അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 87-91) അന്ത്യനാള്‍, കപടവിശ്വാസികള്‍

അവിശ്വാസികളുടെയും  കപടവിശ്വാസികളുടെയും നിലപാടുകളും മോശം സ്വഭാവങ്ങളുമൊക്കെയാണല്ലോ കഴിഞ്ഞ പേജിലും മറ്റും പറഞ്ഞിരുന്നത്. ഇവര്‍ എന്തു നിലപാടുതന്നെ സ്വീകരിച്ചാലും ശരി, വിശുദ്ധ ദീനിനെ അതൊന്നും ഒരുനിലക്കും ബാധിക്കില്ല. അല്ലാഹു മാത്രമാണ് ആരാധ്യന്‍ എന്ന വലിയ സത്യത്തെ ഒട്ടും ബാധിക്കില്ല. മരണാനന്തരം എല്ലാവരെയും അല്ലാഹു മഹ്ശറയില്‍ ഒരുമിച്ചുകൂട്ടി വിചാരണ ചെയ്ത് തക്കനടപടികള്‍ എടുക്കുകയും ചെയ്യും.

 اللَّهُ لَا إِلَٰهَ إِلَّا هُوَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۗ وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا (87)

 

അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനുമില്ല. നിസ്സംശയം അന്ത്യനാളില്‍ നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അല്ലാഹുവിനേക്കാള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നവരായി ആരുണ്ട്?!

 

നിരവധി ആയത്തുകളും ഹദീസുകളും ഊന്നിപ്പറഞ്ഞ വിഷയമാണിത് – ഈ ലോകത്തിനു പുറമെ പരലോകമുണ്ടെന്നും അവിടെ വിചാരണ ചെയ്യപ്പെടുമെന്നും.  എന്നിട്ടും വിശ്വാസം വരാത്ത നിരവധി പേര്‍... എല്ലാവര്‍ക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ-ആമീന്‍.

 

لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ

അന്ത്യനാൾ എന്നാണ് സംഭവിക്കുകയെന്ന് ആർക്കുമറിയില്ല. പെട്ടന്നായിരിക്കുമത് സംഭവിക്കുക. ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് അല്ലാഹു വ്യക്തമാക്കിയ ദിനമാണത് (സൂറത്തുല്‍ വാഖിഅ 1,2). എന്നിട്ടും ഒരുക്കത്തിന്‍റെ കാര്യത്തില്‍ പിറകിലാണ് പലരും. ശരിക്കങ്ങോട്ട് ആലോചിച്ചാല്‍ നമ്മള്‍ താനെ നന്നാകും!

 

എല്ലാവരും ലോകരക്ഷിതാവായ റബ്ബിന്‍റെ മുന്നില്‍ നില്‍ക്കേണ്ടിവരും. അതുകൊണ്ടാണല്ലോ ഖിയാമ നാള്‍ എന്നുപേരുവന്നത്. കൈയുംകെട്ടി നിന്ന് വിചാരണ നേരിടേണ്ടിവരും. വിചാരണയൊന്നുമില്ലാതെ നേരെ സ്വര്‍ഗത്തിലേക്കെത്തുന്ന മഹാഭാഗ്യവാന്മാരുമുണ്ട്. അല്ലാഹു നമ്മെയും ആ കൂട്ടത്തില്‍ ചേര്‍ക്കട്ടെ-ആമീന്‍.

 

ഖിയാമത്തു നാളിന്‍റെ പല അടയാളങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ടല്ലോ.

ഇനി വരാനുള്ളത് വലിയ അടയാളങ്ങള്‍ മാത്രം.

 

അടയാളങ്ങൾ 2 വിധമുണ്ട്: ചെറുതും വലുതും.

പ്രധാനമായും ഭുമിയിൽ അല്ലെങ്കിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ, മനുഷ്യരിലും അവരുടെ ജീവിത രീതിയിലും സംഭവിക്കുന്ന മാറ്റങ്ങൾ, ദുരന്തങ്ങൾ തുടങ്ങിയവ ചെറിയ അടയാളങ്ങളില്‍ പെടും.

ഇവയിൽ പലതും നടന്നു കഴിഞ്ഞു. ചിലതിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു, ഇനിയും ചിലത്‌ സംഭവിക്കാനിരിക്കുന്നു. പക്ഷേ,  അധിക പേരും അതൊന്നും ശ്രദ്ധിക്കുന്നില്ല. അതാണല്ലോ അല്ലാഹു പറഞ്ഞത്‌:

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ (1)الأنبياء

(ജനങ്ങളുടെ വിചാരണ അടുത്തിരിക്കുന്നു, അവരാകട്ടെ അശ്രദ്ധയിലായി തിരിഞ്ഞുകളയുന്നു).

ചെറിയ അടയാളങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് തിരുനബി صلى الله عليه وسلمയുടെ നിയോഗവും അവിടത്തെ വഫാത്തും. ” അന്ത്യനാളിന്‍റെ ആദ്യത്തെ അടയാളങ്ങളിലൊന്നായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു” എന്നാണല്ലോ തിരുവചനം.

 

ഔഫുബ്നു മാലിക്‌ (رضي الله عنه) പറയുന്നു : ” ഞാൻ തബുക്‌ യുദ്ധത്തിൽ നബി صلى الله عليه وسلمയുടെ അടുത്തു ചെന്നു. നബി صلى الله عليه وسلم ഒരിടത്ത്‌ ഇരിക്കുകയായിരുന്നു. അന്നേരം നബി (صلى الله عليه وسلم) അന്ത്യനാളിന്‍റെ മുന്നോടിയായി നടക്കുന്ന 6 കാര്യങ്ങൾ എണ്ണിപ്പറഞ്ഞു. അതിലൊന്ന് അവിടത്തെ വഫാത്തായിരുന്നു.” (ബുഖാരി رحمه الله )

എന്‍റെയും ലോകാവസാനത്തിന്‍റെയും ഇടയില്‍ വളരെ കുറഞ്ഞ കാലമേ ഉള്ളൂ എന്ന് പല രീതികളിലായി തിരുനബി (صلى الله عليه وسلم) പറഞ്ഞതായി കാണാം. രണ്ട് വിരലുകള്‍ക്കിടയില്‍ അകലം കാണിച്ച് ഇതുപോലെയാണ് ഞാനും അന്ത്യനാളുമെന്ന് പറഞ്ഞതായും മറ്റും കാണാം.

 

ചെറിയ അടയാളങ്ങള്‍: ചന്ദ്രൻ പിളരുക, കള്ളപ്രവാചകന്മാരുടെ രംഗപ്രവേശം, പാപങ്ങൾ അധികരിക്കൽ, വ്യഭിചാരം വ്യാപകമാകൽ, കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുക, പിശുക്ക്‌ വ്യാപമാവുക, കൊലപാതകങ്ങൾ വര്‍ധിക്കുക, മദ്യത്തിന്‍റെ വ്യാപനം, പലിശ വ്യാപനം, സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കുടുക, വസ്ത്രം ധരിച്ച, എന്നാല്‍ നഗ്നരായ സ്ത്രീഗളുടെ രംഗപ്രവേശം, ഭൂകമ്പങ്ങൾ, ജീവിത സൗകര്യങ്ങൾ അധികരിക്കൽ, മാര്‍ക്കറ്റുകള്‍ അടുപ്പിക്കപ്പെടൽ, വലിയ കെട്ടിടങ്ങളുണ്ടാക്കി മത്സസരിക്കുക, വിജ്നാന സ്രോതസ്സുകളുടെയും അറിവിന്‍റെയും വ്യാപനം- അതേസമയം മതവിജ്ഞാനം കുറയുകയും ചെയ്യുക, സമയം / കാലം ചുരുങ്ങുക, പള്ളികൾ മോടികൂട്ടപ്പെടുക, അവയോടുള്ള ബാധ്യത മറക്കുക, മക്കൾ മാതാവിനോട്‌ അടിമയെ പോലെ പെരുമാറുക, സജ്ജനങ്ങളുടെയും പണ്ഡിതന്മാരുടെയും മരണം,
വിഡ്ഡികളും സ്വാർത്ഥ ചിന്താഗതിക്കാരും നേതാക്കളാവുക,
മുസ്‌ലിംകൾ മറ്റുള്ളവരുടെ ആചാരങ്ങള്‍ പിൻപറ്റുക, വിശുദ്ധ ഖുർആൻ ഉയർത്തപ്പെടുക, വിശുദ്ധ കഅ്ബ തകർക്കപ്പെടുക.

 

വലിയ അടയാളങ്ങൾ:

ലോകാവസാനത്തിന് തൊട്ടുമുമ്പായി നടക്കുന്ന പ്രധാനപ്പെട്ട, അന്ന് ജീവിച്ചിരിക്കുന്നവർക്കെല്ലാം നേരിട്ടനുഭവിക്കാൻ സാധിക്കുന്ന ചില അടയാളങ്ങളാണിത്‌.

ദജ്ജാൽ, ഇമാം മഹ്‌ദി, ഈസ നബി, ദാബ്ബത്തുൽ അർള്, യഅ്ജൂജ്‌, മഅ്ജൂജ്‌ പുറപ്പെടുക, സുര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുക തുടങ്ങിയവ.

ഖിയാമത്തിന്‍റെ എല്ലാ ഭയാനതകളില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അടുത്ത ആയത്ത് 88

 

പുറമെ ഇസ്‌ലാം അംഗീകരിച്ച് മുസ്‌ലിംകളായി അഭിനയിക്കുകയും അതേ സമയം മദീനയിലേക്ക് ഹിജ്റ പോകാന്‍ അവസരമുണ്ടായിട്ടും, മുശ്‌രിക്കുകളായ സ്വന്തക്കാരെ വിട്ട് ഹിജ്‌റ പോകാന്‍ തയ്യാറാകാതെ അവരുടെ ഇടയില്‍ തന്നെ  ജീവിക്കുകയും ചെയ്തിരുന്ന ചില ആളുകളുണ്ടായിരുന്നു. അവര്‍ എന്തോ ചില ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടി മക്കയില്‍ നിന്നൊരിക്കല്‍ പുറത്തുപോയി. അപ്പോഴവര്‍ പരസ്പരം പറഞ്ഞത്രേ: 'മുഹമ്മദി (صلى الله عليه وسلم) ന്‍റെ അനുചരന്മാരെ കണ്ടുമുട്ടിയാല്‍ നമ്മള്‍ പേടിക്കേണ്ടതില്ല. നമ്മളെയവര്‍ ഒന്നും ചെയ്യില്ല. നമ്മള്‍ പുറമെ മുസ്‍ലിംകളാണല്ലോ'.

 

സ്വഹാബികള്‍ക്ക് ഇത്തരമാളുകളെക്കുറിച്ച് രണ്ട് അഭിപ്രായമായിരുന്നു.

പുറമെ മുസ്‌ലിംകളായി ചമയുകയും അവരോട് സ്‌നേഹബന്ധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് യഥാര്‍ഥത്തിലവര്‍ മുസ്‌ലിംകള്‍ തന്നെയാണെന്നും, മുസ്‌ലിംകളോടെന്നപോലെ അവരോടും പെരുമാറണം – ഇതായിരുന്നു ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

 

പ്രത്യക്ഷത്തില്‍ മുസ്‌ലിംകളാണെങ്കില്‍തന്നെയും മുശ്‌രിക്കുകളെ കൈവെടിയാന്‍ ഒരുക്കമില്ലാത്ത, അവരുടെ പ്രവര്‍ത്തനങ്ങളിലെല്ലാം ഏറെക്കുറെ ഭാഗഭാക്കാകുകയും ചെയ്തിരുന്ന അവര്‍ തനി കപടന്‍മാരാണെന്നും, അവിശ്വാസികളോടെന്ന പോലെ അവരോടും പെരുമാറണം – ഇതായിരുന്നു മറ്റൊരു പക്ഷത്തിന്‍റെ അഭിപ്രായം.

 

രണ്ടാം പക്ഷത്തെ ശരിവെച്ചുകൊണ്ടാണീ ആയത്ത് ഇറങ്ങിയത്. അതായത്, പുറമെ ഇസ്‌ലാം അംഗീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശേഷമുള്ള അവരുടെ പ്രവൃത്തികള്‍ കാരണം പഴയ ശിര്‍ക്കിലേക്കുതന്നെ അവര്‍ മടങ്ങിപ്പോയിട്ടുണ്ട്. സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ, അവരെ സന്മാര്‍ഗികളും നല്ലവരുമായി ഗണിക്കാന്‍ എന്തു ന്യായമാണുള്ളത്? ഇതാണ് അല്ലാഹു ചോദിക്കുന്നത്.

 

فَمَا لَكُمْ فِي الْمُنَافِقِينَ فِئَتَيْنِ وَاللَّهُ أَرْكَسَهُمْ بِمَا كَسَبُوا ۚ أَتُرِيدُونَ أَنْ تَهْدُوا مَنْ أَضَلَّ اللَّهُ ۖ وَمَنْ يُضْلِلِ اللَّهُ فَلَنْ تَجِدَ لَهُ سَبِيلًا (88)

കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെങ്ങനെ ഇരുകക്ഷികളായിപ്പോയി! ദുഷ്‌ചെയ്തികള്‍ കാരണം അവരെ അല്ലാഹു മടക്കിവിട്ടിരിക്കുകയാണ്. അല്ലാഹു വഴിതെറ്റിച്ചവരെ നേര്‍മാര്‍ഗത്തിലാക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം? എങ്കില്‍, ഏതൊരാളെ അവന്‍ ദുര്‍മാര്‍ഗിയാക്കുന്നുവോ, അയാള്‍ക്ക് യാതൊരുവഴിയും നിങ്ങള്‍ കണ്ടെത്തുന്നതല്ല.

 

ഇവിടെ മറ്റൊരു വ്യാഖ്യാനമുണ്ട്: തിരുനബി (صلى الله عليه وسلم) ഉഹുദ് രണാങ്കണത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ഏതാനും മുനാഫിഖുകളും കൂടെയുണ്ടായിരുന്നു. വിപത്ത് ഭയന്ന് വഴിക്കുവെച്ച് അവര്‍ മടങ്ങി. ഇവരെ കൊല്ലണമെന്ന് ഒരു വിഭാഗം മുസ്‍ലിംകള്‍ വാദിച്ചു.  അവര്‍ ശഹാദത്ത് ചൊല്ലിയവരായണല്ലോ, അതുകൊണ്ട് കൊല്ലാന്‍ പാടില്ലെന്ന് മറ്റു ചിലരും വാദിച്ചു. തത്സമയം ഒന്നാം വിഭാഗക്കാരെ ശരിവെച്ചുകൊണ്ടാണ് ഈ ആയത്തിറങ്ങിയത്.

 

അടുത്ത ആയത്ത് 89

 

മേല്‍പറഞ്ഞ കപടവിശ്വാസികളുടെ നിലപാട് എന്താണെന്നും അവരോട് സ്വീകരിക്കേണ്ട നയം എന്താണെന്നുമാണ് ഇനി പറയുന്നത്.

 

മറ്റു സത്യനിഷേധികളേക്കാള്‍ ഒട്ടും പുറകിലല്ല ഇവര്‍. അതുകൊണ്ടുതന്നെ ഉള്ളിലൊളിപ്പിച്ച കുഫ്‌റിനെ അവര്‍ പുറത്തേക്കെടുത്താല്‍ മറ്റ് ശത്രുക്കളോട് സ്വീകരിക്കുന്ന അതേ നയം തന്നെ അവരോടും സ്വീകരിക്കണം.

 

അവര്‍ യഥാര്‍ഥ സത്യവിശ്വാസികളല്ല; അവിശ്വാസികള്‍ തന്നെയാണ്. നിങ്ങളുംകൂടി അവരെപ്പോലെ അവിശ്വാസികളാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരോട് സ്‌നേഹബന്ധം പുലര്‍ത്തരുത്.

അവര്‍ യഥാര്‍ത്ഥ മുസ്‌ലിംകളാണെങ്കില്‍ ഹിജ്‌റ ചെയ്യേണ്ടതായിരുന്നു. അതിനവര്‍ തയ്യാറാകാത്തതിനാല്‍, അവരെ അവിശ്വാസികളും ശത്രുക്കളുമായിത്തന്നെ കരുതണം. മക്കാ മുശ്‌രിക്കുകളോടെന്ന പോലെ അവരോടും നടപടികള്‍ സ്വീകരിക്കണം.

അതായത്, സത്യവിശ്വാസികള്‍ക്ക് സ്വൈരം കൊടുക്കാതെ, അവരോട് യുദ്ധം പ്രഖ്യാപിച്ച ഇത്തരക്കാരെ, അവസരം കിട്ടുമ്പോള്‍ പിടികൂടുകയോ വധിക്കുകയോ ചെയ്യേണ്ടതാണ്. അവരുമായി കൂട്ടുകെട്ടോ അവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യുകയുമരുത്.

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِنْ تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدْتُمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا (89)

 

നിങ്ങളും തങ്ങളെപ്പോലെ നിഷേധികളാകണം എന്നാണവരുടെയാഗ്രഹം; അപ്പോള്‍ നിങ്ങള്‍ തുല്യരാകുമല്ലോ. അതുകൊണ്ട്, അല്ലാഹുവിന്റെ വഴിയില്‍ അവര്‍ ഹിജ്‌റ ചെയ്യുന്നതുവരെ നിങ്ങളവരെ മിത്രങ്ങളാക്കരുത്. അവര്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും കണ്ടുകിട്ടിയേടത്തുവെച്ചു കൊല്ലുകയും ചെയ്യുക. അവരില്‍ ഒരാളെയും സഹായിയോ മിത്രമോ ആയി സ്വീകരിക്കരുത്.

 

ഈ ആയത്തിന്‍റെ പശ്ചാത്താലവും മറ്റുമൊക്കെ ശരിക്ക് മനസ്സലാക്കണം. അടുത്ത ആയത്തുകളും കൂടി ഇതിനോട് ചേര്‍ത്തി മനസ്സിലാക്കണം.

 

കണ്ടുകിട്ടിയേടത്തു വെച്ചു അവരെ കൊല്ലുക എന്നു ആരെക്കുറിച്ചാണ് ഖുര്‍ആന്‍ പറഞ്ഞതെന്ന് ഇവിടെ വളരെ സ്പഷ്ടമാണ്. ലോകത്തുള്ള സകലജനവിഭാഗങ്ങളുടെയും യുദ്ധമുറ തന്നെയാണിത്.

 

എന്നാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഈ വാചകമുദ്ധരിക്കാറുള്ള അല്‍പജ്ഞാനികളും ദോഷൈക ദൃക്കുകളും ചെയ്യുന്നത് വിശുദ്ധ ഇസ്‌ലാമിനെ പ്രാകൃതവര്‍ക്കരിക്കുക എന്ന ഗുരുതരമായ പാതകമാണെന്ന് പറയാതെവയ്യ.

 

അടുത്ത ആയത്ത് 90

 

കഴിഞ്ഞ ആയത്തില്‍, യുദ്ധം ചെയ്യപ്പെടേണ്ടവരാണെന്ന് പറഞ്ഞതില്‍ നിന്ന് രണ്ട് വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഇനി പറയുന്നത്. കപടവിശ്വാസികളിലുണ്ടായിരുന്ന രണ്ടു തരക്കാരാണിവര്‍. 

 

1) മുസ്‌ലിംകളുമായി ചങ്ങാത്തത്തില്‍ വര്‍ത്തിക്കുന്നതോടൊപ്പം അവരുടെ സഖ്യകക്ഷികളുമായി ഉടമ്പടി ചെയ്തവര്‍. അതായത്, മുസ്‌ലിംകളുമായി സഖ്യമുണ്ട്, അതോടൊപ്പം അമുസ്‌ലിംകളുമായും സഖ്യ ഉടമ്പടിയുണ്ട്. മുസ്‌ലിംകള്‍ തങ്ങളുടെ സഖ്യഉടമ്പടിക്കാരോട് വര്‍ത്തിക്കും പോലെത്തന്നെ ഈ വിഭാഗത്തോടും വര്‍ത്തിക്കണം. അവരോടും, അവരുടെയടുക്കല്‍ അഭയം തേടിച്ചെന്നവരോടും സഖ്യഉടമ്പടി പ്രകാരം വര്‍ത്തിക്കണം. ഉടമ്പടി ലംഘിക്കരുത്.

 

2) മുസ്‌ലിംകളോടോ സ്വന്തം ടീമായ മുശ്‍രിക്കുകളോടോ യുദ്ധത്തിലേര്‍പ്പെടാന്‍ മനസ്സുവരാതെ, ധര്‍മസങ്കടത്തില്‍പെട്ട് മനസ്സ് വിഷമിച്ച് മുസ്‌ലിംകളെ സമീപിക്കുന്നവര്‍. അവര്‍ മുസ്‌ലിംകളുടെ പക്ഷത്തുചേര്‍ന്ന് ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ സന്നദ്ധരാകില്ല. അങ്ങനെ ചെയ്താല്‍ തങ്ങളുടെ സ്വത്തും  കുടുംബവും ശത്രുക്കള്‍ നശിപ്പിച്ചുകളയുമെന്ന പേടിയാണവര്‍ക്ക്.

 

മുസ്‌ലിംകളോട് വിരോധമില്ലാത്തതുകൊണ്ട് അവരോട് യുദ്ധം ചെയ്യാനും ഇവര്‍ തയ്യാറാകില്ല. മുസ്‌ലിംകളോട് സമാധാനത്തിലും മമതയിലും വര്‍ത്തിക്കാനാണാവര്‍ ആഗ്രഹിക്കുന്നത്. ബനൂ മുദ്‌ലിജ് ഗോത്രം ഈ ഗണത്തിലായിരുന്നു.

 

അത്തരക്കാര്‍ മുസ്‌ലിംകളുടെയടുത്തു വന്നാല്‍ അവരെയും ശത്രുക്കളായി ഗണിക്കരുത്. സത്യവിശ്വാസികള്‍ക്കെതിരെ ശക്തി സംഭരിച്ച് അവര്‍ പോരാടാതിരിക്കുന്നത്, അല്ലാഹുവിന്‍റെ ഒരു അനുഗ്രഹമാണ് എന്ന് മനസ്സിലാക്കുകയും വേണം.

 

إِلَّا الَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ أَوْ جَاءُوكُمْ حَصِرَتْ صُدُورُهُمْ أَنْ يُقَاتِلُوكُمْ أَوْ يُقَاتِلُوا قَوْمَهُمْ ۚ وَلَوْ شَاءَ اللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ ۚ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا جَعَلَ اللَّهُ لَكُمْ عَلَيْهِمْ سَبِيلًا (90)

എന്നാല്‍ നിങ്ങളുടെ സഖ്യകക്ഷികളുമായി അടുപ്പത്തിലുള്ളവരുമായോ, നിങ്ങളോടോ സ്വന്തം ജനതയോടോ ഏറ്റുമുട്ടാന്‍ മനസ്സുവരാതെ നിങ്ങളെ സമീപിച്ചവരുമായോ യുദ്ധത്തിലേര്‍പ്പെടരുത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കുമേല്‍ അവര്‍ക്ക് ആധിപത്യം നല്‍കുകയും നിങ്ങളോടവര്‍ പടപൊരുതുകയും ചെയ്യുമായിരുന്നു. ഇനി നിങ്ങളെ മാറ്റി നിര്‍ത്തി, ഏറ്റുമുട്ടല്‍ ഒഴിവാക്കി സന്ധിക്കു തയ്യാറാകുന്നുവെങ്കില്‍ അവരുമായി യുദ്ധം ചെയ്യാന്‍ ഒരു വഴിയും അല്ലാഹു നിങ്ങള്‍ക്കുണ്ടാക്കിയിട്ടില്ല.

 

അടുത്ത ആയത്ത് 91

 

കപട വിശ്വാസികളിലെ മറ്റൊരു വിഭാഗത്തെക്കുറിച്ചാണിനി പറയുന്നത്.

 

തൊട്ടുമുമ്പ് പറഞ്ഞത്, പേരിനെങ്കിലും ഇസ്‌ലാം അംഗീകരിച്ച് മുസ്‌ലിംകളോടും, മുശ്‌രിക്കുകളായ സ്വന്തം ടീമിനോടും ഏറ്റുമുട്ടാതെ കഴിയണമെന്ന് ആഗ്രഹിക്കുന്നവരെപ്പറ്റിയാണ്.

 

ഇനി പറയുന്ന ടീം അങ്ങനെയല്ല. ഇരു ഭാഗത്തും അഭയം ലഭിക്കാന്‍ നല്ല പിള്ള ചമയുന്നവരാണവര്‍. ഇരട്ടമുഖവുമായി തന്ത്രപരമായി ഞാണിന്മേല്‍ കളി നടത്തുന്നവര്‍. ഒരു ഭാഗത്തുനിന്നും പരിക്കുപറ്റരുതെന്നും ഇരുവിഭാഗത്തിന്‍റെയും ഗുണഫലങ്ങള്‍ ലഭിക്കണമെന്നുമായിരുന്നു അവരുടെ വ്യാമോഹം.

 

ബനൂ അസദിലെയും ബനു ഗഥഫാനിലെയും കുറേയാളുകള്‍ മദീനയില്‍ ഇങ്ങനെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ അവര്‍ മുസ്‌ലിംകളാകും; ഗോത്രങ്ങളിലേക്കു ചെന്നാല്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളും. ഇരുകക്ഷികള്‍ക്കുമിടയില്‍ വല്ല കുഴപ്പവുമുണ്ടായാലോ, അമുസ്‌ലിം പക്ഷത്തായിരിക്കും അവര്‍ നിലയുറപ്പിക്കുക. മനഃസാക്ഷി സത്യനിഷേധത്തിനൊപ്പമാണെന്നര്‍ത്ഥം.

 

ഇസ്‌ലാമിനെ നശിപ്പിക്കാന്‍ കപടവേഷമാടുന്ന ഇവരുടെ അപകടം വളരെ ഗുരുതരമായിരിക്കുമല്ലോ. അവരെ വെറുതെ വിടുകയെന്നത് വലിയ പ്രത്യാഘാതാങ്ങളാണുണ്ടാക്കുക. അതുകൊണ്ട്, ഈ ഇരട്ടത്താപ്പ് നിലപാട് മാറ്റി, സത്യവിശ്വാസികള്‍ക്കെതിരെയുള്ള സംരംഭങ്ങളിലൊന്നും ഭാഗഭാക്കാകാതെ, സമാധാനത്തോടെ ജീവിച്ച് അവരുടെ നിഷ്പക്ഷത തെളിയിക്കാത്ത കാലത്തോളം അവരെ ശത്രുക്കളായിത്തന്നെ കാണുകയും കണ്ടിടത്തുവെച്ച് അവരെ പിടികൂടുകയും വധിക്കുകയും ചെയ്യേണ്ടതാണ്.  

 

ഇത് ഒട്ടും ആക്ഷേപാര്‍ഹമല്ലെന്നും മതിയായ ന്യായമുള്ളതുകൊണ്ടാണിത് അനുവദിച്ചതെന്നും ആയത്തിന്‍റെ അവസാനം സൂചിപ്പിക്കുന്നുമുണ്ട്.

 

سَتَجِدُونَ آخَرِينَ يُرِيدُونَ أَنْ يَأْمَنُوكُمْ وَيَأْمَنُوا قَوْمَهُمْ كُلَّ مَا رُدُّوا إِلَى الْفِتْنَةِ أُرْكِسُوا فِيهَا ۚ فَإِنْ لَمْ يَعْتَزِلُوكُمْ وَيُلْقُوا إِلَيْكُمُ السَّلَمَ وَيَكُفُّوا أَيْدِيَهُمْ فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُولَٰئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَانًا مُبِينًا (91)

വേറൊരു വിഭാഗം കപടവിശ്വാസികളെയും നിങ്ങള്‍ക്ക് കാണാം; തങ്ങളുടെയാളുകളില്‍ നിന്നും നിങ്ങളില്‍ നിന്നും സുരക്ഷിതരായിത്തീരണമെന്നാണവരുടെ ഉദ്ദേശ്യം. മുസ്‌ലിംകള്‍ക്കെതിരെ കുഴപ്പമുണ്ടാക്കാന്‍ തിരിച്ചു വിളിക്കപ്പെടുമ്പോഴെല്ലാം അവരതില്‍ ചാടിവീഴും. അവര്‍ നിങ്ങളെ വിട്ട് മാറി നില്‍ക്കുകയും നിങ്ങളുടെ മുമ്പാകെ സന്ധി സമര്‍പ്പിക്കുകയും ആക്രമണ വാസന നിറുത്തിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍, അവരെ പിടികൂടുകയും കണ്ടിടത്തു വെച്ചു കൊല്ലുകയും ചെയ്യുക. അവര്‍ക്കെതിരെ സ്പഷ്ടമായ ന്യായം നിങ്ങള്‍ക്ക് നാം നല്‍കിയിരിക്കുന്നു.

 

ഒന്ന് ചിന്തിച്ചുനോക്കൂ, ശത്രുക്കളോട് സ്വീകരിക്കേണ്ട നയങ്ങളും രീതികളും സമരമുറകളും എത്ര കൃത്യമായാണ്, വ്യക്തമായാണ്, യുക്തമായാണ് അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നത്!

 

അതോടൊപ്പംതന്നെ ശത്രുക്കളിലെ വിവിധ വിഭാഗങ്ങളുടെ മനഃശ്ശാസ്ത്രപരമായ തരംതിരിവുകളും, അതത് വിഭാഗക്കാരോട് സ്വീകരിക്കേണ്ട നിലപാടുകളും എത്ര നീതിയുക്തമാണ്, ന്യായയുക്തമായാണ് അല്ലാഹു വിവരിച്ചുതരുന്നത്!

 

ഇത്തരം ആയത്തുകള്‍ ശരിക്ക് പഠനവിധേയമാക്കണം. അവിടെയും ഇവിടെയും മാത്രം കേട്ട് സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി, വിശുദ്ധ ദീനിനെ കരിവാരി തേക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. മനസ്സിരുത്തി പഠിച്ചാല്‍  കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാം. നിക്ഷിപ്തതാല്പര്യങ്ങളുള്ളവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ!

 

---------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter