അത്വ്‌ലസു സീറത്തുന്നബവിയ്യ: നബി ചരിത്ര ഭൂമികയുടെ സചിത്ര ആവിഷ്‌കാരം
atlasവായനയില്‍ വ്യത്യസ്ത അനുഭവം നല്‍കുന്നതാണ് ഡോ. ശൗഖീ അബൂ ഖലീല്‍ രചിച്ച 'അത്വ്‌ലസുസ്സീറത്തുന്നബവിയ്യ' എന്ന ചരിത്രഗ്രന്ഥം. ചരിത്രപശ്ചാത്തലങ്ങളെ അടയാളപ്പെടുത്തുന്ന ഭൂപടങ്ങളും ചിത്രങ്ങളും കൃതിയുടെ മാറ്റു കൂട്ടുന്നു. ശൗഖിയുടെ തന്നെ മറ്റൊരു ഗ്രന്ഥമായ 'അത്വ്‌ലസ്സുല്‍ ഖുര്‍ആനും' ഗഹനമായ പഠനമാണ്. രണ്ടും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും ഏറെ ഉപകാര പ്രദവും സ്ഥല-കാല സംഭവങ്ങളെ കുറിച്ചുള്ള വിശദമായ അവതരണവും ഉള്‍കൊള്ളുന്നതുമാണ്. 'അത്വ്‌ലസുസ്സീറത്തിന്നബവിയ്യ' പ്രവാചക ചരിത്രഭൂമികയുടെ വിശദീകരണമാണെങ്കില്‍ 'അത്വ്‌ലസ്സുല്‍ ഖുര്‍ആന്‍'  കിടയറ്റ ഖുര്‍ആന്‍ പഠനമാണ്. പ്രവാചകരുടെ പിതൃ-മാതൃ പരമ്പരകളും സന്താനപരമ്പരകളും വിവരിക്കുന്നതിന് ഡോ. ശൗഖീ സ്വീകരിച്ച ശൈലി ആശ്ചര്യകരമാണ്. പ്രവാചക കുടുംബത്തെ  പൂത്തു നില്‍ക്കുന്ന മരത്തോടുപമിച്ച് ചില്ലകളില്‍ പേരു രേഖപ്പെടുത്തിയ അവതരണരീതി വ്യത്യസ്തത പുലര്‍ത്തുന്നു. 'അത്വ്‌ലസുസ്സീറത്തിന്നബവിയ്യ' യുടെ അവസാന ഭാഗമെത്തുമ്പോഴേക്കും 160-ല്‍ പരം ഭൂപടങ്ങളും ചിത്രങ്ങളും അനുബന്ധരേഖകളും കടന്നുവരുന്നു. വിവരണം ഹ്രസ്വവും എന്നാല്‍ സമഗ്രവും സരളവുമാണ്. ചരിത്രവിവരണത്തിന്റെയും പഠനാവതരണത്തിന്റെയും സാഹചര്യത്തില്‍ പൊതുവെയുണ്ടാകുന്ന മടുപ്പില്‍ നിന്നും വായനക്കാരന് ഉന്‍മേശം നല്‍കുന്നവയാണ് അത്വ്‌ലസ്സിലെ കൃത്യമായ ഭൂപടങ്ങള്‍. ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അനുബന്ധ വിവരണമാണ് നല്‍കിയിട്ടുള്ളത്. 'കഅ്ബ'യെ കുറിച്ചുള്ള വിശദമായ ചര്‍ച്ചയാണ് ഈ ഭാഗത്ത്. കഅ്ബയുടെ കൃത്യമായ നീളവും വീതിയും ചരിത്ര നാള്‍വഴികള്‍ക്കനുസരിച്ചുവന്ന മാറ്റങ്ങളും വ്യക്തമായി അടയാളപ്പെടുത്തുന്ന പ്ലാനുകളും ചിത്രങ്ങളും ഈ ഭാഗത്തുണ്ട്. കഅ്ബയില്‍ നിന്ന് മീഖാത്തുകളിലേക്കുള്ള ദൂരവും കഅ്ബ വികസനം, അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവരെ കുറിച്ചൊക്കെ അതില്‍ വിവരിക്കുന്നുണ്ട്. സഫാ മര്‍വ്വാ പോക്കുവരവുകള്‍ പ്രത്യേകം അടയാളപ്പെടുത്തി അതിന്റെ പാര്‍ശങ്ങളിലെ കവാടങ്ങള്‍ വരെ രേഖപ്പെടുത്തിയ രേഖാചിത്രവും ഈ ഭാഗത്തുണ്ട്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിസ്തീര്‍ണവും ചുറ്റളവും രേഖപ്പെടുത്തുന്ന മാപ്പില്‍ നിന്നാണ് ആരംഭം. രണ്ടാം അധ്യായത്തില്‍ നബിയുടെ പിതാമഹനായ ഇബ്‌റാഹീം നബിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ പ്രബോധന മാര്‍ഗങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വി മാത്രമുള്ള സുവാഅ്, ലാത്ത തുടങ്ങിയ ബിംബമൂര്‍ത്തികളടക്കം ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞതും അല്ലാത്തതുമായ 14 ബിംബങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും പ്രദേശങ്ങളും കൃത്യമായി അടയാളപ്പെടുത്തിയ ഭൂപടം ചരിത്രാന്വേഷകര്‍ക്ക് ഉപകാരപ്പെടും. പ്രസിദ്ധമായ 'ഉക്കാള' ചന്തയുടെ മാതൃകാരൂപവും ഉക്കാളയുടെ ഇന്നത്തെ ഫോട്ടോയും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. ജാഹിലിയ്യാ കാലത്തെ അറേബ്യന്‍ ഉപദ്വീപിന്റെ പൂര്‍ണ്ണരൂപം കൃത്യമായി വിവരിക്കുന്നുണ്ട്. മറ്റു കൃതികളെപ്പോലെ കേവല സ്ഥലമടയാളപ്പെടുത്തലില്‍ ഒതുങ്ങുന്നതല്ല ഈ ചിത്രം. അക്കാലത്ത് ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍, ജൂതര്‍, മജൂസികള്‍, ബിംബാരാധകര്‍ എന്നിവരുടെ വാസസ്ഥലങ്ങളും അവരുടെമേല്‍ ആധിപത്യമുണ്ടായിരുന്ന ഭരണകൂടങ്ങളെയും പ്രത്യേക ചിഹ്നങ്ങള്‍ നല്‍കി അടയാളപ്പെടുത്തുന്നു. വിവരണാകൃഷ്ടതയില്‍ വലിയ മികവ് പുലര്‍ത്തുന്നതാണ് അബാബീല്‍ പക്ഷികളെയും ആനക്കലഹ സംഭവവും ചിത്രീകരിക്കുന്ന ഭാഗം. സ്വന്‍ആഈലില്‍ നിന്നും മക്കയിലേക്കുള്ള പ്രയാണ വഴി കൃത്യമായി രേഖപ്പെടുത്തുകയും വഴിമധ്യേയുള്ള പട്ടണങ്ങളെ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അലസമായ പഠനമല്ല ഈ കൃതിയുടെ അവതരണമെന്നു വായനക്കാരനു ബോധ്യപ്പെടും. ഗഹനമായ ചരിത്രപഠനം നടത്തിയും ചരിത്ര സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും കൃത്യമായി യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ ഉറപ്പുവരുത്തിയുമാണ് ഓരോ പേജും തുന്നിച്ചേര്‍ക്കുന്നതെന്നു ബോധ്യപ്പെടാന്‍ അധികമൊന്നും വായിക്കേണ്ടിവരില്ല. ഉദ്ധൃത കൃതിയിലെ ഉഹ്ദ്മല മാത്രം മതി ഇത്രയുംകാലം പലരും ധരിച്ചുവച്ചിരുന്ന തെറ്റായ ബോധം തിരുത്തിവായിക്കാന്‍. പലപ്പോഴും നാം കാണുന്ന 'ഉഹ്ദ് മലയും 'ജബലുറുമാത്തും' കൃത്യമായി അടയാളപ്പെടുത്തുന്നതോടൊപ്പം ഖാലിദ്(റ) അമ്പയ്ത്തുകാരുടെ അടുക്കലേക്ക് കയറിവന്ന വഴിയും ഇന്നത്തെ ഉഹ്ദ് ഭൂമിയും ജബലുറുമാത്തും വേറിട്ടു വേറിട്ടു അടയാളപ്പെടുത്തി പരിചയപ്പെടുത്തുന്നു. കൃതിയുടെ ആധികാരികത ബോധ്യപ്പെടുത്താന്‍ ചില ഉദാഹരണങ്ങള്‍ മാത്രം എടുത്തുകാട്ടിയതാണിവിടെ. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഓരോ സ്ഥലത്തും അതിന്റേതായ ഗൗരവത്തോടെയും ആധികാരികമായും വിഷയങ്ങള്‍ പ്രതിപാദിക്കുന്നു. യാത്രാവഴികള്‍ അടയാളപ്പെടുത്തുന്നതും ഒളിഞ്ഞു സഞ്ചരിച്ച ഭാഗങ്ങളില്‍ യഥാര്‍ത്ഥ വഴിക്കൊപ്പം അന്നവര്‍ യാത്രക്കവലംബിച്ച വഴികളും വേര്‍തിരിച്ചു വരച്ചുകാണിക്കുന്നത് ഡോ. ശൗഖീ അബൂഖലീല്‍ ഈ പഠനത്തില്‍ നടത്തിയ കഠിനാധ്വാനം ബോധ്യപ്പെടുത്തുന്നു. യുദ്ധഭൂമി കടല്‍തീരങ്ങളില്‍ നിന്നും എത്ര അകലത്തിലാണെന്നും യുദ്ധഭൂമിയുടെ അയല്‍പ്രദേശങ്ങളെയും രാജ്യങ്ങളെയും യുദ്ധത്തിലെ പങ്കാളികളെയും ഭൂപടത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വായനക്കാരന് പൂര്‍ണ്ണസംതൃപ്തി നല്‍കാനുള്ള കഠിനശ്രമം ശൗഖീ ഈ കൃതിയില്‍ നടത്തിയിട്ടുണ്ടെന്നു പറയാതെ വയ്യ. ദാറുല്‍ ഫിക്ര്‍, സിറിയയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter