ജഹ്മിയ്യ: വിഭാഗം
മുഅ്തസില, മുര്‍ജിഅ, ജബ്രിയ്യ എന്നീ വിഭാഗങ്ങളുടെ ചില വാദങ്ങള്‍ സ്വീകരിക്കുകയും സ്വന്തമായി കുറെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് ജഹ്മിയ്യ. അതുകൊണ്ട്തന്നെ മുര്ജിഅയുടെയും ജബരിയ്യയുടെയും ഉപഘടകമായിട്ടാണ് പലപണ്ഡിതന്മാരും ജഹ്മിയ്യയെ എണ്ണിയിട്ടുള്ളത്.
ജഹ്മുബിന്‍ സ്വഫ്വാന് ആണ് ഈ വിഭാഗത്തിന്റെ ലീഡര്‍. സമര്‍കന്ദ് സ്വദേശിയായ ജഹ്മിന്റെ സിദ്ധാന്തങ്ങള്‍ തുര്‍ക്കിസ്ഥാനിലെ തുര്മദിലാണ് കൂടുതല്‍ പ്രചരിച്ചത്. ഭരണകൂടത്തിനും മത നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചുകൊണ്ടായിരുന്നു ജഹ്മിന്റെ രംഗപ്രവേശം. ഖുറാസാനിലെ ഉമവീ ഗവര്‍ണര്‍ നസ്വ്ര്ബിന് സയ്യാറിന്റെ ജനറലായിരുന്ന മുസ്ലിംബിന്‍ അഹ്വറുമായി എ.ഡി. 745ല്‍നടന്ന ഒരു സംഘട്ടനത്തില്‍ ജഹം കൊല്ലപ്പെടുകയായിരുന്നു. അതിനു ശേഷം ജഹ്മിന്റെ അനുയായികള്‍ സമര്കന്ദിലും നഹാവന്ദിലും ഖുറാസാനിലുമെല്ലാം തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കാന്‍ ശക്തമായി ശ്രമിച്ചിരുന്നു. ജഅ്ദ് ബിന്‍ ദിര്‍ഹം ജൂത-പേര്‍ഷ്യന്‍ സംസ്കാരങ്ങളില്‍ നിന്നും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ജബ്രിയ്യത്തിന്റെ യാന്ത്രിക വാദത്തിനു പുറമേ ജഹം ആവിഷ്കരിച്ച ചില സിദ്ധാന്തങ്ങള്കാണുക:
1. സൃഷ്ടികളെ കുറിച്ച് പറയാവുന്ന വിശേഷണങ്ങള്‍ അല്ലാഹുവിനെ കുറിച്ച് പറയാന്‍ പാടില്ല. കേള്ക്കുന്നവന്, കാണുന്നവന്, അറിയുന്നവന്, തുടങ്ങിയ വിശേഷണങ്ങളൊന്നും അല്ലാഹുവിനു നല്കാന് പാടില്ല. അതെല്ലാം മനുഷ്യരെക്കുറിച്ചും വിശേഷിപ്പിക്കാവുന്നതാണല്ലോ. അതേസമയം ‘സ്രഷ്ടാവ്’, ‘സര്വ്വശക്തന്’ എന്നീ ഗുണങ്ങള്‍ അവനു നല്കി വിശേഷിപ്പിക്കാം. കാരണം ഈ രണ്ടു ഗുണങ്ങളും മനുഷ്യര്‍ക്കില്ല. അതുകൊണ്ട് സ്രഷ്ടാവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്ന പ്രശ്നവും ഉദിക്കുന്നില്ല. ഇതാണ് ജഹ്മിയ്യത്തിന്റെ ന്യായം.
2. സ്വര്‍ഗ്ഗവും നരകവും ശാശ്വതമല്ല. അവ രണ്ടും നശിക്കുന്നതാണ്. അല്ലാഹുവല്ലാത്ത മറ്റൊന്നും ശാശ്വതമായി നിലനില്ക്കുകയില്ല. അപ്പോള്‍ പിന്നെ അവ രണ്ടും ശാശ്വതമാണെന്ന ഖുര്‍ആനിന്റെ പരാമര്‍ശം ‘വളരെ നീണ്ടകാലം’ എന്ന അര്‍ത്ഥത്തിലുള്ള ആലങ്കാരിക പ്രയോഗം മാത്രമാണ്.
3. അല്ലാഹുവിനെ അറിയലാണ് ഈമാന്‍. അറിയാതിരിക്കലാണ് കുഫ്റ്. അത് ഹൃദയം കൊണ്ട് അംഗീകരിച്ചു നാവുകൊണ്ട് വ്യക്തമാക്കേണ്ട ആവശ്യമില്ല. ഖല്‍ബ് കൊണ്ട് അറിഞ്ഞാല്‍ മതി. അത്തരക്കാര്‍ നാവുകൊണ്ട് അല്ലാഹുവിനെ നിഷേധിച്ചാലും കാഫിറാകുകയില്ല. അല്ലാഹുവിനെക്കുറിച്ച് അറിഞ്ഞിട്ടും ഇസ്ലാം സത്യമാണെന്നു ബോധ്യപ്പെട്ടിട്ടും അതംഗീകരിക്കാതെ മാറിനിന്ന ഇതര മത നേതാക്കളെയും ദാര്‍ശനികരെയുമെല്ലാം മുഅ്മിനാക്കുകയാണ് ഈ സിദ്ധാന്തത്തിലൂടെ ജഹം ചെയ്തത്.
5. അല്ലാഹുവിന്റെ അറിവ് അനാദിയല്ല. ആദിയാണ്. അവന് പുതിയ അറിവുണ്ടാക്കുകയും അറിയുകയും ചെയ്തതാണ്. ജ്ഞാനവും ജ്ഞാനിയും ഒന്നല്ല. ഒരു വസ്തുവിനെ സൃഷ്ടിക്കുന്നതിനുമുമ്പ് അതേക്കുറിച്ച് അവന് അറിവുണ്ടാകുന്നില്ല.
6. ഈമാന്‍ കൂടുകയോ കുറയുകയോ ഇല്ല. വിശ്വാസികള്‍ക്കിടയില്‍ ഉന്നതരും അധമരുമില്ല. പ്രവാചകന്മാരുടെ ഈമാനും സാധാരണക്കാരുടെ ഈമാനും ഒരേ പദവിയിലാണ്.
അന്ത്യനാളില്‍ അല്ലാഹുവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. മതശാസനകള്‍ വരുന്നതിനുമുമ്പ് ബുദ്ധികൊണ്ട് സത്യാസത്യങ്ങള്‍ വേര്‍തിരിച്ചറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നീ വാദങ്ങള്‍ മുഅ്തസിലികളെ പോലെ ജഹ്മിയ്യാക്കള്ക്കുമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ ‘ജഹ്മിയ്യ’ ഒരു പ്രസ്ഥാനമെന്ന നിലക്ക് ശക്തമായി നിലനിന്നിരുന്നു.
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്‍)
Leave A Comment