അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 58-64) ബാങ്കിനെ കളിയാക്കുന്നവർ
ജൂത-ക്രിസ്‌ത്യാനികളും ബഹുദൈവവിശ്വാസികളും മുനാഫിഖുകളും പരിശുദ്ധ ദീനിനെ പരിഹാസപാത്രമാക്കിയവരാണെന്നാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്. അതുകൊണ്ടുതന്നെ അവരുമായി ചങ്ങാത്തം വേണ്ടെന്നും പറഞ്ഞു.
ഈ പരിഹാസത്തിന്‍റെ ഒരു സാമ്പിളാണ് ഇനി പറയുന്നത്. ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ ഇവരുടെ പരിഹാസത്തിനു വിധേയമായിരുന്നു.
മലമൂത്രവിസര്‍ജന മര്യാദകള്‍ തിരുനബി (صلى الله عليه وسلم) സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തപ്പോള്‍ പരിഹസിച്ചതിങ്ങനെയായിരുന്നു: ‘മലമൂത്രവിസര്‍ജനം പഠിപ്പിക്കാനും നബിയോ? അതൊക്കെ എല്ലാവര്‍ക്കും അറിയുന്നതല്ലേ?!’
ഇനി നമ്മള്‍ പഠിക്കുന്ന ആയത്തില്‍ ഉദാഹരണമായി അല്ലാഹു കാണിക്കുന്നത്, ചില ജൂത-ക്രിസ്ത്യാനികള്‍ നമസ്‌കാരത്തെയും ബാങ്കിനെയുമൊക്കെ പരിഹസിച്ചിരുന്നതാണ്.
തിരുനബി صلى الله عليه وسلم യോട് കടുത്ത ശത്രുതയായിരുന്നല്ലോ ജൂതന്മാര്‍ക്ക്. മുരത്ത അസൂയയും വിദ്വേഷവും കാരണം അവിടന്ന് ചെയ്യുന്നതിലെല്ലാം കുറ്റവും കുറവും കാണും.
ബാങ്ക് സഹിക്കാനാകാത്തതുകൊണ്ട് കഴുതയുടെ കരച്ചിലായി അവര്‍ ചിത്രീകരിച്ചു. ബാങ്കുവിളി കേള്‍ക്കുമ്പോള്‍ തിരുനബി (صلى الله عليه وسلم) യുടെ അടുത്തുചെന്ന് പറയുമത്രേ: ‘ഇതൊരു പുതിയ പരിപാടിയാണല്ലോ, മുന്‍ സമുദായങ്ങളിലൊന്നും ഇങ്ങനെയൊന്ന് കേട്ടിട്ടില്ല. നബിയാണെന്ന് വാദിക്കുന്നു നീ, പക്ഷേ, മുന്‍പ്രവാചകന്മാരൊന്നും ചെയ്യാത്തതാണല്ലോ ചെയ്യുന്നത്. ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ പൂര്‍വകാല പ്രവാചകര്‍ ചെയ്യേണ്ടിയിരുന്നു... നിനക്കു മാത്രമെവിടെ നിന്നാണ് ഈ കാട്ടുകഴുതയുടെ കരച്ചില്‍ കിട്ടിയത്? എന്തൊരു അറപ്പുള്ള ശബ്ദമാണിത്! (തഫ്‌സീര്‍ ഖാസിന്‍, അല്‍ ബഹ്‌റുല്‍ മുഹീഥ് 3:515).
മദീനയിലെ ഒരു ജൂതന്‍... ബാങ്കുവിളി കേട്ടാല്‍ അയാള്‍ കലിതുള്ളും. أشهد أن محمد رسول الله (മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ ദൂതന്‍ തന്നെയെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്ന വാക്ക് സഹിക്കാനേ കഴിയില്ല. തല്‍ക്ഷണം അയാള്‍ പ്രതികരിക്കും: `ഈ വ്യാജം പറയുന്നവനെ അല്ലാഹു കരിച്ചുകളയട്ടെ'. പക്ഷേ, ഈ അധരവ്യായാമം ഏറെ നീണ്ടു നിന്നില്ല. ഒരു രാത്രി അയാളുടെ വേലക്കാരന്‍ തീയും കൊണ്ട് വീട്ടിലേക്ക് കടക്കുകയായിരുന്നു. എല്ലാവരും ഉറക്കത്തിലാണ്. അപ്രതീക്ഷിതമായി ഒരു തീപ്പൊരി പാറി വീടിന് തീപിടിച്ച് കത്തിച്ചാമ്പലായി. അയാളും കുടുംബവും ഒന്നടങ്കം കത്തിക്കരിഞ്ഞുപോയി. (തഫ്‌സീര്‍ അബുസ്സഈദ് 2:40, ഥബരി 6:291).
മുസ്‌ലിംകള്‍ നിസ്‌കാരത്തിന് എഴുന്നേറ്റുനിന്നാലും അവര്‍ പരിഹസിക്കും: ‘എണീറ്റുപോയി, എണീറ്റുപോയി. ഇനിയവര്‍ എണീക്കാതിരിക്കട്ടെ.’ റുകൂഉം സുജൂദൂമൊക്കെ കണ്ട് കളിയാക്കുകയും ചിരിക്കുകയും ചെയ്യും (അദ്ദുര്‍റുല്‍ മന്‍സൂര്‍ 6:107, ഖുര്‍ഥുബി 6:224).
ഇത്തരം പശ്ചാത്തലങ്ങളിലായിരുന്നു ഈ ആയത്ത് അവതീര്‍ണമായത്.
وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْقِلُونَ (58)
നിങ്ങള്‍ നമസ്‌കാരത്തിനായി ബാങ്ക് വിളിച്ചാല്‍ അവരത് കളിയും തമാശയുമാക്കുകയാണ്. അവര്‍ ചിന്തിക്കാത്ത (ബുദ്ധിയില്ലാത്ത) ഒരു ജനവിഭാഗമാണ് എന്നതിനാലാണത്.
അടുത്ത ആയത്ത് 59
വേദക്കാരുടെ ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും ഇങ്ങനെ മറുപടി പറയാന്‍ തിരുനബി صلى الله عليه وسلم യോട് അല്ലാഹു കല്‍പിക്കുകയാണ്: ‘ഇവ്വിധം ഞങ്ങളെ ആക്ഷേപിക്കാന്‍ എന്ത് അപരാധമാണ് ഞങ്ങള്‍ ചെയ്തത് - അല്ലാഹുവിലും ദൂതന്മാരിലും വേദഗ്രന്ഥങ്ങളിലും ശരിയാംവിധം വിശ്വസിക്കുന്നു എന്നല്ലാതെ?! ഇതല്ലാതെ, ആക്ഷേപ വിധേയമായ ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല.
ഇങ്ങനെ വിശ്വസിക്കുന്നത് ആക്ഷേവിധേയമായ കാര്യമാണോ? ഒരിക്കലുമല്ല. ഇതിന്‍റെ പേരിലാണ് നിങ്ങള്‍ ഞങ്ങളെ ആക്ഷേപിക്കുന്നതെങ്കില്‍, അതിനു കാരണം, നിങ്ങള്‍ ഭൂരിഭാഗം പേരും അധര്‍മകാരികളാണ് എന്നതുമാത്രമാണ്. അല്ലാതെ, വേറെയൊരു കാരണവും ഞങ്ങള്‍ കാണുന്നില്ല.
قُلْ يَا أَهْلَ الْكِتَابِ هَلْ تَنْقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ مِنْ قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ (59)
നബിയേ, ചോദിക്കുക: ഹേ വേദക്കാരേ, ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നതും, ഞങ്ങളിലേക്കും ഇതിനുമുമ്പും അവതീര്‍ണമായ വേദഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്നു എന്നതുമല്ലാതെ മറ്റൊരു ന്യൂനതയുമല്ലല്ലോ ഞങ്ങള്‍ക്ക് നിങ്ങള്‍ കാണുന്നത്? നിങ്ങളാകട്ടെ മിക്കവരും അധര്‍മകാരികളും.
ഇബ്‌നു അബ്ബാസ് (رضي الله عنهما) പറയുന്നു: തിരുനബി (صلى الله عليه وسلم) യുടെയടുത്ത് കുറെ ജൂതന്മാര്‍ വന്നു. അബൂ യാസിറിബ്‌നു അഖ്‌ത്തബ്, നാഫിഉബ്‌നു അബീനാഫിഅ്, ഗാസിബ്‌നു അംറ്, സൈദുബ്‌നു ഖാലിദ്, ഇസാറുബ്‌നു അബീഇസാര്‍, അസ്‌ഖഅ് മുതലായ നേതാക്കളടങ്ങിയ ഒരു സംഘം.
നിങ്ങളേതെല്ലാം പ്രവാചകന്മാരില്‍ വിശ്വസിക്കുന്നുണ്ട് എന്ന് അവര്‍ ചോദിച്ചു. അവിടന്ന് പ്രതികരിച്ചു: അല്ലാഹുവിലും അവങ്കല്‍ നിന്ന് ഞങ്ങള്‍ക്കവതീര്‍ണമായതിലും, പ്രവാചകരായ ഇബ്രാഹീം, ഇസ്‌മാഈല്‍, ഇസ്‌ഹാഖ്, യഅ്‌ഖൂബ്, അദ്ദേഹത്തിന്‍റെ സന്തതികള്‍, മൂസാ, ഈസാ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടതിലും, സമസ്ത പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കാണിക്കുന്നില്ല. അല്ലാഹുവിന് വിധേയരായിക്കഴിയുന്നവരാണ് ഞങ്ങള്‍. (സൂറത്തുല്‍ ബഖറ 136).
പക്ഷേ, ഇക്കൂട്ടത്തില്‍ ഈസാനബി(عليه السلام)യെ പറഞ്ഞത് ജൂതന്മാര്‍ക്ക് പിടിച്ചില്ല. അദ്ദേഹത്തിന്‍റെ പ്രവാചകത്വം അവര്‍ തള്ളിപ്പറയുകയും അംഗീകരിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ആ സമയത്താണ് ഈ സൂക്തമിറങ്ങിയത് (ദുര്‍റുല്‍ മന്‍സൂര്‍ 6:109).
അടുത്ത ആയത്ത് 60
മുസ്‌ലിംകളെ ആക്ഷേപിക്കാന്‍ വേദക്കാര്‍ക്ക് യാതൊരു വകുപ്പുമില്ലെന്ന് സമര്‍ഥിക്കുകയാണിനി. വായടപ്പന്‍ മറുപടി നല്‍കാനാണ് പറയുന്നത്.
വളരെ നല്ല ചില കാര്യങ്ങളുടെ പേരിലാണല്ലോ നിങ്ങള്‍ ഞങ്ങളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, നിങ്ങളുടെ സ്ഥിതിയെന്താണ്?! പല നിലക്കും ഞങ്ങളെക്കാളും മഹാമോശമല്ലേ നിങ്ങളുടെ അവസ്ഥ?!
അല്ലാഹുവിന്‍റെ ക്രോധത്തിനും ശാപത്തിനും വിധേയരായവരല്ലേ നിങ്ങള്‍? അവന്‍റെ ശാപകോപങ്ങളേറ്റുവാങ്ങിയ നീണ്ട പാരമ്പര്യം നിങ്ങള്‍ക്കുണ്ട്. എത്രത്തോളമെന്നാല്‍, നിങ്ങളുടെ കൂട്ടത്തില്‍ പെട്ട ചിലരെ അല്ലാഹു കുരങ്ങുകളായും പന്നികളായും കോലം മറിക്കുകപോലും ചെയ്തിട്ടുണ്ട്.
അല്ലാഹു അല്ലാത്തവരെ ആരാധിക്കരുത് എന്നതാണ് ദീനിന്‍റെ ഏറ്റവും കാതലായ വശം. എന്നിട്ടും നിങ്ങള്‍ ചില ദുര്‍മൂര്‍ത്തികളെ ആരാധിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ നിങ്ങളാണ് ഏറ്റവും മോശപ്പെട്ടവരും ഗുരുതരമായി വഴിതെറ്റിയവരും.
എന്നിട്ടാണോ, സത്യവിശ്വാസം സ്വീകരിക്കുകയും ദിവ്യഗ്രന്ഥങ്ങളെല്ലാം അംഗീകരിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളെ ആക്ഷേപിക്കാനും കുറ്റപ്പെടുത്താനും പരിഹസിക്കാനും ഒരുമ്പെടുന്നത്?! അങ്ങനെ ചെയ്യാന്‍ എന്തവകാശമാണ് നിങ്ങള്‍ക്കുള്ളത്?
قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَٰلِكَ مَثُوبَةً عِنْدَ اللَّهِ ۚ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ ۚ أُولَٰئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيلِ (60)
എന്നാല്‍, അല്ലാഹുവിങ്കല്‍ ഇതിനെക്കാള്‍ ഹീനമായ പ്രതിഫലം കിട്ടുന്നവരെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ? അല്ലാഹു ശപിക്കുകയും കോപിക്കുകയും ചെയ്തവരാണവര്‍; അവരില്‍ നിന്നവന്‍ കുരങ്ങുകളെയും പന്നികളെയുമുണ്ടാക്കി; അവര്‍ പിശാചിനെ ആരാധിച്ചു. നീച നിലപാടുകാരും സന്മാര്‍ഗത്തില്‍ നിന്നു ഗുരുതരമായി വഴിതെറ്റിയവരും അവരാണ്.
മുസ്‌ലിംകള്‍ അല്ലാഹുവിലും എല്ലാ പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിച്ചു എന്നത് ഒരു തെറ്റാണെന്നും, ആ തെറ്റിന് അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നുമാണല്ലോ വേദക്കാരുടെ വാദം. വാദത്തിനു വേണ്ടി അത് സമ്മതിച്ചുകൊടുത്താല്‍ തന്നെ, അതിലേറെ കഠിന ശിക്ഷക്ക് വിധേയരാവുക ആരാണ്, അല്ലാഹു ശപിക്കുകയും കോപിക്കുകയും ചിലരെ കുരങ്ങന്മാരും പന്നികളുമാക്കിത്തീര്‍ക്കുകയും ചെയ്‌ത വേദക്കാര്‍ തന്നെയല്ലേ. ഇത് വളരെ വ്യക്തമല്ലേ!
مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ
ഈ ശാപകോപങ്ങളുടെ കാര്യം വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും അല്ലാഹു പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച മീന്‍ പീടിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ ചെയ്ത ധിക്കാരം കാരണം ചിലരെ കുരങ്ങുകളാക്കി കോലം മറിച്ചതിനെപ്പറ്റി സൂറത്തുല്‍ബഖറ 65 ല്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. സൂറത്തുല്‍ അഅ്‌റാഫ് 166 ല്‍ ഇനി വരുന്നുമുണ്ട് – إن شاء الله
ചിലര്‍ കുരങ്ങുകളായും മറ്റു ചിലര്‍ പന്നികളായും കോലം മറിക്കപ്പെട്ടിട്ടുണ്ട്.
وَعَبَدَ الطَّاغُوتَ
طاغوت ന്‍റെ ഭാഷാര്‍ത്ഥം, പ്രയോഗം എന്നിവയെ സംബന്ധിച്ച് സൂറത്തുല്‍ബഖറ 256, 257 എന്നീ ആയത്തുകള്‍ പഠിച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കള്‍ക്കും പിശാചിനും ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്.
ജൂതന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ പശുക്കുട്ടിയെ ആരാധിച്ച കഥ പ്രസിദ്ധമാണ്. കൂടാതെ, അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കു പകരം പിശാചിന്‍റെ ദുരുപദേശങ്ങള്‍ സ്വീകരിക്കുക, പുരോഹിതന്മാരുടെ നിയമ നിര്‍മാണങ്ങള്‍ മതനിയമങ്ങളായി അംഗീകരിക്കുക, അവരെ റബ്ബുകളാക്കി വരിക്കുക – ഇതെല്ലാമവര്‍ ചെയ്തിരുന്നു. ഈ അര്‍ത്ഥങ്ങളിലെല്ലാം ആവാം ‘അവര്‍ ത്വാഗൂത്തിനെ ആരാധിച്ചു’ എന്ന് പറഞ്ഞത്.
ഇസ്രയേല്യരില്‍ ചിലരെ പന്നികളും കുരങ്ങുകളുമാക്കിയതും അവര്‍ അല്ലാഹു അല്ലാത്തവരെ ആരാധിച്ചതും ബൈബിളിലും കാണാവുന്നതാണ്.
അടുത്ത ആയത്ത് 61
ചില കപടന്മാരെക്കുറിച്ചാണിനി പറയുന്നത്. യഹൂദികളിലുണ്ടായിരുന്ന കപടന്മാര്‍. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സ്വഹാബികളുടെയും അടുത്തുവരുമ്പോള്‍ വിശ്വാസികളായി അഭിനയിക്കും അവര്‍. അവിശ്വാസവും നിഷേധവും മനസ്സിലൊളിപ്പിച്ചുവെക്കുകയും ചെയ്യും.
അവിശ്വാസികളില്‍ ചിലര്‍ക്കെങ്കിലും, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തിരുസന്നിധിയിലെത്തി അവിടത്തെ ഉപദേശങ്ങള്‍ കേട്ട് മനഃപരിവര്‍ത്തനം ഉണ്ടാകാറുണ്ട്. ഇക്കൂട്ടര്‍ക്ക് അതുമുണ്ടാകാറില്ല. വന്നപ്പോഴുള്ള അതേ അവിശ്വാസത്തോടും നിഷേധത്തോടും കൂടിത്തന്നെയായിരിക്കും അവരുടെ മടക്കവും.
തിരുനബി صلى الله عليه وسلمയുടെ ആ തിരുസാന്നിധ്യം കൊണ്ടോ അവിടത്തെ തിരുവായില്‍ നിന്നുതന്നെ വിശുദ്ധ ഖുര്‍ആന്‍റെ ദിവ്യസൂക്തങ്ങള്‍ ശ്രവിക്കുന്നതുകൊണ്ടോ ഒരു മാറ്റവും അവര്‍ക്കുണ്ടാകില്ല. അങ്ങനെയൊരു മാറ്റമോ സന്മാര്‍ഗപ്രാപ്‌തിയോ അവര്‍ ഉദ്ദേശിച്ചിട്ടില്ല എന്നതുതന്നെ കാരണം.
പിന്നെ എന്തിനാണവര്‍ വരുന്നത്? ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും, അവിടെ പറയുന്ന കാര്യങ്ങള്‍ പരിഹസിക്കപ്പെടാന്‍ വേണ്ടി പുറത്തുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും, കുത്തിത്തിരിപ്പുകള്‍ ആസൂത്രണം ചെയ്യാനുമാണ്.
ഇതെല്ലാം അല്ലാഹുവിന് വളരെ സൂക്ഷ്‌മമായി അറിയാമെന്നും ഈ ഒളിച്ചുകളിയൊന്നും അവന്‍റെയടുത്ത് വിലപ്പോകില്ലെന്നുമാണ് പറയുന്നത്.
وَإِذَا جَاءُوكُمْ قَالُوا آمَنَّا وَقَدْ دَخَلُوا بِالْكُفْرِ وَهُمْ قَدْ خَرَجُوا بِهِ ۚ وَاللَّهُ أَعْلَمُ بِمَا كَانُوا يَكْتُمُونَ (61)
ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്ന് നിങ്ങളുടെയടുത്തു വരുമ്പോള്‍ അവര്‍ തട്ടിവിടും. യഥാര്‍ത്ഥത്തില്‍, അവര്‍ കടന്നുവരുന്നതും പുറത്തുപോകുന്നതും സത്യനിഷേധ സമേതം തന്നെയാണ്. അവര്‍ മറച്ചു വെക്കുന്നത് ഏറ്റം നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.
അടുത്ത ആയത്ത് 62
യഹൂദികള്‍ വ്യാപകമായി ചെയ്തിരുന്ന ചില വേണ്ടാത്തരങ്ങളാണ് അടുത്ത ആയത്തുകളിലുള്ളത്. കുറ്റകൃത്യങ്ങള്‍ ചെയ്യുക, അക്രമം പ്രവര്‍ത്തിക്കുക, ഹറാം തിന്നുക - ഈ മൂന്ന് കാര്യങ്ങളാണിവിടെ പരാമര്‍ശിച്ചിരിക്കുന്നത്.
ഒരു സമൂഹത്തെയും കണ്ണടച്ചാക്ഷേപിക്കുന്ന പതിവ് വിശുദ്ധ ഖുര്‍ആനിനില്ലല്ലോ. കുറ്റവും കൊള്ളരുതായ്‌മകളും ചെയ്യുന്നുവെന്നു മാത്രമല്ല ഇവിടെ പറയുന്നത്; അത്തരം വേണ്ടാത്തരങ്ങളിലേക്ക്-അത് ചെയ്യാന്‍-അവര്‍ ധൃതിപ്പെട്ട് ഓടുകയാണെന്നാണ്.
وَتَرَىٰ كَثِيرًا مِنْهُمْ يُسَارِعُونَ فِي الْإِثْمِ وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَعْمَلُونَ (62)
കുറ്റകൃത്യം, അക്രമം, നിഷിദ്ധമായവ തിന്നുക എന്നിവയിലേക്ക് അതിവേഗം ചെന്നെത്തുന്നവരാണ് അവരില്‍ മിക്കവരും എന്ന് താങ്കള്‍ക്കു കാണാം. അവരുടെ പ്രവൃത്തി അതീവഹീനം തന്നെ.
وَأَكْلِهِمُ السُّحْتَ
ഹറാം തിന്നുകയെന്ന് പറഞ്ഞാല്‍ യാതൊരു തത്ത്വദീക്ഷയും നീതിബോധവുമില്ലാതെ കൈക്കൂലിയും കോഴയുമൊക്കെ വാങ്ങുകയെന്നാണ്.
ഇമാം ഥബരി رحمه الله എഴുതുന്നു: അതുകൊണ്ട് വിവക്ഷ, അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലുള്ള നിയമവിധികള്‍ക്ക് പകരം കെട്ടിച്ചമച്ചണ്ടാക്കുന്ന `മതനിയമ'ങ്ങള്‍ക്കു പ്രതിഫലമായി അവര്‍ വാങ്ങിയിരുന്ന കൈക്കൂലിയാണ് (ജാമിഉല്‍ ബയാന്‍ 6:298).
അടുത്ത ആയത്ത് 63
ജൂതന്മാരുടെ ഈ വഴിവിട്ട പോക്ക്, അവരുടെ കൂട്ടത്തിലെ പുരോഹിതരും പണ്ഡിതരും എന്തുകൊണ്ട് തടഞ്ഞില്ലെന്നാണ് അല്ലാഹു ചോദിക്കുന്നത്.
അവരെ ഗുണദോഷിക്കാനും വിലക്കാനും മുതിരുന്നതിന് പകരം, മൗനാനുവാദം നല്‍കിയും മറ്റും പ്രോല്‍സാഹനം നല്‍കുകയാണവര്‍ ചെയ്തത്. ഈ രണ്ട് കൂട്ടരുടെയും ചെയ്തികള്‍ മഹാമോശം തന്നെ.
لَوْلَا يَنْهَاهُمُ الرَّبَّانِيُّونَ وَالْأَحْبَارُ عَنْ قَوْلِهِمُ الْإِثْمَ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَصْنَعُونَ (63)
കുറ്റഭാഷണത്തിലും (കുറ്റകരമായ സംസാരങ്ങള്‍) നിഷിദ്ധ ഭോജനത്തിലും നിന്ന് എന്തു കൊണ്ട് പുരോഹിതരും പണ്ഡിതരും അവരെ വിലക്കുന്നില്ല? അവരുടെ ചെയ്തികള്‍ മഹാമോശം തന്നെ!
ഒരു സമൂഹത്തെയാകമാനം ദുഷിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം കൂട്ടത്തിലെ പണ്ഡിതന്മാര്‍ക്കാണെന്നാണ് പറയുന്നത്. ഇമാം അബൂഹയ്യാന്‍ പറഞ്ഞ പോലെ ഇതൊരു താക്കീതു കൂടിയാണ്: പാപങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കു മെതിരെ മൌനം പാലിക്കുന്ന പണ്ഡിതന്മാരോടും സദ്‍വൃത്തരോടുമുള്ള താക്കീത് (അല്‍ ബഹ്‌റുല്‍ മുഹീഥ് 3:522).
പണ്ഡിതരെ പേടിപ്പെടുത്തുന്ന മറ്റൊരു സൂക്തം ഇതല്ലാതെ വിശുദ്ധ ഖുര്‍ആനിലില്ലെന്ന് ഇമാം ളഹ്‌ഹാക്ക്, ഇബ്‌നു അബ്ബാസ്(رضي الله عنهم) തുടങ്ങിയവരും പറഞ്ഞിട്ടുണ്ട്.
നന്മ കൊണ്ടുള്ള കല്‍പനയും തിന്മ വിരോധിക്കലും വളരെയധികം പ്രാധാന്യമേറിയ കാര്യമാണെന്നും അതിന് എല്ലാവരും, വിശിഷ്യാ പണ്ഡിതര്‍ പ്രതിജ്ഞാബദ്ധരാകണമെന്നുമുള്ള പാഠമാണിവിടെ നിന്ന് പഠിക്കേണ്ടത്.
അടുത്ത ആയത്ത് 64
വേദക്കാരെ സംബന്ധിച്ച് പൊതുവെയും, യഹൂദികളെക്കുറിച്ച് വിശേഷിച്ചും പല കാര്യങ്ങളും ഇതുവരെ പറഞ്ഞു. യഹൂദികള്‍ ആക്ഷേപകരമായ, കുറ്റകരമായ പലതും പറഞ്ഞുനടന്നിരുന്നു എന്ന് കഴിഞ്ഞ ആയത്തില്‍ സൂചിപ്പിച്ചല്ലോ (قَوْلِهِمُ الْإِثْمَ ). അതിനൊരു ഉദാഹരണമാണിനി പറയുന്നത്. അതായത്, അല്ലാഹു പിശുക്കനാണെന്ന് പറഞ്ഞുപരത്തി.
മുമ്പൊക്കെ ജൂതന്മാര്‍ വലിയ സമ്പന്നരും പ്രതാപികളുമായിരുന്നുവത്രേ. തിരുനബി (صلى الله عليه وسلم) യെയും സ്വഹാബികളെയും ആക്ഷേപിക്കാനും പരിഹസിക്കാനും സമൂഹത്തില്‍ കുത്തിത്തിരിപ്പുകളുണ്ടാക്കാനും കച്ചകെട്ടിയിറങ്ങിയപ്പോള്‍ സാമ്പത്തികമായി പിറകോട്ടടിക്കാന്‍ തുടങ്ങി. അന്തസ്സും പ്രതാപവുമെല്ലാം ഇടിഞ്ഞുകൊണ്ടേയിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിക്കൊണ്ടിരുന്ന സമയവുമായിരുന്നല്ലോ അത്. ഖുര്‍ആനില്‍തന്നെ പലയിടത്തും അവരുടെ കൈയിലിരിപ്പ് കാരണം തരംതാഴ്‌ത്തിക്കാണിച്ചത് നമ്മള്‍ പഠിച്ചുവല്ലോ. അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് വിധേയരാകേണ്ടിവന്ന കാര്യവും പറഞ്ഞു.
ഇങ്ങനെ അന്തസ്സും സമ്പത്തും നഷ്ടപ്പെട്ടപ്പോള്‍ അല്ലാഹുവിനോട് അവര്‍ക്ക് വെറുപ്പായി. സമ്പന്നരായിരുന്ന തങ്ങള്‍ക്ക് അല്ലാഹു ഇപ്പോള്‍ കൈയയച്ചൊന്നും തരുന്നില്ല. അവന്‍ പിശുക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞുപരത്തി (റാസി 12:40).
സൂറത്തു ആലു ഇംറാന്‍ 181 ആം ആയത്ത് പഠിച്ചപ്പോള്‍, (إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ) ‘അല്ലാഹു ദരിദ്രനും നാം ധനികരുമാകുന്നു’ എന്ന് അവര്‍ പറഞ്ഞിരുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നുവല്ലോ. അതുപോലെയുള്ള മറ്റൊരു മോശം വാക്ക് അവര്‍ പറഞ്ഞുകൊണ്ടിരുന്നതാണ് ഇനിയുള്ള 64-ആം ആയത്തിലുള്ളത്. അതായത്, അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടതാണ് (പിശുക്കനാണ്) എന്ന വാക്ക്.
അതിന് അല്ലാഹു മറുപടി പറയുന്നതിങ്ങനെയാണ് : അല്ലാഹുവല്ല പിശുക്കന്‍; ജൂതന്മാര്‍ തന്നെയാണ്. അത്യുദാരനും, പ്രപഞ്ചത്തിലെ സര്‍വ ജീവജാലങ്ങള്‍ക്കും നിര്‍ജീവ വസ്‌തുക്കള്‍ക്കും തന്‍റെ പ്രവിശാലമായ ഔദാര്യം വര്‍ഷിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹുവിനെക്കുറിച്ച് എങ്ങനെയാണ് പിശുക്കനെന്നു പറയുക!?
ഈ വിധം പലതരം വിടുവായിത്തങ്ങളും മൌഢ്യങ്ങളും നിസ്സങ്കോചം പറഞ്ഞിരുന്നതിനാല്‍ അല്ലാഹുവിന്‍റെ ശാപത്തിനവര്‍ വിധേയരാവുകയുണ്ടായി.
യാണ്
وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللَّهُ لَا يُحِبُّ الْمُفْسِدِينَ (64)
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടതാണ് (പിശുക്കനാണെന്ന്) എന്ന് യഹൂദികള്‍ ജല്‍പിക്കുന്നു. എന്നാല്‍ അവരുടെ കൈകളാണ് ബന്ധിച്ചുവെക്കപ്പെട്ടിരിക്കുന്നത്, മൗഢ്യം പറഞ്ഞതിനാല്‍ അവര്‍ അഭിശപ്തരായി- അല്ലാഹുവിന്‍റെ ഇരു കൈകളും നിവര്‍ത്തി വെക്കപ്പെട്ടതാകുന്നു; താന്‍ ഉദ്ദേശിക്കുന്ന വിധം അവന്‍ ചെലവഴിക്കും. താങ്കള്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അന്ത്യനാള്‍ വരെയും അവര്‍ക്കിടയില്‍ നാം ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെയും അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്; അല്ലാഹുവാകട്ടെ, നാശകാരികളെ സ്‌നേഹിക്കയേ ചെയ്യില്ല.
يَدُ اللَّهِ مَغْلُولَةٌ
കൈകള്‍ ബന്ധിക്കപ്പെടുക എന്നാല്‍ പിശുക്കുക എന്നര്‍ഥം. പിശുക്കനാണെന്ന് പറയാന്‍ ‘കൈ ബന്ധിക്കപ്പെട്ടവന്‍’ എന്ന് പ്രയോഗിക്കാറുണ്ട് അറബികള്‍. ഔദാര്യവാനാണെന്ന് പറയാന്‍ കൈനീട്ടിയവന്‍ (നിവര്‍ത്തിപ്പിടിച്ചവന്‍) എന്നും. അറബി ഭാഷയില്‍ പതിവുള്ളൊരു പ്രയോഗമാണിതെന്നര്‍ത്ഥം.
അല്ലാഹുവിന്‍റെ കൈ (يَدُ الله), അല്ലാഹുവിന്‍റെ മുഖം (وَجْهُ الله) എന്നിങ്ങനെയുള്ള പ്രയോഗങ്ങളെപ്പറ്റി മുമ്പ് നാം പഠിച്ചിട്ടുണ്ട്. അല്ലാഹുവിന് സൃഷ്ടികളോട് സാദൃശ്യം തോന്നുന്ന രൂപത്തിലുള്ള അര്‍ത്ഥങ്ങളോ വ്യാഖ്യാനങ്ങളോ ഒന്നും അതിന് നല്‍കാന്‍ പാടുള്ളതല്ല.
غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا
അവരുടെ ഈ വിടുവായത്തത്തിന് മറുപടി നല്‍കും മുമ്പ്, അവരോടുള്ള പ്രതിഷേധം സൂചിപ്പിക്കുകയാണ്…غُلَّتْ أَيْدِيهِمْ وَلُعِنُوا എന്ന വാക്യം.
പ്രാര്‍ത്ഥനാ രൂപത്തിലോ പ്രസ്താവനാ രൂപത്തിലോ രണ്ടു തരത്തിലുമാകാം ഈ വാക്യം. ‘അവരുടെ കൈകള്‍ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ’ എന്നാണ് പ്രാര്‍ത്ഥനാ രൂപം. ‘അവരുടെ കൈകള്‍ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു’ എന്നത് statement രൂപവും.
وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۚ
യഹൂദികളെ സംബന്ധിച്ച ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണിവിടെ:
(1) വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാകുന്നത് അവരില്‍ മിക്കവര്‍ക്കും ധിക്കാരവും നിഷേധവും വര്‍ധിപ്പിക്കുകതന്നെ ചെയ്യുന്നു. അത് ശ്രദ്ധിക്കാനോ ഉള്ളടക്കം സ്വീകരിക്കാനോ അവര്‍ തയ്യാറില്ലെന്നതുതന്നെ കാരണം. അവതരിക്കുന്ന ഓരോ കാര്യവും അവര്‍ നിഷേധിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. അതുകാരണം, അവരുടെ അവിശ്വാസവും ധിക്കാരവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ
(2) അന്ത്യനാള്‍ വരെയും ജൂതന്മാര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിരിക്കുകയാണ്. ‘അവര്‍ക്കിടയില്‍’ (بَيْنَھُمْ) എന്നതുകൊണ്ടുദ്ദേശ്യം യഹൂദികള്‍ പരസ്പരം എന്നും, യഹൂദികളും നസ്വാറാക്കളും തമ്മില്‍ എന്നും ആകാവുന്നതാണ്. രണ്ടായാലും സംഗതി ശരി തന്നെ. യഹൂദികളും ക്രിസ്ത്യാനികളും തമ്മിലുള്ള ശത്രുതയും വിദ്വേഷവും ചരിത്ര പ്രസിദ്ധവും പണ്ടു മുതലേ ഉള്ളതുമാണ്. ലോകാവസാനം വരെ അത് നിലനില്‍ക്കുകയും ചെയ്യും.
സൂറത്തുല്‍ ഹശ്ര്‍ 14 ആം സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എത്ര കൃത്യമായാണ് ഇക്കാര്യം വിവരിക്കുന്നതെന്ന് നോക്കൂ!
(കോട്ടകെട്ടിയ പ്രദേശങ്ങളിലോ മതിലുകള്‍ക്ക് പിന്നിലായോ അല്ലാതെ ഒന്ന് നിങ്ങളോടവര്‍ അടരാടുകയില്ല; അവര്‍ക്കിടയിലുള്ള പരസ്പരം പോരാട്ടം തന്നെ രൂക്ഷമാണ്. അവര്‍ ഒറ്റക്കെട്ടാണ് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഭിന്നമാണ്. ചിന്തിച്ചു ഗ്രഹിക്കാത്ത ഒരു ജനതയാണവര്‍ എന്നതുകൊണ്ടാണത്).
ഇനി ഏതെങ്കിലും സമയത്ത് രണ്ടു കൂട്ടരും സഹകരിക്കുന്നത് കാണുന്നു എങ്കില്‍, അത് താല്‍ക്കാലികമായ ചില സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും എന്ന് മനസ്സിലാക്കണം.
ഇസ്‌റാഈല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ക്രിസ്തീയ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങയത് ചില സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
ഇനി, ജൂതന്മാരുടെ അഭ്യന്തര കാര്യമോ? ആകെ വഴക്കും ഭിന്നിപ്പുമാണ്. ഇസ്‌റാഈല്‍ രാഷ്ട്രം ഉണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയത് മുതല്‍ അതിനുവേണ്ടി അവര്‍ ഒന്നിച്ചുവെന്നത് ശരിതന്നെ. അത് മാറ്റിനിര്‍ത്തിയാല്‍, അവരുടെ ചരിത്രത്തിലുടനീളം കാണുന്നത് വഴക്കും അഭിപ്രായ ഭിന്നതയുമാണ്.
പിന്നെ, ഇന്ന് അവര്‍ എല്ലാ ശത്രുതയും മറന്ന് ഇസ്‌ലാമിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരികയാണ്. പക്ഷേ, ഈ ഐക്യം പോലും എന്നെന്നേക്കും നീണ്ടുനില്‍ക്കുന്നതല്ലെന്നാണ് ഈ ആയത്ത് മനസ്സിലാക്കിത്തരുന്നത്. മൊത്തത്തില്‍ അവരുടെ ചരിത്രമെടുത്ത് പിരശോധിച്ചാല്‍ ഈ ആയത്തില്‍ പറഞ്ഞ അവസ്ഥയാണ് കാണാന്‍ കഴിയുക.
അല്ലെങ്കിലും ഇന്ന് കാണുന്ന ജൂതശക്തി, യഥാര്‍ത്ഥത്തില്‍ അവരുടേതാണോ? അവരുടെ ബദ്ധവൈരികളായ-ക്രിസ്‌ത്യാനികളായ-അമേരിക്കയുടേതല്ലേ?
ജൂതവിശ്വാസമനുസരിച്ച് ജാരസന്തതിയായ യേശുവിന്‍റെ ആളുകളാണ് ക്രിസ്‌ത്യാനികള്‍. എന്നാല്‍, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കാന്‍, പരസ്‌പരം പോരടിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഇവര്‍ ഒറ്റക്കെട്ടായി രംഗപ്രവേശം ചെയ്യുകയാണ്.
ലക്ഷ്യം നേടാന്‍ കളവ്, ചതി, മോഷണം, വധം, വ്യഭിചാരം, പലിശ തുടങ്ങി ഏതു ഹീന മാര്‍ഗവും സ്വീകരിക്കാമെന്നാണ് ജൂതനയം (സയണിസ്റ്റ് പ്രൊട്ടൊക്കോള്‍-അറബി ഭാഷ-മുഹമ്മദ് ഖലീഫ തൂനിസി പേജ്:27).
كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ ۚ
(3) അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെയും അല്ലാഹു അത് കെടുത്തിക്കളയുന്നു. അന്ന് മദീനയിലെ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം സംഘടിപ്പിക്കാന്‍ പല തരം ഗൂഢതന്ത്രങ്ങളും കൂട്ടുകെട്ടുകളും ചതിപ്രയോഗങ്ങളും അവര്‍ നടത്തിയിരുന്നല്ലോ. അപ്പോഴെല്ലാം അവരുടെ ഉദ്ദേശ്യം പരാജയപ്പെടുത്തുകയാണ് അല്ലാഹു ചെയ്തത്; ഒന്നും വിജയിച്ചില്ല. അതുപോലെ ഇനിയും അവരുടെ ഏതു കുതന്ത്രങ്ങളും ഗുഢാലോചനകളും അല്ലാഹു പരാജയപ്പെടുത്തുക തന്നെ ചെയ്യും.
وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ
(4) അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ പാടുപെടുകയാണ്. ഇതിപ്പോള്‍ ലോകത്തുള്ള എല്ലാവര്‍ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യമാണ്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തും അതിനു ശേഷവും ഇന്നോളം ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കാനല്ലാതെ, പൊതു നന്മ ഉദ്ദേശിച്ച്, എന്തെങ്കിലും നല്ല കാര്യം ചെയ്ത ചരിത്രമുണ്ടോ? ഇല്ലെന്നതാണ് വാസ്തവം.
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment