അബ്ദുല്ല ബിന്‍ ഉമ്മിമക്തൂം: അന്ധതയെ അതിജയിച്ച ആര്‍ജവം
മക്കായിലെ പൗരപ്രമുഖന്‍ വലീദ് ബിന്‍ മുഗീറ നബിതിരുമേനി(സ്വ)യുടെ മുമ്പിലിരിക്കുകയാണ്. തന്റെ പ്രബോധനത്തില്‍നിന്നും പിന്‍മാറുവാന്‍ ഖുറൈശികള്‍ വച്ചുനീട്ടുന്ന പ്രലോഭനങ്ങള്‍ കൈമാറുവാന്‍ വന്നതാണ് വലീദ്. വലീദിന്റെ കാര്യത്തില്‍ നബിതിരുമേനി(സ്വ)ക്ക് തെല്ല് പ്രതീക്ഷയുണ്ട്. മറ്റുള്ളവരെപ്പോലെയല്ല വലീദ്, കാര്യങ്ങള്‍ ചിന്തിക്കുന്ന കൂട്ടത്തിലാണ്. കാര്യങ്ങള്‍ ബുദ്ധിപരമായി വിവരിച്ചുകൊടുക്കുന്നതിനിടെ അബ്ദുല്ലാഹ് ബിന്‍ ഉമ്മുമക്തൂം(റ) കടന്നുവന്നു. ഖുര്‍ആന്റെ ഒരു ഭാഗം ഓതിക്കേള്‍ക്കുവാന്‍ വന്നതാണ് അദ്ദേഹം. മുസ്വ്ഹഫുകളോ മറ്റോ ഇല്ലാത്തതിനാലും ഉണ്ടെങ്കില്‍ തന്നെ അതില്‍ നോക്കി ഓതിപ്പഠിക്കുവാന്‍ അന്ധനായതിനാല്‍ കഴിയാത്തതിനാലുമാണ് ഇദ്ദേഹം നബി(സ്വ)യുടെ അരികില്‍ വന്നിരിക്കുന്നത്. നബി(സ്വ) സസന്തോഷം ഇബ്‌നു മക്തൂമിന് ഓതിക്കൊടുക്കുകയും ചെയ്തു.
ഇബ്‌നു ഉമ്മുമക്തൂം തെല്ലിട കഴിഞ്ഞ് വീണ്ടുമൊരു സംശയം ചോദിച്ചു. അതോടെ വീണ്ടും നബിതിരുമേനി(സ്വ)യുടെ വലീദുമായുള്ള സംസാരം മുറിഞ്ഞു. അതിലുള്ള ഇഛാഭംഗത്തോടെയാണെങ്കിലും നബി(സ്വ) അദ്ദേഹത്തിന് സംശയനിവാരണം ചെയ്തുകൊടുത്തു. പിന്നെയും നബി(സ്വ) വര്‍ത്തമാനത്തിലേക്കു പോയി. ഇടക്ക് പിന്നെയും ഇബ്‌നു ഉമ്മിമക്തൂമിന്റെ ഇടപെടല്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഗൗരവതരമായ ഈ വര്‍ത്തമാനത്തിന് ഇങ്ങനെ ഭംഗം വരുത്തുന്നതില്‍ നബി(സ്വ)ക്ക് തെല്ല് മുഷിപ്പ് തന്നെയുണ്ടായി. അതും പ്രകടിപ്പിച്ച് നബി(സ്വ) അവിടെ നിന്ന് പുറകോട്ടുമാറി. ഇതൊന്നും കാണാന്‍ ഇബ്‌നു ഉമ്മുമക്തൂമിനു പക്ഷേ കണ്ണുകളില്ല. എന്നാല്‍, അല്ലാഹു അതു കാണുന്നുണ്ടായിരുന്നു. നബി(സ്വ)യുടെ ഈ നയം അല്ലാഹുവിന് പറ്റിയില്ല. ഉടന്‍ വന്നു, നബിതിരുമേനി(സ്വ)യെ താക്കീത് ചെയ്തുകൊണ്ടുള്ള 'അബസ' സൂറത്തിലെ ആദ്യ 16 വചനങ്ങള്‍. അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂമിനെ അവഗണിച്ചതിലുള്ള അല്ലാഹുവിന്റെ താക്കീതായിരുന്നു ഈ സൂക്തങ്ങളില്‍.
ഇത് അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂം. മക്കയില്‍ ജനിച്ച ഇബ്‌നു ഉമ്മു മക്തൂം നേരത്തേ തന്നെ ഇസ്‌ലാമില്‍ വന്ന വ്യക്തിത്വമാണ്. ബനൂ ആമിര്‍ വംശജനായ പിതാവ് ഖൈസിനെക്കാളും ഖ്യാതി ബനൂ മഖ്‌സൂം വംശജയായ മാതാവ് ആതിഖക്കായിരുന്നു. അതിനാല്‍, ഉമ്മയുടെ മേല്‍വിലാസത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തിലേ കാഴ്ച ശക്തി നഷ്ടപ്പെട്ട അദ്ദേഹം ഇസ്‌ലാമിലെത്തിയതിനു ശേഷം നബി(സ്വ)യെ ചുറ്റിപ്പറ്റിയാണ് ജീവിച്ചിരുന്നത്. ജീവിതസന്ധാരണത്തിന് മാര്‍ഗങ്ങളൊന്നുമില്ലാത്ത അദ്ദേഹം നബിതിരുമേനി(സ്വ)യുമായുള്ള ആഴമുള്ള സഹവാസത്തില്‍ ധാരാളം അറിവുകള്‍ സ്വായത്തമാക്കി. ഖദീജാ ബീബിയുടെ അമ്മാവനായിരുന്നു പിതാവ് ഖൈസ്. ഇതു നബിയുമായി കുടുംബപരമായും ഈ സ്വഹാബിയെ ബന്ധിപ്പിച്ചു. മിസ്അബ് ബിന്‍ ഉമൈര്‍(റ)വിന്റെ പിന്നിലായി അദ്ദേഹവും മദീനായിലെത്തിയിട്ടുണ്ടെന്നാണ് പ്രബലപക്ഷം.
മദീനായിലെത്തിയ ഇബ്‌നു ഉമ്മുമക്തൂം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. നബി(സ്വ) മദീനയിലെത്തുകയും ഒരു സാമൂഹ്യനിര്‍മ്മാണ പ്രക്രിയ ആരംഭിക്കുകയും ചെയ്തപ്പോള്‍ ഈ സ്വഹാബിക്ക് വലിയൊരു സ്ഥാനം ലഭിച്ചു. നബിതിരുമേനി(സ്വ)യുടെ മുഅദ്ദിന്‍ എന്ന സ്ഥാനമായിരുന്നു അത്. ബിലാല്‍(റ), ഇബ്‌നു ഉമ്മുമക്തൂം എന്നിവരായിരുന്നു മാറി മാറി മസ്ജിദുന്നബവിയില്‍ വാങ്കും ഇഖാമത്തും കൊടുത്തിരുന്നത്. റമളാനില്‍ അത്താഴത്തിനുള്ള വാങ്ക് ബിലാലും ഫജ്‌റിനുള്ള വാങ്ക് ഇദ്ദേഹവുമാണ് കൊടുത്തിരുന്നത്.
മറ്റൊരു ശ്രേഷ്ഠത കൂടി കൈവന്നു ഈ സ്വഹാബിക്ക്. അത് സൈനിക നീക്കങ്ങള്‍ക്കും മറ്റുമായി മദീനായില്‍ നിന്ന് പുറത്തുപോകുമ്പോള്‍ നബി(സ്വ)യുടെ പകരക്കാരനാകുവാനുള്ള മഹാഭാഗ്യമായിരുന്നു. അപൂര്‍വമായ ഇത്തരം പതിമ്മൂന്നോളം അവസരങ്ങള്‍ അദ്ദേഹത്തിനു കൈവന്നിട്ടുണ്ട്. ഉഹ്ദ് യുദ്ധം, ദാത്തു രിഖാഅ്, സവീഖ്, ഹംറാഉല്‍ അസദ് തുടങ്ങിയ പ്രധാന സംഭവങ്ങളിലൊക്കെയും മദീനായില്‍ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിലായിരുന്നു. ബദ്ര്‍ യുദ്ധത്തിന്റെ അന്നും ആദ്യം നബി(സ്വ) പകരക്കാരനായി നിയോഗിച്ചത് ഇബ്‌നു ഉമ്മു മക്തൂമിനെ തന്നെയായിരുന്നു. പക്ഷേ, അന്നത്തെ സാഹചര്യം തെല്ലു ഭീഷണമായിരുന്നതിനാല്‍ അദ്ദേഹത്തെ മാറ്റി അബൂ ലുബാബയെ നബി(സ്വ) ചുമതലയേല്‍പ്പിക്കുകയായിരുന്നു.
നബിതിരുമേനി(സ്വ)യുടെ ജീവിതകാലത്ത് ഹിജ്‌റയും ജിഹാദും നിര്‍ബന്ധമായിരുന്നു. ജിഹാദില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ അല്ലാഹു ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. 'യുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധം ചെയ്യുന്നവരും യുദ്ധത്തിനു പോകതെ വീട്ടിലിരിക്കുന്നവരും സമമല്ല' എന്ന് അല്ലാഹു അന്നിസാഅ് അധ്യായം 95ാം വചനത്തില്‍ പറയുകയുണ്ടായി. ഇതറിഞ്ഞ അബ്ദുല്ലാഹി ബിന് ഉമ്മു മകതൂം അഗാധമായ വിഷമത്തോടെ നബിതിരുമേനി(സ്വ)യുടെ അടുത്തെത്തി തന്റെ വിഷമം ബോധിപ്പിച്ചു. കാഴ്ചശക്തിയില്ലാത്ത തനിക്ക് ഒഴിവുകഴിവ് നല്‍കണമേ എന്ന് അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അധികം വൈകാതെ അല്ലാഹുവിന്റെ മഹാകാരുണ്യം ഈ നിഷ്‌കളങ്ക മാനസത്തെ തലോടിയെത്തി. കാഴ്ചശക്തിയില്ലാത്തവര്‍ തുടങ്ങി ന്യായമായ കാരണങ്ങളുള്ളവരെ ഈ വിമര്‍ശനത്തിന്റെ പരിധിയില്‍ നിന്ന് അല്ലാഹു ഒഴിവാക്കുകയുണ്ടായി.
അല്ലാഹു ഒഴിവുകഴിവ് നല്‍കിയെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നബിതിരുമേനി(സ്വ)യോടൊപ്പം എല്ലാ തരം ജിഹാദുകളിലും പങ്കെടുക്കുവാനുള്ള അഭിനിവേശം അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂമില്‍ നിറഞ്ഞുനിന്നു. യുദ്ധങ്ങളുടെ സന്ദര്‍ഭങ്ങളില്‍ ഒരുങ്ങിയിറങ്ങുന്ന അദ്ദേഹം സഹപ്രവര്‍ത്തകരോട് പറയുമായിരുന്നു: ''എന്നെ മുന്നണിയില്‍ വരികള്‍ക്കിടയില്‍ പതാകയുമായി നിറുത്തുക. കാഴ്ചശക്തിയില്ലാത്തതിനാല്‍ എനിക്ക് ഓടുവാന്‍ കഴിയില്ലല്ലോ.'' നബിതിരുമേനിയുടെ കാലത്തു തന്നെ ചില സൈനികനീക്കങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് എന്ന് ചില ചരിത്രവായനകളിലുണ്ട്.
ഹിജ്‌റ 14ാം വര്‍ഷം പക്ഷേ, അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂം തന്റെ പടച്ചട്ടയണിയുക തന്നെ ചെയ്തു. അന്ന് പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്‌ലിങ്ങള്‍ക്കെതിരേ ആര്‍ത്തിരമ്പി വരികയായിരുന്നു. ഇറാഖില്‍ വന്‍ വെല്ലുവിളിയുയര്‍ത്തിയ ഇവര്‍ക്കെതിരേ ഒരു അന്തിമ പോരാട്ടത്തിന് ഖലീഫാ ഉമര്‍(റ) തയ്യാറെടുത്തു. അറുപതിനായിരത്തിലധികം വരുന്ന ശത്രുസേനയെയായിരുന്നു അവര്‍ക്ക് നേരിടാനുണ്ടായിരുന്നത്. ഈ വെല്ലുവിളി നേരിടുവാന്‍ ആയുധം മുതല്‍ യുദ്ധതന്ത്രങ്ങള്‍ വരെ കയ്യിലുള്ള എല്ലാവരും തയ്യാറെടുക്കണമെന്ന് ഖലീഫ ഉത്തരവിട്ടു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ നാലു ദിക്കുകളില്‍ നിന്നും വിശ്വാസികള്‍ പടച്ചട്ടയണിഞ്ഞു മദീനായിലെത്തി. അവരുടെ കൂട്ടത്തിലുണ്ടായിരുന്നു, അന്ധതയെ തോല്‍പ്പിക്കുന്ന ആര്‍ജവവുമായി അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂമും.
താന്‍ തന്നെ നേരിട്ട് സേനയെ നയിക്കണമെന്നായിരുന്നു ഖലീഫയുടെ താല്‍പര്യം. സൈന്യവുമായി അദ്ദേഹം ഇക്കാര്യം പ്രഖ്യാപിക്കാതെ ഏകദേശം മൂന്നു മൈല്‍ നടക്കുകയും ചെയ്തു. പക്ഷേ, പ്രക്ഷുബ്ധമായ ആ സമയത്ത് ഖലീഫ തലസ്ഥാനം വിടുന്നത് ബുദ്ധിയല്ല എന്നു പ്രമുഖ സ്വഹാബിമാര്‍ പറഞ്ഞു. അങ്ങനെ സഅ്ദ് ബിന്‍ അബീ വഖാസിനെ യുദ്ധനായകനായി തെരഞ്ഞെടുത്തു. സഅ്ദ് ബിന്‍ അബീ വഖാസ്(റ) വിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സേന ഇറാഖിലേക്കു തിരിച്ചു. ഖാദിസിയ്യായില്‍ പേര്‍ഷ്യന്‍ സൈന്യവുമായി അവര്‍ മുഖാമുഖം നിന്നു. അറുപതിനായിരം കവിയുന്ന പേര്‍ഷ്യന്‍ പടക്കെതിരേ മുസ്‌ലിം സേനയില്‍ മുപ്പതിനായിരം പേര്‍ മാത്രമാണുള്ളത്. പക്ഷേ, അതു മതിയായിരുന്നു. ഈ മുപ്പതിനായിരത്തെ ഇരട്ടിപ്പിക്കുവാന്‍ വേണ്ട വിശ്വാസത്തിന്റെയും ആത്മബലത്തിന്റെയും പിന്തുണ മുസ്‌ലിങ്ങള്‍ക്കു മാത്രമായിരുന്നുവല്ലോ.
മൂന്നു ദിവസം നീണ്ടുനിന്നു ഖാദിസിയ്യ യുദ്ധം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പേര്‍ഷ്യന്‍ പടയെ മുസ്‌ലിം സേന മലര്‍ത്തിയടിക്കു കതന്നെ ചെയ്തു. പതാക വഹിച്ചിരുന്നത് അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂമായിരുന്നു. ഇസ്‌ലാമിന്റെ പതാകയും പിടിച്ച് യുദ്ധക്കളത്തില്‍ വീണുകിടക്കുന്ന അബ്ദുല്ലാഹി ബിന് ഉമ്മു മക്തൂമിനെയായിരുന്നു മുസ്‌ലിങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. അദ്ദേഹം അപ്പോള്‍ തന്നെ ശഹീദായിക്കഴിഞ്ഞിരുന്നുവെന്നാണ് പ്രബലാഭിപ്രായം. ആഴമുള്ള മുറിവുകളുമായി മദീനായിലെത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും പക്ഷമുണ്ട്.
Leave A Comment