സംഘടിതമായുള്ള ദിക്‌റിന്റെ മര്യാദകള്‍
ഉറക്കെ ചൊല്ലുന്ന ദിക്‌റുകള്‍ക്ക് മൂന്ന് അദബുകള്‍ ഉണ്ട്. മുന്‍കൂട്ടി ചെയ്യേണ്ടത്, സമന്വയിച്ചുള്ളത്, വഴിയെയുണ്ടാകേണ്ടത് എന്നിങ്ങനെയാണവ. ഇവയിലോരോന്നിനും ആന്തരികവും ബാഹ്യവുമുണ്ട്.
മേല്‍പറഞ്ഞവയില്‍ മുന്‍കൂട്ടിയുണ്ടായിരിക്കേണ്ട അദബുകളില്‍ പ്രത്യക്ഷത്തിലുണ്ടാകേണ്ടത് ഇവയാണ്: ദിക്‌റ് ചൊല്ലുന്നയാളുടെ വസ്ത്രങ്ങള്‍ ശുദ്ധിയുള്ളതാവണം. സുഗന്ധമുണ്ടാവുകയും വുളൂഅ് എടുത്തിരിക്കയും വേണം. ജോലിയും ഭക്ഷണവും ഹറാമില്‍ നിന്ന് മുക്തമായിരിക്കണം. ഇതിനു പുറമെ ആന്തരികമായുണ്ടാകേണ്ട കാര്യങ്ങളുമുണ്ട്. അവ കാണുക: സത്യസന്ധമായ പശ്ചാത്താപം വഴി ഹൃദയത്തെ ശുദ്ധമാക്കുക. ഹൃദയസംബന്ധമായ മുഴുവന്‍ രോഗങ്ങളില്‍ നിന്നും മുക്തനാവുക. തന്റെ സ്വന്തമായ ശക്തിയിലും കഴിവിലും നിന്ന് ഒഴിവായിരിക്കുക, തന്റെ എളിമത്വവും ഇല്ലായ്മയും ആശ്രയത്വവും സഹിതം അല്ലാഹുവിന്റെ തിരുസന്നിധാനത്തില്‍ പ്രവേശിക്കുകയും അവന്റെ ദിവ്യദാനങ്ങളും ഔദാര്യവും കാംക്ഷിക്കുകയും ചെയ്യുക.
സമന്വയിച്ചുണ്ടാകേണ്ട അദബുകളില്‍ പ്രകടമായത് ഇവയാണ്: തന്റെ സ്‌നേഹിതര്‍ ഇരുന്നുകൊണ്ടാണ് ദിക്‌റ് ചൊല്ലുന്നതെങ്കില്‍ സദസ്സ് അവസാനിക്കുന്നിടത്താണ് ഇയാള്‍ ഇരിക്കേണ്ടത്. നിന്നുകൊണ്ടാണവര്‍ ദിക്‌റില്‍ നിരതരായിട്ടുള്ളതെങ്കില്‍ അവരുടെ പിന്നിലായി അവന്‍ നില്‍ക്കുകയും ദിക്‌റ് ചൊല്ലുകയും വേണം. അങ്ങനെ അടുത്ത് നില്‍ക്കുന്നയാള്‍ തന്റെ സാന്നിധ്യം മനസ്സിലാക്കുകയും ഇടം നല്‍കുകയും ചെയ്താല്‍ അവരുടെ കൂട്ടത്തിലേക്ക് കയറി നില്‍ക്കുകയും അവരിലൊരു കണ്ണിയായിത്തീരുകയും ചെയ്യേണ്ടതാണ്.
ഇനി പെട്ടെന്നുണ്ടായ കാരണത്താല്‍ ഒരാള്‍ക്കു പുറത്തുപോരേണ്ടതായി വന്നാല്‍ ഇരുവശത്തുമുള്ള രണ്ടുപേരെ സൗമ്യമായി അടുപ്പിക്കുകയും ദിക്‌റില്‍ ആണ്ടുകഴിഞ്ഞ അവര്‍ക്ക് ശ്രദ്ധാഭംഗം വരുത്താതെ പുറത്തുവരികയും ചെയ്യണം. മറ്റുള്ളവര്‍ ഏത് രീതിയിലും സ്ഥിതിയിലുമാണോ ഉള്ളത് അവ ഇവനും സ്വീകരിക്കണം, എന്തെങ്കിലും വൈരുധ്യം വഴി ഒറ്റപ്പെട്ടു പോകരുത്. തന്റെ ശബ്ദം വേറിട്ടതാകാതെ മറ്റുള്ളവരുടേതില്‍ വിലയം പ്രാപിച്ചിരിക്കേണ്ടതുമുണ്ട്. അല്ലാഹുവൊന്നിച്ചുള്ള ഹൃദയസാന്നിധ്യത്തിന് വിഘാതം സൃഷ്ടിക്കുന്നതിന് ഒരാളും ഇടവരുത്താതിരിക്കാനായി ദിക്‌റ് ചൊല്ലുമ്പോള്‍ കണ്ണുകള്‍ ചിമ്മിയിരിക്കേണ്ടതുമാണ്.
സമന്വയിപ്പിച്ചു പുലര്‍ത്തിയിരിക്കേണ്ട അദബുകളിലും ആന്തരികമായവ ഉണ്ട്: മനസ്സിന്റെ തോന്നലുകളിലും പിശാചിന്റെ ദുര്‍ബോധനങ്ങളിലും നിന്നുള്ള വിമോചനത്തിന് തീവ്രശ്രമം നടത്തണം. ഹൃദയത്തില്‍ ഭൗതിക കാര്യങ്ങളെക്കുറിച്ച യാതൊരു ചിന്തയും ഉണ്ടായിക്കൂടാ. താന്‍ ചൊല്ലുന്ന ദിക്‌റുകളിലും അവയുമായി ബന്ധപ്പെട്ട് സംജാതമാകുന്ന ഉള്‍വിളികളിലും അവസ്ഥാന്തരങ്ങളിലും ഹൃദയത്തെയും മനക്കരുത്തിനെയും സന്നിഹിതമാക്കാന്‍ പരമാവധി യത്‌നിക്കണം. അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യമായി ലഭ്യമായേക്കാവുന്ന അനുഗ്രഹാശിസ്സുകളുടെ അഭ്യുദയങ്ങള്‍ക്ക് സ്വീകാരമേകാനുള്ള തയ്യാറെടുപ്പിലായിരിക്കണം അവന്‍.
ഉറക്കെ ചൊല്ലുന്ന ദിക്‌റുകള്‍ക്ക്, വഴിയെ ഉണ്ടാകേണ്ട അദബുകളില്‍ പ്രത്യക്ഷമായവ കാണുക: ദിക്‌റില്‍ നിന്ന് വിരമിച്ച ശേഷം അല്‍പം ഖുര്‍ആന്‍ പാരായണം ശ്രവിക്കുകയും ശൈഖിന്റെ ഉദ്‌ബോധനം ശ്രദ്ധിക്കുകയും ചെയ്യുക. ഇതുവഴി അദ്ദേഹത്തില്‍ നിന്ന് ചില സദുപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും കരഗതമാക്കാന്‍ സാധിക്കും. ദിക്‌റിന്റെ സ്ഥലത്തായിരിക്കുമ്പോള്‍ വ്യത്യസ്തമായ ഭൗതിക കാര്യങ്ങളില്‍ നിന്നൊക്കെ മൗനം പാലിക്കേണ്ടതാണ്. അദബിന് നിരക്കാത്ത കാര്യങ്ങളെല്ലാം വര്‍ജിക്കയും ചെയ്യണം. ദുആയും ഉദ്‌ബോധനവും പര്യവസാനിച്ച ശേഷം ഹസ്തദാനം ചെയ്‌തോ കൈ ചുംബിച്ചുകൊണ്ടോ ശൈഖിനോടും സഹോദരങ്ങളോടും സലാം പറഞ്ഞുപിരിയണം.
ഉറക്കെ ചൊല്ലുന്ന ദിക്‌റുകള്‍ക്ക് ശേഷമുണ്ടായിരിക്കേണ്ട അദബുകളില്‍ ആന്തരികമായവ ഇവയാകുന്നു: ഭൗതികമായ ചിന്താഗതികളില്‍ നിന്ന് ശ്രദ്ധ തിരിച്ചുകളയുകയും ഹൃദയത്തെ അത്തരം കാര്യങ്ങളില്‍ നിന്ന് മൗനമാക്കി നിറുത്തുകയും ചെയ്യണം. ഇലാഹിയ്യായ വിഷയങ്ങളല്ലാത്തതിലേക്ക് ഹൃദയത്തിന്റെ തിരിഞ്ഞുനോട്ടമുണ്ടാകരുത്. തൊട്ടുമുമ്പ് കഴിഞ്ഞ ദിക്‌റിന്റെയും ദുആയുടെയുമൊക്കെ ഫലമായി അല്ലാഹുവിങ്കല്‍ നിന്നുണ്ടായേക്കാവുന്ന ദിവ്യദാനങ്ങളില്‍ പ്രതീക്ഷാനിര്‍ഭരനാവണം. ദൃഢമായ മനക്കരുത്തും സ്ഥൈര്യവും മുറുകെപ്പിടിച്ചാകണം അവിടം വിട്ടിറങ്ങുന്നത്. ഇതിന്റെ തൊട്ടുപിന്നിലായി വരുന്ന ദിക്‌റിന്റെ സദസ്സില്‍ സന്നിഹിതനാകണമെന്ന ഉദ്ദേശ്യത്തിലായിരിക്കണം പുറത്തിറങ്ങിപ്പോരുന്നത്.
Leave A Comment