ആരോഗ്യം നിത്യശുദ്ധിയിലൂടെ
എവിടെയും എപ്പോഴും ആവശ്യമായ ഒന്നാണ് ശുദ്ധി. സര്‍വ്വാംഗീകൃതമായതാണീ വസ്തുത. വൃത്തിഹീനത ആപല്‍ക്കരമാണെന്നതില്‍ രണ്ടഭിപ്രായമില്ല. മത-ശാസ്ത്രീയ വീക്ഷണങ്ങള്‍ ഇവിടെ ഏകകണ്ഠമാണ്. മലിനീകരണ മുക്തമായ അന്തരീക്ഷം സൃഷ്ടിച്ചെങ്കിലേ രോഗാണുക്കളെ  ഉന്‍മൂലനം ചെയ്യാന്‍ കഴിയൂ.
രോഗാണുക്കളെ ഉന്‍മൂലനം ചെയ്യാനുള്ള പ്രധാനമാര്‍ഗം ശുചിത്വവും ശുദ്ധീകരണവുമാണ്. ഇവ രണ്ടും ഒരു സദ്ഗുണവും ശുദ്ധ സംസ്‌കാരവുമായിട്ടാണ്  പുരാതന കാലം മുതലേ പരിഗണിക്കപ്പെട്ടത്. അതുകൊണ്ടാണ് റൂസ്സോ ഇങ്ങനെ പറഞ്ഞത്: ''ശുചീകരണം ഒരു ജ്ഞാനം മാത്രമല്ല,  ഒരു സദ്ഗുണം കൂടിയാണ്'' (എമിലി). ശുചീകരണം അനിവാര്യമായ ഒരു സംഗതിയാണെന്ന് എല്ലാവര്‍ക്കുമറിയാം.  പക്ഷെ, അതിന്റെ അനുവര്‍ത്തനം ഉണ്ടാകുന്നില്ലെന്നുമാത്രം.
ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യമില്ലാത്തവന്  ധനമോ പ്രതാപമോ മറ്റു സൗകര്യങ്ങളോ  ഉണ്ടെങ്കിലും  ജീവിതസുഖം ലഭ്യമാകുന്നില്ല. നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം രോഗബാധയുണ്ടാകാതെ സൂക്ഷിച്ചു  ശരീരത്തിന്റെ  ആരോഗ്യത്തെ നിലനിര്‍ത്തലാണ്. അതായത് രോഗം വന്നശേഷം ചികിത്‌സിച്ച്  ഭേതപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ് എന്ന പ്രമാണം നാം എപ്പോഴും ഓര്‍മിക്കണം.
പകര്‍ച്ചവ്യാധിയുടെ അക്രമം തടയുന്നതിനും രോഗം വരാതെ സൂക്ഷിക്കുന്നതിനും, ആരോഗ്യദൃഢഗാത്രരായ ഒരു ജനതയെ സൃഷ്ടിക്കുന്നതിനും ശുദ്ധി അനിവാര്യമാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന രോഗങ്ങളെ ശാസ്ത്രീയമായ ചികിത്‌സ കൊണ്ട് സുഖപ്പെടുത്താമെങ്കിലും  ആരോഗ്യനിയമവശങ്ങള്‍ അനുസരിച്ചെങ്കില്‍ മാത്രമേ ഔഷധഫലം പ്രയോജനകരമായിത്തീരുകയുള്ളൂ.
അലോപതി, ഹോമിയോപതി, ആയുര്‍വേദം, യൂനാനി തുടങ്ങിയ ചികിത്‌സാശാസ്ത്രങ്ങള്‍ ഇന്ന് നിലവിലുണ്ടെങ്കിലും  അണുവിമുക്ത ശാസ്ത്രം അവര്‍ക്ക് പരിചയമില്ല. പരിസരങ്ങളെയും വായുവിനെയും മലിനപ്പെടുത്തരുതെന്നോ കുളിക്കണമെന്നോ അംഗസ്‌നാനം ചെയ്യണമെന്നോ ഒന്നുംതന്നെ മെഡിക്കല്‍ നിയമത്തില്‍ കാണാന്‍ സാധിക്കുന്നില്ല. ഹിപ്പോക്രാറ്റസിന്റെ നിര്‍ദ്ദേശങ്ങളിലോ ചരക വചനങ്ങളിലോ  സാമുവല്‍ ഹനിമാന്റെ ഉപദേശങ്ങളിലോ ഇത്തരം നിയമങ്ങള്‍ കാണുന്നില്ല. ആതുരാലയങ്ങളുടെയും മെഡിക്കല്‍ കോളേജിന്റെയുമൊക്കെ കോമ്പൗണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ പരിസര മലിനീകരണവും മറ്റും സംഭവിക്കുന്നത്. ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ക്ഷയം മുതലായ രോഗങ്ങള്‍  പരിസര മലിനീകരണം കൊണ്ട് എളുപ്പത്തില്‍ വ്യാപിക്കുമെന്ന നഗ്‌നസത്യം ഭിഷഗ്വരന്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഒരുപോലെ അറിയാവുന്ന കാര്യമല്ലേ. അതോ അറിഞ്ഞിട്ടും അറിഞ്ഞിട്ടില്ലെന്ന ഭാവം  നടിക്കുകയാണോ. ദുശ്ശീലങ്ങള്‍  വ്യാപിച്ച സാഹചര്യത്തില്‍  രോഗാണുക്കള്‍  വായുവില്‍ സഞ്ചരിച്ച് പലരെയും  രോഗങ്ങള്‍ക്ക് ഇരയാക്കുമെന്ന് ആര്‍ക്കാണ്  അറിയാത്തത്? നമ്മുടെ ചികിത്‌സാലയങ്ങളും ബസ്സ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും  പൊതു നിരത്തുകളുമൊക്കെ മലിനങ്ങള്‍ ഇടാതെ കാണുന്നത് എത്ര സന്തോഷകരമായിരിക്കും. ലണ്ടന്‍, ബര്‍ലിന്‍ തുടങ്ങിയ വലിയ നഗരങ്ങളില്‍ റോഡുകളില്‍ തുപ്പുന്നതോ പോകട്ടെ ഒകു കഷ്ണം കടലാസുപോലും ഇടുന്നത് ശിക്ഷാര്‍ഹമാണ്.
നമ്മുടെ ആരോഗ്യ പരിപാലനത്തിന് ശുദ്ധ വായുവിനുള്ള പ്രാധാന്യം അപ്രമേയമാണ്. ആഹാര പാനീയങ്ങള്‍ കൂടാതെ ഏതാനും ദിവസം നാം ജീവിച്ചിരുന്നുവെന്നുവരും. എന്നാല്‍  പ്രാണവായു ശ്വസിക്കാതെ  നമുക്ക് അധികനേരം ജീവിക്കുക സാധ്യമല്ല.  കുന്നിന്‍പുറം, കടല്‍പുറം, മൈതാനം മുതലായ തുറസ്സായ സ്ഥലങ്ങളിലാണ്  ശുദ്ധവായു അധികമായി കിട്ടുന്നത്. അതുകൊണ്ടാണ് കടല്‍തീരങ്ങളിലും കുന്നിന്‍പുറങ്ങളിലും താമസിക്കുമ്പോള്‍ ആസ്ത്മ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ആശ്വാസം ലഭിക്കുന്നത്. അതിനാല്‍ മനുഷ്യാധിവാസ പ്രദേശങ്ങളിലെ വായുവിനെ മലിനപ്പെടുത്താതിരിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
ചില വീടുകളുടെ മുറ്റവും പരിസരവും ചപ്പ് ചവറുകളും പുല്ലുകളും കൊണ്ട് നിറഞ്ഞിരിക്കും. അടുക്കളയോട് ചേര്‍ന്ന് കോഴിക്കൂടും ഒരു ആട്ടിന്‍കൂടും. മുന്‍ഭാഗത്ത് കാലിത്തൊഴുത്തും ചാണകക്കുഴിയും. വീടിന്റെ പരിസരമാകെ കുട്ടികളുടെ വിസര്‍ജ്യ വസ്തുക്കളാല്‍ അത്യന്തം അശുദ്ധം. അകത്ത് നിറെ പൊടിപടലങ്ങളും മാറാലയും. ഒരു ഭാഗത്ത് കാര്‍ക്കിച്ചു മുറുക്കിയും തുപ്പിയത്. മറുവശത്ത് തളംകെട്ടിനില്‍ക്കുന്ന മൂത്രം. മൂടാതെ വെച്ചിട്ടുള്ള ഭക്ഷണപാത്രങ്ങള്‍. അലസമായി വലിച്ചെറിഞ്ഞ ഉഛിഷ്ടങ്ങള്‍. കക്കൂസില്‍ കുന്നുകൂടിയ തീപ്പെട്ടിക്കൊള്ളികളും ബീഡിക്കുറ്റികളും സിഗററ്റ് കുറ്റികളും. വീടും പരിസരവും ഈച്ചകളുടെയും കൊതുകുകളുടെയും വിളയാട്ടം. പകര്‍ച്ചവ്യാധികള്‍ക്ക് ആധിപത്യം നേടാന്‍ പറ്റിയ പശ്ചാതലം. ഈ സാഹചര്യത്തില്‍ വളരാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ സ്ഥിതി ഊഹിക്കാതിരിക്കുകയാണ് ഭേതം.
അശുദ്ധിക്കും പരിസര മലിനീകരണത്തിനുമെതിരെ എല്ലാവരും ശബ്ദിക്കുന്നു. ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. മലിനീകരണ മുക്തമായ അന്തരീക്ഷമാണ്  സര്‍വ്വത്ര അഭികാമ്യവും ആരോഗ്യകരവുമെന്ന പ്രമേയം പാസ്സാക്കുന്നു.  പക്ഷേ, മനുഷ്യന്‍ സ്ഥിരമായി അനുവര്‍ത്തിക്കേണ്ട ഒരു ശുദ്ധിനിയമം രൂപപ്പെടുത്താത്തതിന്റെയും നിര്‍ബന്ധിക്കപ്പെടാത്തതിന്റെയും പേരില്‍  അവയെല്ലാം ഒരു പ്രഹസനമായി പോകുന്നു. നിത്യജീവിതത്തില്‍ നിരന്തര ശുചിത്വവും  ആരോഗ്യവും  ഉണ്ടായിത്തീരുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍  താഴെ ചേര്‍ക്കുന്നു.
1. കടല്‍പുറം, മൈതാന സ്ഥലങ്ങള്‍, റോഡുകള്‍, ഇടവഴികള്‍, കുളിക്കടവുകള്‍ മുതലായവയില്‍ ഒരു ക്ലിപ്ത നിയമവും കൂടാതെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന ശീലം പൂര്‍ണമായും പരിത്യജിക്കണം.
2. പശുത്തൊഴുത്തുകളും മറ്റും മനുഷ്യന്‍ വസിക്കുന്ന ഗൃഹങ്ങളില്‍നിന്ന് അകലെയായി ആധുനിക രീതിയില്‍ കെട്ടി വൃത്തിയായി സൂക്ഷിക്കണം.  അവ ദിവസവും വൃത്തിയാക്കുന്നതില്‍ ഉദാസീനത പാടില്ല.
3. അന്നന്നുള്ള ചവറുകള്‍ അങ്ങുമിങ്ങും കിടന്നു ദുഷിക്കുന്നതിന് ഇടവരുത്താതെ അവ ദിവസവും മാറ്റം ചെയ്യുകയും ഒരു ക്ലിപ്ത സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യണം. പട്ടണത്തില്‍ മുനിസിപ്പാലിറ്റി സൂക്ഷിച്ചിട്ടുള്ള ചവറുതൊട്ടികളില്‍ ചവറുകള്‍ നിക്ഷേപിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണം.
4. മുറുക്കി തുപ്പുന്ന ശീലം നമ്മുടെ പരിസരങ്ങളെയെന്നു മാത്രമല്ല, വായുവിനെയും ദുഷിപ്പിക്കുന്നതിനു കാരണമായിത്തീരുന്നു. റോഡില്‍കൂടി നടന്നു പോകുമ്പോള്‍ നടുറോഡില്‍ തുപ്പുക, ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഇരുന്നുകൊണ്ട് റോഡിലേക്ക് തുപ്പുക, ടീപാര്‍ട്ടിക്കും മറ്റും ഇരിക്കുമ്പോള്‍ നാലു ചുറ്റും കാര്‍ക്കിച്ചു തുപ്പുക മുതലായവ എത്ര അശുചീകരവും  അനാരോഗ്യപ്രദവുമാണെന്ന്  ഏവര്‍ക്കും എളുപ്പം  ഗ്രഹിക്കാവുന്നതാണ്.
5. മലമൂത്ര വിസര്‍ജ്ജനവും  ശൗചാദികര്‍മ്മങ്ങളും വീട്ടില്‍നിന്നും അകലെ ചെയ്യേണ്ടതാണ്. അവയ്ക്ക് സ്ഥലം നിര്‍മ്മിക്കുകയും ആ സ്ഥലങ്ങള്‍ ദിവസം തോറും ശുദ്ധിയാക്കുകയും വേണം.
6. നാം അധിവസിക്കുന്ന വീടുകള്‍ക്കുള്ളില്‍ ്യുശുദ്ധവായു സഞ്ചാരം ധാരാളം  ഉണ്ടായിരിക്കണം. പണ്ടത്തെ രീതിയില്‍  പണിചെയ്ത കെട്ടിടങ്ങളിലും  പാവങ്ങളുടെ വീടുകളിലും  മിക്കവാറും  കാറ്റോട്ടം ഉള്ളവയായിരിക്കുകയില്ല.  ജനലുകളും  വാതിലുകളുമെല്ലാം  അടച്ച് ഒരു മുറിയില്‍  ഏഴോ എട്ടോ അംഗങ്ങള്‍  കിടന്നുറങ്ങുന്നതും  അപൂര്‍വ്വമല്ല. ഈ കൂട്ടര്‍ക്ക് എങ്ങനെയാണ് ആരോഗ്യം ഉണ്ടാവുക. പകല്‍ സമയെമങ്കിലും  ഇവ തുറന്നിടുന്നതിലും  അവര്‍ ശ്രദ്ധിക്കുന്നില്ല.  അതുപോലെത്തന്നെ  അടുക്കള ഏറ്റവും സമീപത്താകയാല്‍  പുക വീടു മുഴുവന്‍ വ്യാപിക്കുന്നു. അതിനാല്‍ ജനലുകള്‍ രാത്രി മാത്രമല്ല,  പകലും തുറന്നിടുന്ന ശീലമുണ്ടായിരിക്കണം. വിശേഷിച്ച് രോഗികള്‍ കിടന്നുറങ്ങുന്ന മുറികള്‍  നല്ല വായു സഞ്ചാരം ഉള്ളവയും പുകയും മാലിന്യങ്ങളും  ചെന്നെത്താതിരിക്കുന്നവയും ആയിരിക്കണം.  ഓരോ ഭവനത്തിലും  മനോഹരമായ  ഒരുദ്യാനം ഉണ്ടായിരിക്കണം. അതില്‍ സുഗന്ധപുഷ്പങ്ങളും ചെടികളും ലതകളും വെച്ചുപിടിപ്പിക്കുകയും  മുറ്റവും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യണം. (ആരോഗ്യശാസ്ത്രം -പേജ് 2,4)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter