ജഹാന്‍ ആറാ, ചിശ്തിയെ പരിചയപ്പെടുത്തിയ മുഗള്‍ രാജ്ഞി

ഇന്ത്യൻ സൂഫീ പ്രസ്ഥാനത്തിന്റെ അമരക്കാരനായ മുഈനുദ്ധീൻ ചിശ്തിയെ കുറിച്ച് വായിക്കാനും പഠിക്കാനുമിറങ്ങിത്തിരിക്കുന്നവര്‍ നേരെ ചെന്നെത്തുക, അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ ജീവിതം പ്രതിപാദിക്കുന്ന മുഅ്നിസുല്‍ അര്‍വാഹ് എന്ന ബ്രഹദ്കൃതിയിലാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ വിരചിതമായ, ഭാഷാ വൈഭവം കൊണ്ടും സാഹിത്യഭംഗി കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഇത് രചിച്ചത് മുഗള്‍ രാജ്ഞിയായിരുന്ന ജഹാന്‍ ആറയാണെന്നത് ഇതിന്റെ കൌതുകത്തിന് മാറ്റ് കൂട്ടുന്നു. 

ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത പുത്രിയും ഔറംഗസേബിന്റെ സഹോദരിയുമായിരുന്ന ജഹാന്‍ ആറാ ബീഗം, ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തയായ ഒരു സ്ത്രീ സാന്നിധ്യമാണ്. സാഹിബത്തുൽ സമാൻ (lady of the age) ബാദ്ഷാഹ് ബീഗം (lady emperor) ബീഗം സാഹേബ് (princess of princesses) തുടങ്ങിയ സ്ഥാനപ്പേരുകളിലെല്ലാം അവര്‍ അറിയപ്പെടുന്നു.

മാതാവ് മുംതാസ് മഹലിന്റെ മരണത്തെതുടർന്ന് പതിനേഴാം വയസ്സിൽ ജഹാന്‍ ആറാ ബീഗം മുഗൾ കൊട്ടാരത്തിലെ പ്രഥമ വനിതയായി അവരോധിക്കപ്പെട്ടു. ഷാജഹാൻ ചക്രവർത്തിക്ക് മറ്റ് മൂന്നു ഭാര്യമാർ ഉണ്ടായിരിക്കെയാണ് മകള്‍ ജഹാന്‍ ആറാ ഈ സ്ഥാനത്തിന് അർഹയായത് എന്നത് ശ്രദ്ധേയമാണ്. 

വിദ്യാ സമ്പന്നയായിരുന്ന ജഹന്‍ ആറാ, സഹോദരനായ ദാരാ ഷിക്കോവിനെപ്പോലെ, സൂഫിവര്യനായ മുല്ലാ ഷായുടെ ശിഷ്യയായിരുന്നു. സഹോദരനെ പോലെ തന്നെ സൂഫിസത്തിലും ആത്മീയതയിലും അതീവ താല്പരയായിരുന്നു ഇവരും. മുല്ലാ ഷായുടെ ബ്രഹത്തായ ഒരു   ജീവചരിത്രം തന്നെ ജഹന്‍ ആറാ രചിച്ചിട്ടുണ്ട്.

സ്വൂഫിസത്തോടുള്ള ഈ താല്‍പര്യമാണ്, ജഹാന്‍ ആറയെ ശൈഖ് ചിശ്തിയിലേക്കുമെത്തിക്കുന്നത്. ആ വിശുദ്ധ ജീവിതം അടുത്തറിഞ്ഞതോടെ, വരും തലമുറകള്‍ക്ക് വേണ്ടി അത് വിശദമായി തന്നെ കുറിച്ച് വെക്കണമെന്ന ആഗ്രഹമാണ് മുഅ്നിസുല്‍ അര്‍വാഹിലേക്ക് വഴി തെളിയിക്കുന്നത്. വിശുദ്ധ ആത്മാക്കളുടെ തോഴന്‍ എന്നാണ് ആ പേരിനര്‍ത്ഥം. ശൈഖ് ചിശ്തിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും സമഗ്ര ചരിത്രമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലെ ചിശ്തി സരണിയെ കുറിച്ചും അത് പിന്തുടരുന്ന സൂഫികളെക്കുറിച്ചുള്ള ഒരു ക്ലാസിക് രചന തന്നെയാണിതെന്ന് നിസ്സംശയം പറയാം. ശൈഖ് ചിശ്തിയുടെ ഗുരുവായ ഹസ്രത് ഉസ്മാൻ ഹർവാണിയെയും ഈ കൃതി വിശദമായി തന്നെ വരച്ച് കാണിക്കുന്നുണ്ട്. 

കേവലം ഒരു ജീവിത കഥന ഗ്രന്ഥമെന്നതിലപ്പുറം, ദൈവപ്രീതിയും സാമീപ്യവും കരസ്ഥമാക്കിയ ആത്മീയ ഗുരുവിന്റെ അനുഗ്രഹങ്ങൾക്ക് കീഴില്‍ ആത്മീയോന്നതികളിലേക്ക് ചിറക് വിടര്‍ത്തിയ ഒരു ഹൃദയത്തിന്റെ അധ്യാത്മികമായ വെളിപ്പെടുത്തലുകളാണ് ഈ കൃതി എന്ന് പോലും പല നിരൂപകരും വിലയിരുത്തുന്നുണ്ട്.

ശൈഖ് ചിശ്തിയുടെ മഹത്വവും ആത്മീയോന്നതിയും മനസ്സിലാക്കിയ ജഹാന്‍ ആറാ ബീഗം ഇടക്കിടെ അജ്മീര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവത്രെ. ഇന്ത്യയിലെ ഏറ്റവും പ്രധാനിയായ സ്വൂഫി വര്യനായാണ് ജഹാന്‍ ആറാ അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. സൂഫിസത്തിന്റെ അതുല്യമായ പല പാതകളിലേക്കും തന്നെ വഴി നടത്തിയത് ഇദ്ദേഹമാണെന്ന് അവർ തന്നെ പറയുന്നുണ്ട്.  1640 ലെ റമദാൻ 27 നാണത്രെ ജഹാന്‍ ആറാ ഈ പുസ്തകം എഴുതി പൂർത്തീകരിക്കുന്നത്. താന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതും വിശ്വസ്ത സ്രോതസ്സുകളില്‍നിന്ന് കേട്ടറിഞ്ഞതുമായ വിവരങ്ങളോടൊപ്പം, തന്റെ സഹോദരന്റേതടക്കമുള്ള മറ്റു ഗ്രന്ഥങ്ങളിലെ വിവരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മുഹനിസുൽ അർവാഹിന്റെ യഥാർത്ഥ കയ്യെഴുത്തു പ്രതി നിലവിൽ സൂക്ഷിച്ചിരിക്കുന്നത് ബ്രിട്ടീഷ് ലൈബ്രറിയിൽ ആണ്.

മക്കളുടെ അധികാരതർക്കങ്ങളെ തുടർന്ന്  രാജ പദവി നഷ്ടപ്പെട്ട്, സഹോദരനാല്‍ തടവിലാക്കപ്പെട്ട പിതാവ് ഷാജഹാൻ ചക്രവർത്തിയെ തടവറയിലേക്ക് അനുഗമിച്ച ജഹാന്‍ ആറാ, ശിഷ്ട കാലം ചെലവഴിക്കുന്നത് പിതാവിനെ ശുശ്രൂഷിച്ചു കൊണ്ട് തടവറയില്‍ തന്നെയാണ്. എന്നാല്‍, ആ സയമത്തും ആത്മീയ സംതൃപ്തിയില്‍ പരിലസിക്കുകയായിരുന്നു അവര്‍ എന്നാണ് ഈ കൃതി നമുക്ക് പറഞ്ഞുതരുന്നത്. 1681 ൽ മരണം വരിച്ച അവര്‍, ഡൽഹിയില്‍ ഹസ്രത് നിസമുദ്ധീൻ ദർഗയിലാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter