പണ്ഡിതനും ഭരണാധികാരിയും:  ബന്ധത്തിന്റെ മതവും രാഷ്ട്രീയവും

തിന്മക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം പണ്ഡിതന്മാരുടേതാണ്. ഭരണീയര്‍ മോശമാവുന്നത് ഭരണാധികാരികള്‍ ദുഷിക്കുമ്പോഴാണ്. ഭരണാധികാരികള്‍ ദുഷിക്കുന്നതോ, പണ്ഡിതന്മാര്‍ അധ:പതിക്കുമ്പോഴും. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും കീഴ്‌പ്പെടുന്നതോടെ പണ്ഡിതര്‍ അധ:പതിക്കുന്നു.- ഇമാം ഗസ്സാലി

ഹിജ്‌റ 450 – 505 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലോകം ആദരിക്കുന്ന ഇസ്ലാമിക ചിന്തകനും പണ്ഡിതനും ദൈവശാസ്ത്ര വിശാരദനും ആത്മീയ ജ്ഞാനിയുമായ ഇമാം ഗസ്സാലി തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനില്‍ നന്മ കല്‍പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിക്കുന്നതാണ് മേല്‍ വരികള്‍.

ഭരണാധികാരികളും പണ്ഡിതന്മാരും തമ്മിലുള്ള ബന്ധം ഇസ്ലാമിക രാഷ്ട്രീയ – വൈജ്ഞാനിക രംഗത്ത് എന്നും ചൂടുപിടിച്ച ഒരു അദ്ധ്യായമാണ്. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ ദൈവിക താത്പര്യങ്ങള്‍ക്ക് അനുസൃതമായി പൂര്‍ത്തിയാക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്തിരുന്നു മുഹമ്മദ് നബി (സ)യും പ്രവാചകന്റെ സച്ചരിതരായ നാലു ഖലീഫമാരും. രാഷ്ട്രീയ അധികാരത്തിന്റെയും ഫത്‌വയുടെയും അവസാന അതോറിറ്റി അവരായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിഭജനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ”മത സംരക്ഷണവും രാഷ്ട്രീയ ഭരണവും നിര്‍വഹിക്കുന്നതിനുള്ള പ്രവാചകത്വത്തിന്റെ പ്രാതിനിധ്യമാണ് ഇമാമത്ത്” (ഇമാം മാവര്‍ദി – അല്‍ അഹ്കാമുസുല്‍ത്വാനിയ്യ). ഈ ഇമാമത്ത് സങ്കല്‍പം പ്രായോഗികമായി ഖിലാഫത്ത് റാഷിദയോടെ അവസാന്നിച്ചുവെന്നതാണ് സത്യം. ശേഷംവന്ന ഭരണാധികാരികളെ മതത്തിലെ അവസാനവാക്കായി അവര്‍ തന്നെയോ ജനങ്ങളോ പരിഗണിച്ചിരുന്നില്ല.

നബി (സ) ഒരേ സമയം മുഫ്തി, ഖാദി, ഇമാം എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മതവിഷയങ്ങളില്‍ നിലപാട് പറയുക, തര്‍ക്കങ്ങളില്‍ വിധി പറയുക, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നീകാര്യങ്ങളാണവ. ഇത് സംബന്ധമായ വിശദചര്‍ച്ചകള്‍ മാലികി ജൂറിസ്റ്റായിരുന്ന ഇമാം ഖറാഫി( ഹിജ്‌റ 626 -684) യുടെ അല്‍ ഇഹ്കാം ഫീ തംയീസില്‍ ഫതാവ അനില്‍ അഹ്കാം വതസര്‍റുഫാതില്‍ ഖാദി വല്‍ ഇമാം എന്നഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ ഇമാമത്തിന് കീഴില്‍ വരുന്നതാണ് യഥാര്‍ത്തില്‍ ഫത്‌വയും ഖദാഉം. അത് കൊണ്ടാണ് ഇമാമിന്റെ നിബന്ധനയായി മത വിഷയങ്ങളില്‍ ‘ഇജ്തിഹാദ്’ നടത്താന്‍ അര്‍ഹതയുള്ള വ്യക്തിയാകണമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത്. ഈ നിബന്ധനയാകട്ടെ ഖാദിക്കും മുഫ്തിക്കും ബാധകവുമാണ്.

അരാജകത്വത്തെ ഇസ്ലാം ശക്തമായി നിരകാരിക്കുന്നു. ജനങ്ങള്‍ സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഭരണ-രാഷ്ട്രീയ സംവിധാനം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി അത് വിലയിരുത്തകയും ചെയ്യുന്നു. എല്ലാ പൗരാണിക പണ്ഡിതരും ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചചെയ്തതായി കാണാം. ഭരണാധികാരികളെയും പണ്ഡിതരെയും അനുസരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി (അന്നിസാഅ 59) ഖുര്‍ആന്‍ കൃത്യമായി പറഞ്ഞുവെച്ചിട്ടുമുണ്ട്.

ഒരു ഭരണാധികാരിക്ക് വേണ്ട പത്തുനിബന്ധനകളെക്കുറിച്ച് ഇമാം ഗസാലി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ നിബന്ധകള്‍ പൂര്‍ണമായും ഒത്തുവരുന്നില്ലെങ്കിലും സാഹചര്യത്തിന്റെ പരമിതിയില്‍ അത്തരം ഭരണാധികാരികളുടെ കൈകാര്യ കര്‍തൃത്വം നിയമവിധേയമാണെന്നും അവരെ ഭരണാധികാരയികളായി അംഗീകരിക്കണമെന്നും അദ്ദേഹം തന്റെ ‘അല്‍-ഇഖ്തിസാദ് ഫില്‍ ഇഅ്തിഖാദില്‍’ വിശദീകരിക്കുന്നു. അതായത് സമൂഹത്തിന്റെ കെട്ടുറപ്പ് മുന്‍നിറുത്തി നിബന്ധകള്‍ പാലിക്കാത്ത ഭരണാധികാരിയെ സമൂഹം അംഗീകരിക്കണമെന്നതാണ് വിശദമായ ചര്‍ച്ചക്കൊടുവില്‍ ഇമാം പറഞ്ഞുവെക്കുന്നത്. നിബന്ധനകള്‍ പൂര്‍ണ്ണമാകാത്ത മുഫ്തിമാരും ഖാദിമാരും അംഗീകരിക്കപ്പെടുന്നത് പോലെ ഭരണാധികാരികളും ശരിയായ ബദല്‍ സാധ്യമാകാത്ത അവസരത്തില്‍ അംഗീകരിക്കപ്പെടുക എന്നതാണ് അവര്‍ക്കെതിരെ നിര്‍വചനതീതമായ കലാപത്തിന് ഇറങ്ങുന്നതിനേക്കാള്‍ നല്ലത് എന്നതാണ് ഈ നിലപാടിന്റെ ചുരുക്കം. സിറിയയില്‍ നടന്നിരുന്ന ആഭ്യന്തര കലാപങ്ങളോട് സഈദു റമദാന്‍ ബൂത്വി സ്വീകരിച്ച നിലപാട് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഭരണാധികാരികളും പണ്ഡിതരും തമ്മിലുള്ള ബന്ധം

ഭരണവുംമതപാണ്ഡിത്യവും രണ്ടു വഴിക്ക് നീങ്ങിയതോടെ ഈ രണ്ടു വിഭാഗവും തമ്മിലുള്ള ബന്ധവും നിര്‍ണായകമായി മാറി. ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഇസ്ലാമിക പണ്ഡിതലോകത്ത് നടന്നിട്ടുണ്ട്. തങ്ങളുടെ ഭരണത്തിന് മതപരമായ നിയമവിധേയത്വം പ്രഖ്യാപിക്കുന്നതിന് പണ്ഡിതരുടെ അംഗീകാരം ആവശ്യമായതിനാല്‍ ഭരണാധികാരികള്‍ പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും പണ്ഡിതരെ ഒപ്പം നിര്‍ത്തുന്നത് പതിവായിമാറി. രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍, ആദര്‍ശവ്യത്യാസങ്ങള്‍, കര്‍മ്മശാസ്ത്ര ഭിന്നതകള്‍ എന്നിവയ്ക്കനുസരിച്ച് പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിലുള്ള ബന്ധം മാറിയും മറിഞ്ഞും നീങ്ങുന്നത് ചരിത്രത്തില്‍ നമുക്ക് ഏറെ കാണാന്‍ സാധിക്കും.

മതത്തെ തന്നെ പ്രവാചകന്‍ (സ) നിര്‍വചിച്ചത് നിഷകളങ്ക ബന്ധമെന്നാണ്. സ്രഷ്ടാവിനോടും സൃഷ്ടികളോടും ഭരണധിപനോടും ഭരണീയരോടുമുള്ള നിഷകളങ്കമായ ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുണകാംക്ഷയുമാണ് ഇവിടെ ബന്ധമെന്നതിന്റെ അടിസ്ഥാനം. അവരോടൊപ്പം നിന്നു അവരെ നല്ലവഴിക്ക് നയിക്കാന്‍ കഴിയുന്നുവെങ്കില്‍ അതാണ് വേണ്ടത്. ഭരണാധികാരികളെ ഉപദേശിക്കാനും അവര്‍ക്ക് മാര്‍ഗദര്‍ശനം നടത്താനുമായി പണ്ഡിതന്മാര്‍ക്ക് ഭരണാധികാരിയെ സന്ദര്‍ശിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യാം. വേണ്ടത്ര തെളിവുകള്‍ ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. ഹാറൂണ്‍ റഷീദും അബൂ ജഅ്ഫര്‍ മന്‍സൂറും ഉള്‍പ്പെടെയുള്ള ഭരണാധികാരികളുമായി ഇമാം മാലിക് നിലനിര്‍ത്തിയ ബന്ധം ഇവിടെ ചേര്‍ത്ത് വായിക്കാം.

അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന അമവീഭരണാധികാരിയായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണ കാലഘട്ടമാണ് ഉലമ – ഉമറ ബന്ധത്തിന്റെ സുവര്‍ണ്ണ അദ്ധ്യായം. പണ്ഡിതനും നീതിമാനായ ഭരണാധിപനുമായ അദ്ദേഹം അറാക് ബിന് മാലിക്, മിഹ്‌റാന്‍ ബിന് മൈമൂന്‍ തുടങ്ങിയ പണ്ഡിതരുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുക പതിവായിരുന്നു.

അക്രമികളും തെമ്മാടികളുമായ ഭരണാധികളോട് ഒട്ടും ഭയക്കാതെ മുഖത്ത് നോക്കി സത്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രമാണ് മറ്റൊന്ന്. ഹജ്ജാജ് ബിന്‍ യൂസുഫിനെ പോലുള്ളവരോട് സഈദ് ബിന്‍ ജുബൈറിനെ പോലുള്ള മഹാ പണ്ഡിതര്‍ സ്വീകരിച്ച നിലപാടും ഇമാം മാലിക് ജഅഫറിനോടും മഅമൂന്‍, മുഅതസിം തുടങ്ങിയ ഭരണാധികളുടെ കാലത്ത് ഇമാം അഹ്്മദ് നേരിടേണ്ടി വന്ന പരീക്ഷണങ്ങളും സുവീദിതമാണല്ലോ.

ഭരണാധികാരികളില്‍ നിന്നു അകലം പാലിക്കുകയും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപ്പെടാതിരിക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കുന്ന അനേകം പണ്ഡിതരുമുണ്ട്. ഭരണകൊട്ടാരങ്ങളുമായി അകലം പാലിക്കുകയെന്നതാണ് പൊതുവേ പണ്ഡിതന്മാര്‍ സ്വീകരിക്കേണ്ട രീതിയെന്ന് ഒട്ടേറെ ഹദീസുകളും അതിന്റെ അടിസ്ഥാനത്തില്‍ ഇമാം ഗസ്സാലി ഉള്‍പ്പെടെ മിക്ക പണ്ഡിതരും വിശദീകരിക്കുന്നുമുണ്ട്. ഇമാം ജലാലുദ്ദീന്‍ സൂയൂഥി ഇത് സംബന്ധിച്ച് ഒരുഗ്രന്ഥം തന്നെ എഴുതിയിട്ടുമുണ്ട്.

പലപ്പോഴും ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കും കൊള്ളാരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരാവുകയും ജ്ഞാനം വില്‍ക്കപ്പെടാന്‍ വഴിയൊരുങ്ങുകയും ചെയ്യും. ഭരണാധികാരികളുടെ തിണ്ണകളില്‍ നിരങ്ങുന്ന പണ്ഡിതന്മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒട്ടേറെ ഹദീസുകളുണ്ട്.

നബി (സ) പറഞ്ഞു ”എനിക്ക് ശേഷം ചില ഭരണാധികാരികള്‍ വരും. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് അവര്‍ പറയുന്ന കളവുകള്‍ അംഗീകരിക്കുകയും അവരുടെ അതിക്രമത്തിന് സഹായം ചെയ്യുകയും ചെയ്താല്‍ അവന്‍ എന്നില്‍ പെട്ടവനോ ഞാന്‍ അവനില്‍ പെട്ടവനോ അല്ല. അവന്‍ ഹൗദുല്‍ കൗസറില്‍ നിന്നു കുടിക്കാന്‍ എന്റെ അടുക്കല്‍ എത്തിച്ചേരുകയുമില്ല. അത്തരം ഭരണാധികാരികളെ സന്ദര്‍ശിക്കുകയോ അവരെ അക്രമത്തിന് പിന്തുണക്കുകയോ അവരുടെ കളവുകള്‍ അംഗീകരിക്കുകയോ ചെയ്യാത്തവന്‍ എന്നില്‍ പെട്ടവനും ഞാന്‍ അവനില്‍ പെട്ടവനുമാണ്. അവന്‍ ഹൗദുല്‍ കൗസറില്‍ എന്റെ അടുത്ത് എത്തിച്ചേരും”(തിര്‍മിദി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter