വൈരികൾ വാരിപ്പുണരുന്ന മതം
"യെ അയാൻ യോരിശെ താത്താറ് കെ അഫ്സാനേ സേ
പാസ് ബാൻ മിൽ ഗയെ കാ ബേ കു സ്വനം ഖാനേ സേ "
(തത്താരികളുടെ കടന്നാക്രമണത്തിന്റെ കഥയിൽ നിന്ന് ഒരു കാര്യം പ്രകടമാണ് - വിഗ്രഹാലയങ്ങളിൽ നിന്ന് കഅബയ്ക്ക് കാവൽക്കാരെ ലഭിച്ചു)
അല്ലാമാ ഇഖ്ബാൽ തന്റെ ശിക് വയ്ക്ക് മറുപടിയായി രചിച്ച പ്രസിദ്ധമായ 'ജവാബെ ശിക് വ' യിലെ ഒരു വരിയാണ് മുകളിൽ. ഇസ് ലാമിന് പ്രതിയോഗികളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയെ സംബന്ധിച്ച് ഉണർത്താനാണ് തത്താരികളിൽ നിന്നുണ്ടായ അനുഭവത്തെ അദ്ദേഹം ഉപമയായി അവതരിപ്പിച്ചത്. മുസലിം ലോകത്തെ പ്രധാന കേന്ദ്രങ്ങളെയെല്ലാം കശക്കിയെറിഞ്ഞു മുന്നേറിയ, പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളും മുതൽ ബഗ്ദാദിലെ ഖലീഫമാരുടെ ആസ്ഥാനങ്ങൾ വരെ തകർത്തെറിഞ്ഞ മംഗോളിയരുടെ പിൻമുറക്കാർ ഇസ്ലാം വാരിപ്പുണർന്നു അതിന്റെ പ്രബോധകരായി മാറിയ സംഭവത്തിലേക്കാണദ്ദേഹം സൂചിപ്പിക്കുന്നത്.
ഇതിപ്പോൾ ഓർമിക്കാൻ കാരണം വർത്തമാന ലോകത്തും അതിന് തുടർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ്. തിരുനബി(സ)യുടെ കാലഘട്ടത്തിൽ നബിയെ കഠിനമായി എതിർത്തവർ പിന്നീട് അവിടത്തെ ഏറ്റവും അടുത്ത അനുയായികളും ഇസ്ലാമിന്റെ ശക്തരായ വക്താക്കളുമായി മാറിയ അനുഭവങ്ങൾ ചരിത്രത്തിലുണ്ട്.
ഇപ്പോൾ പശ്ചാത്യ ലോകത്ത് അത്തരം സംഭവങ്ങളെ ഓർമിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2001 സെപ്തം. 11 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിന് ശേഷം യുഎസിലും മറ്റു പാശ്ചാത്യൻ നാടുകളിലും ഇസ്ലാമിനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ വർധിക്കുകയും അത് ഇസ്ലാമിനെ വാരിപ്പുണരുന്നതിലേക്ക് എത്തുകയും ചെയ്ത വാർത്തകൾ അക്കാലത്ത് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
ആയിടെ ഇസ് ലാമിലേക്ക് കടന്നു വന്നവരിൽ കൂടുതലും സ്ത്രീകളും സ്പാനിഷ് - ആഫ്രിക്കൻ - അമേരിക്കൻ പാരമ്പര്യമുള്ളവരാണെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. 9/11 ന് ശേഷമുള്ള വർഷങ്ങളിൽ ശരാശരി ഒരു വർഷം 20,000 പേർ എന്ന കണക്കിൽ ഇസ് ലാം ആശ്ലേഷണം നടന്നിരുന്നതായാണ് കണക്ക്. ജോഹന്ന സെഗറിച്ച്, അഞ്ചേല കോളിൻസ് ടെല്ലസ്, ചിക്കാഗോയിലെ കെല്ലി കൗഫ് മാൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാ സഹോദരി ലൗറിൻ ബൂത്ത് തുടങ്ങിയവർ അക്കാലത്ത് ഇസ് ലാമിലേക്ക് കടന്നു വന്ന പ്രശസ്ത വ്യക്തികളായിരുന്നു.
എന്നാൽ ഈയിടെ നടന്ന ചില മതം മാറ്റങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തവും ആശ്ചര്യജനകവുമായിരുന്നു. ഇസ്ലാമിനോടും മുസ്ലിംകളോടും അടങ്ങാത്ത പകയും വിദ്വേഷവുമായി നടന്നു, അതിന്റെ പേരിൽ നീണ്ട പോരാട്ടം നടത്തിയവരും ഇസ്ലാമിനേയും പ്രവാചകനേയും അവഹേളിച്ച സിനിമ നിർമിച്ചയാളും ഖുർആനിനെ വെല്ലുവിളിച്ചു രംഗത്തു വന്നയാളുമൊക്കെ അധികം വൈകാതെ ഇസ്ലാമിനെ വാരിപ്പുണർന്നു, കഴിഞ്ഞ തെറ്റുകൾക്ക് പ്രായശ്ചിത്തത്തിന് വഴിയന്വേഷിക്കുന്നത് കാണുമ്പോൾ ആർക്കാണ് അൽഭുതം തോന്നാത്തത്?
ആർത്ഥർ വാഗ്നർ ( Arthur Wagher )
ജർമനിയിലെ അഭയാർത്ഥി വിരുദ്ധ, ഇസ്ലാം വിരുദ്ധ രാഷ്ട്രീയം മുഖമുദ്രയാക്കിയ എ.എഫ് ഡി എന്ന രാഷ്ട്രീയ പാർട്ടിയുടെ മുൻനിര നായകരിലൊരാളും നാഷനൽ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ആർത്ഥർ വാഗ്നർ ആദ്യം ജർമൻ ചാൻസലർ ആഞ്ചേല മെർക്കളയുടെ സിഡിയു പാർട്ടിയിൽ സജീവമായിരുന്നു. 2015 ലാണ് എ എഫ് ഡി യിൽ അംഗത്വം നേടി അതിന്റെ ദേശീയ നിർവാഹക സമിതിയിലെത്തുന്നത്.
അക്കാലത്ത് അവരുടെ മുദ്രാവാക്യം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ അതിർത്തികൾ അഭയാർത്ഥികളുടെ മുന്നിൽ അടച്ചിടണമെന്നും ഇതിനായി അതിർത്തികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്നുമായിരുന്നു. ജർമനിയിൽ ഇസ് ലാമിന് സ്ഥാനമില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഈ തീവ്രനിലപാടും ഇസ്ലാം വിദ്വേഷവും കൈമുതലാക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പാർട്ടി രാജ്യത്തെ മൂന്നാമത്തെ വലിയ രാഷ്ട്രിയ പാർട്ടിയായി ഉയർന്നത്.
എന്നാൽ അതിനിടയിൽ യാദൃഛികമായാണ് വാർനർ ഇസ്ലാം സ്വീകരിച്ചതായും പാർട്ടിയുടെ സ്ഥാനമാനങ്ങളിൽ നിന്ന് രാജിവച്ചതായും വാർത്ത പുറത്തു വരുന്നത്. വിവരം പാർട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് പത്രക്കാർ അഭിപ്രായം ചോദിച്ചപ്പോൾ അതെന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. 48 വയസ് പ്രായമുള്ള വാഗ്നർ ഇസ്ലാമിലേക്ക് കടന്നു വന്നു അഹ് മദ് എന്ന പേരും സ്വീകരിച്ചു.
ആർനോഡ് വാൻ ഡോൺ (Arnoud Van
Doorn)
ഇതിനേക്കാൾ അവിശ്വസനീയമായിരുന്നു ഹോളണ്ടിലെ ആർനോഡ് വാൻ ഡോൺ ഇസ് ലാമിലേക്ക് കടന്നുവന്നത്. തീവ്രവലതുപക്ഷ വിഭാഗം പ്രവാചകനെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുക വഴി കുപ്രസിദ്ധി നേടിയ നാട്ടിൽ അതിന്റെ മുന്നണിയിൽ നിന്ന് ഇസ് ലാമിനെ അപഹസിച്ചു കൊണ്ടുള്ള ഫിലിം നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണദ്ദേഹം ഇസ്ലാമിനെ പറ്റി പഠിക്കുന്നത്. പഠനത്തിനിടയിൽ ഇസ് ലാമിന്റെ സത്യാവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെടുകയും കഴിഞ്ഞ മാസം ഇസ് ലാമിലേക്ക് കടന്നു വരികയുമായിരുന്നു. തുടർന്നു ഉംറ നിർവഹിക്കാൻ സൗദിയിലെത്തി, കഅബയുടെ ഖില്ല മാറ്റൽ ചടങ്ങിൽ സംബന്ധിച്ചു .തുടർന്നു മദീനയിലെത്തി അവിടത്തെ ഇമാമുമായി കൂടിക്കാഴ്ച നടത്തി. ശേഷം റൗദാ ശരീഫിൽ ചെന്നു പൊട്ടിക്കരഞ്ഞു മാപ്പിരന്നു. ഇനി പ്രവാചകനെ പ്പറ്റി പാശ്ചാത്യർക്ക് വ്യക്തമായി മനസിലാക്കാനുതകുന്ന ഫിലിം നിർമിച്ചു കഴിഞ്ഞു പോയ ശത്രുതയ്ക്കും എതിർപ്പിനും പ്രായശ്ചിത്തം ചെയ്യണമെന്നാണദ്ദേഹം ആഗ്രഹിക്കുന്നത്.
ഒരു ഇൻറർവ്യൂവിൽ സംസാരിക്കവേ അദ്ദേഹം തന്റെ ഭാവി പരിപാടി വിശദീകരിച്ചു - എന്റെ ജീവിതം മുഴുവൻ ഞാൻ ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശവും പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങളും പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനാകും. യൂറോപ്പിലെ മുസ്ലിംകളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിലും ലോകത്തെ മറ്റു മുസ് ലിംകൾക്ക് വേണ്ടിയുള്ള സേവനത്തിലും ഞാൻ മുൻപന്തിയിലുണ്ടാകും. 'ഫിത് ന ' എന്ന സിനിമയിലൂടെ ഇസ്ലാമിനും അന്ത്യപ്രവാചകനും ഞങ്ങൾ സൃഷ്ടിച്ച അവമതിക്ക് പ്രായശ്ചിത്തമാകണം.
ഹോളണ്ടിലെ വലതുപക്ഷ തീവ്രവാദിയായ ഗെർട്ട് വീൽഡ്രസ് നേതൃത്വം നൽകുന്ന ഫ്രീഡം പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായാരുന്നു, ഡോൺ. അവരാണ് അന്ന് പ്രവാചകനെതിരെ ഫിത് ന എന്ന ഫിലിം നിർമിച്ചു പ്രചരിപ്പിച്ചത്.
വാൻ ഡോൺ മുസ് ലിമായ ശേഷം അദ്ദേഹത്തെ പിൻതുടർന്നു തന്റെ മകനും ഇസ്ലാം സ്വീകരിച്ചു. മകൻ തലയിൽ തൊപ്പി വച്ചു പിതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡോ. ഗാരി മില്ലർ (Gary Miller)
ഇദ്ദേഹം ആദ്യം ഖുർആനെ വെല്ലുവിളിച്ചു കൊണ്ട് രംഗത്ത് വന്നു. പിന്നീട് മുസ് ലിമായി അബ്ദുൽ അഹദ് ഉമർ എന്ന പേർ സ്വീകരിച്ചു. ടൊറൊന്റോ യൂനിവേഴ്സിറ്റിയിൽ ഗണിത ശാസ്ത്രം, തർക്കശാസ്ത്രം വിദഗ്ധനും ലക്ചററും ആയ ഇദ്ദേഹം ഇപ്പോൾ കാനഡയിലെ അറിയപ്പെട്ട മുസ്ലിം പ്രബോധകനാണ്.
മില്ലർ ആദ്യം ഖുർആനിലെ ശാസ്ത്രീയവും ചരിത്രപരവുമായ അബദ്ധങ്ങൾ കണ്ടെത്തി സമൂഹത്തെ ബോധവൽക്കുക, അത് വഴി മുസ്ലിംകൾ അടക്കമുള്ളവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്ലാമിനെപ്പറ്റി പഠിക്കാൻ തുടങ്ങിയത്. പക്ഷെ, ഫലം നേരെ മറിച്ചാണ് ഉണ്ടായത്. തുറന്ന മനസോടെ, കൃത്യമായ തെളിവുകളുടെ പിൻബലത്തിൽ ഖുർആൻ പഠിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഇസ്ലാം സ്വീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
അനുവാചകർക്ക് ഒരു വിവരം നൽകുക, ഒപ്പം ഇതൊരു പുതിയ വിവരമാണെന്ന് വ്യക്തമാക്കു കയും ചെയ്യുക. ഇതൊരു വെല്ലുവിളിയാണ്. ഇത് വേദഗ്രന്ഥങ്ങളിൽ ഖുർആനിൽ മാത്രമേ കാണാൻ കഴിയൂ. വർത്തമാനകാല കാത്തലിക് എൻസൈക്ലോപീഡിയയിലെ ഖുർആൻ സംബന്ധിച്ച പരാമർശങ്ങൾ അവലംബിച്ചു കൊണ്ട് അദ്ദേഹം പറയുന്നു - ഇത്രയധികം പാരായണം, പരിചിന്തനം, ഖുർആൻ അവതരണത്തിലെ സത്യാവസ്ഥക്കെതിരായ ആക്രമണങ്ങൾ, ലോജിക് അനുസരിച്ച് അംഗീകരിക്കാൻ കഴിയാത്ത ധാരാളം സൂത്രങ്ങളും തർക്കങ്ങളും എല്ലാം ചെയ്തിട്ടും ഈ വിചിന്തനങ്ങളെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഖുർആൻ ദൈവികമാണെന്നും അന്തിമ ഗ്രന്ഥമാണെന്നും ഉള്ള സത്യം അംഗീകരിക്കാനും അവർക്ക് കഴിയുന്നില്ല.'
1978ൽ ഇസ് ലാം സ്വീകരിച്ച മില്ലർ, പിന്നീട് സൗദിയിൽ ചില യൂനിവേഴ്സിറ്റികളിൽ ജോലി ചെയ്തു. ഉള്ളുതുറന്ന സമീപനവും മുൻ ധാരണയില്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ ഇസ്ലാമിലേക്കാകർഷിച്ചത്. ഇപ്പോൾ ടെലിവിഷനിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രബോധന പ്രവർത്തനങ്ങൾ നടത്തുകയാണദ്ദേഹം.
ജോറെം വാൻ ക്ലാവെറെൻ (Jorem Van Klaveren)
ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ജോറെം വാൻ ക്ലാവെറെൻ. നെതെർലാൻറിലെ ഹോളണ്ട് ) മുൻ എംപിയും തീവ്രവലതുപക്ഷ, മുസ്ലിം വിരുദ്ധ പാർട്ടിയുടെ ശക്തനായ വക്താവുമായിരുന്ന ജോ റെമിന്റെ മതം മാറ്റം ഹോളണ്ടിനെ വിശേഷിച്ചും യൂറോപ്പിനെ പൊതുവേയും പിടിച്ചു കുലുക്കിയിരിക്കയാണ്. 2018 ഒക്ടോ.26 നാണ് ജോറാം ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുന്നത്. അദ്ദേഹത്തെ ടിവിക്ക് വേണ്ടി ഇന്റർവ്യു ചെയ്ത തിജ് സ് വാൻ ഡി ബ്രിൻക് പറയുന്നു: ഈ വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ ഞാൻ പലവട്ടം തരിച്ചു നിന്നു പോയിട്ടുണ്ട്.
ഫ്രീഡം പാർട്ടി സ്ഥാപകൻ ഗെർട്ട് വീൽഡ്രസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോറെം, ഇസ്ലാം വെറും നുണയാണെന്നും ഖുർആൻ വിഷമാണെന്നും പ്രചരിപ്പിച്ചിരുന്നു. ഇസ്ലാമിനെ വിമർശിച്ചു പുസ്തകമെഴുതി പകുതിയായപ്പോൾ അദ്ദേഹത്തിന് മനംമാറ്റമുണ്ടായി. താൻ കണ്ടറിഞ്ഞ മുസ്ലിംകളും പഠിച്ചറിഞ്ഞ ഇസ് ലാമും തമ്മിലെ അന്തരം അദ്ദേഹത്തെ ഇളക്കി മറിച്ചു. തുടർന്നു ഇസ് ലാമിനെ വിമർശിച്ചെഴുതിയ കയ്യെഴുത്തു പ്രതികൾ ചവറ്റുകൊട്ടയിലെറിഞ്ഞു. ഇപ്പോൾ ഇസ്ലാമിന്റെ സൗന്ദര്യം വ്യക്തമാക്കുന്ന ഭാഗങ്ങൾ വർണിച്ചു പുതിയ പുസ്തകം രചിക്കുന്ന തിരക്കിലാണ്.
ഇത് ഏതാനും സാമ്പിളുകൾ മാത്രം. ഇത്തരം അനേകം വ്യക്തികൾ നീണ്ട പോരാട്ടങ്ങൾക്കും എതിർപ്പുകൾക്കും ശേഷം ഇസ് ലാമിന്റെ ശാദ്വല തീരത്തേക്ക് നടന്നടുക്കുന്ന സംഭവങ്ങൾ പാശ്ചാത്യ ലോകത്ത് സാധാരണമാണ്. എത്ര കടുത്ത വൈരവും വിദ്വേഷവും വച്ചു നടക്കുന്നവരായാലും അവരുടെ ഉള്ളിന്റെ ഉള്ളിലുള്ള ചോദനയെ ശമിപ്പിക്കാൻ കഴിയുന്ന നിമിഷം എല്ലാം മാറി മറിയുക സ്വാഭാവികം മാത്രം. അന്ധമായ വിരോധം പുലർത്തുന്നവരാണെങ്കിൽ പോലും മനസിനും ബുദ്ധിയും പ്രാമുഖ്യം കൽപ്പിക്കുന്നവരാണെങ്കിൽ സത്യത്തിന് മുന്നിൽ മൗനിയാകാതെയോ എതിർത്തതിനെ വാരിപ്പുണരാതെയോ പിൻമാറുക സാധ്യമല്ല. മറ്റുള്ളവരെ സംബന്ധിച്ചു, സത്യസന്ധമായ പഠന - വിചിന്തനങ്ങൾക്ക് അനുകൂലമായ സാഹചര്യവും സൗകര്യങ്ങളും ലഭ്യമാക്കുകയാണ് പ്രധാനം.
Leave A Comment