ്പണമായിട്ടുണ്ട്. താമസക്കാര്‍ ആരുമില്ലതാനും.
പക്ഷേ, അല്ലാഹുവിന് ഒന്നും അസാധ്യമല്ലല്ലോ. ആ വശം ആലോചിക്കാതെ ഉസൈര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍, എന്നാല്‍പിന്നെ അതൊന്ന് കാണിച്ചുകൊടുക്കണമെന്ന് അല്ലാഹു നിശ്ചയിക്കുകയാണ്. അദ്ദേഹത്തെയങ്ങ് മരിപ്പിച്ചു.
കാലം മുന്നോട്ടു നീങ്ങി. ആയിടക്കാണ് ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ മറ്റൊരു യുദ്ധം നടന്നത്. ബാബിലോണിയക്കാര്‍ അമ്പേ പരാജയപ്പെട്ടു. അതോടുകൂടി ഇസ്രാഈലുകാര്‍ മോചിതരാവുകയും ചെയ്തു. അവര്‍ ബൈത്തുല്‍ മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. പേര്‍ഷ്യക്കാര്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.
അപ്പോഴേക്കും നൂറ് വര്‍ഷം കഴിഞ്ഞിരുന്നു. അല്ലാഹു ആ മരിച്ചുകിടന്ന ആളെ ജീവിപ്പിച്ചു. മരിച്ചത് രാവിലെയായിരുന്നു; ജീവിച്ചെഴുന്നേറ്റത് വൈകുന്നേരവും.
ജീവിപ്പിച്ച ശേഷം അല്ലാഹു ചോദിച്ചു: ‘എത്ര കാലമാണ് താങ്കളിങ്ങനെ മരിച്ചുകിടന്നത്?’
അല്ലാഹുവിനറിയാത്തതുകൊല്ല ഈ ചോദ്യം. അദ്ദേഹം മനസ്സിലാക്കാന്‍ വേണ്ടി മാത്രം. നൂറുകൊല്ലം കഴിഞ്ഞതൊന്നും അദ്ദേഹത്തിന്നറിയുകയില്ലല്ലോ.
അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ കുറച്ച് ഭാഗമോ അങ്ങനെ കിടന്നിട്ടുണ്ടാകും.’
‘ഏയ്, അല്ല. നൂറുകൊല്ലം നീ മരിച്ചുകിടന്നിരുന്നു.’ അപ്പോഴാണയാള്‍ക്ക് യാഥാര്‍ത്ഥ്യം പിടികിട്ടുന്നത്.
സൂറത്തുല്‍ കഹ്ഫ് 19-ആം വചനത്തില്‍ കാണുന്ന പോലെ, ഗുഹാവാസികള്‍ (اصحاب الكهف) ഉറക്കില്‍നിന്ന് ഉണര്‍ന്നപ്പോള്‍, അവരും ഇതേപോലെ പറഞ്ഞിരുന്നല്ലോ. മുന്നൂറിലധികം കൊല്ലങ്ങളാണവരെ റബ്ബ് ഉറക്കിക്കിടത്തിയത്.
ഏതായാലും ഉസൈറെന്നവര്‍, മരിക്കുമ്പോഴത്തെ അവസ്ഥതന്നെ, വേറെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ശരീരത്തില്‍ പ്രകടമായിരുന്നില്ല. നൂറു വര്‍ഷം ഉറങ്ങികിടന്നിട്ടും ശരീരം ജീര്‍ണിച്ചിരുന്നില്ല, കൈവശമുണ്ടായിരുന്ന ഭക്ഷണം കേടുവന്നതുപോലുമില്ല. ഒരു ദിനം പോലും കിടന്നില്ലെന്ന അദ്ദേഹത്തിന്‍റെ ഉത്തരം അതാണല്ലോ വ്യക്തമാക്കുന്നത്. അതേ സമയം, അദ്ദേഹം സഞ്ചരിച്ചിരുന്ന കഴുത, ചത്തു ജീര്‍ണിച്ച്, എല്ലുകളായി മാറിയിരുന്നു.
ആ കഴുതയെ പുനര്‍ജീവിപ്പിക്കുന്നത് നേരിട്ട് കാണിച്ചുകൊടുക്കുത്തു റബ്ബ്. കഴുതയുടെ എല്ലുകളിലേക്ക് നോക്കാനും, അവയെ പുനഃസംഘടിപ്പിച്ചു മാംസംകൊണ്ട് പൊതിഞ്ഞ് വീണ്ടും ജീവിപ്പിക്കുന്നത് ശ്രദ്ധിക്കാനും അല്ലാഹു കല്‍പിച്ചു. എല്ലാം കണ്ണുകൊണ്ട് കണ്ടു അദ്ദേഹം. കാര്യങ്ങളെല്ലാം ബോധ്യമായി.
ആ രാജ്യം പുനഃരുദ്ധരിക്കാനും മരിച്ചവരെ ജീവിപ്പിക്കാനുമൊന്നും അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു. മറ്റുള്ളവര്‍ക്കതൊരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَلْ لَبِثْتَ مِائَةَ عَامٍ فَانْظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانْظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِلنَّاسِ ۖ وَانْظُرْ إِلَى الْعِظَامِ كَيْفَ نُنْشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (259)
അല്ലെങ്കില്‍ മറ്റൊരാളുടെ ഉപമ ശ്രദ്ധിക്കുക. മേല്‍തട്ടോടുകൂടി വീണുകിടക്കുന്ന (നിശ്ശേഷം തകര്‍ന്നടിഞ്ഞ) ഒരു നാട്ടിലൂടെ സഞ്ചരിച്ചപ്പോള്‍ അദ്ദേഹം ആത്മഗതം ചെയ്തു: ഇന്നാട് ഇക്കാണും വിധം നിലംപരിശായിട്ട് ഇനി എങ്ങനെയാണ് അല്ലാഹു ഇതു പുനര്‍നിര്‍മിക്കുക? അപ്പോള്‍, അദ്ദേഹത്തെ മരിപ്പിച്ച് നൂറുവര്‍ഷം കിടത്തി, പിന്നീട് പുനര്‍ജനിപ്പിച്ച് അല്ലാഹു ചോദിച്ചു-താങ്കള്‍ എത്രകാലം കഴിച്ചുകൂട്ടി? അയാള്‍ മറുപടി നല്‍കി: ഒരു ദിവസം, അല്ലെങ്കില്‍ ഏതാനും സമയം. അവന്‍ വ്യക്തമാക്കി: അല്ല, നൂറുകൊല്ലമാണ് താങ്കളിവിടെ കഴിഞ്ഞത്! താങ്കളുടെ അന്നപാനാദികള്‍ നോക്കൂ, ഒരു വ്യത്യാസവുമില്ല; കഴുതയെ ശ്രദ്ധിക്കൂ. (അതു ചത്തു ദ്രവിച്ചു പോയിരിക്കുന്നു.) താങ്കളെ മാനുഷ്യകത്തിനു ഒരു ദൃഷ്ടാന്തമാക്കാനാണിതു ചെയ്തത്. കഴുതയുടെ ദ്രവിച്ച എല്ലുകളിലേക്ക് നോക്കുക, അവ നാമെങ്ങനെ പുനഃസംഘടിപ്പിക്കുകയും മാംസം പൊതിയുകയും ചെയ്യുന്നുവെന്ന്! അങ്ങനെ ആ പുനരുജ്ജീവനം തനിക്കു സ്പഷ്ടമായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവന്‍ തന്നെയാണെന്നു എനിക്കു ബോധ്യമായിരിക്കുന്നു.
فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ - മുമ്പേ അറിഞ്ഞും, വിശ്വസിച്ചും വരുന്ന യാഥാര്‍ത്ഥ്യം കാഴ്ചയില്‍ കണ്ടറിഞ്ഞുവെന്ന് ഉദ്ദേശ്യം.
ഏതായാലും ഉസൈറെന്നവര്‍ പിന്നീട് ആളുകളുടെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തെ ആദ്യകാലത്ത് അറിയാമായിരുന്ന, വളരെ പ്രായം ചെന്ന ചിലര്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. തന്‍റെ കഴുതപ്പുറത്ത് കയറിച്ചെന്ന് ഞാന്‍ ഉസൈറാണെന്ന് പറഞ്ഞപ്പോള്‍, ഉസൈറോ, അദ്ദേഹം എത്രയോ കാലം മുമ്പ് മരിച്ചുപോയല്ലോ എന്ന് പറഞ്ഞ് ആളുകള്‍ വിശ്വസിച്ചില്ലത്രേ. പക്ഷേ, പിന്നീടൊരിക്കല്‍, അദ്ദേഹം ആളുകളുടെ ആവശ്യപ്രകാരം, തൗറാത്ത് ഒരക്ഷരം പിഴക്കാതെ മനഃപാഠം വായിച്ചു കേള്‍പിച്ചത്രെ; അപ്പോഴാണ് ആളുകള്‍ക്ക് വിശ്വാസമായത്.
അമാലിഖത് വിഭാഗം ഇസ്രാഈല്യരെ അകമിച്ചപ്പോള്‍ തൌറാത്തിന്‍റെ യഥാര്‍ഥ കോപ്പി നഷ്ടപ്പെട്ടു പോയിരുന്നു, തൌറാത്ത് അറിയുന്ന ആളുകളും കൊല്ലപ്പെട്ടിരുന്നു. അങ്ങനെ ഉസൈറെന്നവര്‍, അല്ലാഹു കൊടുത്ത പ്രത്യേക കഴിവുകൊണ്ട്, തൌറാത്ത് വായിച്ചുകേള്‍പ്പിച്ചു, പകര്‍ത്തിയെഴുതി. അളുകള്‍ക്ക് വലിയ അത്ഭുതമായി, അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്തു.
വിശ്വസിച്ചു എന്ന് മാത്രല്ല, വിശ്വാസത്തിന്‍റെ ഊക്ക് കുറച്ച് കൂടിപ്പോയി. അദ്ദേഹം അല്ലാഹുവിന്‍റെ മകനാണെന്നു പറഞ്ഞു തുടങ്ങി. സൂറത്തുത്തൌബ 30 ആയത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. അവിടെ വിശദമായി പഠിക്കാം – إن شاء الله
---------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment