വ്രതവും ആരോഗ്യവും
അമിതാഹാരത്തിന്റെ വിനയെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ''ജനങ്ങള്‍ വന്യമൃഗങ്ങളെപ്പോലെ അമിതമായി ഭക്ഷണം കഴിച്ചു. തന്നിമിത്തം അവര്‍ രോഗബാധിതരായി. അവര്‍ക്ക് പക്ഷികളുടെ ആഹാരം നല്‍കി. അപ്പോഴവര്‍ ആരോഗ്യദൃഢഗാത്രരായി.'' നബി(സ) പറയുന്നു: ''മനുഷ്യന്റെ മുതുവെല്ല് നിവര്‍ത്തുവാനുതകുന്ന ആഹാരം കഴിക്കുക. അത്യാവശ്യമെങ്കില്‍ വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും  ആവട്ടെ.'' മിതാഹാര സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ തിരുവചനം ആഹാരം എങ്ങനെ ക്രമീകരിക്കണമെന്ന നിര്‍ദ്ദേശവും, ഒരു വ്യായാമവും അനുഷ്ഠിക്കാതെ ഏതു സമയത്തും ആഹാരമകത്താക്കി ശരീരത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ താക്കീതുമാണ്. വ്രതമനുഷ്ഠിക്കുന്നതിലൂടെ യാതൊരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു. വയറുവേദന, ഗ്യാസ്ട്രബിള്‍, നെഞ്ചുനീറ്റല്‍, കുടല്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി  നിരവധി രോഗങ്ങള്‍ക്ക് വ്രതം പരിഹാരമാണ്. വൈദ്യശാസ്ത്ര വിദഗ്ധര്‍ ഇക്കാര്യം അംഗീകരിച്ചതാണ്. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഹിപ്പോക്രാറ്റിസ് തന്റെ രോഗികളോട് നോമ്പനുഷ്ഠിക്കാന്‍ ഉപദേശിച്ചിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ പൈതഗോറസ് തന്റെ ശിഷ്യന്‍മാരോട് രോഗമുള്ളപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രെ. വിവിധ കാല ദൈര്‍ഘ്യത്തോടുകൂടിയ ഉപവാസം മൂലം തീവ്രമായതോ കാലപ്പഴക്കം ചെന്നതോ ആയ പല രോഗങ്ങളും വിട്ടുമാറുമെന്ന് ആയുര്‍വേദം പറയുന്നു. (ആരോഗ്യബന്ധു) വ്രതം ഹൃദ്രോഗത്തെയും ക്യാന്‍സറിനെയും ഒരു പരിധി വരെ തടയുന്നുവെന്നാണ് ഡോ. എമേഴ്‌സ്യല്‍ അഭിപ്രായപ്പെടുന്നത്. പെപ്റ്റിക് അള്‍സര്‍, ഗ്യാസ് അള്‍സര്‍, അര്‍ശ്ശസ്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, നിര്‍മ്മാര്‍ജ്ജം ചെയ്യാന്‍ തന്നെ നോമ്പിന് കഴിയുമെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. മാനസിക രോഗങ്ങള്‍ക്ക് പോലും വ്രതാനുഷ്ഠാനം ഫലപ്രദമാണ്. പേശികള്‍ക്കും കലകള്‍ക്കും അനുഭവപ്പെടുന്ന വേദനകള്‍ക്കും മരവിപ്പിനും നോമ്പനുഷ്ഠിക്കുന്നത് ഉത്തമമാണ്.
യാതൊരു വിശ്രമവുമില്ലാതെ ഭക്ഷണം കഴിക്കുക നിമിത്തം ദഹനേന്ദ്രിയങ്ങള്‍ക്ക് ദൂരവ്യാപകവും ഗുരുതരവുമായ പ്രത്യാഘാതങ്ങളുണ്ടാക്കിത്തീര്‍ക്കുമെന്ന് എല്ലാ വൈദ്യശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്. ഇതിനു പ്രായോഗികമായ പരിഹാരം വ്രതാനുഷ്ഠാനം മാത്രമാണ്. ആംഗലേയ ഗ്രന്ഥകാരന്‍മാര്‍ വരെ ഈ മഹല്‍ കര്‍മത്തിന്റെ ഗുണഗണങ്ങള്‍ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. 'നോമ്പ് പരിചയാണ്' എന്ന നബിവചനം അതിന്റെ ഭൗതികമായ പ്രതിരോധ ശക്തിയും, 'വ്രതം എനിക്കാണ്, അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്്' എന്ന് അല്ലാഹു അരുളിയത് അതിന്റെ ആത്മീയ ശക്തിയും  തുടര്‍ന്നുള്ള ദൈവ ദര്‍ശനവും വ്യക്തമാക്കുന്നു. ഇസ്‌ലാമിലെപ്പോലെ ഇതര മത ദര്‍ശനങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാണെന്ന് കാണാം. പക്ഷേ, മുസ്‌ലിംകളുടെ വ്രതാനുഷ്ഠാനം കൊണ്ടുണ്ടാവുന്ന നേട്ടങ്ങള്‍ അവ മുഖേന ലഭിക്കുന്നില്ല.  സുസമ്മതവും അവിതര്‍ക്കിതവുമായ ഒരു വസ്തുതയാണിത്. വ്രതാനുഷ്ഠാനം മനുഷ്യനെ കായികമായും മാനസികമായും തളര്‍ത്തുകയും നിത്യരോഗത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നുവെന്ന് ചില വിവരദോഷികള്‍ പറഞ്ഞു നടക്കാറുണ്ട്. ഇവരുടെ ജല്‍പനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം, വ്രതാനുഷ്ഠാനം മനുഷ്യനെ തളര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് കായികവും മാനസികവുമായ കാര്യങ്ങളില്‍ ഊര്‍ജ്ജസ്വലത ഉണ്ടാക്കിത്തീര്‍ക്കുകയാണ്. ''നിങ്ങള്‍ നോമ്പനുഷ്ഠിക്കുക, ആരോഗ്യവാന്‍മാര്‍ ആവാന്‍ വേണ്ടി'' എന്ന് നബി(സ) പഠിപ്പിച്ചത് ഇവിടെ ചിന്തനീയമാണ്. സ്വഹാബികള്‍ നിര്‍ബന്ധവ്രതം മാത്രമായിരുന്നില്ല, ഐച്ഛിക വ്രതവും അനുഷ്ഠിച്ചിരുന്നു. ശാരീരിക ശക്തിയില്‍ വ്രതമനുഷ്ഠിക്കാത്തവരേക്കാള്‍ അവരെത്രയോ കരുത്തന്‍മാരായിരുന്നു എന്ന് പ്രസിദ്ധ യുദ്ധങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. സര്‍വായുധ വിഭൂഷിതരും സമുദ്രസമാനവുമായ അമുസ്‌ലിം സൈന്യവും നിരായുധരും അംഗുലീപരിമിതമായ മുസ്‌ലിം സൈന്യവും ബദ്ര്‍ പോര്‍ക്കളത്തില്‍ അണിനിരന്നപ്പോള്‍ ബഹുഭൂരിപക്ഷമുള്ള ശത്രുസൈന്യത്തെ കായികബലം കൊണ്ട് പരാജയപ്പെടുത്തി  ഓടിക്കാന്‍ മുസ്‌ലിം ഭടന്‍മാര്‍ക്ക് കഴിഞ്ഞു. തുടര്‍ച്ചയായുള്ള വ്രതാനുഷ്ഠാനം അവരുടെ മനസ്സുകളെ തളര്‍ത്തിയിരുന്നില്ലെന്നും അതുല്യ മനഃശാന്തിയുടെ ഉടമകളായിരുന്നു അവരെന്നുമുള്ള സത്യമാണ് ഈ ചരിത്രം തെളിയിക്കുന്നത്. ആത്മീയതയും ശാരീരികവുമായ മോക്ഷം തേടി വിജയ പാതയിലേക്ക് മനുഷ്യനെ നയിക്കുകയാണ് വ്രതത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. വ്രതം ആരോഗ്യത്തിന് മാറ്റു കൂട്ടുന്നതല്ലെന്ന് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ ആരോഗ്യമെന്താണെന്ന് അറിയാത്തവരാണ്. കാരണം, ആരോഗ്യമെന്നതിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം കാണുക: ''ആരോഗ്യമെന്നാല്‍ ആത്മീയതയുടെയും ധാര്‍മ്മികതയുടെയും ശാരീരികതയുടെയും സാമൂഹികതയുടെയും പൂര്‍ണാവസ്ഥയാകുന്നു.'' ഇസ്‌ലാം അനുശാസിക്കുംപ്രകാരം നോമ്പനുഷ്ഠിക്കുന്നവരില്‍ മേലുദ്ധരിച്ച കാര്യങ്ങളെല്ലാം സുഭദ്രമാണല്ലോ. അമേരിക്കയിലെ സുപ്രസിദ്ധ ഭിഷഗ്വരനായ ഡോ. ജറാള്‍ഡ് പറയുന്നത്: ''ഇസ്‌ലാമിക വ്രതം ലോകം സാര്‍യത്രികമായി അംഗീകരിച്ചിരുന്നെങ്കില്‍ മനുഷ്യാരോഗ്യം ഇന്നുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിക്കുമായിരുന്നു.'' 'വ്രതം മനുഷ്യ മനസ്സിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതോടൊപ്പം മനുഷ്യനെ ആരോഗ്യപരമായും മാനസികമായും സംസ്‌കരിക്കുന്നു.'' -ഗാന്ധിജിയുടെ വാക്കുകളാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter