മഹല്ല് കമ്മിറ്റികളാണ് ഇനി തീരുമാനമെടുക്കേണ്ടത്
കോവിഡ്19 വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മസ്ജിദുകള്‍ അടച്ചിടാനും ലോക്ക്ഡൗണിന് അനുസൃതമായി എല്ലാവരും വീട്ടിലിരിക്കാനും മാര്‍ച്ച് അവസാനത്തോടെ നേരത്തെ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാലിന്ന് ഭരണകൂടം നിയമനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയുന്നിടത്ത് കണ്ടൈന്‍മെന്റുകളോ ഹോട്ട്‌സ്‌പോട്ടുകളോ അല്ലാത്തിടത്ത് നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പള്ളികള്‍ എങ്ങനെ തുറന്ന് പ്രവര്‍ത്തിക്കാനാവും എന്ന് ആലോചിക്കേണ്ടത് മഹല്ല് കമ്മിറ്റികളുടെ ബാധ്യതയാണ്.
ജൂണ്‍ 8 ഓടെ കൂടി, മറ്റു പൊതുജനസംഗമ സ്ഥലങ്ങളെപ്പോലെത്തന്നെ, നിബന്ധനകളോട് കൂടി പള്ളികളും തുറക്കാമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ജീവിതം മുന്നോട്ട് പോകാന്‍ കോവിഡിനനുസരിച്ച് ജീവിതശൈലി സജ്ജീകരിക്കുക എന്ന നിലയിലേക്ക ഭരണകൂടവും നീങ്ങിയത്. പണ്ഡിത നേതൃത്വവും വളരെ കൃത്യമായി തന്നെ ഇക്കാര്യത്തിലെ നിലപാട് പറഞ്ഞുകഴിഞ്ഞു. നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ തുറക്കുക, കഴിയാത്തവര്‍ തുറക്കേണ്ടതുമില്ല എന്ന്.
അഥവാ, കണ്ടെന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും ഇനിയും കാത്തിരിക്കേണ്ടിവരും. ടൌണ്‍ പള്ളികളിലും നിബന്ധനകള്‍ പാലിക്കുന്നതി പലയിടങ്ങളിലും പ്രയാസകരമായേക്കാം. അതേസമയം, നിയന്ത്രണങ്ങളെല്ലാം പാലിക്കാന്‍ കഴിയുന്നിടത്ത്, ആവശ്യമായ നടപടികള്‍ സ്വീകരിച്ച് തുറക്കുക എന്നത് മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്തമായി മാറുന്നു എന്നര്‍ത്ഥം.
65 ന് വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും ജമാഅത്തിന് പങ്കെടുക്കരുത്, മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം, നിസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസല്ല കൊണ്ടുവരണം, പള്ളിയില്‍ വരുന്നവരുടെ പേര് വിവരങ്ങള്‍ പള്ളിയില്‍ രേഖപ്പെടുത്തണം, പള്ളിയില്‍ വരുമ്പോഴും പോകുമ്പോഴും കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം, കഴിയുന്നവര്‍ വീട്ടില്‍ നിന്ന് വുളൂഅ് ചെയ്ത് വരണം, നിസ്‌കരിക്കാന്‍ വരുന്നവര്‍ അകലം പാലിക്കണം, ബാങ്കിന്റെ അഞ്ചുമിനിട്ട് മുമ്പ് മാത്രം പള്ളിയില്‍ വരിക, നിസ്‌കാരം കഴിഞ്ഞാല്‍ ഉടന്‍ പിരിഞ്ഞ് പോവുക, ഹസ്തദാനം ഒഴിവാക്കുക, യാത്രക്കാരെയോ വിദേശികളെയോ പങ്കെടുപ്പിക്കാതിരിക്കുക തുടങ്ങി ആവശ്യമായ നിയന്ത്രണങ്ങള്‍ വെച്ച് ഇത് ചെയ്യാവുന്നതേയുള്ളൂ. വിശിഷ്യാ, ഗ്രാമങ്ങളിലെ പള്ളികളില്‍ ഇത് നിഷ്പ്രയാസം ആകാവുന്നതുമാണ്.
ജോലി, അങ്ങാടി, വിവാഹം, സൗഹൃദം തുടങ്ങി മറ്റെല്ലാത്തിലും പങ്കെടുക്കുന്ന നാം, ജുമുഅ-ജമാഅത് നിലനിര്‍ത്താനും അതുപോലെയോ അതിലപ്പുറമോ ശ്രമിക്കേണ്ടതുണ്ട്. പല മഹല്ലുകളും ഈ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്നത് ഏറെ ശുഭകരമാണ്. അന്നേദിവസം സുബ്‍ഹി ജമാഅത്തിന് പങ്കെടുക്കുമ്പോള്‍ ആ ദിവസത്തെ എല്ലാ വഖ്തിനും പങ്കെടുക്കാനുള്ള ടോക്കണ്‍ കൊടുക്കുന്ന പള്ളിയും അക്കൂട്ടത്തിലുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി ചിന്തിക്കാനും തക്ക സമയത്ത് യുക്തമായ തീരുമാനങ്ങളെടുത്ത് മഹല്ലുകളെയും പള്ളികളെയും പൊതുജീവിതത്തിന്റെ ഭാഗമാക്കി നിര്‍ത്താനും ത്രാണിയും തന്റേടവുമുള്ള സജീവ മഹല്ല് കമ്മിറ്റികളാണ് നമുക്കാവശ്യം
Leave A Comment