സമ: ഫനാഇലേക്കുള്ള നൃത്തത്തിന്റെ കാണാപ്പുറങ്ങള്‍
ദിവ്യാനുരാഗത്തിന്റെ ആനന്ദത്തില്‍, ഉന്മാദത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേരുമ്പോഴാണ് നമ്മുടെ ഹൃദയം നാമറിയാതെ ചലിച്ച് തുടങ്ങുന്നത്. ഇലാഹീ സ്മരണയില്‍ നീന്തിത്തുടിക്കുന്നവര്‍ക്ക് സ്വന്തം നൃത്തച്ചുവടുകള്‍ വരെ നാഥനോടുള്ള ഇശ്ഖിന്റെ പാഥേയമാണ്. അനുരാഗത്തിന്റെ പരകോടിയിലെത്തുമ്പോള്‍ അവര്‍ തങ്ങളുടെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ വസിക്കുന്ന ദൈവിക സാന്നിധ്യത്തെ തിരിച്ചറിയുന്നു. സപ്തനഭസ്സിനുമപ്പുറത്തുള്ള ഏകനുമായി അനുഗ്രഹസംഭാഷണം നടത്തി ഭൂമിയില്‍ അനുഗ്രഹാശിസ്സുകള്‍ വര്‍ഷിപ്പിക്കുവാനുള്ള ഒരു നിമിത്തമായി സ്വശരീരത്തെ അവര്‍ മാറ്റുന്നു.
'സമ' അഥവാ ദൈവികാനുരാഗത്തില്‍ അലിഞ്ഞു ചേരല്‍, സൂഫീ നൃത്തത്തിന്റെ ഗണത്തില്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു അമൂല്യതാളമാണ്. മൗലവി ത്വരീഖത്തിന്റെ നേതാവായ ജലാലുദ്ദീന്‍ റൂമിയാണ് ഇത് ആവിഷ്‌കരിച്ചത്. ഒരു ദിവസം പ്രഭാത സവാരിക്കിറങ്ങിയ റൂമി കൊല്ലപ്പണിക്കാരുടെ ആയുധത്തിന്റെ ശബ്ദം ശ്രദ്ധിക്കാനിടയാവുന്നു. അവ തന്നോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് മന്ത്രിക്കുന്നതായി അദ്ദേഹത്തിന് തോന്നുന്നു. ആ അത്യാനന്ദകരമായ നിമിഷത്തില്‍ അദ്ദേഹം സ്വയം മറന്ന് കറങ്ങാന്‍ തുടങ്ങി. ഇങ്ങനെയാണ് സമയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്.
മറ്റു സൂഫീനൃത്തങ്ങളില്‍ നിന്നും വളരെ വ്യതിരക്തമായ ആശയതലങ്ങളാണ് സമക്കുള്ളത്. ഇടത് കാലാണ് നൃത്തത്തിന്റെ അച്ചുതണ്ട്. നൃത്തം ചെയ്യുന്ന ദര്‍വീശ് തന്റെ വലത് കൈ വാനിലേക്ക് ഉയര്‍ത്തിയും ഇടത് കൈ നെഞ്ചോട് ചേര്‍ത്തും വെക്കുന്നു. ഉയര്‍ത്തിപ്പിടിച്ച വലത് കൈ നാഥനില്‍ നിന്നും അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിനെയും നെഞ്ചോട് ചേര്‍ത്ത് വെച്ച ഇടത് കരം ദൈവത്തില്‍ നിന്നും സ്വീകരിച്ച അനുഗ്രഹാശിസ്സുകളെ ഭൂമിയിലേക്ക് സമര്‍പ്പിക്കുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.
അഹംഭാവം മനുഷ്യനില്‍ നിലനില്‍ക്കുന്ന ഓരോ നിമിഷവും അവന്‍ ദൈവത്തില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടദാസനായിരുന്ന ഇബ്‌ലീസിനെ പോലും ദൈവത്തെ ധിക്കരിക്കാന്‍ പ്രേരിപ്പിച്ചത് അവന്റെ അഹംഭാവമാണ്. അതിനാല്‍ അഹംഭാവം വെടിയുക എന്നത് സമയുടെ പ്രധാന ലക്ഷ്യമാണ്. നൃത്തം ചെയ്യുന്ന ദര്‍വീശ് ധരിക്കുന്ന വെള്ള വസ്ത്രം അഹംഭാവത്തിന്റെ ശവകുടീരമായി കണക്കാക്കുന്നു. നൃത്തം ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ കവിതകളോടൊപ്പം ഓടക്കുഴല്‍ പോലോത്ത വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. സമയുടെ സദസ്സില്‍ ദൈവിക സ്മരണകളടങ്ങിയ കവിതകള്‍ക്ക് പോലും ചെലുത്താനാവാത്ത സ്വാധീനമാണ് ഓടക്കുഴലിന് സാധിക്കുന്നത്. അതിന്റെ ഉപമ മജ്‌നുവിന് ലൈലയോടുള്ള പ്രണയം വര്‍ണിക്കുന്നത് പോലെയാണ്. ലൈലയോടുള്ള പ്രണയം ഖൈസിനെ ഭ്രാന്തനാക്കി. എന്നാല്‍ ആ പ്രണയത്തെ അതിന്റെ തീവ്രതയോട് കൂടി വര്‍ണിക്കാന്‍ നമ്മുടെ കൈവശമുള്ള പദങ്ങള്‍ക്ക് ശക്തി തികയാതെ വരുമ്പോള്‍ ഓടക്കുഴല്‍ ആ അനുരാഗത്തിന്റെ ആഴിയില്‍ നിന്നും അതിന്റെ തീവ്രത നമ്മുടെ ഹൃദയാന്തരങ്ങളിലേക്കെത്തിക്കുന്നു. ഇതേ കര്‍ത്തവ്യം തന്നെയാണ് ഓടക്കുഴല്‍ ഇവിടെയും നിര്‍വ്വഹിക്കുന്നത്. ദൈവികാനിരാഗത്തിന്റെ തീക്ഷ്ണത അതിന്റെ പരമോന്നതിയിലെത്തിക്കാന്‍ ഓടക്കുഴലും കവിതയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ഇപ്രകാരം ഈണത്തിലും നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനനിമഗ്നരായി അവര്‍ ദൈവത്തെ പ്രാപിക്കുന്നു. മനുഷ്യശരീരത്തിന്റെ മൂല്യസ്രോതസ്സും കേന്ദ്രബിന്ദുവുമായി കണക്കാക്കപ്പെടുന്ന ഹൃദയം സൂര്യനെയും കറങ്ങിക്കൊണ്ടിരിക്കുന്ന ദേഹം ചുറ്റും ഭ്രമണം ചെയ്യുന്ന ഭൂമിയെയും പ്രതിനിധാനം ചെയ്യുന്നു. ഇപ്രകാരം സൂര്യനു ചുറ്റുമെന്ന പോല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന നര്‍ത്തകന്‍ കറക്കം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്നതോട് കൂടി വെറുമൊരു സാക്ഷി മാത്രമായിത്തീരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ദേഹത്തെയും കറക്കത്തെയും നോക്കിക്കാണുന്ന വെറുമൊരു മൂകസാക്ഷി. അതിന്റെ ഒടുക്കം താന്‍ ഒന്നുമെല്ലന്നും എല്ലാത്തിന്റെയും കേന്ദ്രം ഏകനായ അല്ലാഹു മാത്രമാണെന്നും അവന്‍ തിരിച്ചറിയുന്നു. അതോട് കൂടി 'ഫനാഅ്' (അഹംബോധത്തെ ഉന്മൂലനം ചെയ്താല്‍ കൈവരിക്കുന്ന നേട്ടം) എന്ന അപൂര്‍വ്വ നേട്ടത്തില്‍ അവര്‍ എത്തിച്ചേരുകയും തങ്ങളുടെ ഹൃദയത്തിനകത്ത് വസിക്കുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു.
പരമവും അനശ്വരവുമായ സത്യം തേടി സ്‌നേഹത്തിന്റെ പാതയിലൂടെയുള്ള മനുഷ്യന്റെ ആത്മീയ സഞ്ചാരമാണ് സമ. ദൈവത്തെ കണ്ടെത്താന്‍ ഞാന്‍ തിരഞ്ഞെടുത്ത പാത സ്‌നേഹത്തിന്റേതാണെന്ന് റൂമി പറയുന്നു. എല്ലാത്തിന്റെയും അടിസ്ഥാന സത്ത സ്‌നേഹമാണ്. സ്‌നേഹത്തിന്റെ പാതയിലേക്ക് തിരിയുമ്പോള്‍ അനുരാഗികള്‍ പരമയാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നു. അഹംബോധം വെടിഞ്ഞ് പരിപൂര്‍ണ്ണതയിലെത്തുന്നതോടെ അവര്‍ ദൈവവുമായി ആശയവിനിമയം നടത്തുകയും കൂടുതല്‍ പക്വമതികളായി തിരിച്ചെത്തുകയും ചെയ്യുന്നു. ഒരു തുള്ളി വെള്ളം കടലില്‍ ലയിക്കുന്നതോട് കൂടി ഒന്നുമല്ലാതായിത്തീരുന്നു. അത് മഹാസമുദ്രത്തിന്റെ ഒരു ചെറിയ അംശം മാത്രമായിത്തീരുന്നു. അപ്രകാരം തന്നെ 'ഫനാഅ്' എന്ന അവസ്ഥ കൈവരിക്കുന്ന ദര്‍വീശ്, സ്വയം ഒന്നുമല്ലാതായിത്തീരുകയും എല്ലാത്തിന്റെയും ഉടയവനായ നാഥന്റെ വെറുമൊരു അംശമായിത്തീരുകയും ചെയ്യുന്നു.
Leave A Comment