മുലപ്പാലിന്റെ ഔഷധ ഗുണം
മുലപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ശാസ്ത്രമിന്ന് ധാരാളം പഠനങ്ങള്‍ നടത്തിയതായുളള വാര്‍ത്തകള്‍ വായിച്ചിരിക്കുമല്ലോ? മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തിന് ഇത്രയധികം ശക്തിപകരുന്ന മറ്റൊരു ഔഷധപാനീയമിന്ന് ലോകത്തുണ്ടോ എന്നുതന്നെ സംശയിപ്പിക്കുന്നതാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളില്‍ നിന്നും നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഈ ഭൂമിയില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കാലദോഷഭേദമന്യേ എവിടെവെച്ചും എപ്പോഴും കഴിക്കാനും കഴിപ്പിക്കാനും പറ്റിയൊരു പാനീയം പോഷക സമൃദ്ധവും സമ്പുഷ്ടവുമായ മുലപ്പാല്‍ മാത്രമാണെന്ന് ശാസ്ത്രത്തിന്റെ നിഘണ്ടുവില്‍ ഇന്നേവരെയുളളത.് എന്നാല്‍ ഇന്നിതാ ഇതേക്കുറിച്ച്  ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നു.കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന ഡോക്ടറായ മരിലിന്‍ ക്വാനും സംഘവും ദീര്‍ഘകാലങ്ങളായി നടത്തിയ പഠനറിപ്പോര്‍ട്ടനുസരിച്ച് മുലപ്പാല്‍ നല്‍കുന്നതിലൂടെ  മാരകമായ കാന്‍സര്‍ രോഗത്തെ പ്രധിരോധിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
1988 മുതല്‍ ഇതേക്കുറിച്ച് ഇവര്‍ നടത്തിയ പഠനറിപ്പോര്‍ട്ടനുസരിച്ച് അക്യൂട്ട് ലിംഫോ (എ.എല്‍.എല്‍) പിടിപെടാനുളള സാധ്യത24%വരെ കുറച്ചുകൊണ്ടുവരാന്‍ മുലയൂട്ടല്‍കൊണ്ട് സാധിക്കുമത്രേ.
കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാന്‍ മടിക്കുന്ന പാശ്ചാത്യന്‍ സ്ത്രീകളുടെ കുട്ടികളെയും മുലയൂട്ടുന്ന കുട്ടികളുമായി നടത്തിയ ഈ പഠനറിപ്പോര്‍ട്ടനുസരിച്ച് പാശ്ചാത്യന്‍ നാടുകളിലെ കുട്ടികളില്‍ ഇത്തരത്തിലുളള  കാന്‍സര്‍ വ്യാപകമായി കണ്ടുവരുന്നതായി അവര്‍ സ്ഥിരീകരിക്കുന്നു. ആറു മാസം തുടര്‍ച്ചയായി മുലയൂട്ടിയാല്‍ തന്നെ കുട്ടികളില്‍ എ.എല്‍.എല്‍ വരാനുളള സാധ്യത 12% ആയി കുറക്കാമെന്നാണ് ഇവരുടെ കണ്ടെത്തലുകള്‍. കൂടുതല്‍ കാലം മുലയൂട്ടുന്നതിലൂടെ കാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറെ സഹായിക്കുമെന്നും ദീര്‍ഘകാലത്തെ മുലയൂട്ടല്‍ കൊണ്ട് അക്യൂട്ട് മിലോ ബ്‌ളാസ്‌ററിക് ലുക്കീമിയ വരാനുള്ള സാധ്യത ശൂന്യമായി കുറക്കാന്‍ സാധിക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഡോ. മരിലിന്‍ ക്വാന്റെ റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കയിലെ കുട്ടികളില്‍ ലുക്കീമിയ കേസുകളില്‍ 16% കണ്ട് ഇത്തരത്തില്‍പ്പെടുന്നവയാണ്.
ഡോക്ടര്‍ മരിലിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഇതേപ്പറ്റിയുളള പഠനങ്ങള്‍ അമേരിക്കയില്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു. മുലയൂട്ടുന്നതിനെയും മുലപ്പാലിലടങ്ങിയ ഔഷധഗുണങ്ങളെയും കുറിച്ച് ഏറെ ചര്‍ച്ച ചെയ്ത മതമാണ് ഇസ്‌ലാം രണ്ടുവര്‍ഷക്കാലമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടണമെന്ന്  പറഞ്ഞ ഖുര്‍ആന്‍, സ്തനങ്ങളില്‍ നിന്ന് ചുരത്തുന്ന പാലിന്റെ ഗുണങ്ങളെപ്പറ്റി മനുഷ്യരെ ബോധ്യപ്പെടുത്തുന്നുവെന്ന് മാത്രമല്ല, മലത്തിന്റയും രക്തത്തിന്റെയും ഇടയിലൂടെപ്പുറപ്പെടുന്ന ഈ വെളുത്ത ദ്രാവകത്തെപ്പറ്റി ചിന്തിക്കാനും മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നു.
മുലയൂട്ടുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ധാരാളം ആരോഗ്യസംരക്ഷണങ്ങളുണ്ടെന്ന് നാം സൂചിപ്പിച്ചുവല്ലോ. എന്നാലിന്നീ പുണ്യകര്‍മ്മത്തിന് ചില മങ്കമാര്‍ക്ക് അലര്‍ജിയാണ്. മുലയൂട്ടുന്നത് കാരണം ശരീരം ശോഷിക്കുമെന്നും സ്തനം തടിച്ച് വലുതാകുമെന്നും അതുമൂലം ശരീരത്തിന് അഭംഗിയായിത്തീരുമെന്നുമുളള അവരുടെ തെറ്റായ ധാരണയാണ് ഈ അലര്‍ജിക്കുളള കാരണങ്ങളിലൊന്ന്. യത്ഥാര്‍ഥത്തില്‍ സ്ത്രീകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇത്തരം തെറ്റായ ധാരണമൂലം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിത്തീരുന്നുവെന്ന് ചില ആരോഗ്യക്കുറിപ്പുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. സ്തനങ്ങളില്‍ ദൈനംദിനം നിറഞ്ഞുകൊണ്ടിരിക്കുന്ന ഈ ദിവ്യഔഷധം ചുരത്തേണ്ട സമയങ്ങളില്‍ ചുരത്താതിരുന്നാല്‍ അംമ്‌ളാംശം കൂടുമെന്നും ശാരീരികമായ വിവിധതരം അസ്വസ്ഥതകള്‍ക്കും അനാരോഗ്യത്തിനും കാരണമായേക്കുമെന്നും ചില പഠനഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനങ്ങളെ വിവിധ അളവുകളിലാണ് സ്ത്രീകളിലും പുരുഷന്‍മാരിലും അല്ലാഹു സംവിധാനിച്ചത്.
സ്ത്രീകള്‍ക്ക് അവരുടെ ശരീരസൗന്ദര്യത്തിന്റെ ഘടനയനുസരിച്ചാണ് അല്ലാഹു ഇതിനെ സംവിധാനിച്ചതെന്നിരിക്കെ, അവരുടെ പ്രകൃതിക്ക് നല്കിയ ആ ഘടനയെ സൗന്ദര്യക്കുറവിന്റയും മറ്റും പേരില്‍ പ്രകൃതിക്ക് വിരുദ്ധമായ രീതിയില്‍ നിയന്ത്രിക്കാന്‍ തുനിഞ്ഞാല്‍ മനുഷ്യപ്രകൃതിക്കല്ലാഹു നല്കിയ സൗന്ദര്യവും പരിരക്ഷയും ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രപരമായ ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് മനുഷ്യര്‍ മാത്രമല്ല, ധാരാളം ജന്തുജീവികളും ഈ പ്രക്രിയ തുടര്‍ന്ന് പോരുന്നു. പ്രസവിച്ച ഉടനെ കുഞ്ഞ് തന്റെ ഉമ്മയുടെ സ്തനങ്ങളില്‍ മുഖം അമര്‍ത്തിവെച്ച് അമ്മിഞ്ഞപ്പാല്‍ ഊമ്പിക്കുടിക്കാന്‍ പഠിപ്പിച്ചത് അല്ലാഹുവാണ്. വളരെ സ്‌നേഹത്തോടും കൃപയോടും കുഞ്ഞുങ്ങള്‍ക്ക് അങ്ങനെ ചെയ്തുകൊടുക്കാന്‍ അമ്മമാരെ പ്രേരിപ്പിച്ചതും അവന്‍ തന്നെ. ഈ സ്‌നേഹവും കൃപയും മാതാപിതാക്കളിലും കുഞ്ഞുങ്ങളിലും മുഴച്ചുകാണാന്‍ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുകതന്നെ വേണമെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മുലയൂട്ടുന്നതിലൂടെ സ്ത്രീയുടെ ആത്മീയ സംതൃപ്തി വര്‍ദ്ധിക്കുകയും മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജശക്തി പകരുന്നതിലൂടെ ശരീരസൗന്ദര്യം പ്രകടമാകുമെന്നും പറയുന്നു. മാത്രമല്ല, കുട്ടികളെ അലട്ടുന്ന ബലാരിഷ്ടതകളും സാംക്രമിക രോഗങ്ങളും ഇല്ലാതെയാകുമെന്നും വൈദ്യശാസ്ത്രം പരക്കെ സമ്മതിക്കുന്നൊരു സത്യമാണ്.
യഥാര്‍ത്ഥത്തില്‍ ഇത്തരം ഗുണങ്ങള്‍ മനുഷ്യരില്‍ എക്കാലവും നിലനില്‍ക്കണമെന്നതുകൊണ്ടായിരിക്കാം വിശുദ്ധ ഇസ്‌ലാം കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ മുലയൂട്ടണമെന്നും അത് ദീര്‍ഘകാലമായിരിക്കണമെന്നും പറഞ്ഞു പ്രോത്‌സാഹിപ്പിച്ചത്. 
ദാരിമി ഇ.കെ. കാവനൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter