ദ്രോഹം ചെയ്യാതിരിക്കല്‍ സ്വദഖയാണ്
ദ്രോഹം ചെയ്യാതിരിക്കല്‍ സ്വദഖയാണ്


അബൂ മൂസാ(റ) പറയുന്നു: നബി(സ) ഇങ്ങനെ പറഞ്ഞു: ''എല്ലാ മുസ്‌ലിമും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്.അപ്പോള്‍ ഒരാള്‍ ചോദിച്ചു: ദാനം ചെയ്യാന്‍ ഒന്നുമില്ലങ്കിലോ? ''അവന്‍ കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കണം. അതില്‍ നിന്ന് സ്വന്താവശ്യത്തിനും ദാനം ചെയ്യാനും ഉപയോഗിക്കണം'' അതിനും സാധിക്കാത്തവന്‍ എന്തു ചെയ്യും? ''അവന്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യട്ടെ'' അങ്ങനെയും കഴിയാത്തവനോ? നബി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. ''അവന്‍ ദ്രോഹം ചെയ്യാതിരിക്കുക. അത് അവന്‍ ചെയ്യുന്ന സ്വദഖയാകുന്നു(ബുഖാരി-മുസ്‌ലിം).

ഒരു മുസ്‌ലിമിന്റെ ജീവിതം പരോപകാരപ്രദമായിരിക്കണമന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. സമ്പത്ത്, ശരീരം, സംസാര ശേഷി എന്നിവ കൊണ്ടെല്ലാം അപരന് ഗുണം ചെയ്യാന്‍ മനുഷ്യന്ന് സാധിക്കും. അതൊക്കെ ജീവിത ധര്‍മ്മമാണെന്നും സത്യവിശ്വാസി അത്തരം ധര്‍മ്മങ്ങള്‍ പാലിക്കണമെന്നുമാണ് ഉദ്ധൃത തിരുവാക്യത്തിന്റെ ഉള്‍പൊരുള്‍. ഒന്നിനും സാധിക്കാത്ത പക്ഷം മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്താതിരിക്കുകയെങ്കിലും വേണം. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അപരനെ സഹായിക്കാന്‍ കഴിയില്ലയെങ്കില്‍ അന്യര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിയുന്നത് അത്തരക്കാര്‍ ചെയ്യുന്ന നന്മയാണ്. അതിനാല്‍ അതും പുണ്യം തന്നെയാണെന്ന് മേല്‍ വാചകത്തില്‍ നിന്ന് മനസിലാക്കാം.
Also read:https://islamonweb.net/ml/11-September-2018-743
സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചുമാണ് മനുഷ്യജീവിതം മുന്നോട്ടു ഗമിക്കുന്ത്. അതിനാല്‍ ബന്ധപാരസ്പര്യങ്ങള്‍ പുലര്‍ത്താത്ത ഒറ്റപ്പെട്ട ജീവിതം മനുഷ്യ പ്രകൃതിയോട് അനുയോജ്യമല്ല. പ്രകൃതിപരമായ ഈ സ്ഥിതി വിശേഷം ഇസ്‌ലാം കാണാതെ പോയിട്ടില്ല. അതിനാല്‍ സാമൂഹികമായ ഒട്ടധികം മര്യാദകള്‍ ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്നു. തന്റെ സ്വന്തമായി കണക്കാക്കുന്ന ശരീരം, സമ്പത്ത്, സംസാരം തുടങ്ങിയവയെല്ലാം അന്യര്‍ക്ക് കൂടി ഉപകാരപ്പെടുത്താന്‍ സത്യവിശ്വാസി സന്നദ്ധനാകണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മ്മമാണെന്നാണ് നബി തിരുമേനി(സ) പഠിപ്പിക്കുന്നത്.

'സ്വദഖ' സമ്പത്ത് കൊണ്ട് ചെയ്യുന്ന പുണ്യകര്‍മ്മമാണ്. എല്ലാ മുസ്‌ലിമും സ്വദഖ ചെയ്യണമെന്നാണ് പ്രസ്തുത ഹദീസിലെ പ്രയോഗം. ധനമില്ലാത്തവന് എങ്ങനെ സ്വദഖ ചെയ്യും? ചോദ്യം സ്വാഭാവികമാണ്. നബി(സ)യുടെ മറുപടി സ്വദഖയെ കുറിച്ച് സാധാരണയുള്ള ധാരണ തിരുത്തുകയാണ് ചെയ്യുന്നത്. ധനം കൊണ്ട് മാത്രമല്ല, ദേഹം കൊണ്ടും വാക്കു കൊണ്ടും സ്വദഖയുണ്ട്.

സമസൃഷ്ടിബോധത്തില്‍ നിന്നും സാഹോദര്യ മനഃസ്ഥിതിയില്‍ നിന്നുമാണ് അപരനെ സഹായിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. അല്ലാഹുവിന്റെ സംതൃപ്തിക്കും പരലോക നന്മക്കും അത് നിമിത്തമാകുമെന്ന പ്രവാചകാധ്യാപനം കൂടിയാകുമ്പോള്‍ ഒരു സത്യവിശ്വാസിക്ക് അതില്‍ വിമുഖത കാണിക്കാന്‍ കഴിയില്ല. കാണിക്കുന്നുവെങ്കില്‍ സഹജീവിസ്‌നേഹമില്ലായ്മയും വിശ്വാസരാഹിത്യവുമാണ് അത് പ്രകടമാക്കുന്നത്.
പരസ്പര സഹായത്തിന്റെ വിശിഷ്ഠ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രവാചകരില്‍ നിന്ന് ഉദ്ധരിച്ച ഒരു തിരുവാക്യം ശ്രദ്ധിക്കുക.  പ്രവാചകര്‍(റ) പറഞ്ഞു: ''ഒരോമുസ്‌ലിമും മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ അക്രമിക്കാന്‍ അനുവദിക്കുകയോ അരുത്. ഒരാള്‍ സഹോദരന്റെ ആവശ്യ നിര്‍വഹണത്തിലായാല്‍ അവന്റെ വിഷമം തീര്‍ത്ത് കൊടുക്കുന്നവന്റെ പാരത്രിക വിഷങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും. ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുവെക്കുന്നവന്റെ ന്യൂനത പരലോകത്ത് അല്ലാഹു മറച്ചുവെക്കുന്നതാണ്'' (ബുഖാരി-മുസ്‌ലിം).
Also read:https://islamonweb.net/ml/01-July-2017-731
ഒരു വ്യക്തി പ്രവാചകരെ സമീപിച്ചു ചോദിച്ചു. ''അല്ലാഹുവിന്റെ ദൂതരേ! മനുഷ്യരില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പടുന്നത് ആരെയാണ്?'' നബി(സ) മറുപടി പറഞ്ഞു: ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്ന വ്യക്തിയാണ് അല്ലാഹുവിന് പ്രിയപ്പെട്ടവന്‍''(ഇസ്വ്ബഹാനി)
സാമ്പത്തികമായി സഹായം ചെയ്യാന്‍ കൈവശം ഒന്നുമില്ലെങ്കില്‍ അധ്വാനിച്ചുണ്ടാക്കി സഹായിക്കണമെന്ന് മുമ്പ് ഉദ്ധരിച്ച തിരുവാക്യം വ്യക്തമാക്കുന്നുണ്ട്. അധ്വാനിക്കാന്‍ സാധിക്കാത്തവന്‍ അപരന് ശാരീരിക സഹായം ചെയ്ത് കൊണ്ടോ അതുമില്ലെങ്കില്‍ നന്മ ഉപദേശിച്ചും തിന്മ തടഞ്ഞും സാമൂഹിക ബാധ്യത നിറവേറ്റണമെന്നാണ് തിരുവാക്യത്തിന്റെ നിര്‍ദേശം. ഒരു തരത്തിലും നന്മ ചെയ്യാന്‍ സാധിക്കാത്തവന്‍ ജനങ്ങള്‍ക്ക് ദ്രോഹം വരുത്താതെയിരിക്കുക, പ്രവാചക  നിര്‍ദേശമാണത്. ഇത് നിറവേറ്റാന്‍ കഴിയാത്ത മനുഷ്യരുണ്ടാവില്ല. പക്ഷേ, സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും സംസാരം കൊണ്ടും മനുഷ്യര്‍ക്കിടയില്‍ ദ്രോഹം മാത്രം വിതച്ച് ആത്മസംതൃപ്തിയടയുന്നതാണ് ചില വ്യക്തികളുടെ സ്വഭാവം.
അല്ലാഹു നില്‍കിയ അനുഗ്രങ്ങള്‍ തന്നെ പോലെയുള്ള വരെ ദ്രോഹിക്കാനും വേദനിപ്പിക്കാനും ഉപയോഗപ്പെടുത്തുക ചില മനുഷ്യരുടെ ഹോബിയാണ്. ജീവിത പ്രയാസങ്ങളും മനോവേദനകളും അനുഭവിക്കുന്ന സഹ ജീവികള്‍ ചുറ്റുപാടു തീ തിന്ന് ജീവിക്കുമ്പോള്‍ അവര്‍ക്ക് നേരെ കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ മനസ്സുതുറക്കാത്ത ശിലാഹൃദയര്‍ മനുഷ്യപറ്റില്ലാത്ത സങ്കുചിത മനോഭാവക്കാരാണ്. ഇസ്‌ലാമില്‍ അവര്‍ക്ക് സ്ഥാനമില്ല. ''അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ മൃഷ്ടാന്നഭോജനം നടത്തുന്നവര്‍ എന്റെ സമുദായത്തില്‍ പെട്ടവനല്ല'' എന്നാണ് പ്രവാചക വചനം.

ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് കല്ല്, മുള്ള് തുടങ്ങിയ ശല്യങ്ങള്‍ നീക്കം ചെയ്യുന്നത് ഈ മാനിന്റെ ഭാഗമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. വഴിയെ സഞ്ചരിക്കുന്ന മനുഷ്യന്റെ കാലില്‍ തട്ടി ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണല്ലോ കണ്ട വ്യക്തിയോട് അത് നീക്കം ചെയ്യാന്‍ കല്‍പ്പിച്ചതിന്റെ താല്‍പര്യം. മറ്റുള്ളവരുടെ സൗകര്യം അത്രത്തോളം പരിഗണിക്കല്‍ സത്യവിശ്വാസത്തിന്റെ ഭാഗമായാണ് ഇസ്‌ലാം അധ്യാപനം ചെയ്തിരിക്കുന്നത്. അതിനാല്‍ മനുഷ്യര്‍ക്ക് പരമാവധി സഹായം ചെയ്യുക. ഇല്ലെങ്കില്‍ ശല്യമുണ്ടാക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുക. തിരുവാക്യങ്ങള്‍ അതാണ് സത്യവിശ്വാസികളെ പഠിപ്പിക്കുന്നത്.


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter