ജീവിത വഴിയിൽ പ്രതിപാദിക്കുന്ന പരിസ്ഥിതിയും പാവനമാണ്
പരിസ്ഥിതിയിലെ ഓരോ ഇടവും മനുഷ്യ ജനതക്ക് പാവനമാണ്. പരിസ്ഥിതിയിലെ വൃക്ഷങ്ങളില്‍ ഒഴുകുന്ന ജീവരസം ചുവന്ന മനുഷ്യന്‍റെ ഓര്‍മകളാണ് ചുമന്നുകൊണ്ടുപോകുന്നത്. മനുഷ്യര്‍ ഈ ഭൂമിയുടെ ഭാഗവും ഈ ഭൂമി മനുഷ്യന്‍റെ ഭാഗവുമാണ്.

സുഗന്ധം പരത്തുന്ന പൂക്കള്‍ നമ്മുടെ സഹോദരിയും, കലമാനും കുതിരയും സഹോദരങ്ങളുമാണ്. പുഴയിലും നദിയിലും തളിർക്കുന്ന ജലം പൂര്‍വ്വികരുടെ രക്തവുമാണ്. ഒരിക്കലും ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുനിയരുത്. അല്ലാഹു വിനാശകാരികളെ ഇഷ്ടപ്പെടുന്നില്ല.(ഖുര്‍ആന്‍).

മറ്റുള്ളവരെ വാക്കുകൊണ്ടോ നാക്കുകൊണ്ടോ വേദനിപ്പിക്കാത്തവനാണ് യഥാര്‍ത്ഥ വിശ്വാസി എന്ന വചനം തന്നെ ഒരു വിശ്വാസി പ്രകൃതിയിൽ യാതൊരു നാശവും ഉണ്ടാക്കരുതെന്ന നിതാന്ത ജാഗ്രതയെയാണ് കുറിക്കുന്നത്.

എനാൽ നമ്മുടെ പ്രപിതാക്കന്മാർ പ്രകൃതിക്കും അതിലെ മിണ്ടാപ്രാണികളായ ജീവജാലങ്ങള്‍ക്കും നല്‍കിയിരുന്ന മഹത്വത്തെ ആധുനിക സമൂഹം, നിശ്പ്രയാസം പിച്ചിചീന്തുകയാണ്. മരങ്ങള്‍ മുഴുവന്‍ വെട്ടിനശിപ്പിക്കുന്നു, മലകള്‍ ഇടിച്ച് നിരത്തുന്നു, വയലുകള്‍ മണ്ണിട്ട് നികത്തുന്നു, ഇതെല്ലാം ഭൂമിയെ നരക തുല്യമാക്കി മാറ്റുകയാണ്. ഒരിക്കല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് റൂസ് വെൽറ്റ് ഇങ്ങനെ പറഞ്ഞു "മക്കളില്ലാത്ത മനുഷ്യജീവിതം എത്ര നിരര്‍ഥമാണോ, അത്ര തന്നെ നിരാശജനകമാണ് വൃക്ഷങ്ങളില്ലാത്ത രാഷ്ട്രത്തിന്‍റെ ഭാവിയും".

ഒരു മനുഷ്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അത്യാവശ്യം ഓക്സിജനാണ്. സാധാരണ ഒരു മരം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡൈഓക്സൈഡ് സ്വീകരിക്കുകയും അതിന്‍റെ ഇരട്ടി ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഈ മരങ്ങള്‍ നമ്മള്‍ വെട്ടിനശിപ്പിച്ചാല്‍ നമുക്കാവശ്യമുള്ള ഓക്സിജന്‍ എവിടെ നിന്ന് ലഭിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഈ പ്രകൃതിയെ സംരക്ഷിച്ച ഒരുപാട് സമൂഹങ്ങൾ ലോകത്ത് മാതൃകാ ജീവിതം നയിച്ച് നടന്ന് പോയിട്ടുണ്ട്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 110 മരം വെക്കുന്ന രാജസ്ഥാനിലെ വിപ്പലാന്തി എന്ന ഗ്രാമവും, 30 കോടി മരം വെച്ചുപിടിപ്പിച്ച് നോബല്‍ പുരസ്കാരം കരസ്ഥമാക്കിയ കെനിയന്‍ സ്ത്രീ വന്‍ഗാരീ മുതമാത്യയും ഇവ്വിഷയകമായി പ്രതിപാദ്യ യോഗ്യരാണ്.

ഇവരെ പോലെ മാതൃക കാട്ടിയ മറ്റൊരാളാണ് പേങ്ങാട്ടീരിയിലെ മുണ്ടേട്ടന്‍. ജനങ്ങളുടെ വിശ്രമ സ്ഥലങ്ങളിലും മറ്റും ആയിരത്തോളം മരങ്ങളാണ് ആ പ്രകൃതി സ്നേഹി നട്ടുപിടിപ്പിച്ചത്. ഈ കാണുന്ന മരങ്ങളെല്ലാം മുണ്ടേട്ടന്‍ നട്ടുപിടിപ്പിച്ചതാണെന്ന് അവിടുത്തെ ജനങ്ങളെല്ലാം പറയുമായിരുന്നു. മരത്തിന്‍റെ വേരില്‍ ചാരി നിന്നു കൊണ്ട് ഒരിക്കൽ മുണ്ടേട്ടന്‍ പറഞ്ഞു, "ഒരു മരം നടുന്നത് മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല, അരിച്ചു നടക്കുന്ന ഉറുമ്പുകള്‍ക്കും ഇഴഞ്ഞ് നീങ്ങുന്ന പുഴുകള്‍ക്കും പാറിനടക്കുന്ന പറവകൾക്കുമൊക്കെ വിശ്രമിക്കാൻ കൂടിയാണ്".

മരം നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നബി സ വാചാലമായിട്ടുണ്ട്; അനസ് (റ) റിപ്പോർട്ട്‌ ചെയ്ത ഒരു ഹദീസിൽ നബി(സ) പറയുന്നു: "ലോകം അവസാനിക്കാറായി എന്നറിയുന്ന സമയത്താണെങ്കിലും ഒരാളുടെ കൈവശം ഒരു വൃക്ഷ തൈ ഉണ്ടെങ്കില്‍ അയാള്‍ അത് നടട്ടെ".

വൃക്ഷത്തിന്‍റെ പ്രധാന്യത്തെ പരാമർശിക്കുന്ന വൃക്ഷായൂര്‍ വേദത്തിലുമുണ്ട്; _ദശാ കുപ സമാ മാപീ ദശവാസീ സമാ ഹ്രദ: ദശാ ഹ്രദ സമാ പുത്രോ: ദശ പുത്രോ സമാ ഭ്രുമ_ പത്ത് കിണറിന് സമമാണ് ഒരു കുളം, പത്ത് കുളത്തിന് സമമാണ് ഒരു തടാകം, പത്ത് തടാകത്തിന് സമമാണ് ഒരു പുത്രന്‍, പത്ത് പുത്രന് സമമാണ് ഒരു വൃക്ഷം എന്നാണ് ഇതിനർത്ഥം.

ഒരിക്കല്‍ നബി(സ ) രണ്ട് ഖബറുകൾക്കരികിലൂടെ നടക്കുമ്പോള്‍ രണ്ട് ഈന്തപ്പന തൈ എടുത്ത് അതിന്‍റെ മുകളില്‍ കുത്തിവെച്ചു. ആ സമയം സ്വഹാബാക്കള്‍ ചോദിച്ചു? നബിയെ ഇതവര്‍ക്ക് ഉപകാരപ്പെടുമോ? നബി സ പറഞ്ഞു : "അത് പച്ചയായി നില്‍ക്കുന്ന കാലത്തോളം അത് വഴി അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടും, കൂടുതല്‍ ഇലകളുള്ളതാണെങ്കില്‍ കുടുതൽ ഗുണകരം, ഇനി പുഷ്പ്പിക്കുന്നതാണെങ്കില്‍ പൂവിന്‍റെ സുഗന്ധം ആസ്വദിക്കുന്ന മാലാഖമാര്‍ അവര്‍ക്ക് വേണ്ടി ദുആ ചെയ്യും. ഫലം കായ്ക്കുന്നതാണെങ്കില്‍ ഭുജിക്കുന്ന പറവകള്‍,പുഴുക്കള്‍, ശലഭങ്ങള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടും. യുദ്ധവേളയില്‍ പോലും മറ്റു സൈന്യത്തിന്‍റെ പച്ചപ്പ് വെട്ടി നശിപ്പിക്കരുത് എന്നാണ് പ്രവാചകന്റെ സ അധ്യാപനം. അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ ഖിലാഫത്ത് കാലത്ത് സേനാനായകന് കുറച്ച് ഉപദേശം നല്‍കി,'സ്ത്രീകൾ, കുട്ടികൾ, വൃദ്ധര്‍ എന്നിവരെ കൊല്ലരുത്, ഈന്തപ്പന മുറിക്കരുത്, ഭക്ഷണാവശ്യത്തിന് വേണ്ടിയല്ലാതെ നാല്‍കാലികളെ കൊല്ലുകയുമരുത്. (താരീഖുല്‍ വല്‍ മുലൂക്ക്)

മരം നനക്കാതിരിക്കുന്നത് കറാഹത്താണെന്നാണ് ഇസ്‌ലാമിക കർമശാസ്ത്ര നിയമം പഠിപ്പിക്കുന്നത്. സ്വത്ത് നശിപ്പിക്കൽ ഹറാമാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഒരിക്കല്‍ അനുശര്‍വാൻ ചക്രവര്‍ത്തി ഒരു വൃദ്ധന്‍ ഒലിവ് മരം നടുന്നത് കണ്ടു. ചക്രവര്‍ത്തി പറഞ്ഞു. "ഏ.. മനുഷ്യാ നിങ്ങൾക്ക് വളരെ പ്രായമായില്ലേ, ഇത് നട്ടാൽ വളരെ വൈകിയാണുണ്ടാവുക." അയാള്‍ പറഞ്ഞു, "നമുക്ക് മുമ്പുള്ളവര്‍ നട്ടുപിടിപ്പിച്ചത് നാം ഭക്ഷിച്ചു, നമുക്ക് ശേഷമുള്ളവർക്ക് ഭക്ഷിക്കാൻ ഇനി നാം നട്ടുപിടിപ്പിക്കുക തന്നെ വേണം".

ആഗോള താപനം രൂക്ഷമായി തുടരുന്ന സമയത്ത് ഇസ്‌ലാമിന്‍റെ പരിസ്ഥിതി ചിന്തക്ക് പ്രസക്തി ഏറുകയാണ്. മനുഷ്യനും പരിസ്ഥിതിയും കെട്ടി പിണഞ്ഞ് കിടക്കുന്ന വേരുകളാണ്. അതിനാല്‍ തന്നെ അവയെ നശിപ്പിക്കാന്‍ അനുവദിച്ച് കൂടാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter