അബ്ദുല്‍ വാജിദ് റഹ്മാനി
ഇസ്‌ലാമിലെ അതിപ്രധാനമായ അടിസ്ഥാന പ്രമാണമാണ് പരിശുദ്ധ ഹദീസ് (حديث). തിരുനബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയെക്കുറിച്ചാണ് ഹദീസ് എന്ന് പറയുന്നത്. ഇവ മൂന്നുമാണ് ഹദീസിന്റെ പ്രതിവാദ്യ വിഷയമെങ്കിലും തിരുനബി (സ്വ) യുടെ വൈയക്തിക വിശേഷണങ്ങളും പ്രവാചകത്വ ലബ്ദിക്ക് മുമ്പുണ്ടായ സംഭവങ്ങളും ഹദീസില്‍ വിഷയീഭവിക്കുന്നുണ്ട്. അതോടൊപ്പം ഖുദ്സിയ്യായ ഹദീസ് എന്ന് അറിയപ്പെടുന്ന ഖുര്‍ആന്‍ അല്ലാത്ത അല്ലാഹുവിന്റെ വചനങ്ങളും ഹദീസ് ഗണത്തിലാണ് ഉള്‍പ്പെടുന്നത്. തിരുനബി (സ്വ) യുടെ അംഗീകാരം: ആരെങ്കിലും എന്തെങ്കിലും തിരുസന്നിധില്‍ വച്ച് പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്യുകയും, അല്ലെങ്കില്‍ പ്രവര്‍ത്തിച്ചതായോ പറഞ്ഞതായോ തിരുനബി (സ്വ) അറിയുകയും, അവിടുന്ന് അതിനെ വിമര്ശിക്കാതിരിക്കുകയും ചെയ്‌താല്‍ അത് തിരുനബി (സ്വ) യുടെ അംഗീകാരമായി ഗണിക്കപ്പെടും എന്ന് ചുരുക്കിപ്പറയാം.
ചിലപ്പോഴെല്ലാം ഹദീസ് എന്ന അര്‍ത്ഥത്തില്‍ തന്നെ മറ്റു പദങ്ങളും ഉപയോഗിക്കാറുണ്ട്. ഖബര്‍ (خبر), സുന്നത്ത് (سنة), അസര്‍ (أثر) തുടങ്ങിയവ അത്തരം ചില പദങ്ങളാണ് ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഹദീസിനാണ്. ഹദീസ് മാറ്റിനിറുത്തി ഖുര്‍ആന്‍ ഒന്ന് കൊണ്ട് മാത്രം ഇസ്‌ലാമിലെ വിശ്വാസ-കര്‍മ്മങ്ങളെ പ്രമാണീകരിക്കാന്‍ കഴിയില്ല. കാരണം ഖുര്‍ആനില്‍ കാണുന്ന കല്പനകളെയും വിലക്കുകളെയും ഏറെക്കുറെ വിശദീകരിക്കുന്നത് തിരുനബി (സ്വ) യുടെ വാക്കോ പ്രവൃത്തിയോ അംഗീകാരമോ ആണ്. ആ വിശദീകരണം കൂടാതെ ഖുര്‍ആനിക വിധി-വിലക്കുകള്‍ പ്രയോഗവല്ക്കരിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഖുര്‍ആനില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് ഇസ്‌ലാമിലെ നിയമ നിര്‍മ്മാണത്തിന് ഹദീസിന്റെ ആവശ്യമില്ലെന്നും വാദിക്കുന്ന വിഭാഗങ്ങള്‍ ഉണ്ട്. അവരുടെ നവ രൂപമാണ് അഹലുല്‍ ഖുര്‍ആന്‍. അവര്‍ ഹദീസിന്റെ പ്രാമാണികതയെ അംഗീകരിക്കെണ്ടാതില്ല.
ഖുര്‍ആന്‍ പറഞ്ഞ ഹലാലും ഹറാമും മാത്രമേ അംഗീകരിക്കൂ എന്ന് പറഞ്ഞു അങ്ങനെയൊരു വിഭാഗം വരാനിരിക്കുന്നുണ്ടെന്നു തിരുനബി (സ്വ) പണ്ടേ മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. അവരുടെ വാദം തികഞ്ഞ വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. മഹാനായ ഇമ്രാന് ബിനു ഹുസ്വൈന്‍ (റ) ന്റെ സദസ്സില്‍ വച്ച് ശഫാഅത്തിനെക്കുറിച്ച് ചര്‍ച്ച നടന്നു കൊണ്ടിരുന്നപ്പോള്‍, ഒരാള്‍ " നിങ്ങള്‍ ഖുര്‍ആനില്‍ യാതൊരു നിദാനവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അതുകൊണ്ട്, ഹദീസ് വിടൂ, ഖുര്‍ആനില്‍ നിന്ന് പറയൂ" എന്ന് പറഞ്ഞു. ആ സ്വഹാബീവര്യന്‍ കോപാകുലനായി: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിട്ടില്ലേ? എന്നിട്ട്,ദുഹ്റും അസ്റും ഇഷാഉം നാല് റക്അത്താണെന്നും മഗ്രിബ് മൂന്നാണെന്നുമെല്ലാം നിങ്ങള്‍ക്കതില്‍ നിന്ന് ലഭിച്ചുവോ? തിരുനബി (സ്വ) പറഞ്ഞു എന്ന് ഞങ്ങള്‍ പറഞ്ഞു തന്നിട്ടല്ലേ നിങ്ങളതറിഞ്ഞത്? ദിര്‍ഹമിലും ആടിലും ഒട്ടകത്തിലുമെല്ലാം എത്രയാണ് സകാത്തെന്നും, ഏഴു പ്രാവശ്യമാണ് ത്വവാഫ് ചെയ്യേണ്ടതെന്നും ഇബ്രാഹീം മഖാമിന് പിന്നില്‍ രണ്ടു റക്അത്ത് നിസ്കരിക്കണമെന്നുമെല്ലാം തിരുനബി (സ്വ) പറഞ്ഞു എന്ന് ഞങ്ങള്‍ പറഞ്ഞു തന്നിട്ടല്ലേ നിങ്ങളതറിഞ്ഞത്...? ഹദീസില്‍ രണ്ടു ഘടകങ്ങളാണ് ഉണ്ടാകുക; സനദും മത്നും. ആരോട് ആര് പറഞ്ഞു, അദ്ദേഹത്തോട് ആര് പറഞ്ഞു, അദ്ദേഹത്തോട് ആര് പറഞ്ഞു എന്ന് വിശദീകരിക്കുന്ന പരമ്പരയാണ് സനദ്. അതിനു ശേഷം തിരുനബി (സ്വ) ഒരു നിശ്ചിത കാര്യം പറഞ്ഞു, ചെയ്തു, അംഗീകരിച്ചു എന്ന് വിശദീകരിക്കുന്ന ഭാഗമാണ് മത്ന്.
ഉദാഹരണം: ഇമാം ബുഖാരി പറയുന്നു: ഞങ്ങളോട് മുസദ്ദദ് പറഞ്ഞു, യഹ് യ എന്നവരില്‍ നിന്ന് നിവേദനം, അബ്ദുല്ലാഹി ബിന്‍ അംര്‍ എന്നവരില്‍ നിന്ന് അവിടുന്ന് പറഞ്ഞു, എന്നോട് ഖുബൈബ് ബിന്‍ അബ്ദില്‍ റഹ്മാന്‍ പറഞ്ഞു, ഹഫ്സ് ബിന്‍ ആസിം എന്നവരില്‍ നിന്ന് , അബൂ ഹുറൈറ (റ) യില്‍ നിന്ന് , തിരു നബി (സ്വ) യില്‍ നിന്ന് അവിടുന്ന് പറഞ്ഞു: (എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ളത് സ്വര്‍ഗ്ഗപ്പൂന്തോട്ടങ്ങളില്‍ നിന്നുള്ള ഒരു പൂന്തോട്ടമാണ്. എന്റെ മിമ്പര്‍ ഹൌദിന്റെ മുകളിലാണ്) ഇവിടെ മുസദ്ദദ് മുതല്‍ അബൂ ഹുറൈറ (റ) വരെയുള്ള ഭാഗമാണ് സനദ്. തിരുനബി (സ്വ) യുടെ മൊഴിയായ "എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും...........ഹൌദിന്റെ മുകളിലാണ്" എന്ന ഭാഗം മത്നും വളരെ വിശാലമായൊരു വിജ്ഞാന ശാഖയാണ് ഹദീസ്. ലക്ഷക്കണക്കിന് ഹദീസുകളും അവയുടെ ഭാഷാപരവും ആശയപരവുമായ വിശദീകരണങ്ങളും ഹദീസ് നിവേദനം ചെയ്യുന്ന വ്യക്തികളെക്കുറിച്ച നിരൂപണവും എല്ലാം ഈ വിജ്ഞാന ശാഖയുടെ ഭാഗമാണ്. മഹാനായ
ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ (റ) നിര്‍ദ്ദേശപ്രകാരം ഇമാം മുഹമ്മദ് ബിന്‍ ശിഹാബ് സ്സുഹ് രി (റ) യാണ് ഹദീസ് ക്രോഡീകരണത്തിനു തുടക്കമിട്ടത്. പിന്നീട് അഗ്രഗണ്യരായ പല പണ്ഡിതന്മാരും ഹദീസ് ക്രോഡീകരണവും രചനയും നടത്തിയിട്ടുണ്ട്. എന്നാല്‍, നമുക്ക് ലഭിച്ചിട്ടുള്ള വ്യവസ്ഥാപിത രചനകളില്‍ ഏറ്റവും പഴക്കമുള്ളത് ഇമാം മാലിക് (റ) ക്രോഡീകരിച്ച "മുവത്ത്വ" (موطأ) യാണ് എന്ന് പറയാം. പ്രവിശാലമായ ഹദീസ് ക്രോഡീകരണ ചരിത്രം ഏറെ ത്യാഗ സമ്പൂര്‍ണ്ണവുമായിരുന്നുവെന്ന് പ്രത്യകം സ്മരിക്കേണ്ടതുണ്ട്.
ഹദീസിന്റെ വിവിധ ഇനങ്ങളെക്കുറിച്ച ചര്‍ച്ചകളും, നിവേദനം ചെയ്യുന്ന വ്യക്തികളുടെ (റാവികളുടെ) ജീവചരിത്രവും സ്വഭാവവും വിശകലനം ചെയ്യുന്ന തറാജിമു രരിജാലും (تراجم الرجال) മറ്റും അടങ്ങുന്ന അതിബൃഹത്തായൊരു വിജ്ഞാന ശാഖയാണ് ഹദീസിന്റെ നിദാന ശാസ്ത്രം അഥവാ ഉസൂലുല്‍ ഹദീസ് (أصول الحديث). ഇമാം ഷാഫി (റ) യെപ്പോലുള്ള പല പണ്ഡിത പ്രമുഖരും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും, ഈ രംഗത്ത് ആദ്യമായൊരു സ്വതന്ത്ര രചന നടത്തിയത് ഖാളീ അബൂ മുഹമ്മദുല്‍ ഹസന്‍ ബിന്‍ അബ്ദില്‍ റഹ്മാന്‍ ബിന്‍ ഖല്ലാദ് അല്‍ റാമഹുര്‍മുസി (റ) എന്ന വലിയ പണ്ഡിതനാണ്. അല്‍ മുഹദ്ദിസുല്‍ ഫാസില്‍ ബൈനല്‍ റാവീ വല്‍ വാഈ (المحدث الفاصل بين الراوي والواعي) എന്നാണു ആ ഗ്രന്ഥത്തിന്റെ പേര്. മുഖദ്ദിമതു ബ്നി സ്സ്വലാഹ്, നുഖ്ബതുല്‍ ഫിക്ര്‍, അല്ഫിയ്യതുല്‍ ഹദീസ് തുടങ്ങിയവ ഈ രംഗത്ത് പിന്നീട് എഴുതപ്പെട്ട അനേകം ഗ്രന്ഥങ്ങളില്‍ ചിലതാണ്. അതുപോലെത്തന്നെ, ഹദീസ് വ്യാഖ്യാന രംഗത്തും വളരെയേറെ സൃഷ്ടികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) ഇമാം നവവി (റ) ഇമാം സുയൂത്വി (റ) തുടങ്ങിയ ഒട്ടനേകം പണ്ഡിതശ്രേഷ്ടര്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. ഇവ്വിധം, ഒരായിരം പണ്ഡിത വരേണ്യരുടെ കഠിനാദ്ധ്വാനമാണ്, ഒരുവേള നഷ്ടപ്പെട്ടു പോകുമായിരുന്ന ഹദീസ് എന്ന അടിസ്ഥാനപ്രമാണത്തെ സംരക്ഷിച്ചു നിറുത്തിയത്.
Leave A Comment