ഹൈന്ദവ സംസ്‌കാരം

 

ഇന്ത്യന്‍ മതങ്ങള്‍ രണ്ടായി തിരിക്കാം. 1. വൈദിക മതം. 2. അവൈദികമതം. ആര്യ സംസ്‌കാരമാണ് ഇന്ന് നിലവിലുള്ള ഹൈന്ദവ സംസ്‌കാരം.


‘ആര്യന്മാര്‍’ ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരാണ് എന്നകാര്യത്തില്‍ മിക്ക പണ്ഡിതരും ഏകോപിച്ചിട്ടുണ്ടെങ്കിലും ഏത് ദേശക്കാരാണ് എന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഇന്നത്തെ ഹംഗറി, ആസ്ട്രിയ, ബൊഹീമിയ തുടങ്ങിയവിടങ്ങളില്‍നിന്ന് വന്നവരാണ് എന്ന് അഭിപ്രായമുണ്ട്. യൂറോപ്പില്‍നിന്നും ഏഷ്യയില്‍ എത്തിയ ഗോത്രവിഭാഗങ്ങള്‍ പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വന്നുവെന്ന അഭിപ്രായക്കാരും ഉണ്ട്. കരിങ്കടലിനു വടക്കുള്ള ‘ബാള്‍ക്കണ്‍’ പ്രദേശത്തുനിന്ന് വന്നവരാണെന്നും തുര്‍ക്കിയിലെ ‘അനത്തോളിയാ’ പ്രദേശത്തുനിന്ന് വന്നവരാണെന്നും അഭിപ്രായമുണ്ട്. ഏതായിരുന്നാലും ഇന്ത്യയുടെ അയല്‍ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആര്യന്മാര്‍ എന്ന വസ്തുതക്കു ഉപോല്‍ബലകമായ നിരവധി രേഖകളുണ്ട്. ഇത് ക്രിസ്തുവിന്നും 12 നൂറ്റാണ്ട് മുമ്പ് ആയിരുന്നു. ആര്യ ആക്രമണത്തെക്കുറിച്ച് ചരിത്രത്തില്‍ വസ്തുനിഷ്ടമായ പ്രതിപാദനങ്ങള്‍ കാണാം. പ്രഗത്ഭ ചരിത്രകാരന്മാരായ വി.ഡി. മഹാജന്‍, ഗോള്‍ഡന്‍ ചൈല്‍ഡ്, മോര്‍ട്ടിമര്‍ വീലര്‍ തുടങ്ങി നിരവധിയാളുകള്‍ ഉപര്യുക്ത പരാമര്‍ശം നടത്തിയതായി കാണാം.


ഇന്ത്യന്‍ സംസ്‌കാരം ആര്യ സംസ്‌കാരമല്ല. അതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ഹാരപ്പ-മോഹന്‍ജദാരോ സംസ്‌കാരങ്ങളാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌കാരം. സിന്ധൂനദീതട തീരത്തു നടന്ന ഉത്ഖനനങ്ങള്‍ ഈ വസ്തുത വിളിച്ചോതുന്നു.


വൈദിക കാലഘട്ടം എന്നു പറയുന്നത് ബി.സി.1200നും 1400നും ഇടയിലാണെന്നെന്നാണ് മാര്‍ക്‌സ്മുള്ളറടക്കമുള്ളവരുടെ അഭിപ്രായം. വൈദിക കാലഘട്ടം ബി.സി.3000ത്തിനുമപ്പുറമാണെന്ന് ചില സവര്‍ണ്ണ ഹൈന്ദവ ചരിത്രകാരന്മാര്‍ എഴുതിവെച്ചത് സൈന്ദവ നാഗരികത ആര്യസംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെുടുന്നത്.


സൈന്ദവ നാഗരികതയെക്കുറിച്ചുള്ള വിവരം 1856ല്‍ മുല്‍ത്താന്‍-കറാച്ചി റൂട്ടില്‍ റെയില്‍വെ ലൈന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എഞ്ചിനീയറായ ഡോണ്‍ ബ്രിണ്‍ടണ്‍ എന്ന ഇംഗ്ലീഷുകാരനാണ് ലഭിക്കുന്നത്. നാഗരികാവശിഷ്ടങ്ങള്‍ കൊണ്ട് റെയില്‍വേ ലൈനിന്റെ പണി ത്വരിതഗതിയില്‍ നടത്തി. എന്നാല്‍ 1921ല്‍ സര്‍ ജോണ്‍ മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരിക്കുമ്പോള്‍ ആണ് ശാസ്ത്രീയ പഠനങ്ങള്‍ നടന്നത്. ബി.സി. 2500-ാമാണ്ടിനടുത്താണ് സൈന്ദവ നാഗരികത ഉഗ്ര പ്രാപ്തി നേടിയത് എന്നാണ് പണ്ഡിതമതം. ഈ സംസ്‌കാരവുമായി വൈദിക സംസ്‌കാരത്തിന് ബന്ധമില്ല. സൈന്ദവ നാഗരികതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് ആര്യ സംസ്‌കാരമാണ് ഇന്ത്യയുടെ ആദിമ സംസ്‌കാരമെന്നായിരുന്നു നിഗമനം.


വേദോപനിഷത്തുകള്‍ പരിചയപ്പെടുത്തുന്നതല്ലാത്ത ഒരു സംസ്‌കാരം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ നിലനിന്നിരുന്നു എന്ന് ഉല്‍ഖനനങ്ങള്‍ തെളിയിച്ചു. അതിന്റെ സ്ഥാപകര്‍ ദ്രാവിഢരായിരുന്നു. ദ്രാവിഢന്മാരും ആര്യന്മാരും ഒരു സാദൃശ്യവും ഇല്ലാത്തവരാണ്. ദ്രാവിഢര്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് നിന്നു വന്നവരാണ്. (എ. ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ) ഇവരാണ് ഹാരപ്പയിലും മൊഹന്‍ജദാരോയിലും ഉദാത്ത മാതൃകയുള്‍ക്കൊള്ളുന്ന സംസ്‌കാരം പണിതത്.


ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നാഗരികതകളുടെ അകത്തളങ്ങളിലേക്കിറങ്ങിയ ചര്‍ച്ച വേണ്ടിവരും. ഇന്ത്യയില്‍ വിവിധങ്ങളായ സംസ്‌കാരങ്ങളുണ്ടായിരുന്നെന്നും അതില്‍ വേദകാലഘട്ടത്തിനേക്കാള്‍ മഹത്തവും പൗരാണികവുമായ സംസ്‌കാരമാണ് ദ്രാവിഢ സംസ്‌കാരമെന്നും മനസ്സിലാക്കാം. ഇന്ന് ഹൈന്ദവ സംസ്‌കാരമെന്ന നിലയില്‍ പരിചയപ്പെടുത്തപ്പെടുന്നത് ഭാരതീയ സംസ്‌കാരമല്ല, അത് ആര്യ സംസ്‌കാരമാണ്. ഭാരതീയ സംസ്‌കാരം സൈന്ധവ സംസ്‌കാരമാണ്. ആര്യാക്രമണത്തോട് കൂടി അത് തകര്‍ന്നു. സിന്ധൂനദീതട ലിഖിതം  ഇതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കാലഘട്ടത്തിലെ ആചാര ആരാധനാമുറകളെക്കുറിച്ച് ഉല്‍ഖനനങ്ങളെ അല്ലാതെ അടിസ്ഥാനപ്പെടുത്താന്‍ നിര്‍വ്വാഹമില്ല.


ഹിന്ദുമത ഗ്രന്ഥങ്ങള്‍


ഹിന്ദുമത ഗ്രന്ഥങ്ങളെ പൊതു വെ രണ്ടായിട്ട് ഗണിക്കപ്പെടുന്നു.
ഒന്ന്- ശ്രുതികള്‍, രണ്ട്- സ്മൃതികള്‍.


ശ്രുതികള്‍: വേദവും വേദവുമായി ബന്ധപ്പെട്ട കൃതികളും ഋഷിമാര്‍ മുഖാന്തിരം ദൈവത്തിങ്കല്‍നിന്ന് ശ്രവിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. ശ്രുതികള്‍ എന്ന പദത്തിനര്‍ത്ഥം ശ്രവിക്കപ്പെട്ടത് എന്നാണ്.
ഋഷിമാര്‍ ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയ കൃതികളാണ് സ്മൃതികള്‍.
വേദസംഹിതകള്‍, വേദാന്ത സംഹിതകള്‍ എന്നിങ്ങനെയാണ് ശ്രുതികള്‍.. നാല് വേദങ്ങളാണുള്ളത്. ഋഗ്വേദം, ചതുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയാണ് വേദങ്ങള്‍. വേദാന്തങ്ങള്‍ മൂന്നു വിധമാണ്. 1. ബ്രാഹ്മണങ്ങള്‍, 2. ആരണ്യകങ്ങള്‍, 3. ഉപനിഷത്തുകള്‍.


ഋഗ്വേദം
വേദ സംഹിതകളില്‍ ഏറ്റവും പുരാതനവും പ്രാമാണികവും ഋഗ്വേദം ആണ്. ഋഗ്വേദം മുഴുവന്‍ ദേവസ്തുതി സംബന്ധിച്ച മന്ത്രങ്ങളാണ്. ഇന്ന് നിലവിലുള്ള ഋഗ്വേദമായ ശാകല ശാഖയുടെ ഋഗ്വേദത്തില്‍ (ഋഗ്വേദത്തിന് അറുപത്തൊന്ന് ശാഖയുണ്ടത്രെ) ആകെ പത്ത് മണ്ഡലങ്ങളിലായി 1017 സൂക്തങ്ങളാണുള്ളത്.
സപ്ത സിന്ധുവിലേയ്ക്ക് കടന്നുവന്ന ആര്യന്മാരും ഭാരതത്തിലെ ആദിമ വാസികളായ ദസ്യൂക്കുകളും തമ്മില്‍ നടന്ന സംഘട്ടനങ്ങളാണ് പല ഋക്കളുടെയും ഇതിവൃത്തം. ഋഗ്വേദത്തിന് രണ്ട് ബ്രാഹ്മണങ്ങളുണ്ട്. ഐതരേയം, ശാഖായനം എന്നിവയാണവകള്‍. (ബ്രാഹ്മണങ്ങളെക്കുറിച്ച് വിശദീകരണം വരുന്നുണ്ട്.) ആര്യന്മാര്‍ അധിനിവേശം നടത്തിയപ്പോള്‍ ഭാരതത്തിലെ പ്രകൃതി രമണീയത ആസ്വദിച്ചുകൊണ്ട് നടത്തിയ സ്തുതികീര്‍ത്തന ശ്ലോകങ്ങള്‍ ഋഗ്വേദത്തില്‍ പല സ്ഥലത്തും ദര്‍ശിക്കാം. ആയുര്‍വേദമാണ് ഋഗ്വേദത്തിന്റെ ഉപവേദം.


യജുര്‍ വേദം:

അനുഷ്ഠാന കര്‍മ്മങ്ങളടങ്ങിയ കര്‍മ്മകാണ്ഡമാണ് യജുര്‍വേദത്തില്‍ അടങ്ങിയിട്ടുള്ളത്. ഹോമ യാഗങ്ങള്‍ക്കുള്ള മന്ത്രങ്ങള്‍ ഗദ്യ പദ്യ സമ്മിശ്രമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. പദ്യഭാഗം മിക്കതും ഋഗ്വേദത്തില്‍നിന്നെടുത്തെഴുതിയതാണ്. യജുര്‍വേദത്തിന് കൃഷ്ണ യജുര്‍വേദം ശുക്ല യജുര്‍വേദം എന്നിങ്ങനെ രണ്ട് ഭാഗമുണ്ട്. നൂറ്റി അന്‍പതോളം ശാഖകളുള്ള യജുര്‍വേദത്തിന്റെ അഞ്ച് ശാഖകളില്‍പ്പെട്ട സംഹിതകള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. നാല് സംഹിതകള്‍ (കാംകസംഹിത, കപിഷുല സംഹിത, മൈത്രിയണീ സംഹിത, തൈത്തരീയ സംഹിത) കൃഷ്ണ യജുര്‍വേദത്തിലും ഒരു സംഹിത (മാജസ്‌നേമി) ശുക്ല യജുര്‍വേദത്തിലുമാണ്. ധനുര്‍വേദമാണ് യജുര്‍വേദത്തിന്റെ ഉപവേദം.
സാമവേദം: 1875 മന്ത്രങ്ങളടങ്ങിയ പദ്യപ്രാധാന്യമുള്ള വേദമാണ് സാമവേദം. ആയിരക്കണക്കിന് ശാഖകളുണ്ടെന്ന് പറയപ്പെടുന്ന സാമവേദത്തിന്റെ മൂന്ന് ശാഖകള്‍ മാത്രമേ കിട്ടാനുള്ളൂ. കൗഥുമീയം, രാണായനീയം, ജൈമനീയം എന്നിവയാണാ ശാഖകള്‍. ഉപാസനാ രൂപേണയുള്ള സാമവേദത്തിലെ മന്ത്രങ്ങളധികവും പ്രാര്‍ത്ഥനയാണ്. ഗാന്ധര്‍വ്വവേദമാണ് സാമവേദത്തിന്റെ ഉപവേദം.
അഥര്‍വ്വവേദം: മറ്റു മൂന്ന് വേദഗ്രന്ഥങ്ങളെക്കാള്‍ ഇതിന് ശ്രേഷ്ഠത കുറവാണെന്നാണ് പണ്ഡിത പക്ഷം. ഒന്‍പത് ശാഖകള്‍ അഥര്‍വ്വവേദത്തിനുണ്ടായിരുന്നെങ്കിലും പിപ്പിലാദം, ശൗകനീയം എന്നീ രണ്ട് ശാഖകള്‍ മാത്രമേ കിട്ടാനുള്ള. കുന്തപസൂക്തമെന്ന അറുപതാമദ്ധ്യായത്തിലെ സൂക്തം പ്രസിദ്ധവും നിഗൂഢവുമാണ്. പല പ്രശസ്ത പണ്ഡിതന്മാരും അതിനെ വിശദീകരിക്കാന്‍ തുനിഞ്ഞിട്ടില്ല. ശില്‍പവേദം, അര്‍ഥാപവേദം എന്നിവയാണ് അഥര്‍വ്വവേദത്തിന്റെ ഉപവേദങ്ങള്‍.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter