തസ്വവുഫ്‌ ഒരാമുഖ പഠനം

തസ്വുഫിന്റെ ഉദയത്തെ കുറിച്ചന്വേഷിക്കുമ്പോള്‍ ആമുഖമായി ചില വസ്തുതകള്‍ മനസ്സിലുണ്ടായിരിക്കേണ്ടതുണ്ട്. ഇസ്ലാമും സൂഫിസവും രണ്ടല്ല. യധാര്‍ത്ഥത്തില് ഇസ്ലാമിന്‍റെ ഋജുവായ രൂപമാണത് എന്ന് പറയുന്നതാണ് ശരി. ഇതാണ് ഇസ്ലാമിക ലോകം ചൂണ്ടിക്കാണിക്കുന്ന സര്‍വ പണ്ഡിതരുടെയും തസ്വവുഫ് സംബന്ധമായി വന്ന വീക്ഷണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുക.

തസ്വവുഫിന്റെ പ്രധാന ദൌത്യമാണ് ആത്മ സംസ്കരണം എന്ന് നാം മുന്നേ മനസ്സിലാക്കി. തിരു നബീ (സല്ലല്ലാഹു അലൈഹി വ സല്ലമ) യുടെ നിയോഗ ദൌത്യം വിവരിച്ചു കൊണ്ട്  അള്ളാഹു സുബ്ഹാനഹു വ തആല പറയുന്നത് കാണുക : :നിരക്ഷരസമൂഹത്തിലേക്ക് അവരില്‍ നിന്ന് തന്നെ ദൂതനെ (മുഹമ്മദു റസൂല്‍ സല്ലല്ലാഹു അലൈഹി വസല്ലമയെ)നിയോഗിച്ചവനാണവന്‍ (അള്ളാഹു)(ആ ദൂതന്‍) അവര്‍ക്ക് അവന്റ (അല്ലാഹുവിന്‍റെ)സൂക്തങ്ങളെ പാരായണം ചെയ്തുകൊടുക്കുകയും അവരെ (ബഹുദൈവ വിശ്വാസം ഉള്‍പെടെയുള്ള മ്ലെച്ചതകളില്‍ നിന്നും ദുസ്സ്വഭാവങ്ങളില്‍ നിന്നും) സംസ്കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും (ഖുര്‍ആന്‍) പ്രയോകിക ജ്ഞാനവും (തിരു ചര്യ ഉള്‍പെടെ) പഠിപ്പിക്കുകയും ചെയ്യുന്നു, നിശ്ചയം അവര്‍ വ്യക്തമായ വഴികേടില്‍ ആയിരുന്നു (സൂറത്തുല്‍ ജുമുഅ 2). ഇവിടെ തിരു നബിയുടെ പ്രാരംഭ ദൗത്യങ്ങളില്‍ ഒന്നായി ഖുര്‍ആന്‍ വിവരിക്കുന്നത് സമൂഹത്തിന്റെ സംസ്കരണമാണ്. ആ സംസ്കരണത്തില്‍ ഊന്നിയാണ് അവര്‍ക്ക് ഖുര്‍ആനും പ്രയോകിക ജ്ഞാനവും അഭ്യസിപ്പിക്കുന്നത് എന്ന സൂചന ഈ ഖുര്‍ആന്‍ സൂക്തത്തിലെ  പ്രയോഗങ്ങളുടെ മുന്‍ പിന്‍ ക്രമീകരണ ഘടനയില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് . കാരണം ഈ സംസ്കരണ പരിശീലനത്തിലൂടെ ലഭിക്കുന്ന ഉള്ക്കഴ്ചയിലൂടെയാണ് (നുബുവ്വത്തിന്റെ) പ്രവാചകതത്വത്തിന്റെയും  തിരുനബീ (സല്ലല്ലാഹു അലൈഹി വ സല്ലമ) യുടെ അമാനുഷിക സിദ്ധിയുടെയും യാഥാര്‍ത്ഥ്യമെന്തെന്ന അനിവാര്യ അറിവ് ലഭിക്കുക. (ഇമാം ഗസാലി (റ) യുടെ അല്‍ മുന്‍ഖിദു മിനദലാല്‍ കാണുക).  

സ്വഹാബികള്‍ കാണ്കെ തന്നെ ജിബ്‌രീല്‍ അലൈഹിസ്സലാം ആകര്‍ഷണീയമായ മനുഷ്യ രൂപത്തില്‍ നബീ തിരുമേനി (സല്ലല്ലാഹു അലൈഹി വ സല്ലമ) യുടെ സമീപത്തു വന്ന്  ശിഷ്യ-ഗുരു മര്യാദകള്‍ പാലിച്ചു കൊണ്ട്‌  ചോദിച്ച ചില ചോദ്യങ്ങളും അവക്ക് അവിടുന്ന് (സല്ലല്ലാഹു അലൈഹി വ സല്ലമ)നല്‍കിയ ഉത്തരങ്ങളും ബുഖാരി (1/27) –മുസ്‌ലിം (1/36)ഉള്‍പെടെയുള്ള ഹദീസ്‌ ഗ്രന്ടങ്ങളില്‍ വന്നതും വളരെ പ്രസിദ്ധമായതും ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് അവലംബമായി മുസ്ലിം ലോകം കാണുകയും ചെയ്യുന്ന ഹദീസില്‍ കാണാം. ഈ ഹദീസിന്റെ അവസാന ഭാഗത്ത് സ്വഹാബതിന്റെ ചോദ്യത്തിന് മറുപടിയായി റസൂല്‍ (സല്ലല്ലാഹു അലൈഹി വ സല്ലമ) “അത് ജിബ്രീല്‍ നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ നിങ്ങളുടെ അടുത്ത് വന്നതാണ്‌”എന്ന് വിവരിക്കുന്നുമുണ്ട്‌. പ്രസ്തുത ഹദീസില്‍ ഇസ്ലാം എന്താണെന്നും ഈമാന്‍ എന്താണെന്നും ജിബ്‌രീല്‍ അലൈഹിസ്സലാം ചോദിക്കുകയും മറുപടിയായി റസൂല്‍ (സല്ലല്ലാഹു അലൈഹി വ സല്ലമ) അവയെ ഇസ്ലാം(اسلام) എന്നാല്‍ ബാഹ്യമായ കര്‍മങ്ങളും അനുഷ്ടാനങ്ങളും ഈമാന്‍ (ايمان)എന്നാല്‍ വിശ്വാസവും അതിന്റെ പ്രകാശവുമാണ് എന്ന് സംഗ്രഹിക്കാവുന്ന രീതിയില്‍ വിശദീകരിക്കുകയും ചെയ്യുന്നു. പിന്നീട് ഇഹ്സാന് (احسان)എന്താണെന്നു ചോദിക്കുകയും അതിനു മറുപടിയായി “അല്ലാഹുവിനെ കാണുന്നുണ്ടെന്ന പോലെ  നീ ആരാധിക്കുക, ഇനി അല്ലാഹുവിനെ നീ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നുണ്ട് (അതായത് അല്ലാഹുവിനെ കാണുന്നുണ്ടെന്നപോലെ(مشاهدة)നിനക്ക് ആരാധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ – ആ സ്ഥാനത്തേക്ക് നീ എത്തിയില്ലെങ്കില്‍- അവന്‍ നിന്നെ എപ്പോഴും കാണുന്നുണ്ട് എന്ന (مراقبة) ബോധത്തോടെ ഇബാദത്ത് ചെയ്യുക). അപ്പോള്‍ ഇഹ്സാന്‍റെ രണ്ടു രൂപമാണ്‌ തിരു ദൂതര്‍ (സല്ലല്ലാഹു അലൈഹി വ സല്ലമ) അവിടുത്തെ പ്രസിദ്ധമായ വാക്പ്രയോഗതിലൂടെ (جوامع الكلم) വരച്ചു കാണിച്ചത്. ഈ മൂന്ന് സ്ഥാനങ്ങളിലേക്ക് പരിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുമുണ്ട് “പിന്നെ നാം ഈ ഗ്രന്ഥത്തെ നമ്മുടെ അടിമകളില്‍ നിന്നും നാം തെരഞ്ഞെടുത്തവര്‍ക്ക് അനന്തരമായി നല്കി, അവരില്‍ സ്വത്വത്തോട് അക്രമം ചെയ്തവരുണ്ട്, അവരില്‍ മിതത്വം പാലിച്ചവര്‍ ഉണ്ട്, അവരില്‍ നന്മകള്‍ കൊണ്ട് അല്ലാഹുവിന്റെ ഉദ്ദേശത്തോടെ മുന്‍ഗമിച്ചവരും (മുഴുവന്‍ പ്രവര്‍ത്തനവും അല്ലഹുവിന്‍റെ വഴിയില്‍ ആക്കിയവര്‍) ഉണ്ട്, അതൊരു (ഇങ്ങനെ മുന്‍കടക്കല്‍)വലിയ ശ്രേഷ്ടത തന്നെയാകുന്നു”.(സൂറത്ത് ഫാത്വിര്‍:32) ഇതില്‍ മൂന്നാമതു വലിയ ശ്രേഷ്ടതയാണെന്ന് പറഞ്ഞ സ്ഥാനമാണ് ഹദീസില്‍ പറഞ്ഞ ഇഹ്സാന്‍ (احسان) എന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു1.

മുകളില്‍ സൂചിപ്പിച്ച മുശാഹദ (مشاهدة)യും മുറാഖബ (مراقبة)യും തന്നെയാണ് തസ്വവുഫിന്റെ പരമ പ്രധാന ലക്ഷ്യവും ദൌത്യവും. ഇസ്ലാം(اسلام), ഈമാന്‍(ايمان), എന്നീ ആദ്യത്തെ രണ്ടു അടിസ്ഥാനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മൂന്നാമത്തെ ഉന്നത പദവിയായ മുശാഹദ (مشاهدة)യും മുറാഖബ (مراقبة)യും ഉള്‍കൊള്ളുന്ന ഇഹ്സാന്‍(احسانനേടുക സാധ്യമല്ലെന്ന് മുകള്‍ ഹദീസില്‍ നിന്നും മനസ്സിലാവുമല്ലോ. അപ്പോള്‍ മൂന്നും കൂടിയാവുമ്പോളാണ് തസവുഫു യഥാര്‍ത്യമാവുന്നുള്ളൂ എന്നും ഖുര്‍ആനും ഹദീസും തന്നെയാണ് തസവുഫിന്റെ അവലംബമെന്നും വ്യക്തമായി.

എന്നാല്‍ നബീ(സല്ലല്ലാഹു അലൈഹി വ സല്ലമ) യുടെയോ സഹാബീ വര്യരുടെയോ(റ)തബിഉകളുടെ(റ) യോ കാലത്ത് സൂഫികള്‍ എന്നോ തസ്വവുഫ്‌ എന്നോ പ്രയോഗമുണ്ടായിരുന്നില്ല. സഹാബത്ത് (റദിയല്ലാഹു അന്ഹും) കേവലം തിരു നബീ (സല്ലല്ലാഹു അലൈഹി വ സല്ലമ) യോടൊത്ത് സഹവാസം (صحبة) ലഭിക്കല്‍ കൊണ്ട് തന്നെ “എന്റെ സഹചാരികള്‍ നക്ഷത്ര തുല്യരാണ്” എന്ന ഉന്നതമായ സ്ഥാനം (അവരില്‍ ചിലര്‍ ചിലരെക്കാള്‍ ഉയര്‍ന്നവരാണെങ്കിലും) ലഭിച്ചവരാകുന്നു. അതുപോലെ തന്നെ “കാലഘട്ടങ്ങളില്‍ ഉത്തമമായത് എന്റെ കാലഘട്ടമാണ് പിന്നെ അതിനോടടുത്തതും പിന്നെ അതിനോടടുത്തതും” എന്ന് റസൂല്‍ (സല്ലല്ലാഹു അലൈഹി വ സല്ലമ)വ്യക്തമാക്കിയ താബിഉകളുടെയും താബിഉത്താബിഉകളുടെയും കാലത്തോ തസവുഫ്‌ എന്ന ഒരു വിജ്ഞാന ശാഖ ഉരുത്തിരിയേണ്ടുന്ന സഹാചര്യം ഉണ്ടായിരുന്നില്ല. കാരണം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് മനസ്സിനെ ഒഴിച്ച് നിര്‍ത്തല്‍ ഭൌതിക പരിത്യാഗം തുടങ്ങി  തസ്വവുഫിന്റെ അടിസ്ഥാന തത്വങ്ങളായി വിവക്ഷിക്കപ്പെടുന്ന കാര്യങ്ങള്‍ ആ കാലഘട്ടങ്ങളില്‍ വ്യാപകമായിരുന്നു. ഇബ്നു ഖല്ദൂന്‍ പറയുന്നു: “ഈ വിജ്ഞാന ശാഖ സമുദായത്തില്‍ പുതുതായി രൂപം കൊണ്ട വിജ്ഞാന ശാഖകളില്‍ പെട്ടതാണ്. ഈ വിഭാഗത്തിന്റെ വഴി സമുദായത്തിലെ ഉന്നതരും മുന്‍ഗാമികളുമായ സഹാബത്തിന്റെയും താബിഈങ്ങളുടെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അടുക്കല്‍ സന്മാര്‍ഗത്തിന്റെയും സത്യത്തിന്റെയും വഴിയായി തുടര്‍ന്ന് പോന്നിരുന്നതാണ്. ആ വഴിയുടെ അടിസ്ഥാനം അല്ലാഹുവിനു വഴിപെടുന്നതിനു വേണ്ടി ചടഞ്ഞിരിക്കലും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് മനസ്സിനെ ഒഴിച്ച് നിര്‍ത്തലും ഭൌതിക സുഖലോലുപതയില്‍ നിന്നും പ്രൌഡിയില്‍ നിന്നും പിന്തിരിയലും ആസ്വാദനം, ധനം, സ്വാധീനം എന്നീ ബഹുജനങ്ങള്‍ ആഗ്രഹിക്കുന്ന കര്യങ്ങളിലുള്ള പരിത്യാഗവും ജനങ്ങളില്‍ നിന്നും അകന്നു നിലക്കലും ആരാധനക്ക് വേണ്ടി ഒഴിഞ്ഞിരിക്കുക തുടങ്ങിയവയാണ്. ഇക്കാര്യങ്ങള്‍ സഹാബത്തിലും മുന്‍ഗാമികളിലും വ്യാപകമായിരുന്നു. രണ്ടാം നൂറ്റാണ്ടിലും ശേഷവും ജനങ്ങള്‍ ഭൌതിക കാര്യങ്ങളില്‍ മുഴുകുന്നതും ഇടകലരുന്നതും വ്യാപകമായപ്പോള്‍  അല്ലാഹുവിനു ആരാധന അര്‍പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന ആളുകള്‍ സൂഫികള്‍ എന്ന പേരില്‍ പ്രത്യേകമായി അറിയപ്പെട്ടു.”1അബൂ അബ്ദുല്ലാഹ് മുഹമ്മദ്‌ അല്‍ ഗിമാരി എന്നവര്‍ പറയുന്നു: ”തസ്വവുഫ്‌ എന്ന പേര് വന്നതിന്റെ ചര്ത്രത്തില്‍ ഇബ്നു ഖല്ദൂന്‍ പറഞ്ഞതിനു ഊന്നല്‍ നല്‍കുന്നതാണ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കിന്‍ദി എന്നവര്‍ -വുലാത്തു മിസ്ര്‍ (ولاة مصر)- എന്നാ ഗ്രന്ഥത്തില്‍ – ഇരുന്നൂറാം വര്‍ഷത്തെ സംഭവങ്ങള്‍ – എന്ന ഭാഗത്ത് പറഞ്ഞത്‌ (അതായത്‌-അലക്സാണ്ട്രിയയില്‍ സൂഫികള്‍ എന്ന് വിളിക്കപ്പെടുന്ന നന്മ കൊണ്ട് കല്പിക്കുന്ന ഒരു വിഭാഗം വെളിപ്പെട്ടു– അപ്രകാരം തന്നെയാണ് മുറൂജുദഹബ് (مروج الذهب)എന്ന ഗ്രന്ഥത്തില്‍ മസ്ഊദി എന്നവര്‍ യഹ്യ ബിന്‍ അഖ്സം എന്നവരെ ഉദ്ധരിച്ചു പറഞ്ഞതും:”മഅ്മൂന്‍ ഒരിക്കല്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ അലിയുബിന്‍ സ്വലിഹ് അല്‍ഹാജിബ്‌ എന്നയാള്‍ വന്നു പറഞ്ഞു: ഓ അമീറല്‍ മുഅ്മിനീന്‍! വാതില്‍ക്കല്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്, പരുപരുത്ത വെള്ള വസ്ത്രമാണ് അയാളുടെ വേഷം, ഒരു വാദപ്രദിവാദത്തിനു ആവശ്യപ്പെടുകയാണ് അയാള്‍- (യഹ്യ ബിന്‍ അക്സം  പറയുന്നു) അപ്പോള്‍ എനിക്ക് മനസ്സിലായി അതു സൂഫികളില്‍ ആരോ ആണെന്ന്” – ഈ രണ്ടു ഉദ്ധരണികളും സൂഫികളുടെ ഉത്ഭവ ചരിത്രത്തില്‍ ഇബ്നു ഖല്ദൂന്‍ പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുന്നതാണ് .കശ്ഫുദുനൂന്‍ (كشف الظنون) എന്ന ഗ്രന്ഥത്തില്‍ പറയപ്പെടുന്നു : സൂഫി എന്ന് ആദ്യമായി പേര് വെക്കപ്പെട്ടയാള്‍ (ഹിജ്ര) നൂറ്റി അന്‍പതില്‍ മരണപ്പെട്ട സൂഫിയായ അബൂ ഹാഷിം ആയിരുന്നുഹാജി ഖലീഫയുടെ ഗ്രന്ഥങ്ങളെയും വിഷയങ്ങലയും സംബന്ധിച്ച കശ്ഫുദുനൂന്‍ (كشف الظنون) ല്‍ തന്നെ ഇമാം ഖുശൈരി (റ) യുടെ ഒരു സംസാരത്തെ ഉദ്ധരിക്കുന്നുണ്ട് അതില്‍ ഇങ്ങനെ കാണാം “നിങ്ങള്‍ അറിയണം; നബീ(സല്ലല്ലാഹു അലൈഹി വ സല്ലമ) ക്ക് ശേഷം മുസ്ലിമീങ്ങളിലെ പ്രമുഘര്‍ അവരുടെ കാലഘട്ടത്തില്‍ നബീ(സല്ലല്ലാഹു അലൈഹി വസല്ലമ)യോടോത്തുള്ള സഹവാസം(صحبة) എന്നതല്ലാതെ മറ്റൊരു വിജ്ഞാന ശാഖയുടെ പേര് കൊണ്ടും അറിയപ്പെട്ടിരുന്നില്ല, അതിനു കാരണം ആ സഹാവസമെന്ന സ്ഥാനത്തെക്കാള്‍ വലിയ സ്ഥാനം വേറെയില്ല എന്നതാണ്. അവര്‍ക്ക് സഹാബത്ത് (صحابة) എന്ന് വിളിക്കപ്പെട്ടു. പിന്നീട് ജനങ്ങള്‍ വ്യത്യസ്തരായി, അവരുടെ  പദവികള്‍ വ്യത്യാസപ്പെട്ടു, അങ്ങനെ മതപരമായ കാര്യങ്ങളില്‍ കടുത്ത ശ്രധയുള്ളവര്‍ക്ക് സുഹ്ഹാദ്‌-(زهاد)- പരിത്യാകികള്‍- എന്നും ഉബ്ബാദ്‌(عباد) – ആരാധനയില്‍ മുഴുകുന്നവര്‍- എന്നും വിളിക്കപ്പെട്ടു. പിന്നീട് പുത്തനാശയങ്ങള്‍ വെളിപ്പെട്ടു. വിവിധ വ്ഭാഗങ്ങള്‍ക്കിടയില്‍ തങ്ങളിലാണ്‌ സുഹ്ഹാദ്‌-(زهاد)- പരിത്യാകികള്‍ ഉള്ളത് എന്ന അവകാശ വാദങ്ങള്‍ ഉടലെടുത്തു. അങ്ങിനെ അല്ലാഹുവോട് പാലിക്കേണ്ടുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നവരും അശ്രദ്ധയുടെ വഴികളില്‍ നിന്നും ഹൃദയത്തെ സൂക്ഷിക്കുന്നവരുമായ അഹലു സ്സുന്നയുടെ മഹത്തുക്കള്‍ തസ്വവുഫ്‌ എന്ന നാമം കൊണ്ട് വേര്‍തിരിഞ്ഞു. ഇത്തരം മഹത്തുക്കള്‍ക്ക് ഹിജ്ര ഇരുന്നൂറിനു മുന്‍പ്‌ തന്നെ ഈ പേര് പ്രസിദ്ധമായിരുന്നു”.3


Also Read: തസ്വവ്വുഫിന്റെ പ്രാധാന്യം


ചുരുക്കിയാല്‍ തസ്വവുഫിന്റെ തത്വങ്ങള്‍ പുതിയതല്ല എന്നും അവക്ക് തിരുനബീ (സല്ലല്ലാഹു അലൈഹി വ സല്ലമ) യുടെ പ്രബോധന ദൌത്യത്തോളം തന്നെ പാരമ്പര്യമുണ്ട് ,എന്നല്ല ആ തത്വങ്ങള്‍ തന്നെയാണ് തിരു ദൌത്യത്തിന്റെ കാതലായ വശമെന്നും ‘തസ്വവുഫ്‌’ എന്നും ‘സൂഫികള്‍’ എന്നുമുള്ള പ്രയോഗങ്ങള്‍ മാത്രമാണ് പില്‍ക്കാലത്ത് (ഹിജ്ര നൂറ്റി അമ്പതു മുതല്‍ )ഉരുത്തിരിഞ്ഞത് എന്ന് നമുക്ക്‌ മനസിലാക്കാം.

1.അല്‍ മുഖദ്ദിമ-തസ്വവുഫ്‌ എന്ന ഭാഗം (പേ:329)

2.അല്‍ ഇന്‍തിസ്വാര്‍ ലി ത്വരീഖിസൂഫിയ (പേ:17-18)

3. കശ്ഫുദുനൂന്‍ (പേ:1/414)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter