ആരാണ് ബറേല്‍വികള്‍

ഹിജ്റ 1272 ൽ ഉത്തർ പ്രദേശിലെ ബറേലിയിൽ ജനിക്കുകയും 1340 ൽ അവിടെത്തന്നെ വഫാത്താവുകയും ചെയ്ത അല്ലാമാ അഹ്മദ് റസാ ഖാൻ എന്നവർ കർമ്മ ശാസ്ത്രത്തിൽ ഹനഫീ മദ്ഹബും വിശ്വാസ ശാസ്ത്രത്തിൽ മാതുരീതീ മദ്ഹബും ആഴത്തിൽ പഠിച്ച് അത് അനുസരിച്ച് ജീവിച്ച ആ കാലഘട്ടത്തിലെ കിടയറ്റ പണ്ഡിതനും ഖാദിരീ ത്വരീഖത്തിന്റെ മഹാനായ ശൈഖുമായിരുന്നു. ഫിഖ്ഹിൽ നാല് മദ്ഹബ് അനുസരിച്ചും അഖീദയിൽ രണ്ട് മദ്ഹബ് അനുസരിച്ചും ജീവിച്ചു പോന്ന മുസ്ലിം ഉമ്മത്തിന്റെ വിശ്വാസ ആചാര രീതികളെ എതിർത്തും വെല്ലുവിളിച്ചും സമൂഹ മധ്യത്തിൽ കരിവാരിത്തേച്ചും നബി (സ്വ) അടക്കമുള്ള പുണ്യ പുരുഷന്മാരെയും ഇസ്ലാമിന്റെ ശിആറുകളേയും പല വിഷയങ്ങളിലും വിലകുറച്ച് കാണിച്ചും രംഗത്ത് വന്ന വഹ്ഹാബിസം അടക്കമുള്ള പുത്തൽ വാദങ്ങളെ അവയുടെ മാളത്തിൽ ചെന്ന് തകർക്കുകുയും  അവരുടെ നേതാക്കൾ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച വികല വാദഗതികളുടെ മുനയൊടിച്ചും നിരവധി ഉൽബോധനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും സമൂഹത്തെ ബോധവൽക്കരിക്കുകയും അവയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് മുസ്ലിം ഉമ്മത്തിന്റെ വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ഉന്നത ശീർഷനായ ഇസ്ലാമിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിലുള്ള വസ്തു നിഷ്ഠമായ അപഗ്രഥനവും അദ്ദേഹത്തിന്റെ വ്യക്തി വിശുദ്ധിയും മാതൃകാ പരമായ ജീവിതവും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതന്മാരിലും  ജനങ്ങളിലും പൊതുവിലും ഇന്ത്യാ ഉപഭൂഖണ്ഡതത്തിലുള്ളവരിൽ പ്രത്യേകിച്ചും വലിയ മതിപ്പും ആദരവും ഉളവാക്കി. ബറേലി നിവാസിയായിരുന്ന ഇദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് വരുന്ന അനുയായികളാണ് ബറേലികൾ അല്ലെങ്കിൽ ബറേൽവികൾ എന്ന പേരിൽ അറിയപ്പെടുന്നത്. അഅ് ലാ ഹസ്റത്ത് എന്ന പേരിലാണ് അദ്ദേഹം അനുയായികൾക്കിടയിൽ അറിയപ്പെടുന്നത്.

ശരിഅത്തും ത്വരീഖത്തും ആഴത്തിൽ അറിഞ്ഞ അല്ലാമാ അഹ്മ്ദ് റസാ ഖാൻ (ഖ.സി)യുടെ ജീവിതം അല്ലാഹുവനോടും റസൂൽ (സ്വ) യോടും ഇസ്ലാമിനോടുമുള്ള അഗാധ പ്രണയം നിറഞ്ഞതായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ പവിത്രതക്ക് കളങ്കം വരുത്തുന്ന വഹ്ഹാബികളുടേയും സമാന ചിന്താഗതിക്കാരുടേയും ശിയാക്കളുടേയും ഖാദിയാനികളുടേയും അപകടം നിറഞ്ഞ വാദഗതികൾ അദ്ദേഹത്തന് തീരേ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വഹ്ഹാബീ – ബിദഈ ആശയ പ്രചരണത്തിന് നേതൃത്വം വഹിച്ച, അദ്ദേഹത്തിന്റെ സമകാലികർ കൂടിയായിരുന്ന, മുഹമ്മദ് ഖാസിം നാനൂത്തവി, അശ്റഫ് അലി ഥാനവി, റശീദ് അഹ്മദ് ഗങ്കോഹി, ഖലീൽ അഹ്മദ് സഹാറംപൂരി തുടങ്ങയവരുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ അവരുടെ സ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് തെളവുകൾ നിരത്തി അദ്ദേഹം സ്ഥാപിച്ചിരുന്നു. ഖാദിയാനികളോടും ശിയാക്കളിലെ തീവ്ര വിഭാഗത്തോടും അദ്ദേഹം സ്വീകരിച്ചിരുന്നത് ഈ സമീപനം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് പിൽക്കാലത്തും ഇപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ വെച്ചു പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഉപര്യക്ത വ്യക്തികളുടെയെല്ലാം ഇന്നും ലഭ്യമായ ഗ്രന്ഥങ്ങൾ അപകടം നിറഞ്ഞ അവരുടെ ആശയ വൈകല്യത്തിന്റെ നേർ സാക്ഷ്യങ്ങളാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. ഖാദീയാനി സ്ഥാപകനും തന്റെ സമയകാലികനുമായിരുന്ന മീർസാ ഗുലാം അഹ്മദ് അൽ ഖാദിയാനിയുടെ “അൽ ഇഅ്ജാസുൽ അഹ്മദീ”, “ഇസാലത്തുൽ ഔഹാം” തുടങ്ങിയ ഗ്രന്ഥങ്ങളെ സാക്ഷ്യപ്പെടുത്തിയും ‘തനിക്ക് നബുവബ്ബത്ത് ലഭിച്ചിട്ടുണ്ട്’, ‘തനിക്ക് പല അമ്പിയാക്കളേക്കാളും പവിത്രതയുണ്ട് ,’ അവസന നാളിൽ വരാനിരുന്ന വാഗ്ദത്ത മസീഹ് താനാണ് ' തുടങ്ങിയ ധാരാളം കള്ളവാദങ്ങളേയും  വിശകലനം ചെയ്തുമായിരുന്നു അയാളും അയാളുടെ അനുയായികളും കാഫിറാണെന്ന് അക്കാലത്ത് തന്നെ അല്ലാമാ അഹ്മദ് റസാ ഖാൻ പസ്യമായി പ്രഖ്യാപിച്ചത്. അത് പോലെ റശീദ് അഹ്മദ് ഗങ്കോഹിയുടെ “ഫതാവാ റശീദിയ്യ”യും ഗങ്കോഹി തന്നെ രചിക്കുകയും തന്റെ ശിശ്യൻ സഹാൻപൂരിയുടെ പേരിൽ പ്രസിദ്ധമായതുമായ “അൽബറാഹീനുൽ ഖാത്വിഅ”യും ഖലീൽ അഹ്മദ് സഹാറൻപൂരിയുടെ “ബദലുൽ മജ്ഹൂദും” അശ്റഫ് അലി ഥാനവിയുടെ “ഹിഫ്ളുൽ ഇമാനും” മുഹമ്മദ് ഖാസിം നാനൂത്തവിയുടെ “തഹ്ദീറുന്നാസും” അടക്കമുള്ള ഗ്രന്ഥങ്ങളാകുന്ന കോൺക്രീറ്റ് തെളിവുകൾ പരസ്യമായി വിശകലനം നടത്തി അവയിൽ പരാമർശിക്കപ്പെട്ട കുഫ്റിന് കാരണമാകുന്ന ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു  അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. “നബി (സ്വ)യുടെ കാലത്തോ അതിന് ശേഷമോ ഒരു പ്രവാചകൻ വരികയാണെങ്കിൽ അത് നബി തിരുമേനി (സ്വ)യുടെ ഖത്മുന്നുബുവ്വത്തിനെ ബാധിക്കുകയില്ല എന്ന ഖാദിയാനിയെ വെള്ളപൂശുന്ന നാനൂത്തവിയുടെ വാദവും “അല്ലാഹുവിൽ നിന്ന് കളവ് സംഭവിക്കാമെന്ന ഗങ്കോഹിയുടെ വാദവും പിശാചിനും മലകുൽ മൌത്തിനും അറിവിൽ വിശാല നൽകപ്പെട്ടുവെന്നത് നസ്വ് കൊണ്ട് സ്ഥിരപ്പെട്ടതാണ്, എന്നാൽ നബി (സ്വ) ക്ക് അറിവിൽ വിശാലത നൽകപ്പെട്ടുവെന്ന് സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ അത് സ്ഥിരപ്പെടുത്താൻ ശ്രമിക്കൽ അല്ലാഹുവിൽ പങ്ക് ചേർക്കലാണ് എന്ന ഗങ്കോഹിയുടെ വാദവും “അല്ലാഹുവിന്റെ റസൂൽ (സ്വ)ക്ക് ഗൈബ് അറിയുമെന്ന് വാദിക്കുന്നവർ ഉദ്ദേശിക്കുന്നത് എല്ലാ ഗൈബും അറിയുമെന്നാണോ അതോ കുറച്ചൊക്കെ അറിയുമെന്നാണോ?, കുറച്ചൊക്കെ അറിയുമെന്നാണെങ്കിൽ ആ കുറച്ച് അറിവൊക്കെ സൈദിനും അംറിനും ഏത് ചെറിയ കുട്ടിക്കും ഭ്രാന്തനും എന്ന് മാത്രമല്ല സകല മൃഗങ്ങൾക്കും ജീവികൾക്കും അറിയുമല്ലോയെന്നെ ഥാനവിയുടെ പരിഹാസ വാദവുമൊക്കെ ഈ ഗണത്തിലെ കേവല ഉദാഹരണങ്ങൾ മാത്രമാണ്. (ഹുസാമുൽ ഹറമൈൻ).

തന്റെ കാലത്ത് പൊട്ടിപ്പുറപ്പെട്ട ബിദ്അത്തിനേയും കുഫ്റിനേയും സലക്ഷ്യം പ്രതിരോധിക്കുകയെന്ന ചരിത്ര ദൌത്യം നിർവ്വഹിച്ചുവെന്നല്ലാതെ തങ്ങളെ വിമർശിക്കുന്ന എല്ലാവരേയും കാഫിറാക്കുന്ന ശൈലി അദ്ദേഹത്തിൽ നിന്നോ അനുയായികളിൽ നിന്നോ ഉണ്ടായതായി അറിയില്ല. അതു പോലെ തങ്ങളുടെ ആശയം പ്രതിരോധിക്കാൻ ആയുധമുപയോഗിച്ചോ അല്ലാതെയോ തീവ്രവാദമോ ഭീകരവാദമോ കൊലപാതക ശ്രമങ്ങളോ ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖും ദീനിന്റെ പല വിഷയങ്ങളിലുമായി പരശ്ശതം ഗ്രന്ഥങ്ങൾ രചിക്കുകുയും ലോകത്ത് വളരേ സമാധാനപരമായിട്ട് ദീൻ പ്രചരിപ്പിക്കുകയും സമകാലികരായ ലോക പണ്ഡിതന്മാർ ആദരവോടെ കാണുകയും ചെയ്തിരുന്ന അല്ലാമാ അഹ്മദ് റസാ ഖാനോ അദ്ദേഹത്തിന്റെ അനുയായികളോ നടത്തിയതിന് തെളിവ് കാണുന്നില്ല. അധിനവേശത്തിന്റെ ചുക്കാൻ പിടിക്കുകയും ഭിന്നിപ്പിച്ച് ഭരിച്ച് ചരിത്രത്താളുകളെ രക്ത പങ്കിലമാക്കുകയും ആയുധം കൊണ്ട് ആശയം പ്രചരിപ്പിച്ചവരായി ചരിത്രം വിലയിരുത്തിയ വഹ്ഹാബിസത്തിന്റെ സ്പോൺസർമാരായി അറിയപ്പെടുകയും ചെയ്ത ബ്രിട്ടീഷുകാരുടെ നിലപാടുകളെ അല്ലാമാ അഹ്മദ് റസാ ഖാൻ ശക്തമായി വിമർശിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നതിനാൽ ചില ബ്രിട്ടീഷ് ചരിത്രകാരന്മാർ അദ്ദേഹത്തിലും അനുയായികളിലും തീവ്രവാദ ആരോപണങ്ങൾ കെട്ടിച്ചമച്ച് രേഖപ്പെടുത്തി ചരിത്രത്തെ വളച്ചൊടിച്ചിരുന്നു. ഉൽപതിഷ്ണുക്കൾ ആവേശ പൂര്‍വ്വം ഉയർത്തിക്കാട്ടുന്ന വില്യം ഡാൽറിമ്പിളിന്റെ “ദ ലാസ്റ്റ് മുഗളിലെ” പരാമർശങ്ങൾ ഇത്തരത്തിലുള്ളതാണ്. ഇവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ തങ്ങളല്ലാത്തവരെയെല്ലാം കാഫിറും മുശ്രിക്കുമാക്കിയും ആയുധുവും അധികാരവും ഉപയോഗിച്ച് തങ്ങളുടെ വിമർശകരെ ഉന്മൂലനം ചെയ്തും രംഗപ്രവേശം ചെയ്ത വഹ്ഹാബിസമാണ് തങ്ങളുടെ ആശയങ്ങളുടെ അടിവേരറുക്കുവാൻ ശ്രമിച്ച ബറേൽവികളുടെ ആജന്മ ശത്രുക്കൾ. അതിനാൽ ബറേൽവികൾക്കെതിരേ വഹ്ഹാബികളും സമാന ചിന്താഗതിക്കാരും അവരാൽ തെറ്റിദ്ധരിക്കപ്പെട്ടവരും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്.

ബറേൽവികൾ ശിയാക്കളാണെന്ന് ചിലർ തട്ടിവിടാറുണ്ട്. ഇത് ശുദ്ധ അസംബന്ധമാണെന്ന് അല്ലാമാ അഹ്മദ് റസാ ഖാന്റെ ഗ്രന്ഥങ്ങൾ തന്നെ തെളിവാണ്. ശിയാക്കൾ അവരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ പൊതുവേ രണ്ട് തരമുണ്ടെന്നും അവരിൽ 'വിശുദ്ധ ഖുർആൻ മാറ്റത്തിരുത്തലുകൾ വരുത്തപ്പെട്ടതാണ്' എന്നും അവരുടെ 'പല ഇമാമുമാർക്കും പല അമ്പയാക്കളേക്കാളും പവിത്രതയുണ്ടെന്നും' 'അബുബക്ർ (റ), ഉമർ (റ) തുടങ്ങിയ ചില സ്വഹാബികൾ കാഫിറാണെന്നും' വിശ്വസിക്കുന്നവരുണ്ടെന്നും അവർ ഇസ്ലാമിന് പുറത്താണെന്നും അല്ലാത്തവരെക്കുറച്ച് അത്രത്തോളം പറയാൻ പറ്റില്ലെന്നും അദ്ദേഹം തെളിവുകൾ നിരത്തി സമർത്ഥിക്കുന്നുണ്ട് (ഫതാവൽ ഹറമൈൻ).

മഖ്ബറകളിൽ അനാചാരം സ്ഥാപിക്കാൻ വേണ്ടി ശ്രമിച്ചവരാണ് അല്ലാമാ അഹ്മദ് റസാഖാനും കൂട്ടരുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ആരോപണം. എന്നാൽ ബറേലിയിലുള്ള അദ്ദേഹത്തിന്റെ മസാർ ആ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. ഇന്ത്യയുടെ പല ഭാഗത്തും കാണപ്പെടുന്ന മഖ്ബറകളിലെ അനാചാരങ്ങളോ സ്ത്രീ പുരുഷ സങ്കലനമോ അവിടെ കാണുക സാധ്യമല്ല. സമീപ കാലത്ത് മരണപ്പെട്ട അദ്ദേഹത്തിന്റെ പേരമകനും ആത്മീയ പിൻഗാമിയുമായിരുന്ന അല്ലാമാ മുഹമ്മദ് അഖ്തർ റസാ ഖാൻ അസ്ഹരി അര നൂറ്റാണ്ടോളും ബൃഹത്തായ ആത്മീയ സദസ്സുകൾ നടത്തിയ സ്ഥലവും കൂടിയാണത്. അനാചാരങ്ങളുടെ അപ്പോസ്തലന്മാരായിരുന്നെങ്കിൽ അഅ് ലാ ഹസ്റത്തിന്റെ ഔദ്യോഗിക പിൻമുറക്കാരന്റെ നേതൃത്വത്തിൽ അത് നടക്കണമായിരുന്നു. മാത്രവുമല്ല ഖബ്ർ സിയാറത്ത് എങ്ങനെ വേണമെന്ന് കൃത്യമായി വിവരിക്കുന്ന അല്ലമാ അഹ്മദ് റസാ ഖാൻ രചിച്ച “ഈദാനുൽ അജ്ർ”, “ജമലുന്നൂർ” തുടങ്ങിയ പ്രസിദ്ധ ഗ്രന്ഥങ്ങൾ ഈ ആരോപണങ്ങൾക്കുള്ള മറുപടിയുമാണ്. നിഷ്പക്ഷമതികൾ അവ ഒരാവർത്തി വായിച്ചാൽ ഇത്തരം അധര വ്യായാമങ്ങൾക്ക് മുതിരില്ലെന്ന് ഉറപ്പാണ്. ലോകത്ത് എവിടെയുമുള്ള ഏതെങ്കിലും മഖ്ബറയിൽ വല്ല അനാചാരവും അനിസ്ലാമികതയും നടക്കുന്നുണ്ടെങ്കിൽ  അതിന് ഏതെങ്കിലും ആത്മീയ ധാരയുമായോ ഔദ്യോഗിക പണ്ഡിത സഭയുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടാകാനുള്ള സാധ്യത പൊതുവേ വിരളമാണ്. യഥാർത്ഥത്തിൽ അത്തരം അനിസ്ലാമികതക്ക് പിന്നിൽ ആ സ്ഥലങ്ങളിലെ പ്രാദേശികവും സാമുദായികവും രാഷ്ട്രീയവും ചരിത്രപരവും സാമ്പ്രദായികവുമായ ഘടകങ്ങളും ചൂഷണ മനസ്സുള്ള കുബുദ്ധികളായ അര വൈദ്യന്മാരുടേയും പണ്ഡിത-സയ്യിദ് വേഷധാരികളുടേയും കുത്തകകളുടേയും കറുത്ത കൈകളുമായിരിക്കുമെന്ന കാര്യം തീർച്ചയാണ്.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് കേരളത്തലെ ചിലർ അല്ലാമാ അഹ്മദ് റസാ ഖാനേയും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുുന്ന വിഭാഗത്തേയും തങ്ങളുടെ ബീ ടീമായി സ്വയം പ്രഖ്യാപിച്ചും അവരിലെ പല ആദരണീയ വ്യക്തിത്വങ്ങളേയും തെറ്റിദ്ധരിപ്പിച്ചും അവരുടെ കൂട്ടത്തിൽ തീരേ അന്തമില്ലാത്ത ചില പണ്ഡത വേഷധാരികളെ വിലക്കെടുത്തും തങ്ങളുടെ പ്രശസ്തിയും ആത്മീയ ഭൌതിക കച്ചവടങ്ങളും ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. അല്ലാമാ അഹ്മദ് റസാ ഖാനും ബറേൽവികളും കേരളത്തിൽ  തെറ്റിദ്ധരിക്കപ്പെടാൻ ഉൽപതിഷ്ണുക്കളുടെ വ്യാജ പ്രചരണങ്ങൾ കാരണമായത് പോലെത്തന്നെ കേരളീയ മത, സാമൂഹിക പരിസരങ്ങളിൽ പൊതുവേ സ്വീകാര്യത കുറഞ്ഞ ഈ വിഭാഗത്തിന്റെ 'ബറേൽവീ പ്രേമ'വും അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter