ഇമാം ജമാലുദ്ധീൻ അസ്നവി(റ): ജ്ഞാനം വിതറിയ വിശ്വപൗരൻ

ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ ശാഫിഈ പണ്ഡിതനാണ് ഇമാം അസ്നവി(റ). ഈജിപ്തിലെ അസ്നാ എന്ന പ്രദേശത്ത് ഖുറൈശി ഗോത്രത്തിലെ അമവി വംശ പരമ്പരയിൽപെട്ട ഹസനുബ്നു അലിയുടെ മകനായി 704 ൽ ജനനം. പൂർണനാമം അബ്ദുറഹീം അബൂമുഹമ്മദ് ജമാലുദ്ധീൻ അസ്നവി. ജന്മനാട്ടിലേക്ക് ചേർത്തി ഇമാം അസ്നവി എന്ന നാമത്തിൽ വിശ്വപ്രസിദ്ധനായി.

പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടിൽ നിന്ന് തന്നെ കരസ്ഥമാക്കിയ ഇമാം ചെറുപ്പത്തിൽ തന്നെ ഖുർആനും ഇമാം നവവി(റ)ന്റെ കിതാബുതൻബീഹും ഹൃദിസ്ഥമാക്കി. പിതാവിന്റെ മരണശേഷം കെയ്റോയിലേക്ക് തുടർപഠനത്തിനായി യാത്ര തിരിച്ച അദ്ദേഹം പ്രശസ്തമായ കാമിലിയ്യ മദ്റസയിൽ മുദരിസായിരുന്ന മുഹമ്മദുസ്സുൻബാത്വിയുടെ കീഴിൽ നിദാനശാസ്ത്രത്തിൽ അവഗാഹം നേടി. ശേഷം അൽവജീസി എന്ന പേരിൽ വിശ്രുതനായ ശൈഖ് ജമാലുദ്ധീൻ അൽവജീസി(റ)ന്റെ കീഴിൽ കർമശാസ്ത്രത്തിൽ പഠനം നടത്തിയ ഇമാം അസ്നവി(റ) പിൽകാലത്ത് ശാഫിഈ കർമശാസ്ത്ര സരണിയിലെ മുൻനിര പണ്ഡിതന്മാരിൽ എണ്ണപ്പെടുന്നവരായിത്തീർന്നു. കൂടാതെ സാത്വികവും സൂക്ഷ്മതനിറഞ്ഞതുമായ ജീവിതം അദ്ദേഹത്തെ വേറിട്ടു നിർത്തി.


ജ്ഞാനത്തിനു വേണ്ടി ജീവിതത്തെ ക്രമപ്പെടുത്തി സമയമൊക്കെയും അതിനായി സമർപ്പിച്ചു. അറിവിന്റെ വിഹായസ്സിൽ പാറിപ്പറന്ന് തനിക്കറിയാത്ത കാര്യങ്ങളെ നിക്ഷ്പക്ഷമായി സമീപിച്ച് മനസ്സിലാക്കിയ മനീഷിയാണ് ഇമാം അസ്നവി (റ). മജ്ദുദ്ധീൻ അബൂബക്കറിസ്സൻകലൂനി, ഇമാം തഖിയ്യുദ്ധീൻ സുബ്കി, ശൈഖ് അസീറുദ്ധീൻ അബൂഹയ്യാനിൽ അൻദുലുസി, ശൈഖ് അബുന്നൂർ യൂനുസുൽ അസ്ഖലാനി, ശൈഖ് നജ്മുദ്ധീനിൽ ഹുസൈനിൽ അസ്വാനി തുടങ്ങിയവരിൽ നിന്നും ഇമാം അറിവുതേടി.


കർമശാസ്ത്രം ഉസൂലുൽ ഫിഖ്ഹ്, അറബി ഭാഷാ വൈപുണ്യം, വ്യാകരണം, അലങ്കാര ശാസ്ത്രം, ഹദീസ് തുടങ്ങി നിരവധി മേഖലകളിൽ അക്കാലത്ത് അദ്ദേഹത്തെ കവച്ചുവെക്കുന്ന ആരും തന്നെയില്ലായിരുന്നുവെന്ന് ഹാഫിളുല്‍ ഇറാഖി(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി(റ) ഉദ്ധരിക്കുന്നതായി കാണാം: അദ്ദേഹം നിപുണനായ കർമശാസ്ത്രജ്ഞനും മികച്ച അധ്യാപകനുമായിരുന്നു. സ്നേഹവും വിനയവും ഗുണവും നിറഞ്ഞ യോഗ്യൻ. നിസ്സാരന്മാരും ദുർബലന്മാരുമായി അടുത്തിടപഴകും. ബുദ്ധി കുറഞ്ഞ ശിഷ്യന്മാർക്ക് അറിവു ലഭ്യമാക്കുന്നതിനായി അതീവ താൽപര്യം കാണിച്ചിരുന്നു. തന്റെ അറിവിൽ പെട്ടതും ചർച്ചയിൽ വന്നതുമായ കാര്യങ്ങൾ തന്നെ ആരെങ്കിലും ഇങ്ങോട്ട് പറയുകയാണെങ്കിൽ ആദ്യമായി കേൾക്കുന്നതുപോലെ ശ്രദ്ധിക്കും. അവതരിപ്പിക്കുന്നവനെ ഒരിക്കലും നിരാശപ്പെടുത്താറില്ല.

23-ാം വയസ്സിൽ അധ്യാപനം തുടങ്ങിയത് മുതൽ മരണത്തിന്റെ ഏതാനും ദിവസങ്ങൾ മുമ്പ് വരെ ഈ മേഖലയിൽ ഇമാം അസ്നവി(റ) തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അതിനിടയിൽ നിരവധി മഹത്തുക്കൾക്ക് മാതൃകയായി. ഇബ്നുൽ ഉമാദിൽ ഹമ്പലി (റ) എഴുതുന്നു, ഹിജ്റ 727ല്‍ ഇമാം അധ്യാപന വൃത്തിയിൽ നിയമിതനായി. ജാമിഉത്വുലൂനിൽ ഖുർആൻ വ്യാഖ്യാന സദസ്സിന് നേതൃത്വം നൽകി. ഇടക്ക് സർക്കാരുദ്യോഗം ഏല്‍ക്കേണ്ടി വന്നെങ്കിലും അതുപേക്ഷിച്ച് അധ്യാപന രംഗത്തേക്ക് തന്നെ വന്ന് പഠനവും രചനയും തുടർന്നു. തന്റെ ഗുരുനാഥന്മാരടക്കമുള്ള മഹാപണ്ഡിതരുടെ സന്തതികളും ഇമാമിന്റെ പാഠശാലയിലെത്തിയിരുന്നു. ശൈഖ് ജമാലുദ്ധീൻ അയ്യൂത്വി, ശൈഖ് സിറാജുദ്ധീൻ അൻസ്വാരി, ശൈഖ് ശിഹാബുദ്ധീൻ അഹ്മദ്, അൽഹാഫിളുൽ ഇറാഖി തുടങ്ങിയവർ ഇമാം അസ്‍നവി(റ)ന്റെ ശിഷ്യരിൽ പ്രമുഖരാണ്.


അനേകം അതുല്യ ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് ഇമാം അസ്നവി(റ). ജവാഹിമുൽ ബഹ്റൈനി ഫീ തനാഖുളിൽ ഹിബ്റൈനി, അത്തൻഖീഹു അലത്തസ്വഹീഹ്, ശറഹുൽ മിൻഹാജ് ലിൽ ബൈളാവി, അൽ ഹിദായത്തു ഫീ ഔഹാമിൽകിഫായ, കിതാബുൽമുഹിമ്മാത്, കിതാബുതംഹീദ് പോലോത്ത നിരവധി രചനകള്‍ വ്യത്യസ്ത വിജ്ഞാനശാഖകളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.


ഹിജ്റ 772 ജമാദുർ ഊലാ ആറാം ദിവസത്തിലാണ് മഹാനവര്‍കൾ ഇഹലോകവാസം വെടിയുന്നത്. മരിക്കുന്നതിന്റെ അൽപം മുമ്പ് വരെയും രചനകളിലേർപ്പെട്ടിരുന്ന ഇമാം ദീനിന് വേണ്ടി ആരോഗ്യത്തെ മറന്ന് പ്രയത്നിച്ച മഹാവ്യക്തിത്വമായിരുന്നു. ഖാളിൽഖുളാത്ത് അബൂബഖാഅ് ആണ് ജനാസ നിസ്കാരത്തിന് നേതൃത്വം നല്കിയത്. ശേഷം വൻജനാവലിയുടെ സാന്നിധ്യത്തില്‍, ജീവിതകാലത്ത് അദ്ദേഹം തന്നെ തയ്യാറാക്കി വെച്ച സ്ഥലത്ത് അടക്കം ചെയ്യപ്പെട്ടു. ഒരായുഷ്കാലം മുഴുക്കെയും ജ്ഞാനവിളക്കിന് തിരികൊളുത്താൻ അഹോരാത്രം പരിശ്രമിച്ച ഇമാം അസ്നവി(റ) പണ്ഡിതന്മാരിലെ കേസരിയായിരുന്നു. നാഥൻ ആ മഹാനൊപ്പം സ്വർഗത്തിൽ ഒന്നിപ്പിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter