പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന അസ്ഥാനത്ത്: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി
മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിന് മുന്തിരി നടന്ന ഭൂമി പൂജയോടനുബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന അസ്ഥാനത്താണെന്നും അതിനോട് യോജിക്കുന്നില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നും ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ സംബന്ധിച്ചുള്ള ആശംസകൾ ചർച്ച ചെയ്യാനാണ് നേതാക്കൾ ഒത്തുചേർന്നത്. ദേശീയ കമ്മറ്റി യോഗത്തിനു ശേഷം എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച നിടപാടും പ്രമേയവും വ്യക്തമാക്കിയത്.

'ബാബരി വിഷയത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകളുടെ വാതില്‍ തുറക്കാന്‍ ആഗ്രഹിക്കുന്നുമില്ല. മുസ്ലിം ലീഗ് ഏത് കാലത്തും സ്വീകരിച്ച നിലപാട് കോടതി വിധി അംഗീകരിക്കുക എന്നതാണ്. ബാബരി വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് വിവാദം ഉണ്ടാക്കുന്നതിനോട് ലീഗിന് താത്പര്യമില്ല. കോടതി വിധിയോടെ ആ അധ്യായം അവസാനിച്ചു. ഈ വിഷയം ഉയര്‍ത്തികൊണ്ട് വന്ന് സാമുദായിക അനൈക്യം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കേണ്ടതുണ്ടായിരുന്നു. ആ പ്രതികരണം ഞങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മതേതര പാതയില്‍ ഇന്ത്യ പോകണമെന്ന് ആഗ്രഹിക്കുന്ന മത സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി ഇതിനകം തന്നെ ഞങ്ങള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ താത്പര്യത്തിന് ലീഗ് സ്വീകരിച്ച ഈ സമീപനമാണ് നല്ലതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം രാഷട്രീയ ലക്ഷ്യത്തിനും സാമുദായിക ധ്രൂവീകരണത്തിനുമായി ഉപയോഗിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ബന്ധപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ച സമയത്ത് ഹൈന്ദവ ക്ഷേത്രത്തിൻറെ ഒരു കല്ലു പോലും ഇളക്കരുത് എന്ന് ആഹ്വാനം ചെയ്ത സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എടുത്ത നിലപാടിന്റെ നന്മ രാജ്യം ഉള്‍കൊണ്ടു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അത് ഇന്ത്യന്‍ മതേതര ചരിത്രത്തിലെ ഒരു വിലപ്പെട്ട കാര്യമായിരുന്നു. അന്നും ഈ വികാര പ്രപഞ്ചങ്ങളും സംഘടനാ സമ്മര്‍ദ്ദങ്ങളുമെല്ലാമുണ്ടായിരുന്നു. അന്നും പലരും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു കാലത്തും ലീഗ് മാറാന്‍ പോവുന്നില്ല. എടുത്ത നിലപാട് അണികളെ ബോധ്യപ്പെടുത്താന്‍ കഴിയും- ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter