ഡൽഹി ഫലം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദൽ

മതം, ജാതി, വർഗ്ഗീയത, താരാരാധന, നിരക്ഷരത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ ഒരു നൂറുകൂട്ടം കാര്യങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തെ നയിക്കുന്നത്. ജാതിയുടെയും  മതത്തിന്റെയും പേരിൽ വേഗം വർഗീയവത്കരിക്കപ്പെടുകയോ വൈകാരിക ആവേശങ്ങൾക്ക് അടിമപ്പെടുന്നതോയായ ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥ നിലനിറുത്താനുള്ള കൃത്യമായ രാഷ്ട്രീയ വിദ്യാഭാസം അവർക്കുണ്ടാകണമെന്നില്ല.ജാതിയും മതവും നിരക്ഷരതയും ചൂഷണം ചെയ്താണ് പലപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലേറിയത്. അതിനെ നിഷേധാത്മകമായി ഉപയോഗിച്ചാണ് ബിജെപിയെപ്പോലുള്ള തീവ്ര വലതുപക്ഷം അധികാരം കൈക്കാലക്കിയതെങ്കിൽ അതിന്റെ സ്വത്വ രാഷ്ട്രീയത്തിന്റെ ന്യായങ്ങൾ നിരത്തിയും അരികൂവത്കരണത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടുത്തിയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാണ് പിന്നാക്ക-ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധികാരത്തിലേക്ക് നടന്നടുത്തത്. പക്ഷേ അപ്പോഴും അതിനും സ്വഭാവികമായ പരിണിതി കാണാതീരുന്നു കൂടാ. താരാതരം പോലെ മതത്തെയും ജാതിയെയും കൂട്ടുപിടിച്ചാണ് കോണ്ഗ്രസ് പോലും പലപ്പോഴും പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കപ്പുറം രാഷ്ട്രീയം കളിച്ചതെന്നതും യാഥാർഥ്യമാണ്.

എന്നാൽ ഡൽഹി തെരഞ്ഞെടുപ്പ് ഫലം ഈ പതിവ് രാഷ്ട്രീയത്തിനു വിപരീതമാണ്. ഡൽഹിയിൽ കെജ്രിവാളിന്റെ സ്ട്രാറ്റജി വിജയിച്ചു. ഹിന്ദു-മുസ്ലിം, പാകിസ്താൻ, സിഎഎ, ഷഹീൻ ബാഗ്, ‘രാജ്യസ്നേഹം’, ‘രാജ്യദ്രോഹം’  തുടങ്ങിയ വിഷയങ്ങളിൽ പ്രചരണത്തെ കുടുക്കി സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ചു തെരഞ്ഞെടുപ്പ് ജയിക്കുകയെന്ന പയറ്റിത്തെളിഞ്ഞ ആയുധം വീണ്ടും മൂർച്ച കൂട്ടി മോദി-‘യോഗി’-ഷാ കൂട്ടുകെട്ടു ഉപയോഗിച്ചെങ്കിലും കെജ്രിവാളിന്റെ ചൂലുവെച്ചു ആ ചവറുകളെല്ലാം  തൂത്തുവാരി. കെജ്രിവാളിന്റെ നയങ്ങളെ സംശയിക്കുന്നവരും അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിക്കുന്നവരും ഉന്നയിക്കുന്ന പല കാര്യങ്ങളും ന്യായമാണെങ്കിലും അദ്ദേഹത്തിന്റെ സ്ട്രാറ്റജി ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തവും ഒരു പുതിയ രാഷ്ട്രീയ ലൈനും സൃഷ്ടിക്കുന്നുവെന്നതിൽ സംശയമില്ല.

ബിജെപിയുടെ കെണി; ആപ്പിന്റെ ഞാണിന്മേലുള്ള കളി

തീവ്രവര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും മാലപ്പടക്കങ്ങള്‍ ഒന്നിച്ചു പൊട്ടിച്ചു ‘ദേശ് കീ ഖദ്ധാറോം കോ ഗോലി മാറോ സാലാം കോ’ തുടങ്ങിയ പ്രകോപനപരവും ഹിംസാത്മകവുമായ മുദ്രാവാക്യങ്ങളുമായി പ്രചരണരംഗത്തെ കലുഷിതമാക്കി അതിലൂടെ നേട്ടം കൊയ്യാന്‍ ബിജെപി വെച്ച കെണിയില്‍ ആപ്പ് വീണില്ല. തന്‍റെ സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്താനാണ് കേജ്രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. ആദര്‍ശപരമായ ഒരു തെരഞ്ഞെടുപ്പ് യുദ്ധം നടത്താതു കൊണ്ടു തന്നെ ഈ വിജയത്തില്‍ രാഷ്ട്രീയമായി സന്തോഷിക്കാന്‍  ഒന്നുമില്ലെന്ന് പറയുന്നവരുണ്ട്.  ആദര്‍ശം പറഞ്ഞത് കൊണ്ടു മാത്രം ഒരു യുദ്ധവും തെരഞ്ഞെടുപ്പും ജയിക്കാന്‍ കഴിയില്ല. പ്രായോഗിക തന്ത്രങ്ങളാണ് ജയത്തിനു വഴിമരുന്നിടുന്നത്.

പാര്‍ലിമെന്റിലെ  സിഎഎയെ എതിര്‍ത്ത് വോട്ട് ചെയ്ത ആപ്പ് ദല്‍ഹിയിലെ സിഎഎ വിരുദ്ധ സമരങ്ങളോട് നിസംഗ നിലപാടാണ് പുലര്‍ത്തിയത്. ദല്‍ഹി പോലീസിന്റെ അതിക്രമങ്ങളെ എതിര്‍ക്കുമ്പോഴും തങ്ങള്‍ സമരത്തില്‍ ഒരു കക്ഷിയാണെന്ന പ്രതീതി സൃഷ്ടിക്കാതിരിക്കാന്‍ ആപ്പ് പൊതുവായും കെജ്രിവാള്‍ പ്രത്യേകിച്ചും ശ്രദ്ധിച്ചു. അതോടെ ആപ്പിനെ കെണിയിലാക്കാന്‍ ഷഹീന്‍ ബാഗില്‍ ബിരിയാണി വെച്ച് കൊടുക്കുന്നത് കേജ്രിവാളാണെന്നുവരെ ബിജെപി ആരോപിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപിയുടെ ആശീര്‍വാദത്തോടെ തുടങ്ങിയ സമരമാണിതെന്നു തിരിച്ചടിച്ചാണ് ആപ്പ് പ്രതികരിച്ചത്. അതായത് എവിടെയും തൊടാത്ത ഞാണിന്മേലുള്ള കളി.

ബിജെപിയുടെ കാമ്പയിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചു ഒരു രാഷ്ട്രീയ യുദ്ധമാണ് നടത്തിയതെങ്കില്‍ ഒരു പക്ഷേ അത് ഡല്‍ഹി ഭരണം ബിജെപിക്ക് കൈവെള്ളയില്‍ വെച്ച് കൊടുക്കന്നതിനു സമാനമാകുമായിരുന്നു. ലോക്സഭയിലേക്ക് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും 56.58% വോട്ടും നേടിയ ബിജെപിയെയാണ് നേരിടുന്നതെന്ന ബോധ്യം ആപ്പിനുണ്ടായിരുന്നു. ലോക്സഭ തെര്ഞ്ഞടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ 18% വോട്ടിന്റെ കുറവാണ് ബിജെപിക്ക് നഷ്ടമായത്.

കണക്കുകള്‍ പറയുന്നത്

കഴിഞ്ഞ രണ്ടു ലോക്സഭ-നിയമസഭ തെര്ഞ്ഞടുപ്പുകള്‍ എടുത്തു പരിശോധിച്ചാല്‍ ഡല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതിന്റെ വ്യക്തമായ ചിത്രം കിട്ടും. 2014 ലോക്സഭ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ 46% വോട്ടും ഏഴില്‍ ഏഴും സീറ്റുമാണ് ബിജെപി നേടിയത്. ആപ്പിനു 32.9% വോട്ടും കോണ്ഗ്രസിനു 15.1 വോട്ടും കിട്ടി. അതായത് രണ്ടുപേര്‍ക്കും കൂടി 48 ശതമാനം വോട്ടു ലഭിച്ചുവെന്നര്‍ത്ഥം. ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിയപ്പോള്‍ ബിജെപി ജയിച്ചു കയറി.

തുടര്‍ന്ന് 2015-ല്‍ നടന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ആപ്പ് 54.3% വോട്ടും 67 സീറ്റും നേടിയപ്പോള്‍ ബിജെപിക്ക് 32.3% വോട്ടും 3 സീറ്റും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസിനു കിട്ടിയതാകട്ടെ 9.7%. ബിജെപിയുടെ വോട്ടില്‍ നിന്നു 14% ശതമാനമാണ് ആപ്പിലേക്ക് നീങ്ങിയത്.

2019 മെയ് മാസത്തില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ ചിത്രം ഏറെ വ്യതസ്തമാണ്. 56.58% വോട്ടും ഏഴില്‍ ഏഴും സീറ്റും നേടി ബിജെപി വീണ്ടും ശക്തി തെളിയിച്ചപ്പോള്‍ 22.46% ശതമാനം വോട്ടുമായി രണ്ടാമതെത്തിയത് കോണ്‍ഗ്രസാണ്. ആപ്പിനു ലഭിച്ചതാകട്ടെ 18%. വിജയിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചു കോണ്ഗ്രസ് ശക്തമായി പോരാടിയപ്പോള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ നെടുകെ പിളര്‍ന്നു. രണ്ടുപേര്‍ക്കും ഒരു സീറ്റില്‍ പോലും ജയിക്കാനുമായില്ല. സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ചില സീറ്റുകളെങ്കിലും ജയിക്കാമായിരുന്നുവെന്നര്‍ത്ഥം.

2020 നിയമസഭ തെരഞ്ഞടുപ്പില്‍ ആപ്പ് 53.57% വോട്ടും 62 സീറ്റും നേടിയപ്പോള്‍ ബിജെപിക്ക് 38.51% വോട്ടും 8 സീറ്റും കിട്ടി. കോണ്ഗ്രസ് നേടിയതാകട്ടെ 4.26% വോട്ട് മാത്രം. അതായത് ലോക്സഭ തെരഞ്ഞടുപ്പില്‍ ബിജെപിക്കും കോൺഗ്രസിനും വോട്ട് ചെയ്ത  18% പേര്‍ രണ്ടു ഭാഗത്ത് നിന്നും ആപ്പിലേക്ക് ഒഴുകി. ബിജെപിക്ക് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗവും കോൺഗ്രസിനു വോട്ട് ചെയ്യുന്നത് ബിജെപിയുടെ അധികാരത്തിലേക്ക് വഴിതെളിയിക്കുമെന്ന് മനസ്സിലാക്കിയ മതേതര വോട്ടുകളും ആപ്പിലേക്ക് എത്തി. 

2015-ലെ നിയമ സഭ തെരഞ്ഞടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ ബിജെപിക്ക് 6.21% വോട്ടിന്റെ വര്‍ദ്ധനയുണ്ടായെങ്കിലും ആപ്പിനെ അത് കാര്യമായി ബാധിക്കാതിരിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ അഞ്ചു ശതമാനത്തിലധികം വോട്ടുകള്‍ ആപ്പിലേക്ക് വന്നത് കൊണ്ടാണ്. തെളിയിച്ചു പറഞ്ഞാല്‍ കോൺഗ്രസിന്റെ പിന്നോട്ടടിയും മോദി തന്‍റെ എതിരാളിയായി പ്രതിഷ്ടിക്കാതെയുള്ള ആപ്പിന്റെ തന്ത്രപരമായ നീക്കവുമാണ് ഈ നിയമസഭ ഫലത്തിലേക്ക് നായിച്ചതെന്നർഥം.  

ന്യൂനപക്ഷ മണ്ഡലങ്ങള്‍

കേജ്രിവാളിന്റെ നിലപാടുകളെ സംശയത്തോടെ ഒരു വിഭാഗം നോക്കുമ്പോഴും സിഎഎ വിരുദ്ധ സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ മുസ്‌ലിംകള്‍ 40% ലധികം  താമസിക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ആപ്പ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുവെന്നത് നേരത്തെ പറഞ്ഞ വിശകലനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോൺഗ്രസിനെ ജനങ്ങള്‍ മാറ്റി നിറുത്തി.

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ 71,827 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപി സ്ഥാനാർത്ഥി അമാനത്തുല്ല ഖാൻ ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയത്. ഷഹീന്‍ ബാഗ് സമരം ബിജെപി തുടങ്ങിവെച്ചതാണെന്ന ആരോപണം ഉന്നയിച്ചത് അമാനത്തുല്ല ഖാനായിരുന്നു. അതിന്റെ രാഷ്ട്രീയം വോട്ടര്‍മാര്‍ ഉള്‍കൊണ്ട് എന്നുവേണം മനസ്സിലാക്കാന്‍.

ബലിമരാൻ മണ്ഡലത്തിൽ എഎപി സ്ഥാനാർത്ഥി കഴിഞ്ഞ സര്‍ക്കാറിലെ മന്ത്രികൂടിയായ ഇംറാൻ ഹുസൈൻ 36,172 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ലദ സോഥിയെ തോല്‍പ്പിച്ചപ്പോള്‍  മറ്റൊരു മണ്ഡലമായ മതിയാ മഹല്ലിൽ എഎപി സ്ഥാനാർത്ഥിയായ ശുഐബ് ഇഖ്ബാൽ ബിജെപിയുടെ രവീന്ദർ ഗുപ്തയെ 50,241 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

കഴിഞ്ഞ പ്രാവശ്യം ബിജെപി ജയിച്ച മുസ്തഫാബാദ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയായ ഹാജി യൂനുസ് മുഹമ്മദ് ബിജെപി സ്ഥാനാർഥി ജഗദീഷ് പ്രദാനെ 20,000 ത്തിലധികം ഭൂരിപക്ഷത്തിനാണ് മറികടന്നത്. മറ്റൊരു മണ്ഡലമായ സീലംപൂരിൽ 36,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് എഎപി സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ ബിജെപിയുടെ കൗശൽ കുമാറിനെയും തോൽപ്പിച്ചു.

ഈ മണ്ഡലങ്ങളിലൊക്കെ കൊണ്ഗ്രസിന്റെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മുന്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ പ്രഗത്ഭരായിരിന്നിട്ടും അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് മിക്കവര്‍ക്കും ലഭിച്ചത്. അതായത് ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ട് മാത്രം. സീലംപൂരില്‍ നിന്നു മത്സരിച്ച അഞ്ചു പ്രാവശ്യം എംഎല്‍എയായിരുന്ന ഡല്‍ഹി വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ കോണ്ഗ്രസ് സ്ഥാനാര്‍ഥി മതീന്‍ അഹ്മദിനു മാത്രമാണ് കുറച്ചു അധികം വോട്ടുപിടിക്കാന്‍ കഴിഞ്ഞത്. 20,000 ലധികം വോട്ടു അദ്ദേഹത്തിനു ലഭിച്ചു.

ഡല്‍ഹി ഫലം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദല്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പൊതുവെയും ഇന്ത്യയില്‍ പ്രത്യേകിച്ചും എല്ലാ മതവിശ്വാസികളും പൊതുവേ മതത്തെ ജീവിതത്തിന്റെ ഭാഗമായി കാണുന്നവരും അത് മുറുകെപിടിക്കുന്നവരും അതിനോട് വൈകാരിക അടുപ്പം പുലര്‍ത്തുന്നവരുമാണ്. അത് കൊണ്ട് തന്നെ മതത്തില്‍ തൊട്ടുള്ള എല്ലാ കളികളും തീക്കളിയായി മാറുന്നു. സൌഹാര്‍ദ്ദത്തോടെ നൂറ്റാണ്ടുകളായി കഴിയുന്നവരാണ് ഇന്ത്യക്കരെങ്കിലും  നിക്ഷിപ്ത അജണ്ടയുമായി വിദ്വേഷം പ്രചരണം നടത്തുന്നവര്‍ക്ക് മതം ഒരു കുറുക്കുവഴിയായി മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം.

അതിനെ നേരിടാന്‍ എല്ലാ മതവിഭാഗങ്ങളെയും സമാസമം ചേര്‍ത്തും ആവശ്യത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും മുന്നോട്ട് പോകുന്ന കോണ്ഗ്രസ് രാഷ്ട്രീയമാണ് ഒരു ബദല്‍. പ്രാദേശിക വികാരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന പ്രാദേശിക രാഷ്ട്രീയം, പിന്നാക്ക–ദളിത്‌-ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിറുത്തയുള്ള സവര്‍ണ വിരുദ്ധ രാഷ്ട്രീയം, മതത്തെ മാറ്റി നിറുത്തിയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളെ അടിസ്ഥാനപ്പെടുത്തിയുമുള്ള ഇടതുപക്ഷ രാഷ്ട്രീയം തുടങ്ങിയവാണ് പല ഘട്ടങ്ങളിലായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബദലായി വന്നിട്ടുള്ളത്.

ഇവിടെയാണ്‌ ഇത്തരം ഐഡിയോളജികളെയെല്ലാം മാറ്റിനിറുത്തി മികച്ച കാര്യക്ഷമതയുള്ള അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യമായി കേജ്രിവാളിന്റെ കടന്നുവരവും ആപ്പിന്റെ ഡല്‍ഹിയിലെ തുടര്‍ച്ചയായ വിജയവും. ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്നം അഴിമതി നിറഞ്ഞതും  കാര്യക്ഷമതയില്ലാത്ത ഭരണസംവിധാനങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  അത് അഭിമുഖീകരിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചതാണ് ആപ്പിനെ ജനപ്രിയമാക്കിയത്. അതിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്ക് ഒരു ലഭ്യമാവുന്നതിനാല്‍ മോദിക്കും യോഗിക്കും സിന്ദാബാദ് വിളിക്കുന്നവര്‍ക്കും ആപ്പിനു വോട്ട് ചെയ്യേണ്ടി വരുന്നു.

ആപ്പ് മുന്നോട്ട് വെക്കുന്ന ജന-കേന്ദ്രീകൃത വികസന രാഷ്ട്രീയം തന്നെയാണ് ഒരര്‍ത്ഥത്തില്‍ ഒറീസയിലെ നവീൻ പട്നായികിനെ പോല്ലുള്ളവർ മുന്നോട്ട് വെക്കുന്നത്. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ഒരു തന്ത്രമെന്ന നിലയിലും കാര്യക്ഷമമായ ഒരു ഭരണം ഉറപ്പുവരുത്തുന്നതിനും ഇത് ഗുണകരമെങ്കിലും ആത്യന്തികമായി ഇന്ത്യയെ ഇന്ത്യയായി നിലനിറുത്തുന്നതില്‍ ഇവരുടെ നിലപാടുകള്‍ എന്തെന്നതാണ് പ്രധാനം. ആവശ്യമെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയാന്‍ പ്രയാസമില്ലാതെ മധ്യത്തില്‍ നിലയുറപ്പിക്കുന്നത് താല്‍ക്കാലികമായി അപകടത്തില്‍ നിന്നു മാറി നില്‍ക്കാന്‍ സൌകര്യമൊരുക്കുമെങ്കിലും ഇന്ത്യ നേരിടുന്ന സവര്‍ണ ഹിന്ദുത്വ രാഷ്ട്ര ഭീഷണിയെ ചെറുക്കാന്‍ അതിനു കഴിയുമോ എന്നത് സംശയകരമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter