'ദി ആല്‍കെമിസ്റ്റി'ലെ അറബ് ഇസ്‌ലാമിക മുദ്രകള്‍

alchamistപൗലോ കൊയ്‌ലോ എന്ന ബ്രസീലിയന്‍ പൗരനെ വിശ്വസാഹിത്യത്തിന്റെ മുന്‍നിര നായകരിലൊരാളാക്കി ഉയര്‍ത്തിയ വിശിഷ്ട കൃതിയാണ് 'ദി ആല്‍ക്കെമിസ്റ്റ്'. വേറെയും പതിനാറോളം പ്രശസ്തകഥകളും അത്രത്തോളം ഉയരാത്ത വേറെയും കഥകളും രചിച്ച അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ്. പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട ഈ കൃതി 1988ല്‍ ആണ് ആദ്യമായി വെളിച്ചം കാണുന്നത്. ഇതിനകം 80ല്‍പരം മില്യണിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു. ജീവിച്ചിരിക്കുന്ന ഒരെഴുത്തുകാരന്റെ ഏറ്റവും അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന റെക്കോഡോടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഈ കൃതി ജര്‍മനിയിലും ഇറ്റലിയിലും അതിവിശിഷ്ട മെഡലുകള്‍ നേടിയെടുത്തു. ഫ്രാന്‍സില്‍ 1995 കളില്‍ തന്നെ ഈ കൃതി അപ്രതീക്ഷിതമാംവിധം 'ബെസ്റ്റ്‌സെല്ലറാ'യി പ്രചാരം നേടി. കഴിഞ്ഞ മെയ് 25ന് അവസാനിക്കുന്ന ആഴ്ചയില്‍ 'ചലം ഥീൃസ ഠശാല'െ ന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ തുടര്‍ച്ചയായി 303 ആഴ്ചക്കാലം ഇടം പിടിച്ചതും ഈ നോവലിന്റെ സവിശേഷ റെക്കോഡാണ്. ആട്ടിടയനായ ഒരു സ്പാനിഷ് യുവാവിന്റെ അതിസാഹസികമായ യാത്രയിലൂടെയാണ് ഈ നോവല്‍ പുരോഗമിക്കുന്നത്. താന്‍ കണ്ട ഒരു സ്വപ്‌നത്തില്‍ പ്രചോദിതനായി നിധിതേടി ഇറങ്ങിയ യുവാവ് ജന്മദേശവും ആട്ടിടയനെന്ന തൊഴിലും ഉപേക്ഷിച്ചു ദേശാന്തരയാത്ര തുടര്‍ന്നു. വഴിയില്‍ കടുത്ത അനുഭവങ്ങള്‍, പരീക്ഷണങ്ങള്‍, ആടുകളെ വിറ്റു താന്‍ യാത്രക്കായി കരുതിവച്ച കാശ് തുടക്കത്തില്‍ തന്നെ ഒരു തട്ടിപ്പുകാരന്‍ കൈക്കലാക്കുന്നു. തുടര്‍ന്നും നിരാശനാകാതെ വിവിധ ഘട്ടങ്ങള്‍ താണ്ടി, വേഷം മാറി, മര്‍ദ്ദനങ്ങളും പീഢനങ്ങളും ഏറ്റുവാങ്ങി സ്വപ്‌നത്തിലെ നിധിയുടെ കേന്ദ്രമായി കാണിച്ചിരുന്ന ഈജിപ്തിലെ പിരമിഡുകളുടെ സമീപത്തെത്തുന്നു. ഒടുവില്‍ അവിടെ വെച്ചു തിരിച്ചറിയുന്നു, താന്‍ തേടിയിറങ്ങിയ നിധി എവിടെ നിന്നാണോ താന്‍ പുറപ്പെട്ടത്, അവിടെ തന്നെയാണെന്ന്. വൃഥാവിലായെന്ന് വിലയിരുത്തപ്പെടാവുന്ന ആ യാത്ര യുവാവിന് ജീവിതത്തിന്റെയും ലോകത്തിന്റെയും പൊരുളുകളും നിഗൂഢതകളും അനാവരണം ചെയ്യാനുള്ള നിമിത്തമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസവും സ്ഥിരോല്‍സാഹവും കൊണ്ട് ജീവിതത്തിന്റെ സങ്കീര്‍ണതകളേയും താളക്കേടുകളേയും മറികടക്കുന്ന ഈ യുവാവ് വിധിവിശ്വാസത്തിന്റെയും ദാര്‍ശനിക സമസ്യകളുടെയും അഴിയാക്കുരുക്കുകളെ സമര്‍ഥമായി വിശ്ശേഷണം ചെയ്യുന്നു. പുസ്തകം ഒട്ടേറെ പഠന-നിരൂപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഇവിടെ ഈ കൃതിയെ മറ്റൊരു തലത്തില്‍ സമീപിക്കാനാണ് ശ്രമിക്കുന്നത്. ദി ആല്‍ക്കെമിസ്റ്റിലെ അറബ്-മുസ്‌ലിം സ്വാധീനത്തിന്റെ മുഹൂര്‍ത്തങ്ങളും മുദ്രകളും ഏറെ ശ്രദ്ധേയമായി തോന്നിയപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പിന്റെ സാംഗത്യം അനുഭവപ്പെട്ടത്. ആദ്യം പുസ്തകത്തിന്റെ പേര് തന്നെ എടുക്കാം. 'ആല്‍ക്കെമി' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അറബ് ബന്ധത്തിലൂടെയാണ് ഈ വിജ്ഞാനശാഖ വളര്‍ന്നു വികസിക്കുന്നത്. മറ്റു പല ശാഖകളുമെന്ന പോലെ ഇതും ഗ്രീക്ക് ചിന്തകരിലൂടെ രൂപപ്പെട്ട പ്രാഥമിക തത്വങ്ങളെ സ്വാംശീകരിച്ചും വിപുലീകരിച്ചും ഒരു സ്വതന്ത്രശാഖയായി രൂപപ്പെടുത്തിയത് ജാബിര്‍ ബിന്‍ ഹയ്യാന്‍ എന്ന വിഖ്യാത അറബ് പണ്ഡിതനാണ്. ആല്‍ക്കെമിയുടെ പിതാവായാണദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത ഇംഗ്ലീഷ് ദാര്‍ശനികനായ ബേക്കണ്‍, ജാബിര്‍ ബിന്‍ ഹയ്യാനാണ് രസതന്ത്രം ലോകത്തിന് സമ്മാനിച്ചതെന്നും അതിനാല്‍ അദ്ദേഹമാണ് ഈ വിജ്ഞാനശാഖയുടെ പിതാവെന്നും വ്യക്തമാക്കുന്നു. പ്രമുഖ പണ്ഡിതനായ ബെര്‍ത്തോള്‍ട്ട്, മന്‍ത്വിഖില്‍ (ഘീഴശര) അരിസ്‌റ്റോട്ടിലിന്റെ സ്ഥാനമാണ് കെമിസ്ട്രിയില്‍ ജാബിര്‍ ബിന്‍ ഹയ്യാന്റേതെന്ന് നിരീക്ഷിക്കുന്നു. മധ്യകാലഘട്ടത്തില്‍ മറ്റു പല വൈജ്ഞാനിക ശാഖകളുമെന്ന പോലെ രസതന്ത്രവും അറബ്-മുസ്‌ലിം കൈകളിലൂടെത്തന്നെയാണ് വികസിച്ചു പില്‍ക്കാല സമൂഹങ്ങളിലേക്ക് കൈമാറിയെത്തിയതെന്ന കാര്യത്തില്‍ ചരിത്രബോധമുള്ളവരാരും സംശയിക്കുമെന്ന് തോന്നുന്നില്ല. ഈ കഥയിലും കടന്നുവരുന്ന ആല്‍ക്കെമിസ്റ്റ് അറബ് വംശജനാണ്. കഥയിലെ കേന്ദ്രകഥാപാത്രമായ സാന്റിയാഗോ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് അറബ് മരുഭൂമിയുടെ പശ്ചാത്തലത്തില്‍ വച്ചാണ്. മറ്റൊന്ന് കഥയുടെ മൊത്തം പശ്ചാത്തലമാണ്. സ്‌പെയിനില്‍ നിന്ന് തുടങ്ങി സ്‌പെയിനില്‍ ഒടുങ്ങുന്ന സാന്റിയാഗോയുടെ യാത്ര മുഴുവന്‍ മുന്നേറുന്നത് അറബ്-ആഫ്രിക്കന്‍ മണ്ണിലൂടെയാണ്. ഇടപഴകുന്ന കഥാപാത്രങ്ങള്‍ മുച്ചൂടും അറബ്-മുസ്‌ലിം പാരമ്പര്യത്തിന്റെ കണ്ണികളും. സാന്റിയാഗോ തന്റെ ജന്‍മഗ്രാമം വിട്ടു ആദ്യം കടന്നു ചെല്ലുന്നത് സ്‌പെയിനിലെ പ്രമുഖ ചരിത്രനഗരമായ 'ഥരീഫ'യിലേക്കാണ്. സ്‌പെയിനിലേക്ക് കടന്നു ചെന്ന ആദ്യകാല മുസ്‌ലിം നായകന്‍ഥരീഫ് ബിന്‍ മാലികിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. അറബ്-മുസ്‌ലിം മുന്നേറ്റത്തിന്റെയും ജൈത്രയാത്രയുടേയും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ലോകത്തിനു സമ്മാനിച്ച സ്‌പെയിന്‍, അനാഥനായി, ആട്ടിടയനായി വളര്‍ന്ന് ഒരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വിധാതാവായി മാറിയ പ്രവാചകന്‍ മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ ലോകത്തിന്റെ നെറുകെയില്‍ പ്രശോഭിച്ചു നിന്ന മണ്ണ്. യൂറോപ്പിന് അവരുടെ പൂര്‍വികര്‍ കാത്തുവച്ച അറിവുകളുടെയും ദര്‍ശനങ്ങളുടേയും കനലുകളെ ഊതിപ്പൊലിപ്പിച്ചു തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തി സ്വന്തം സംഭാവനകള്‍ കൂട്ടിച്ചേര്‍ത്തു തിരിച്ചു നല്‍കാന്‍ നിമിത്തമായ സ്‌പെയിന്‍ എന്ന വൈജ്ഞാനിക പറുദീസ. അവിടത്തെ ചരിത്രത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും പല ഏടുകളിലും ഇപ്പോഴും അറബ്-ഇസ്‌ലാമിക സ്പര്‍ശമുണ്ട്. മൂറുകളുടെ പ്രതാപം അസ്തമിക്കുകയും അവരുടെ അവസാന താവളവും നഷ്ടപ്പെടുകയും ചെയ്തിട്ടും അവരുടെ ഓര്‍മകള്‍ തികട്ടിവരുന്ന ഒട്ടേറെ ചിഹ്നങ്ങളും മുദ്രകളും ഇന്നും ആ ദേശം ഉയര്‍ത്തിപ്പിടിക്കുന്നു. സ്‌പെയിന്‍ കടന്ന യുവാവ് ആദ്യമായി കാലുകുത്തുന്നത് മറ്റൊരു ആഫ്രിക്കന്‍-അറബ് ദേശത്താണ്. ഇന്നത്തെ മൊറോക്കോയോ തുനീഷ്യയോ മറ്റോ ആകാന്‍ സാധ്യതയുള്ള ആ ദേശത്ത് നിന്നാണ് തന്റെ യാത്രയുടെ അടുത്ത ഘട്ടം രൂപപ്പെടുന്നത്. ഥരീഫിലെ ജ്ഞാനിയായ രാജാവും ജിപ്‌സിതള്ളയും നല്‍കിയ വ്യാഖ്യാനങ്ങളിലൂടെയാണ് ഒന്നിലധികം തവണ താന്‍ കണ്ട സ്വപ്‌നത്തിന്റെ പൊരുളും വിശദാംശങ്ങളും യുവാവിന് ബോധ്യപ്പെടുന്നത്. സ്വപ്‌നത്തില്‍ ഒരു കുട്ടി തന്റെ കൈ പിടിച്ചു ഈജിപ്തിലെ പിരമിഡുകളുടെ സമീപത്തെത്തിക്കുന്നതും അവിടെ മറഞ്ഞു കിടക്കുന്ന സ്വര്‍ണനിധിയെപ്പറ്റി തനിക്ക് അറിവുനല്‍കുന്നതുമാണയാള്‍ കാണുന്നത്. തുടര്‍ന്നുള്ള യുവാവിന്റെ ഓരോ കാല്‍പാടുകളും നീക്കങ്ങളും അറബ് പാരമ്പര്യത്തിന്റെയും പ്രതിബിംബങ്ങളുടെയും നേര്‍രേഖകളിലൂടെയാണ്. മരുഭൂമിയും മരുപ്പച്ചയും ഒട്ടകവും ഹുക്കയും ഭാഷയും പാരമ്പര്യത്തിന്റെ പട്ടുനൂലില്‍ നെയ്‌തെടുത്ത അറേബ്യന്‍ ജീവിതരീതികളുമൊക്കെ യുവാവിന്റെ ജീവിതത്തേയും ചിന്തകളെയും പൊലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. സെമിനാരിയില്‍ അന്തേവാസിയായി പാതിരിയാകാന്‍ പഠിക്കുന്നതിനിടയില്‍ ലാറ്റിന്‍, സ്പാനിഷ് ഭാഷകള്‍ സ്വായത്തമാക്കിയ യുവാവ്, അറബ് മരുഭൂമിയിലെ ജീവിതത്തിനിടയില്‍ അറബി ഭാഷ മാത്രമല്ല, ലോകത്തേയും ജീവിതത്തേയും സംബന്ധിച്ച സമൂര്‍ത്തമായ ഒട്ടേറെ ധാരണകളും നേടിയെടുക്കുന്നു. യാത്രയുടെ തുടക്കത്തില്‍ ഥരീഫിലേക്ക് നടന്നടുക്കവേ അവന്‍ മനസ്സില്‍ കുറിച്ചിട്ട ചിന്ത ''സഫലമാകാന്‍ തക്കവണ്ണമുള്ളൊരു സ്വപ്‌നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ഥപൂര്‍ണമാകൂ'' എന്നായിരുന്നു. പ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ അന്വേഷിച്ചുള്ള യാത്രയാണ് സാന്റിയാഗോയുടെ നിധിതേടിയുള്ള യാത്രയെന്ന് വിശേഷിപ്പിക്കാം. അത് കൊണ്ടാണ് പുറപ്പെട്ടിടത്താണ് നിധി എന്നറിയാനായി യുവാവ് ഈജിപ്തിലെ പിരമിഡുകള്‍ വരെ നടത്തിയ യാത്ര വ്യര്‍ഥമല്ലാതാകുന്നത്. യാത്രക്കിടയിലെ ഓരോ മുഹൂര്‍ത്തവും പ്രാപഞ്ചികരഹസ്യങ്ങളുടെ കുരുക്കുകള്‍ അഴിക്കാനും ജ്ഞാനത്തിലൂടെ ലഭ്യമാകുന്ന ആത്മഹര്‍ഷത്തിന്റെ അപാരതയിലേക്ക് കയറിച്ചെല്ലാനും നിമിത്തമാകുന്നു. ജീവിതത്തിലെ നിയോഗങ്ങളെയും നിമിത്തങ്ങളേയും വലിയ ദാര്‍ശനികര്‍ ഗഹനമായി അപഗ്രഥിക്കുകയും പലതും പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവ ഏറ്റവും ലളിതമായും ഹൃദ്യമായും തെര്യപ്പെടുത്താനുള്ള കൊയ്‌ലോയുടെ വഴക്കം കൃതിയെ ഏറെ സ്വീകാര്യമാക്കിമാറ്റുന്നു. 'ദി ആല്‍ക്കെമിസ്റ്റിന്റെ' മലയാള വിവര്‍ത്തനത്തിന്റെ (ഡിസിബുക്‌സ്) അവതാരികയില്‍ ഡോ.കെ.എം വേണുഗോപാല്‍ വ്യക്തമാക്കിയത് പോലെ 'സാധാരണ മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ജീവിതത്തിന്റെ ഗഹനതകളെ വിവരിക്കുന്നതാണ് പൗലോ കൊയ്‌ലോയുടെ വിജയരഹസ്യം''. വിധിവിശ്വാസവും കാര്യകാരണബന്ധങ്ങളുടെ നൈരന്തര്യവും അരക്കിട്ടുറപ്പിക്കുന്ന കൃതി, ലോകത്ത് വ്യര്‍ഥമായും വൃഥാവിലായും യാദൃശ്ചികമായും ഒന്നും സംഭവിക്കുന്നില്ലെന്ന് തെര്യപ്പെടുത്തുന്നു. 'ജീവിതയാത്രയില്‍ ഏതോ വഴിത്തിരിവില്‍ മനുഷ്യന് അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. ഇതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ''. 'ദൈവം ഓരോരുത്തര്‍ക്കും ഓരോ വഴി നിശ്ചയിച്ചിരിക്കുന്നു. ആ വഴിയില്‍ അവിടവിടെ ഓരോ അടയാളങ്ങളും കുറിച്ചിട്ടിട്ടുണ്ടാകും. അതാദ്യം തിരിച്ചറിയണം. പിന്നെ യാത്ര എളുപ്പമാകും'. 'ഓരോരുത്തരും തന്റെ നിയോഗത്തിന്റെ വഴിയില്‍ ആനയിക്കപ്പെടുകയാണെ'ന്ന തിരുവചനം ഇവിടെ സ്മരണീയമാണ്. വഴിയില്‍ യുവാവ് കണ്ടുമുട്ടിയ ജ്ഞാനിയായ വൃദ്ധനും അദ്ദേഹം നല്‍കിയ സാരോപദേശങ്ങളും ഏറെ ചിന്തനീയമാണ്. യുവാവിന്റെ അകക്കണ്ണിന് പുതിയ വെളിച്ചവും ദിശാബോധവും നല്‍കാന്‍ പോന്ന വാക്കുകള്‍. മുസ്‌ലിം ആത്മജ്ഞാനികളുടേതായി ഉദ്ധരിക്കപ്പെടുന്ന കഥകള്‍ക്ക് സമാനമാണ് ഇദ്ദേഹം കേള്‍പ്പിക്കുന്ന ഉപകഥകളും. ആത്മജ്ഞാനികളുടെ പിന്‍ഗാമിയും പ്രതിനിധിയുമെന്ന പോലെയാണദ്ദേഹം സംസാരിക്കുന്നത്. ഒരു കച്ചവടക്കാരന്‍ തന്റെ മകനെ സന്തോഷത്തിന്റെ രഹസ്യം അറിയാനായി അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേക്കയച്ച കഥ. സന്തോഷത്തിന്റെ പൊരുള്‍ വിവരിക്കുന്നതിനു പകരം ജ്ഞാനി തന്റെ സുഖസൗകര്യങ്ങളാലും ആര്‍ഭാടങ്ങളാലും നിറഞ്ഞുനില്‍ക്കുന്ന കൊട്ടാരം ചുറ്റിക്കണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നു. പോകുമ്പോള്‍ കയ്യില്‍ ഒരു സ്പൂണ്‍ നല്‍കുകയും കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ സ്പൂണിലെ എണ്ണ തുളുമ്പിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. മണിക്കൂറുകളോളം കറങ്ങി തിരിച്ചുവന്നപ്പോള്‍ ജ്ഞാനി തന്റെ കൊട്ടാരത്തിലെ വിസ്മയക്കാഴ്ചകളെപ്പറ്റി ചോദിച്ചെങ്കിലും അയാള്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. കാരണം അയാളുടെ ശ്രദ്ധ മുഴുവന്‍ ആ സ്പൂണിലായിരുന്നു. പിന്നീട് ഒന്നുകൂടി കറങ്ങി വരാന്‍ ആവശ്യപ്പെട്ടു. അപ്പോഴും അയാളുടെകയ്യില്‍ എണ്ണ നിറച്ച സ്പൂണ്‍ ഉണ്ടായിരുന്നു. അയാളുടെ ശ്രദ്ധ മുഴുവന്‍ ഗുരുവിന്റെ കൊട്ടാരത്തിലെ കൗതുകക്കാഴ്ചകളിലുമായിരുന്നു. നയനാദിരാമിയും ആനന്ദദായകവുമായ കാഴ്ചകള്‍ കണ്ടു തിരിച്ചുവന്നു നോക്കിയപ്പോള്‍ അയാളുടെ സ്പൂണ്‍ ശൂന്യം. എണ്ണ തുളുമ്പിപ്പോയിരുന്നു. ഒടുവില്‍ ജ്ഞാനികളുടെ ജ്ഞാനിയായ ഗുരു നല്‍കിയ സന്ദേശം 'നീ പഠിച്ചിരിക്കേണ്ടതായി ഒരു  പാഠമേയുള്ളൂ. ഈ ലോകത്തെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ. അപ്പോഴും കൈവശമുള്ള സ്പൂണും അതിലെ രണ്ട് തുള്ളി എണ്ണയും മനസ്സിലുണ്ടായിരിക്കണം. ലോകത്തെ സുഖസൗകര്യങ്ങളോട് സത്യവിശ്വാസി അനുവര്‍ത്തിക്കേണ്ട നിലപാടാണിതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഥരീഫിലെ അസാധാരണ കൂടിക്കാഴ്ചകളും തീരുമാനങ്ങളും കഴിഞ്ഞു ആഫ്രിക്കയിലെത്തുന്ന യുവാവ് അവിടെ കണ്ടുമുട്ടുന്നത് അറബ്-മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. 'കുറേപേര്‍ ചുറ്റും കൂടിയിരുന്നു വലിയൊരു ഹുക്ക വലിക്കുന്നു. തെരുവില്‍ നല്ല തിരക്ക്. കൈകോര്‍ത്തു നടക്കുന്ന പുരുഷന്‍മാര്‍. പര്‍ദയിട്ട സ്ത്രീകള്‍. പള്ളിഗോപുരത്തിന്റെ മുകളില്‍ കയറി നിന്നു ഉച്ചത്തില്‍ പ്രാര്‍ഥന ഉരുവിടുന്ന മുക്‌രികള്‍. അത് കേള്‍ക്കുമ്പോഴേക്കും നിന്നിടത്തു തന്നെ മുട്ടുകുത്തി നമസ്‌കരിക്കുന്ന വിശ്വാസികള്‍ (പേജ്:54) വഴിക്ക് ക്ഷീണം മാറ്റാന്‍ കടയില്‍ കയറിയ അവന് കുടിക്കാന്‍ അല്‍പം വീഞ്ഞു വേണമായിരുന്നു. അറബി വശമില്ലാത്തിനാല്‍ എന്ത് ചോദിക്കണമെന്നറിഞ്ഞില്ല. അവര്‍ അവന് നല്‍കിയ പാനീയം അറബികളുടെ കയ്പാര്‍ന്ന കാവ! അന്യദേശത്ത് ഭാഷ വശമില്ലാത്ത യുവാവ്, കിട്ടിയ കാവയും മോന്തിനില്‍ക്കവേ ആടുമേച്ചു നടന്ന കാലം ഓര്‍മ വന്നു, ആടുകള്‍ അവന് നല്‍കിയ പാഠങ്ങളും 'മിണ്ടാപ്രാണികളെ നേര്‍വഴിക്ക് നയിക്കുന്ന ദൈവം മനുഷ്യന്റെ കാര്യത്തില്‍ ഉപേക്ഷ കാണിക്കുമോ? എന്തോ, അതോര്‍ത്തപ്പോള്‍ അവന്റെ മനസ്സിനൊരു ലാഘവം. ചായയുടെ ചവര്‍പ്പ് ഒട്ടൊന്നു കുറഞ്ഞത് പോലെ''. സ്പാനിഷ് ഭാഷയില്‍ കുശലം പറയാന്‍ വന്നയാളുമായുള്ള സംസാരത്തിനിടയില്‍ കുടിക്കാനെന്ത് വേണമെന്ന് ചോദിച്ചപ്പോള്‍ 'എനിക്കല്‍പം വീഞ്ഞു കിട്ടിയാല്‍ കൊള്ളാമായിരുന്നു. എന്തോ ഈ ചായ എനിക്ക് തീരേ പിടിക്കുന്നില്ല''. ''അയ്യോ, ഇവിടെ വീഞ്ഞു കിട്ടില്ല. അത് ഞങ്ങളുടെ മതാചാരങ്ങള്‍ക്ക് വിരുദ്ധമാണ്''. ആടുകളെ വിറ്റുകിട്ടിയ കാശുമായി യാത്രക്കിറങ്ങിയ യുവാവ്, ആദ്യതാവളത്തില്‍ തന്നെ വഞ്ചിക്കപ്പെട്ടു. തന്റെ മുതല്‍ അപ്പാടെ കൊള്ളയടിക്കപ്പെട്ടു. ഒടുവില്‍ ഒരു നേരത്തെ ആഹാരത്തിന് പോലും ഗതിയില്ലാതെ തെണ്ടിത്തിരിഞ്ഞ് അവന്‍ ഒരു കുന്നിന്‍ ചെരുവിലെ ചില്ലുപാത്രക്കടയിലെത്തുന്നു. വിവിധ ഭാഷകള്‍ അറിയുന്ന അയാള്‍ കടയില്‍ കയറി പറഞ്ഞു. 'ഈ ചില്ലലമാരിക്കകത്ത് വച്ചിരിക്കുന്ന സ്ഫടികപ്പാത്രങ്ങള്‍, അതൊക്കെ തുടച്ചു മിനുക്കി വയ്ക്കാം. ഇങ്ങനെ പൊടിയും ചെളിയും പിടിച്ചു കിടന്നാല്‍ പാത്രങ്ങള്‍ ആരെങ്കിലും വാങ്ങുമോ?'' ''എനിക്ക് കൂലിയൊന്നും വേണ്ട. വിശപ്പടക്കാന്‍ എന്തെങ്കിലും തന്നാല്‍ മതി.' അവന്‍ കടക്കാരനോട് ഉണര്‍ത്തുന്നു. അയാള്‍ ഒന്നും പ്രതികരിച്ചില്ല. കടയിലെ തിരക്കൊഴിഞ്ഞപ്പോള്‍ അവനേയും കൂട്ടി അയാള്‍ ഭക്ഷണം കഴിക്കാനിറങ്ങുന്നു. ''ആ തുടക്കലും മിനുക്കലും ഒന്നും വേണ്ടിയിരുന്നില്ല. അല്ലാതെ തന്നെ നിനക്ക് ഞാന്‍ ആഹാരം വാങ്ങിത്തരുമായിരുന്നു. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍. വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്'' (പേജ്: 63) എന്നാല്‍ പറയാമായിരുന്നില്ലേ, പണിയൊന്നും എടുക്കേണ്ട എന്ന്'. 'അതെങ്ങനെ? എന്റെ സ്ഫടികപ്പാത്രങ്ങളില്‍ പൊടിപിടിച്ചിരിക്കുന്നു. അത് പോലെ തന്നെ എന്റെയും നിന്റെയും മനസ്സിലും. അരുതാത്ത വിചാരങ്ങളുടെ കറ, അത് കൂടി തുടച്ച് വൃത്തിയാക്കേണ്ടേ? അങ്ങനെ പരസ്പരം  പരിചയപ്പെട്ട കച്ചവടക്കാരനും യുവാവും തങ്ങളുടെ മനോവിചാരങ്ങള്‍  പങ്കുവെക്കുന്നു. സ്വപ്‌നങ്ങളും മോഹങ്ങളും വിനിമയം നടത്തുന്നു. യുവാവ് വന്ന ശേഷം കടയിലുണ്ടായ അഭിവൃദ്ധി അവരെ കൂടുതല്‍ അടുപ്പിക്കുന്നു. യുവാവ് തന്റെ യാത്രാമോഹവും നിധിസ്വപ്‌നവും പുറത്തെടുത്തപ്പോള്‍ കച്ചവടക്കാരന്‍ എന്തോ ആലോചിച്ചു മിണ്ടാതിരുന്നു. തുടര്‍ന്നു: 'നോക്കൂ, നബിതിരുമേനി നമുക്ക് കനിഞ്ഞു തന്നതാണ് വിശുദ്ധ ഖുര്‍ആന്‍. അത് പ്രകാരം  നമ്മള്‍ ഓരോരുത്തരും ജീവിതത്തില്‍ അഞ്ച് കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്തിരിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവമൊന്നേയുള്ളൂ. അവനില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക എന്നതാണ്.  പിന്നെ ദിവസവും അഞ്ച് നേരം മുടങ്ങാതെ പ്രാര്‍ഥിക്കുക. റമദാന്‍ മാസത്തില്‍ ഉപവസിക്കുക. അഗതികളെ ആവുംവിധം സഹായിക്കുക' അപ്പോഴേക്കും അയാളുടെ തൊണ്ട ഇടറാന്‍ തുടങ്ങി. വലിയ വിശ്വാസി. ദൈവത്തിന്റെ സ്മരണ തന്നെ അയാളെ വികാരാധീനനാക്കുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. സ്വന്തം സ്ഥിതിയെ കുറിച്ച് അതൃപ്തി ഇല്ലെന്നല്ല...... എന്നാലും ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിട്ടു നടക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. 'അഞ്ചാമത്തെ പ്രമാണമെന്തെന്ന് പറഞ്ഞില്ലല്ലോ'. അവന്‍ ഇടയില്‍ കയറിപ്പറഞ്ഞു. 'അഞ്ചാമത്തെ പ്രമാണമോ? അത് പരിശുദ്ധ മക്കയിലേക്കുള്ള തീര്‍ഥയാത്ര തന്നെ. ജീവിതത്തിലൊരിക്കലെങ്കിലും ഓരോ വിശ്വാസിയും ആ യാത്ര നടത്തിയിരിക്കണം. രണ്ട് ദിവസം മുമ്പ് നീ പറഞ്ഞില്ലേ, എനിക്ക് ദൂരയാത്രയെ കുറിച്ചുള്ള സ്വപ്‌നങ്ങളൊന്നും ഇല്ലെന്ന്'. ഏതോ ഓര്‍മയില്‍ അയാളുടെ വാക്കുകള്‍ ഒരുനിമിഷം കുരുങ്ങിക്കിടന്നു. പിരമിഡുകളേക്കാള്‍ എത്രയോ ദൂരെയാണ് മക്ക. ചെറുപ്പകാലത്ത് എന്റെ ഏറ്റവും  വലിയ മോഹം അതായിരുന്നു. മക്കയില്‍ പോകാന്‍ വേണ്ട പണം സ്വരൂപിക്കുക. അന്ന് ഞാനും സ്വപ്‌നം കണ്ടിരുന്നു. ഒരു കാലത്ത് ഞാനും ധനികനാകും. വിശുദ്ധ നഗരത്തിലേക്ക് തീര്‍ഥയാത്ര പോകും. അതിന് വേണ്ടി പണം മിച്ചം വെക്കാന്‍ തുടങ്ങി. അപ്പോള്‍ പുതിയൊരു പ്രശ്‌നം, ആരെയാണ് ഈ കട ഏല്‍പിക്കുക. ഇതിനകത്തുള്ളതു മുഴുവന്‍ തൊട്ടാല്‍ പൊട്ടുന്ന സ്ഫടികപ്പാത്രങ്ങളല്ലേ? 'എത്രയെത്ര പേര്‍ ഈ വഴി മക്കയിലേക്ക് കടന്നു പോയി. ചിലര്‍ പണക്കാരായിരുന്നു. അവര്‍ക്ക് ഒട്ടകങ്ങളും പരിചാരകരുമുണ്ടായിരുന്നു. പക്ഷെ, കൂടുതല്‍ പേരും സാധാരണക്കാരായിരുന്നു. ചിലര്‍ എന്നേക്കാള്‍ ദരിദ്രര്‍. പോയവരെല്ലാം സംതൃപ്തരായി തിരിച്ചുവന്നു. അവനവന്റെ വീട്ടുവാതില്‍ക്കല്‍ ഹജ്ജിന് പോയിവന്നതിന്റെ ലക്ഷണമായി മുദ്രകളും പതിപ്പിച്ചു വെച്ചു. അവരിലൊരാള്‍ ഒരു ചെരുപ്പുകുത്തി, എന്നോടു പറയുകയുണ്ടായി. മക്കയിലെത്താന്‍ ക്ഷീണമെന്തെന്നറിയാതെ ഒരു കൊല്ലം മുഴുവന്‍ അയാള്‍ മരുഭൂമിയില്‍ കൂടി നടക്കുകയുണ്ടായെന്ന്. പക്ഷെ, തിരിച്ചു വന്നു, ഈ പട്ടണത്തിലെ തെരുവുകളില്‍ കൂടി തന്റെ കച്ചവടത്തിനു വേണ്ട തുകയും തേടി നടക്കുമ്പോള്‍ കാലു കുഴഞ്ഞു തളര്‍ന്നു പോകുന്നു പോലും''. ''ആട്ടെ, നിങ്ങള്‍ക്കും ഹജ്ജിന് പോയ്ക്കൂടെ? ഇപ്പോള്‍ തടസ്സമൊന്നുമില്ലല്ലോ?'' ''തടസ്സമുണ്ടെന്ന് ആരു പറഞ്ഞു?'' അവന്റെ ചോദ്യത്തിന് അയാള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു. 'അങ്ങനെയൊരു പ്രതീക്ഷ. അതാണ് നിത്യജീവിതത്തിലെ മടുപ്പകറ്റുന്നത്. ഈ കടയും ഇവിടെയുള്ള ചില്ലുപാത്രങ്ങളും ഒരേ ഭോജനശാലയില്‍ നിന്ന് എന്നും ഒരേ മട്ടിലുള്ള ആഹാരവും ഒരു  പുതുമയും മാറ്റവുമില്ലാതെ കടന്നു പോകുന്ന ദിവസങ്ങള്‍. എന്നാലും എന്റെ മനസ്സില്‍ ഉല്‍സാഹത്തിന്റെ ഒരു തിരി കെടാതെ കത്തുന്നു. എന്നെങ്കിലുമൊരിക്കല്‍  ഞാന്‍ നടത്താന്‍ പോകുന്ന ഹജ്ജ് യാത്ര. ആ സ്വപ്‌നവും നിറവേറിക്കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ ബാക്കിയെന്തുണ്ട്! അന്തമില്ലാത്ത വിരസത മാത്രം.'' 'മക്കയെന്ന സ്വപ്‌നം. അത് തന്നെയാണ് എന്റെ ജീവിതത്തിലെ രസം. മനോരാജ്യത്തില്‍ ഒരായിരം തവണ ഞാന്‍ മക്കയില്‍ പോയി വന്നിട്ടുണ്ട്. മരുഭൂമിയില്‍ കൂടിയുള്ള യാത്ര. വിശുദ്ധ നഗരത്തിലെ കാഴ്ചകള്‍. അവിടത്തെ പരിപാവനമായ ആ ശില, ഏഴു തവണ അതിനു ചുറ്റും പ്രദക്ഷിണം വച്ചു നമസ്‌ക്കരിച്ചത്. കൂടെയുള്ള യാത്രക്കാര്‍. മുമ്പിലും പുറകിലുമായി നടന്നു നീങ്ങിയവര്‍. അവരുമായുള്ള സംഭാഷണങ്ങള്‍. പ്രാര്‍ഥനകള്‍. അങ്ങനെയെന്തെല്ലാം! ഈ സ്വപ്‌നത്തിന്റെ സുഖം യഥാര്‍ഥത്തില്‍ അവിടെ പോയാല്‍ കിട്ടുമോ ആവോ?. 'സ്വന്തം ജീവിതത്തില്‍ നേടേണ്ടതെന്താണ് എന്നതിനെ കുറിച്ച് വ്യക്തമായൊരു രൂപമുണ്ടായിരിക്കണം'. 'അനുഗ്രഹങ്ങളെ അവഗണിച്ചു കൂടാ. എങ്കില്‍ അവ ശാപങ്ങളായി തിരിച്ചടിക്കും' അരികില്‍ മിണ്ടാതിരുന്ന മുതലാളിയുടെ മുഖത്തേക്ക് അവന്‍ കണ്ണുകള്‍ തിരിച്ചു. 'മക്തൂബ്' അയാള്‍ മെല്ലെ മൊഴിഞ്ഞു. 'എന്ന് വച്ചാല്‍' 'ഒരു അറബിക്കേ ആ വാക്കിന്റെ അര്‍ഥം മനസ്സിലാകൂ. നിന്റെ ഭാഷയില്‍ 'എഴുതപ്പെട്ടത്' എന്ന് വേണമെങ്കില്‍ പറയാം' (തലവിധി) 'ലോകത്ത് എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാക്കാന്‍ കഴിയുന്നൊരു ഭാഷയുണ്ട്- ഉല്‍സാഹത്തിന്റെ, സ്‌നേഹത്തിന്റെ, ഉദ്ദേശ്യശുദ്ധിയുടെ ഭാഷ' 'ആര്‍ക്കറിയാം, ആ ചില്ലു പാത്രക്കാരന്‍ പറഞ്ഞത് തന്നെയാകും ശരി. മക്കയിലേക്ക് പോകണമെന്നില്ല. മനസ്സില്‍ അങ്ങനെയൊരു മോഹം. അത് സഫലമാക്കിത്തീര്‍ക്കാന്‍ വേണ്ട ശ്രമം. അത് തന്നെ ധാരാളമാണ്. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍'. ഈജിപ്തിലെ പിരമിഡുകള്‍ക്കടുത്തുണ്ടെന്ന് സ്വപ്‌നത്തില്‍ അറിവു കിട്ടിയ നിധിയെത്തേടി ഈജിപ്തിലെ അല്‍ഫയൂമിലേക്ക് പുറപ്പെടുന്ന യാത്രാസംഘത്തില്‍  ഇടം നേടിയ സാന്റിയാഗോ, ആഴ്ചകള്‍ നീണ്ട മരുഭൂയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. സംഘത്തലവന്‍ യാത്രയിലെ ദുഷ്‌കരതയും സങ്കീര്‍ണതയും വിവരിച്ച് കൊണ്ട് ഇങ്ങനെ പ്രഖ്യാപിക്കുന്നു- 'നിങ്ങളോരോരുത്തര്‍ക്കും അവനവന്റേതായൊരു ദൈവം ഉണ്ടായിരിക്കാം. ആ ദൈവത്തില്‍ ഉറച്ച വിശ്വാസവും. എന്റെ ദൈവം ഏകനും സര്‍വശക്തനുമായ അല്ലാഹുവാണ്. ആ തിരുനാമത്തെ മുന്‍നിര്‍ത്തി ഞാനിതാ സത്യം ചെയ്യുന്നു. ഈ മരുഭൂമിയുടെ കെണിയില്‍ പെടാതെ നിങ്ങളെ എല്ലാവരെയും സുരക്ഷിതമായി അക്കരെയെത്തിക്കാന്‍ ഒരിക്കല്‍ കൂടി എന്നാലാകും വിധം ഞാന്‍ ശ്രമിക്കുന്നതാണ്. അത് പോലെ നിങ്ങളോരോരുത്തരും എനിക്ക് വാക്കു തരണം, എപ്പോഴും ഏത് കാര്യത്തിലും നിങ്ങളെന്നെ പൂര്‍ണമായും അനുസരിക്കുമെന്ന്. അനുസരണക്കേട് കാണിച്ചാല്‍  അതിന്റെ ഫലം മരുഭൂമിയിലെ മരണമാണ്''. 'ആ ദുരന്തത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ പഠിച്ചു. അല്ലാഹുവിന്റെ തിരുവചനത്തിന്റെ പൊരുള്‍. ഒരാളും ഭയക്കേണ്ടതില്ല, വിധിയെ കുറിച്ചോര്‍ത്ത് സ്വന്തം ലക്ഷ്യമെന്തെന്ന് മനസ്സിലാക്കി ആ വഴി മുന്നോട്ടു പോകാനുള്ള കഴിവുണ്ടായിരുന്നാല്‍ മതി'. 'നമുക്കൊക്കെ എപ്പോഴും പേടിയാണ്. സ്വന്തമെന്ന് കരുതുന്നതൊക്കെ കൈമോശം വന്ന് പോയാലോ എന്ന്. ജീവന്‍, സമ്പത്ത്, സന്താനങ്ങള്‍...... പക്ഷെ, ഈ ഭയം വെറുതെയാണെന്ന് മനസ്സിലാക്കാന്‍ ഒന്ന് മാത്രമോര്‍ത്താല്‍ മതി. ഈ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്ന അതേ കൈകള്‍ തന്നെയാണ് നമ്മുടെ വിധിയും രേഖപ്പെടുത്തിയിട്ടുള്ളത് എന്ന്. ഒരിക്കല്‍ മരുഭൂമിയിലേക്ക് കടന്നു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പോകുന്ന പ്രശ്‌നമില്ല. മുമ്പോട്ടു പോയേ മതിയാകൂ. ഒട്ടകക്കാരന്‍ പറഞ്ഞു കൊടുത്തു. 'അത് കൊണ്ട് തുടര്‍ന്നുള്ള യാത്ര എങ്ങനെ പൂര്‍ത്തിയാക്കാം എന്നതിനെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി. ബാക്കി കാര്യങ്ങളൊക്കെ 'അവിടന്ന്' നിശ്ചയിച്ചു കൊള്ളും, ആപത്തും അപകടങ്ങളുമൊക്കെ. ഒക്കെ 'മക്തൂബ്' സ്വന്തം വിധി എന്ന് കണക്കാക്കിയാല്‍ മതി' അയാള്‍ പറഞ്ഞു നിര്‍ത്തി. 'ഒരു കാര്യം എല്ലാ പുസ്തകങ്ങളിലും എടുത്തുപറഞ്ഞിട്ടുള്ളത് അവന്റെ ശ്രദ്ധയില്‍ പെട്ടു. ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും ഒരേയൊരു ശക്തിയുടെ വൈവിധ്യമാര്‍ന്ന രൂപഭാവഭേദങ്ങളാണ്''.    മരുഭൂമിയിലെ മരുപ്പച്ചയില്‍ യുവാവ് പരിചയപ്പെടുന്ന യുവതിയുടെ പേര് ഫാത്വിമ. പ്രവാചകന്റെ  മകളുടെ പേരെന്ന് അവള്‍ സ്വയം പരിചയപ്പെടുത്തുന്നു. അവളിലൂടെ ഉരുത്തിരിഞ്ഞു വരുന്നതും അതാണ്, അറബ്-മുസ്‌ലിം കാഴ്ചപ്പാടിന്റെയും ആചാര-ഉപചാരങ്ങളുടേയും പരമ്പരാഗത ശീലങ്ങള്‍. 'പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും നിറവേറ്റാനായി അതിന്റേതായൊരു ദൗത്യമുണ്ട്. ഇവിടെ ഒന്നും തന്നെ വെറുതെയില്ല. മറ്റൊരാളുടെ ജീവിതദൗത്യത്തില്‍ ഇടങ്കോലിടാന്‍ പോയാല്‍ അതിന്റെ ഫലം തന്റേതായ ലക്ഷ്യം കൈമോശം വരിക എന്നായിരിക്കും'. ആല്‍ക്കെമിസ്റ്റിന്റെ ആ വാക്കുകള്‍ ഏതോ  ശാപവചനങ്ങള്‍ എന്നൊന്ന് അവന്റെ ഉള്ളില്‍ മുഴങ്ങി നിന്നു (പേജ്: 137) കൃതിയിലെ പരാമര്‍ശങ്ങളും വീക്ഷണങ്ങളും അറബ്-ഇസ്‌ലാമിക സ്രോതസ്സുകളുമായി താരതമ്യം  ചെയ്തു വിശദമായി വിശകലനം നടത്തണമെന്നുണ്ടായിരുന്നു. പക്ഷെ, ദൈര്‍ഘ്യഭീതികാരണം പിന്മാറുന്നു. ബ്രസീല്‍ എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് കാത്തലിക ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ജനിച്ച പൗലോ കൊയ്‌ലോയ്ക്ക് മധ്യപൗരസ്ത്യദേശവുമായോ അറബ്-മുസ്‌ലിം പൈതൃകവുമായോ അത്ര അടുത്ത ബന്ധമൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകളിലും കഥാപാത്രങ്ങളിലും പൗരസ്ത്യദര്‍ശനങ്ങളുടേയും ആത്മജ്ഞാനികളുടെ ചിന്താധാരകളുടെയും ചേതോഹരമായ മിന്നലാട്ടം കാണാം. 'അറബ്-ഇസ്‌ലാമിക ദര്‍ശനങ്ങളുടെയും പാരമ്പര്യശീലങ്ങളുടെയും ആചാരവിചാരങ്ങളുടെയും നേര്‍ചിത്രങ്ങളുമായി ഇത്ര ഇഴയടുപ്പം കൊയ്‌ലോ എങ്ങനെ നേടിയെടുത്തുവെന്നത് പഠന-ഗവേഷണം അര്‍ഹിക്കുന്ന വിഷയമാണ്. ആല്‍ക്കെമിസ്റ്റ് മാത്രമല്ല, അദ്ദേഹം രചിച്ച മറ്റു ചില കൃതികളും പേര് കൊണ്ട് പൊരുള്‍ കൊണ്ടും ഈ ഇഴയടുപ്പം ഉറപ്പിക്കുന്നു. അലിഫ്, മക്തൂബ്, ദ സാഹിര്‍ തുടങ്ങിയവ ഉദാഹരണം. ദി ആല്‍ക്കെമിസ്റ്റിനെ പഠനവിധേയമാക്കിയ ചിലര്‍ ഇതിന്റെ പേരുകള്‍ മറ്റു ചില കൃതികളില്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. 1935ല്‍ രചിക്കപ്പെട്ട അര്‍ജന്റീനിയന്‍ എഴുത്തുകാരന്‍ ജോര്‍ജ് ലൂയിസ് ബോര്‍ഗ്‌സിന്റെ 'ടെയില്‍ ഓഫ് ടു ഡ്രീംസ്' എന്ന ചെറുകഥയിലും 'ആയിരത്തൊന്ന് രാവുകള്‍'ക്ക് ഇ. ഡബ്യുലേന്‍ നടത്തിയ പരിഭാഷയിലും മറ്റുമാണവ. അത് പോലെ ജലാലുദ്ദീന്‍ റൂമിയുടെ 'ബഗ്ദാദ് സ്വപ്‌നം കണ്ടു കൈറോവില്‍, കൈറോ സ്വപ്‌നം കണ്ട് ബഗ്ദാദില്‍' എന്ന കഥയിലും ഇതിന്റെ ആത്മാംശം കണ്ടെത്താന്‍ ചിലര്‍ ശ്രമിക്കുന്നു. പക്ഷെ, അതൊന്നും ഈ കഥയെ സമഗ്രമായി വിലയിരുത്തിയ ശേഷമുള്ള വിധിയെഴുത്താണെന്ന് തോന്നുന്നില്ല. ചില പ്രത്യേക മുഹൂര്‍ത്തങ്ങളോ സന്ദര്‍ഭങ്ങളോ മാത്രം ചൂണ്ടി കൃതിയെ മൊത്തം മറ്റൊന്നുമായി കൂട്ടിക്കെട്ടുന്നതില്‍ വലിയ അര്‍ഥമില്ല. ഏതായാലും പൗലോ കൊയ്‌ലോയുടെ പൗരസ്ത്യ അന്തര്‍ധാരകളും താത്വികചോദനകളും വസ്തുനിഷ്ഠമായി പഠനവിധേയമാക്കുന്നത് കൗതുകകരമായ വിശേഷങ്ങളിലേക്ക് വഴി തുറക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter